ചാക്കോ ഇട്ടിച്ചെറിയ
മഴവില്ലേ വരൂ വീണ്ടും
മാരിയെത്ര മനോഹരം!
ദൂരെ ചക്രവാളത്തില്‍
നിന്നേ നോക്കിയിരിപ്പു ഞാന്‍!
സപ്ത വർണ്ണങ്ങളാൽ പാരം
ശുഭ്ര പ്രകാശ തോരണം
അഴകേ അര്‍ക്കമണ്ഡലം
നിറയും കഥ ചൊല്ലു നീ!
പ്രകാശ രശ്മികള്‍ തോറും
പ്രേമോജ്ജ്വലിത സമേളിതം
നിന്നെയൊളിച്ചു വയ്ക്കുന്ന
നിഗൂഡാസ്തിക്യനാരു താന്‍!?
മഴ മാറിത്തെളിയുമ്പോ
ളെങ്ങോ മറഞ്ഞിരിപ്പു നീ
മഴകാണാന്‍ നിനക്കെന്തേ
ഏറുമുത്സാഹമീ വിധം
എവിടെപ്പോയൊളിപ്പു നീ
എന്നേയെത്ര കളിപ്പിച്ചു
എത്ര ദൂരത്തിലാണേലും
നിന്നെക്കാണുവതുത്സുഖം!
ആകാശറാണികണ്ഠത്തി
ലണിയും മുത്തു മാലയോ
അതോ കഴുത്തില്‍ നിന്നൂര്‍ന്നു
കിടക്കും രക്നമാലയോ
എന്തു തന്നാകിലും നിന്നേ
സ്വന്തമാക്കിയെടുത്തീടാന്‍
ഹന്ത! ഞാനാശകൊണ്ടെത്ര
കാത്തിരിക്കുന്നു സന്തതം!
നിന്നെക്കാണുന്ന നേരത്ത്
നീളെ ചൊല്ലുന്നു മാനവര്‍
നീയോ ഓര്‍മ്മ പുതുക്കുന്ന
“നോഹ”യ്‌ക്കേകിയ വില്ലു താൻ! *
* ഇനി സകലജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയില്ല!
അതിന്റെ അടയാളമായി ഞാൻ എന്റെ വില്ലു മേഘത്തിന്മേൽ വയ്ക്കുന്നു ! ഉല്പത്തി 9 : 13-16.
( ബൈബിൾ )
