ചാണ്ടി കറുകപ്പറമ്പിൽ
Heard melodies are sweet; but those unheard are sweeter……
കേവലം 25 വയസ്സുവരെ മാത്രം ഈ ലോകത്ത് ജീവിച്ച് , വിശ്വപ്രസിദ്ധ കവിയായി മാറിയ ജോൺ കീറ്റ്സിന്റെ ഈ വാക്കുകൾ വീണ്ടും വീണ്ടും ശ്രോതാക്കളെ ഓർമ്മപ്പെടുത്തുന്ന അനശ്വര ഗായകനാണ് മുഹമ്മദ് റാഫി. സ്വതന്ത്ര ഇന്ത്യയോടൊപ്പം ചലച്ചിത്ര പിന്നണി ഗാന സപര്യ ആരംഭിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായകനായ മുഹമ്മദ് റാഫിയെക്കുറിച്ചോ അദ്ദേഹം പാടി നിത്യസുന്ദരങ്ങളാക്കിയ പാട്ടുകളെക്കുറിച്ചോ, കുട്ടിക്കാലത്ത് എനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു. അദ്ദേഹം പാടി ഹിറ്റാക്കിയ ചില ഗാനങ്ങൾ നാട്ടിലെ വിശേഷ ദിവസങ്ങളിൽ, പാട്ടുപെട്ടിയുടെ സഹായത്തോടെ കോളാമ്പി ലൗഡ് സ്പീക്കർലൂടെ പാടുന്നത് കേട്ടിരുന്നുവെങ്കിലും ആ പാട്ടുകൾ പാടിയത് കിഷോർ കുമാറായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കാരണം ഹിന്ദി ചലച്ചിത്ര പിന്നണി ഗായകരായി അക്കാലത്ത് അറിയാവുന്ന രണ്ടു ഗായകരേ ഉണ്ടായിരുന്നുള്ളൂ. കിഷോർ കുമാറും ലതാ മങ്കേഷ്‌കറും. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട രണ്ട് ഹിറ്റ് ഗാനങ്ങളാണ് “ക്യാ ഹുവ തെരാ വാധ” യും ഖുർബാനി സിനിമയിലെ ക്യാ ദേഖ് തേ ഹേ യും. വി ഡി രാജപ്പൻ ക്യാ ഹുവ തെരാ വാധായുടെ ട്യൂണിൽ ഇറക്കിയ “കുട്ടപ്പാ മോനെ വാടാ” എന്ന പാരഡി ഗാനം പാടി നടക്കാത്ത കുട്ടികൾ ആ കാലഘട്ടത്തിൽ അപൂർവമായിരുന്നുവെങ്കിലും, ഒറിജിനൽ പാട്ടു പാടിയ ഗായകനെ പലർക്കും അറിയില്ലായിരുന്നു.
1986 ൽ മുംബയിൽ എത്തുമ്പോഴും മുഹമ്മദ് റാഫിയുടെ പാട്ടുകളെക്കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. സെന്റ് ഫ്രാൻസിസ് ഹോസ്റ്റലിലെ ടിവിയിൽ ചിത്രഹാർ പതിവായി കാണുമായിരുന്നുവെങ്കിലും ഒരിക്കൽ മാത്രം കേൾക്കുന്ന ഓരോ വ്യത്യസ്ത സിനിമാ ഗാനങ്ങൾ വീണ്ടും ഓർത്തെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. എങ്കിലും ഈണത്തിന്റെ വേറിട്ട ഭാവതലം കൊണ്ടും ഭംഗികൊണ്ടും ആലാപനത്തിന്റെ സൗകുമാര്യം കൊണ്ടും സിനിമയിലെ ദൃശ്യ ഭംഗികൊണ്ടും മനസ്സിൽ തങ്ങി നിന്നിരുന്ന ഏതാനും ഹിന്ദി സിനിമാ പാട്ടുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും മനോഹരം എന്ന് തോന്നിയ ഒരു ഗാനം. ഗായകന്റെ അപാരമായ പാടവം തെളിയിക്കപ്പെടുന്ന ആ പാട്ട് പാടിയത് മുഹമ്മദ് റാഫി ആണെന്ന് പറഞ്ഞു തന്നത് സുഹൃത്തായിരുന്ന നോൺ മലയാളിയായിരുന്നു.
