സാഹിത്യവേദി മെയ് 6-ന്;ലക്ഷ്മി നായരുടെ ‘ലാറ്റിനമേരിക്കന്‍ യാത്രകള്‍’ പരിചയപ്പെടുത്തുന്നു

sponsored advertisements

sponsored advertisements

sponsored advertisements


29 April 2022

സാഹിത്യവേദി മെയ് 6-ന്;ലക്ഷ്മി നായരുടെ ‘ലാറ്റിനമേരിക്കന്‍ യാത്രകള്‍’ പരിചയപ്പെടുത്തുന്നു

ചിക്കാഗോ: സാഹിത്യ വേദിയുടെ അടുത്ത സമ്മേളനം മെയ് 6-ന് വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30-ന് സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)
ഈ യോഗത്തില്‍ സാഹിത്യവേദി അംഗമായ ശ്രീമതി ലക്ഷ്മി നായര്‍ (ആമി ലക്ഷ്മി) മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ലാറ്റിനമേരിക്കന്‍ യാത്രകള്‍’ എന്ന തന്‍റെ യാത്രാനുഭവ വിവരണങ്ങള്‍ പരിചയപ്പെടുത്തുന്നു. തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ ആമി ലക്ഷ്മി ചിക്കാഗോയില്‍ താമസിക്കുന്നു. സയന്‍റിസ്റ്റും എഴുത്തുകാരിയും എന്നതിനു പുറമെ ആമി ഒരു പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഇരുപത്തഞ്ചോളം ശാസ്ത്രീയ ലേഖനങ്ങളും ഇംഗ്ലീഷില്‍ ‘എ ലാമെന്‍റ്’ (A Lament) എന്ന കവിതാസമാഹാരത്തിനും പുറമെ നിരവധി ഇംഗ്ലീഷ് കവിതാസമാഹാരങ്ങളില്‍ ആമിയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തില്‍ ‘എല്ലിസ് ഐലന്‍ഡില്‍ നിന്ന്’ എന്ന അനുഭവം/ഓര്‍മ്മ സമാഹാരത്തിന്‍റെ എഡിറ്ററായും ആമി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘മറക്കാന്‍ മറന്നത്’, ‘കൊറോണക്കാലത്തെ വീട്’ എന്നീ സമാഹാരങ്ങളിലും ആമിയുടെ രചനകള്‍ ഉള്‍പ്പെടുത്തി. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ ചെറുകഥകള്‍, ലേഖനങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
പുസ്തകത്തെപ്പറ്റിയുള്ള സക്കറിയയുടെ കുറിപ്പ് പ്രത്യേകം ശ്രദ്ധേയമാണ്. കണ്ണുകള്‍ തുറന്നുപിടിച്ച് യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേര്‍ക്കാഴ്ചകള്‍ ആമി ലക്ഷ്മിയുടെ നാല് ലാറ്റിനമേരിക്കന്‍ യാത്രകളെ അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു, ബൊളീവിയ, അര്‍ജന്‍റീന എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യടനങ്ങളെ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നത് നാടുകാണലിന്‍റെ രസകരങ്ങളായ വിശേഷങ്ങള്‍ മാത്രമല്ല, ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാപാരമ്പര്യവുമാണ്. മാര്‍കേസിന്‍റെ ദേശങ്ങളും മയക്കുമരുന്നു കച്ചവട കേന്ദ്രങ്ങളും മാച്ചും പിച്ചുവും ചെഗുവേരയുടെ ഓര്‍മ്മകളും ആമസോണ്‍ കാടുകളുമെല്ലാം ഈ ഗ്രന്ഥത്തിന്‍റെ താളുകളില്‍ നിറയുന്നു. സമഗ്രവും വായനാസൗഹൃദം നിറഞ്ഞതുമാണ് ലക്ഷ്മിയുടെ സമീപനം. തെളിമയുള്ളതും കാര്യമാത്രപ്രസക്തവുമായ ഭാഷ ഈ ചെറുഗ്രന്ഥത്തിന്‍റെ പാരായണസൗഖ്യം വര്‍ദ്ധിപ്പിക്കുന്നു. രചനയില്‍ ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്ന അടുക്കും ചിട്ടയും ഈ കൃതിയെ ഇതില്‍ വിവരിക്കുന്ന രാജ്യങ്ങളിലേക്കുള്ള ഒരു നല്ല കൈപ്പുസ്തകം കൂടിയാക്കിത്തീര്‍ക്കുന്നു. കേരളത്തില്‍ അത്രയേറെ സുപരിചിതമല്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്ക് ആമി ലക്ഷ്മി ഒരു പുതിയ വാതില്‍ തുറക്കുന്നു. അസ്വാദ്യവും വിജ്ഞാനപ്രദവുമായ വായനയുടെയും തിരിച്ചറിവുകളുടെയും ഒരു അനുഭവലോകമാണ് മലയാള യാത്രാവിവരണ സാഹിത്യത്തിന് ലാറ്റിനമേരിക്കന്‍ യാത്രകള്‍ സമ്മാനിക്കുന്നത്.
ഏപ്രില്‍മാസ സാഹിത്യ വേദിയില്‍ ‘കെയര്‍ ആന്‍ഡ് ഷെയര്‍’ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രസിഡണ്ടും സാഹിത്യവേദിയുടെ ദീര്‍ഘകാല അംഗവുമായ ടോണി ദേവസ്സി ബി.സി. 550 മുതല്‍ ഇന്നുവരെയുള്ള ജ്യോതിശാസ്ത്രത്തിന്‍റെ സംക്ഷിപ്ത വികസനചരിത്രം നിരവധി ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചു.
എല്ലാ യാത്രാതല്പരരേയും സാഹിത്യസ്നേഹികളേയും മെയ്മാസ സാഹിത്യവേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആമി ലക്ഷ്മി 847 401 8821, അനിലാല്‍ ശ്രീനിവാസന്‍ 630 400 9735, പ്രസന്നന്‍ പിള്ള 630 935 2990, ജോണ്‍ ഇലക്കാട് 773 282 4955.

ലക്ഷ്മി നായര്‍ (Aami Lakshmi)