ചൊൽക്കാഴ്ച്ചയെയും നാടകത്തെയും സ്നേഹിക്കുന്ന കലാകാരൻ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

6 June 2022

ചൊൽക്കാഴ്ച്ചയെയും നാടകത്തെയും സ്നേഹിക്കുന്ന കലാകാരൻ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

” ദൈവവും കലാകാരനും തമ്മിലുള്ള സഹവർത്തിത്വമാണ് കല”

കല എന്നത് ഒരു കൈ പ്രപഞ്ചത്തിലേക്കും ഒരു കൈ ഹൃദയത്തിലേക്കും നീട്ടിയും നിലകൊള്ളുന്നു. അതിലേക്ക് ഊർജ്ജം കടത്തിവിടുന്നതിനുള്ള ഒരു ചാലകമാണ് നമ്മൾ ഓരോരുത്തരും. എന്തായിത്തീരണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം തുടങ്ങുന്നത്.
താൻ എന്തായാലും എവിടെ ആയിരുന്നാലും എന്തെല്ലാം നേടിയാലും അത്യന്തികമായി ഒരു കലാകാരനായി അറിയപ്പെടണം, അതാണ് തന്റെ ജീവിതാഭിലാഷം എന്ന് തുറന്നു പറയുകയും അതിനു വേണ്ടി സദാ പരിശ്രമിക്കുകയും ചെയ്യുന്ന ഒരു കലാകാരൻ അമേരിക്കൻ മലയാളികൾക്കിടയിലുണ്ട്.

ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ .

നാടകവും, ചൊൽക്കാഴ്ചയും നെഞ്ചേറ്റിയ ഒരു കലാകാരൻ. ഇപ്പോഴും തന്റെ ജീവിത വഴിത്താരയുടെ വിജയങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന കലാ, സാംസ്കാരിക അനുഭവങ്ങൾ.കല നമ്മൾ കാണുന്നത് മാത്രമല്ല , മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുന്നതു കൂടിയാണെന്ന് മനസ്സിലാക്കിയ കലാകാരൻ. നമുക്ക് സമൂഹത്തോട് സംവദിക്കേണ്ട പല കാര്യങ്ങളും കലയുടെ പശ്ചാത്തലത്തിൽ പറയുമ്പോൾ, അവ പ്രേക്ഷകരിലേക്ക് കടന്നുചെല്ലുമ്പോൾ അതൊരു ആനന്ദമാണെന്ന് ചാക്കോ മറ്റത്തിപ്പറമ്പിൽ പറയുന്നു.

കലാ പ്രവർത്തനങ്ങൾക്ക്
തുടക്കമായ പഠന കാലം

കോട്ടയം നീറിക്കാട് മറ്റത്തിപ്പറമ്പിൽ പരേതരായ തോമസിന്റേയും ഏലിയാമ്മയുടെയും ഏഴുമക്കളിൽ മൂന്നാമനാണ് ചാക്കോ മറ്റത്തിപ്പറമ്പിൽ . ഏഴാം ക്ലാസ് വരെ നീറിക്കാട് സെന്റ് മേരീസ് യു.പി. സ്കൂൾ , ഏഴ് മുതൽ പത്തുവരെ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ കോട്ടയം, മാന്നാനം കെ. ഇ കോളജിൽ പ്രീഡിഗ്രി , ഉഴവൂർ സെന്റ് സ്റ്റീഫൻസിൽ നിന്ന് ഫിസിക്സ് ബിരുദം, ബിരുദാനന്തരബിരുദം ആഗ്ര ആർ ബി എസ് കോളജിൽ. ബി എഡിന് ഗവ ട്രയിനിംഗ് കോളജ് തിരുവനന്തപുരം .തുടർന്ന് ബാംഗ്ളൂരിൽ ആപ്പിളിൽ കമ്പ്യൂട്ടർ പഠനം.