രണ്ടു വർഷത്തെ ഹോസ്റ്റൽ ജീവിതം അവസാനിച്ചു. അടുപ്പമുള്ള ഏതാനും സുഹൃത്തുക്കളുമൊത്ത് എന്റെ കസിനോടൊപ്പം ഒരു വൺ ബെഡ് റൂം കിച്ചൻ അപ്പാർട്മെന്റ് ലേക്ക് താമസം മാറി. പ്രിന്റിങ് പ്രസ്സിലെ ‘ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ’ റുടെ ജോലിക്കായി അപേക്ഷകൾ അയച്ചതിന്റെ ഭാഗമായി “വെർലി ” എന്ന സ്ഥലത്ത് ഒരു ഇന്റർവ്യൂവിന് കത്ത് വന്നു. തേപ്പുകാരന് കാശു കൊടുത്ത് തേച്ചെടുത്ത ഷർട്ടും പാന്റും ഉടയേണ്ട എന്ന ചിന്തയിൽ തൊട്ടടുത്തുള്ള ‘കാൻഡിവിലി’ ട്രെയിൻ സ്‌റ്റേഷൻ ഒഴിവാക്കി, ബോറിവിലി ക്കുള്ള ബസിൽ കയറി. ബോറിവിലി യിൽ നിന്നും സ്റ്റാർട്ട് ചെയ്യുന്ന ലോക്കൽ ട്രെയിനിൽ കയറി, സീറ്റ് പിടിച്ചിരിക്കുമ്പോൾ പെട്ടെന്ന് പ്ലാറ്റ്ഫോമിലുള്ള കടയിലെ റേഡിയോയിൽ നിന്നും, വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ച ആ പാട്ട് പാടിത്തുടങ്ങി. ഏത് നിമിഷവും പുറപ്പെടാവുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചുവെങ്കിലും രണ്ടും കൽപ്പിച്ച് ചാടി പുറത്തിറങ്ങി. ആ പാട്ട് തീരുന്നതുവരെ അവിടെ നിന്നു കേട്ടു. അപ്പോഴേക്കും നാലഞ്ച് മിനിറ്റ് നഷ്ടമായി. ഇനി സ്ലോ ട്രെയിനിൽ പോയിട്ട് കാര്യമില്ല എന്ന് ബോധ്യമായി. പ്ലാറ്റഫോം മാറി വീരാറിൽ നിന്നും വരുന്ന, സൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ഫാസ്റ്റ് ട്രെയിനിൽ ഒരുവിധത്തിൽ വലിഞ്ഞുകയറി”ലോവർ പരേൽ” സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഷർട്ടും പാന്റും വല്ലാത്ത പരുവത്തിലായിരുന്നു. ഇന്റർവ്യൂവിലും രക്ഷപ്പെട്ടില്ല. എങ്കിലും എനിക്ക് യാതൊരു നഷ്ടബോധവും ഇല്ലായിരുന്നു. മറിച്ച് റഫി സാബിന്റെ നാളുകളായി കേൾക്കാൻ കൊതിച്ച ആ പട്ടു വീണ്ടും കേൾക്കാനായല്ലോ എന്ന സന്തോഷമായിരുന്നു അന്ന്.
