ബേബി ടീച്ചറുടെ വീടു വഴി
കിഴക്കോട്ടു പോയാൽ
നമുക്ക്
പാടത്തേക്കിറങ്ങാം.
അതാണ് വിളക്കുപാടം.
അവിടെയാണ് മായിക്കുളം ….
വെള്ളത്താമരകൾ മാടി വിളിക്കുന്ന മായിക്കുളത്തിൽ
മായിക്കെട്ടുകൾ
പൊന്തിക്കിടന്നു.
താമര കണ്ട്
ആരും കൊതിക്കണ്ട…
അറിയാതെ മായിക്കെട്ടിൽ തൊട്ടു പോയാൽ
മായിഭൂതം വലിച്ചു പാതാളത്തിലേക്കിടും…
നട്ടുച്ച നേരത്ത്
ആവഴിയാരും പോകില്ല …
മായിച്ചോരകുടിച്ച് ഭൂതത്താൻ മയങ്ങുന്ന നേരമാണത്…
നേരിയ കാലൊച്ച മതി ഭൂതമുണരാൻ …
താമര കണ്ടു മയങ്ങിയ കുട്ടികൾ
ഭൂതത്തിൻ്റെ വായിലായിട്ടുണ്ടത്രെ…
മായിക്കുളമിങ്ങനെ
രഹസ്യങ്ങളുടെ നിലവറയായിത്തുടരുന്ന
ഒരു രാത്രിയിലാണ്
വെളുമ്പി പ്രസവിച്ചത്…
ചെമ്പരത്തിച്ചോപ്പുള്ള കുഞ്ഞിൻ്റെ
മൂക്കും വായും അമ്മ
പഴന്തുണികൊണ്ടു തു ടച്ചു…
അകിട്ടിൽ കൊണ്ടുപോയി
പാലുകുടിപ്പിച്ചു ..
മായി വീണപ്പോഴേക്കും
നേരം വെളുത്ത ത്രെ…
വെള്ളത്തിൽത്തന്നെ ഒഴുക്കണം.
കുഴിച്ചിട്ടാൽ പശുവിൻ്റെ
അകിടു വറ്റും…
അമ്മ തന്ന പഴന്തുണിക്കെട്ടുമായി
മായിക്കുളത്തിലേക്ക് …
ഭൂതത്താനേ…
നിനക്കു ഞാൻ
മായി തരാം…
പകരം താമര തരുമോ…
പിന്നെയാ കുളത്തിൽ വിരിഞ്ഞതെല്ലാം
ചെന്താമരകളായിരുന്നു …