ചാക്കോ മറ്റത്തിപ്പറമ്പിൽ സ്കൂൾ കോളേജ് പഠന കാലങ്ങളിലെല്ലാം വിദ്യാഭ്യാസത്തോടൊപ്പം കലാ പ്രവർത്തനങ്ങളിലും, സ്കൂൾ പരിപാടികളിലും സജീവമായിരുന്നു. ഇതിനു തുടക്കം കുറിച്ചത് നീറിക്കാട് സെന്റ് മേരീസ് പള്ളിയിലായിരുന്നു. പ്രേഷിത ഞായറാഴ്ച്ചകളിൽ എന്തെങ്കിലുമൊരു പരിപാടി അവതരിപ്പിക്കണമെന്ന് അച്ചൻ പറയുമ്പോൾ കുട്ടിയായ ചാക്കോ ചാടിയെണീക്കും. മിമിക്രി, മോണോ ആക്ട് തുടങ്ങിയവ അവതരിപ്പിച്ച് കയ്യടി നേടും . പിന്നീട് സ്കൂളിൽ കലാപരിപാടികളിലും സജീവം. സ്കൂൾ വാർഷികത്തിന് നാടകാവതരണം, വിനോദ പത്രപാരായണം എന്നിവ ഒരു പ്രത്യേക പരിപാടിയായിരുന്നു. വാർത്തകൾ ഉണ്ടാക്കി ചെറിയ പേപ്പറിൽ എഴുതി ചുരുട്ടി വായിക്കുന്ന പരിപാടിയായിരുന്നു അത്.അധ്യാപകരുടെ പ്രോത്സാഹനം കൂടിയായപ്പോൾ സ്‌കൂളിന്റെ സ്റ്റാറായി മാറി ചാക്കോ മറ്റത്തിപ്പറമ്പിൽ.

കെ.സി.വൈ.എൽ പ്രവർത്തനം
രൂപപ്പെടുത്തിയ ജീവിതചര്യ

അക്കാലത്ത് കെ.സി.വൈ എൽ സജീവമായതോടെ പള്ളിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇക്കാലത്താണ് വഴി ബാബു ചാഴിക്കാടൻ, ജോസ് കണിയാലി എന്നിവരെ പരിചയപ്പെട്ടത് മറ്റൊരു നേട്ടമായി. നീറിക്കാട് കെ.സി. വൈ. എൽ പ്രസിഡന്റ്, സെന്റ് മേരീസ് ചർച്ച് സെക്രട്ടറി, രൂപതാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി. ഇക്കാലത്ത് നാട്ടിൽ ലൈബ്രറി വാർഷികത്തിലും, ഗ്രന്ഥശാല പ്രവർത്തനങ്ങളിലും ഈ സുഹൃത്തുക്കളുടെ പിന്തുണയോടെ ചാക്കോയുടെ നാടകം, സ്‌കിറ്റുകൾ ഒക്കെ ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു. നാടക നടനും ഇപ്പോൾ ചലച്ചിത്ര നടനുമായ കോട്ടയം രമേശ് സഹപാഠിയും നാടകങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഐക്കഫിന്റെ വൈസ് പ്രസിഡന്റ് ആയിരിക്കെ നിരവധി കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അദ്ധ്യാപന പഠനം മാറ്റിമറിച്ച
കലാസാഹിത്യ ജീവിതം

തിരുവനന്തപുരം ഗവൺമെന്റ് ബി.എഡ് കോളജിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലാണ് ചാക്കോ മറ്റത്തിപ്പറമ്പിൽ ബി എഡ് പഠിക്കുവാൻ തിരുവനന്തപുരത്ത് എത്തുന്നത്. ജീവിതത്തിലെ വലിയ ടേണിംഗ് പോയിന്റ് ആയിരുന്നു അത്. അവിടെ ആർട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സാഹിത്യ സാംസ്കാരിക നായകന്മാരുമായി ബന്ധപ്പെടാൻ അവസരം കിട്ടി. കവികളായ കടമ്മനിട്ട രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഡി. വിനയ ചന്ദ്രൻ തുടങ്ങിയവരെ കോളജിൽ കൊണ്ടുവരികയും അവരുമായി വലിയ സൗഹൃദത്തിന് തുടക്കമിടുകയും ചെയ്തു. ആ സമയത്താണ് ചൊൽക്കാഴ്ചയോട് ഒരു ആഭിമുഖ്യം തോന്നുന്നത്. കവിതകൾ ദൃശ്യ ഭംഗിയോടു കൂടി അവതരിപ്പിക്കുന്ന ഒരു കാവ്യാലാപന രീതിയായിരുന്നു ചൊൽക്കാഴ്ച്ച . അമേരിക്കയിലെ ഹിപ്പി സംസ്കാരത്തിന്റെ ഭാഗമായ ഹാപ്പനിംഗ് എന്ന കലാവതരണരീതി കണ്ട അടൂർ ഗോപാലകൃഷ്ണൻ കവി അയ്യപ്പപ്പണിക്കരോടും, കടമ്മനിട്ടയോടും പങ്കു വെയ്ക്കുകയും അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മലയാളത്തിൽ ചൊൽക്കാഴ്ചയ്ക്ക് തുടക്കമുണ്ടായത്. കവി അയ്യപ്പപ്പണിക്കരാണ് ഈ കലാരൂപത്തിന് ചൊൽക്കാഴ്ച്ച എന്ന് നാമകരണം ചെയ്തത്. നിരവധി കവിതകൾ ചൊൽക്കാഴ്ച്ചയായി കോളജിലും നാട്ടിലെ സദസുകളിലും അവതരിപ്പിച്ച് ശ്രദ്ധനേടാൻ ചാക്കോ മറ്റത്തിപ്പറമ്പിലിന് കഴിഞ്ഞിരുന്നു. ബി. എഡ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് സെന്റെർ ഫോർ എർത്ത് സയസിൽ താൽക്കാലിക ജോലി ലഭിച്ചു. കാറ്റിന്റെ ഗതിയിൽ നിന്ന് കറണ്ട് ഉണ്ടാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുകയായിരുന്നു ജോലി. ഈ ജോലി ലഭിക്കാൻ പ്രധാനകാരണക്കാരി ബി എഡ് അദ്ധ്യാപിക പ്രൊഫ. അന്നമ്മ ഏബ്രഹാം ആയിരുന്നു . പ്രോജക്ട് അവസാനിച്ചപ്പോൾ ജോലി നഷ്ടപ്പെട്ടു. അപ്പോൾ നാട്ടിൽ സഹോദരൻ തുടങ്ങിയ പെട്രോൾ പമ്പിൽ മാനേജരായി ജോലി ലഭിച്ചു. അപ്പോഴും നാട്ടിലും നാടകവും ചൊൽക്കാഴ്ചയുമായി സജീവമായി.