ഏറെ നാളുകൾക്കു ശേഷം മുംബൈയിലെ തന്നെ ഒരു കാസ്സെറ്റ് കടയിൽ ചെന്ന് ഈ പാട്ടിന്റെ ഓഡിയോ കാസ്സെറ്റ് വാങ്ങാൻ ശ്രമിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. പാട്ടിന്റെ വരികളോ സിനിമയുടെ പേരോ അറിയില്ലായിരുന്ന എനിക്ക് കടയിലെ സെയിൽസ്മാനെ പ്രസ്‌തുത പാട്ടിനെക്കുറിച്ച് പറഞ്ഞു മനസിലാക്കുക എന്നത് ഒരു herculian task ആയിരുന്നു. എന്റെ അറ്റവും മുറിയും ചേർത്തുള്ള സംസാരവും പാട്ടിന്റെ ഈണം കേൾപ്പിക്കാൻ വേണ്ടിയുള്ള അപശ്രുതി നിറഞ്ഞ മൂളലും ഞരങ്ങലും എല്ലാം കേട്ട് ക്ഷമ നശിച്ച സെയിൽസ്മാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു “മുഹമ്മദ് റാഫി ആയിരക്കണക്കിന് സിനിമാ പാട്ട് പാടിയിട്ടുണ്ട്. നിങ്ങൾ കുറേക്കൂടെ വ്യക്തയോടെ പറഞ്ഞാൽ ഞാൻ കാസ്സെറ്റ് നോക്കിത്തരാം”. ഇനി അവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല എന്ന ചിന്തയിൽ ഞാൻ തിരികെ പോകുവാൻ തുടങ്ങുമ്പോൾ, എന്റെ ഈ മൂളലും ഞരങ്ങലും എല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന മറ്റൊരു കസ്റ്റമർ അടുത്തേക്ക് വന്നു. ഒരു മധ്യവസ്കനായിരുന്ന അദ്ദേഹം മുഹമ്മദ് റാഫി യുടെ കടുത്ത ആരാധകനും അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് ഏറെ അവഗാഹം ഉള്ള ആളുമായിരുന്നു. വളരെ ക്ഷമയോടെ അദ്ദേഹം എന്നോട് ആ പാട്ടിന്റെ ഈണം ഒന്നുകൂടി മൂളാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ ഞാൻ വീണ്ടും ആ പാട്ടിന്റെ ഈണം ഒന്ന് മൂളികേൾപ്പിച്ചു. ആ മനുഷ്യൻ നേരെ സെയിൽസ്മാനോട് പറഞ്ഞു “ഇസ്‌കോ ഓ “ബ്രഹ്മചാരി” ഫിലിം കാ കാസ്സെറ്റ്റ് ദേദോ”. തുടർന്ന് എന്നെ അദ്ദേഹം മുഹമ്മദ്ദ് റാഫിയുടെ പാട്ടുകളുടെ കളക്ഷൻ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. “റാഫി സാബിന്റെ ഏറ്റവും മികച്ച പാട്ടുകൾ നിങ്ങക്ക് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ രണ്ട് കാസ്സെറ്റ് കൂടി വാങ്ങൂ”. റാഫി അറുപതുകളിലോ എഴുപതുകളിലോ ലണ്ടൻ വച്ച് നടത്തിയ ഗാനമേളയുടെ കാസ്സറ്റുകൾ ആയിരുന്നു അത്. അന്ന് ആ കാസ്സെറ്സ് വാങ്ങാൻ ആയില്ലെങ്കിലും പിന്നീടെപ്പോഴോ ഞാൻ അത് വാങ്ങി. മുഹമ്മദ് റാഫി എന്ന അനുഗ്രഹീത ഗായകൻ പാടി അനശ്വരമാക്കിയ ബൈജുബാവ്‌റെ യിലെ നൗഷാദ് അലിയുടെ all time best musical creation “ഓ ദുനിയാ കെ രഖ്‌വാലേ” അടക്കമുള്ള ഇന്ത്യൻ ചലച്ചിത്രഗാന ശേഖരത്തിലെ ഏറ്റവും മനോഹരങ്ങളായ നിരവധി പാട്ടുകൾ ഞാൻ കേട്ടതും ആസ്വദിച്ചതും, ബ്രഹ്മചാരി എന്ന സിനിമയിലെ “ദിൽ കെ ജരൊക്കെ മേ” എന്ന് തുടങ്ങുന്ന ഈ ഗാനം കേട്ടതിനു ശേഷമായിരുന്നു.
പിൽക്കാലത്ത്, ഇന്റർനെറ്റും യൂട്യൂബും എല്ലാം വന്നതോടെ മുഹമ്മദ് റാഫിയുടെ എണ്ണമറ്റ പാട്ടുകൾ തേടിയുള്ള അന്വേഷണം ഒരു ജീവിതാഭിലാഷമായി ഞാൻ ഏറ്റെടുത്തു. റാഫിയുടെ ഓരോ പഴയ പാട്ടുകളും പുതുതായി കണ്ടെത്തുമ്പോഴും ആ പാട്ടുകൾ എനിക്ക് കർണ്ണാമൃതമാകുമ്പോഴും ജോൺ കീറ്റ്സിന്റെ പ്രസിദ്ധമായ വാക്കുകളാണ് ഓർമ്മ വരിക. “Heard melodies are sweet; but those unheard are sweeter”