അമേരിക്കയിലേക്ക് കുടിയേറിയ
നാടകവും ചൊൽക്കാഴ്ച്ചയും

നമ്മുടെ മനസ്സിലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ജ്ഞാനവും ഭ്രാന്തും തമ്മിലുളള പോരാട്ടത്തിൽ നിന്ന് ജനിച്ച മനുഷ്യരാശിയുടെ ഏറ്റവും വിസ്മയിക്കുന്ന പ്രവർത്തനമായി കല നിലനിൽക്കുമെന്ന് ചരിത്രം പറയുന്നത് വളരെ സത്യമാണ്. കാരണം കല ദേശാന്തരവർത്തിയാണ്. 1988 ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ ചാക്കോ മറ്റത്തിപ്പറമ്പിൽ നാടക പ്രവർത്തനങ്ങളിൽ സജീവമാവുകയും അമേരിക്കയിൽ ചൊൽക്കാഴ്ച്ചകൾക്കായി വേദികൾ കണ്ടു പിടിക്കുകയും ചെയ്തു. പ്രധാനമായും അയ്യപ്പപ്പണിക്കരുടെ കവിതകൾ ആയിരുന്നു ചൊൽക്കാഴ്ച്ചയായി വേദികളിൽ അവതരിപ്പിച്ചത്. മലയാളി അസോസ്സിയേഷനുകളുടെ ഓണം, വിഷു, ക്രിസ്മസ് പ്രോഗ്രാമുകളിൽ നാടകം, സ്കിറ്റുകൾ, തുടങ്ങിയവ അവതരിപ്പിക്കുവാൻ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കൻ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ചാക്കോ മറ്റത്തിപ്പറമ്പിലിന് കഴിഞ്ഞു.

വീട്ടിൽ നിന്നും പഠിച്ച നന്മയുടെ പാഠങ്ങൾ

ഒരു കാലത്ത് ചാക്കോയുടെ വീട് ഒരു ആരോഗ്യ നികേതനമായിരുന്നു . തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ച വീട് അശരണർക്ക് തണലായത് മാതാപിതാക്കളിലൂടെയാണ്. പിതാവ് തോമസ് പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം സർക്കാർ സർവ്വീസിൽ കമ്പോണ്ടർ ആയിരുന്നു. അക്കാലത്ത് നീറിക്കാട് ഭാഗങ്ങളിൽ ഡോക്ടർ സേവനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് വീടെത്തുന്ന പിതാവിനെ കാണാൻ നിരവധി രോഗികൾ മറ്റത്തിപ്പറമ്പിൽ വീട്ടിലേക്ക് വരും. മുറിവുകളിൽ മരുന്നു വയ്ക്കുക, ഇഞ്ചക്ഷൻ എടുക്കുക, ഗുളികകൾ നൽകുക തുടങ്ങിയവയ്ക്ക് അമ്മയും ഒപ്പം കൂടുമായിരുന്നു. ഇത് കണ്ടാണ് ഞങ്ങൾ മക്കളുടെ വളർച്ച . എല്ലാവരും അവരവരുടെ തൊഴിലിനൊപ്പം സേവനത്തിന്റെ , നന്മയുടെ പാത കൂടി ഒപ്പം കൂട്ടാൻ സഹായിച്ചത് നീറിക്കാട്ടെ സ്വന്തം വീടും അവിടെയെത്തുന്ന രോഗികളും, അവരെ പരിചരിക്കുന്ന തന്റെ മാതാപിതാക്കളുമാണ്. ആ മനസ്സുകൾ ഞങ്ങൾ മക്കൾ ഇപ്പോഴും വായിക്കുന്നു. വീടില്ലാത്ത കുടുംബങ്ങൾക്കായി കുമളിയിൽ ഈയിടെ രണ്ട് വീടൊരുക്കി. അടച്ചുറപ്പുള്ള വീട് എല്ലാവരുടേയും ഒരു സ്വപ്നമല്ലേ..നീറിക്കാട്ട് ഉള്ള ചില വീടുകൾക്ക് മെയിന്റെനൻസ് ജോലികൾ ഏറ്റെടുത്ത് താമസയോഗ്യമാക്കൽ, നിരവധി നേഴ്സിംഗ് കുട്ടികൾക്ക് പഠന സാമ്പത്തിക സഹായം നൽകൽ ഒക്കെയായി മറ്റത്തിപ്പറമ്പിൽ കുടുംബം നന്മയുടെ വഴിത്താരയിലും സജീവമാണ്.

ബ്രിട്ടീഷ് ഗയാനയിലേക്ക്

നാട്ടിൽ നിന്ന് അദ്ധ്യാപകനാകാനുള്ള യോഗ്യതയുമായി വിവാഹത്തോടെ അമേരിക്കയിലെത്തിയ ചാക്കോ മറ്റത്തിപ്പറമ്പിൽ വേഗം ജോലി ലഭിക്കുന്നതിനായി റേഡിയോളജി പ്രോഗ്രാം പഠിക്കുവാൻ ചേർന്നു. 1995 ൽ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് റേഡിയേഷൻ തെറാപ്പി ഡിഗ്രിയെടുത്തു. കുക്ക് കൗണ്ടി ഹോസ്പിറ്റലിൽ റേഡിയേഷൻ തെറാപ്പിസ്റ്റായി ജോലി കിട്ടി .ഇപ്പോഴും അവിടെ തുടരുന്നു . ആശുപത്രികളിലെത്തുന്നവർക്ക് സഹായിയായി സേവനങ്ങൾ തുടരുമ്പോൾ 2011 – 2012 ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന് തുടക്കമിട്ടു.
സൗത്ത് അമേരിക്കയിലെ ബ്രിട്ടീഷ് ഗയാന എന്ന സ്ഥലത്ത് സുഹൃത്ത് ജോർജ് നെല്ലാമറ്റത്തിന് ഒരു റേഡിയോളജി സെന്റെർ ഉണ്ട് .കാൻസർ രോഗികൾ കൂടുതൽ ഉള്ള സമയമായതിനാൽ അവിടുത്തെ ആരോഗ്യ മന്ത്രി രാമസ്വാമി പുതിയ ഒരു റേഡിയേഷൻ സെന്റർ തുറക്കുന്നതിന്റെ ആവശ്യകതയുമായി ജോർജ് നെല്ലാമറ്റത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ബ്രിട്ടീഷ് ഗയാനയിൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത് സെന്റെർ സ്ഥാപിക്കുവാൻ ചാക്കോ കൂടെ നിൽക്കുകയും കാൻസർ ബോധവൽക്കരണ ക്യാമ്പുകൾ, ക്ലാസുകൾ , എക്സിബിഷനുകൾ സംഘടിപ്പിക്കുകയും ചെയ്തു. കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹം സർവിക്കൽ കാൻസർ, ബ്രസ്റ്റ് കാൻസർ, പ്രോസ്റ്ററേറ്റ് കാൻസർ എന്നിവയ്ക്കെല്ലാം അടിമപ്പെട്ടിരുന്നു. ആ സമൂഹത്തെ ബോധവൽക്കരിക്കുവാൻ പുതിയതായി ആരംഭിച്ച റേഡിയോളജി സെന്റെറിന്റെ പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്തു. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ, പ്രാർത്ഥനയുടെ , സേവനത്തിന്റെ ലോകത്തു കൂടി യാത്ര ചെയ്ത നിമിഷങ്ങളായിരുന്നു ചാക്കോ മറ്റത്തിപ്പറമ്പിലിന് അക്കാലമെന്നത് ഏറെ സന്തോഷം നൽകുന്നു.

ഉപകാരി ഓഫ് ദി ഇയർ

ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിനെ ഏതൊരു ആവശ്യത്തിന് വിളിച്ചാലും സഹായവുമായി ഒപ്പം കൂടുന്ന വ്യക്തിത്വമായതിനാൽ ചിക്കാഗോ മലയാളി സമൂഹവും സൃഹൃത്തുക്കളും അദ്ദേഹത്തെ ” ഉപകാരി ഓഫ് ദി ഇയർ ” എന്ന ഓമന പേരിട്ട് വിളിക്കുന്നു. സഹായം അർഹിക്കുന്ന ആളുകൾക്ക് വേഗം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ സംഘടനാ പ്രവർത്തനങ്ങളും അതിനു വേണ്ടി മാറ്റിവച്ചു എന്നതാണ് ശരി. രണ്ടു തവണ ചിക്കാഗോ മലയാളി അസ്സോസിയേഷൻ ട്രഷറർ, കെ.സി.സി.എൻ .എ കൾച്ചറൽ കോർഡിനേറ്റർ തുടങ്ങിയ പദവികളിലെല്ലാം ശോഭിച്ചു. ബി.എഡിന് പഠിക്കുമ്പോൾ തിരുവനന്തപുരത്ത് പഠനാർത്ഥമെത്തിയ ക്നാനായക്കാരെയും, ബാംഗ്ളൂരിൽ പഠിക്കുവാൻ പോയപ്പോൾ അവിടെയുള്ള ക്നാനായക്കാരെയും സംഘടിപ്പിക്കുകയും ചെറിയ ചെറിയ സമുദായ സേവന പ്രവർത്തനങ്ങളിലും ചാക്കോ സജീവമായിരുന്നു. ” നിർജ്ജീവമായ ഓരോ പ്രവർത്തനങ്ങളേയും സജീവമാക്കുക അതിലൂടെ നന്മ കണ്ടെത്തുക ” എന്ന ചെറിയ തത്വത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നിലും മുഖ്യ പദവികൾ സ്വീകരിക്കുവാൻ അദ്ദേഹത്തിന് താല്പര്യമില്ല.കാരണം മറ്റൊന്നുമല്ല. “ഒരിക്കലും നേതൃത്വത്തിലേക്ക് വരണമെന്ന് ആഗ്രഹമില്ല . മറ്റുള്ളവരെ മുന്നോട്ട് നയിക്കുക. സഹകരിക്കുന്ന ഇടങ്ങളിലെല്ലാം ആത്മാർത്ഥമായി സഹകരിക്കുക. ” അതാണ് ലക്ഷ്യം. സ്ഥാനമാനങ്ങൾ കിട്ടിയാൽ പലരും ആത്മാർത്ഥമായി പ്രവർത്തിക്കില്ല എന്നാണ് ചാക്കോയുടെ പക്ഷം.

സജീവമാകുന്ന പുസ്തകവായന

കലയ്ക്കും സാഹിത്യത്തിനും സത്യത്തിന്റെ രൂപമുണ്ടെന്ന് വിശ്വസിക്കുന്ന ചാക്കോ മറ്റത്തിപ്പറമ്പിൽ തികഞ്ഞ ഒരു പുസ്തക പ്രേമിയാണ്. മാധവിക്കുട്ടി, എം.കെ സാനു, എം.ടി, ഓ എൻ വി തുടങ്ങി ബെന്യാമിൻ വരെയുള്ളവരുടെ പുസ്തകങ്ങൾ വായിക്കുകയും വിലയിരുത്തുകയും ചെയ്യും. പഠന കാലത്ത് എം. കൃഷ്ണൻ നായർ സാറിന്റെ സാഹിത്യ വാരഫലത്തിന്റെ ആരാധകനും, വായനക്കാരനുമായിരുന്നു ചാക്കോ മറ്റത്തിപ്പറമ്പിൽ. ചിക്കാഗോയിൽ ഒരു മലയാളി സാഹിത്യകാരൻ വന്നാൽ അവർ അന്തിയുറങ്ങുക ചാക്കോ മറ്റത്തിപ്പറമ്പിലിന്റെ വീട്ടിലാവും. ഡി. വിനയചന്ദ്രൻ, മാത്യു പ്രാൽ, സംവിധായകൻ രഞ്ജിത് ,സുകുമാർ,ചെമ്മനം ചാക്കോ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചവരാണ്. രണ്ടാമൂഴം, നൂറ് വർഷം നൂറ് കഥ, ഉപനിഷത്തുകൾ, ആടുജീവിതം, ഇനി ഞാൻ ഉറങ്ങട്ടെ ,പുരാണത്രയം, മനുസ്മൃതി, ഉപനിഷത് സർവ്വസ്വം, ഉപനിഷത് സാധ്യായം തുടങ്ങിയ പുസ്തകങ്ങളെല്ലാം ചാക്കോയുടെ ശേഖരങ്ങളിലെ ചില കണ്ടെടുക്കൽ മാത്രം.നമ്മുടെ സംസ്കാരം , സാംസ്കാരിക പാരമ്പര്യമൊക്കെ പുതിയ തലമുറയ്ക്ക് മുന്നിൽ വെളിവാകുന്നത് ഇത്തരം ഗ്രന്ഥങ്ങളിൽക്കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു .

കുടുംബം, ശക്തി

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു തോണിക്കാരൻ കൂടിയാണ് ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ . അതുകൊണ്ടു തന്നെ കുടുംബം എന്ന വലിയ ശക്തി എല്ലാ പിന്തുണയുമായി അദ്ദേഹത്തിനൊപ്പമുണ്ട്. ഭാര്യ കരിങ്കുന്നം പുറമടത്തിൽ പരേതനായ തോമസിന്റേയും മേരിയുടേയും മകൾ ടെസ്സി (നേഴ്സായി റിട്ടയർ ചെയ്തു ) . മക്കൾ : ഷാരോൺ (എം.ബി.എ കഴിഞ്ഞ് ചിക്കാഗോയിൽ ഇന്റെലിജന്റ് മെഡിക്കൽ സർവ്വീസിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു )
ഷോൺ (അരിസോണ വാൻ ഗാർഡ് കമ്പനിയിൽ ഇക്കണോമിസ്റ്റ് ആയി ജോലി ചെയ്യുന്നു )
ശിൽപ്പ (ഒപ്പ്റ്റോമെട്രി അവസാന വർഷ വിദ്യാർത്ഥിനി )
എല്ലാവരും നന്മയുള്ള ഈ മനസ്സിനൊപ്പം ചലിക്കുമ്പോഴും ചാക്കോയുടെ മനസിൽ സ്വന്തം നാടും മീനച്ചിലാറും, നീറിക്കാട് ലൈബ്രറിയും, കോളാമ്പി വാർത്തയും, കടത്തും കടത്തുകാരനും, മാടക്കടയും, പച്ചമുളക് മോരും വെള്ളവും , കടവിലെ കുളിയുമൊക്കെയായി നിൽക്കുമ്പോൾ അങ്ങ് ദൂരെ നിന്ന് വയലാറിന്റെ പാട്ട് ഒഴുകി വരും…
“സന്ധ്യ മയങ്ങും നേരം … ഗ്രാമച്ചന്ത പിരിയും നേരം…”
ഹാ… എത്ര മനോഹരം.
ലോകത്ത് എവിടെയായാലും നാട് വിളിക്കുമ്പോൾ ആ നന്മയിലേക്ക് അറിയാതെ .. നമ്മൾ അലിഞ്ഞിറങ്ങും.

ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ ഈ നന്മയിൽ യാത്ര തുടരട്ടെ . കല സംസ്കാരത്തിന്റെ വേരുകളെ പരിപോഷിപ്പിക്കണമെങ്കിൽ കലാകാരൻ എവിടെ പോയാലും അവന്റെ കാഴ്ചപ്പാടുകൾ പിന്തുടരാൻ സമൂഹം അനുവദിക്കുമെങ്കിൽ അത് അയാളിലെ നന്മകൾക്ക് കിട്ടുന്ന അംഗീകാരമാണ്. ചാക്കോ മറ്റത്തിപ്പറമ്പിലിന് അത് എല്ലായിടത്തു നിന്നും ആവോളം ലഭിക്കുന്നുണ്ട് …അത് തുടരട്ടെ …നന്മയുള്ള ഈ മനസ്സ് പുതുമഴയായി ഈ വഴിത്താരയിൽ പെയ്തിറങ്ങട്ടെ ..