കൊച്ചി: തൃക്കാക്കരയിൽ പി.ടി. തോമസിന്റെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാൻ കോൺഗ്രസ്സ് ആലോചിക്കുന്നതിനിടെ, ഇടതുപക്ഷത്തെ സ്ഥാനാർത്ഥി കാര്യത്തിലും അണിയറയിൽ ചർച്ചകൾ തകൃതി. ഉമ തോമസ് ആണ് സ്ഥാനാർത്ഥിയെങ്കിൽ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ചിന്ത ജെറോമിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ചിന്ത നിലവിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്.
എന്തു വില കൊടുത്തും ഇത്തവണ തൃക്കാക്കരയിൽ അട്ടിമറി വിജയം നേടണം എന്നതാണ് സി.പി.എമ്മിന്റെ നിലപാട്. എം. സ്വരാജിന് തൃക്കാക്കര മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയതിനാൽ, അദ്ദേഹം മത്സരിക്കാനുള്ള സാധ്യത ഇല്ലാതായിട്ടുണ്ട്. പിന്നെ സാധ്യതയുള്ളത് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റായ എസ് സതീഷിനാണ്. തൃക്കാക്കര മണ്ഡലത്തിന്റെ സ്വഭാവം കണക്കിലെടുക്കുകയാണെങ്കിൽ അതിനുള്ള സാധ്യതയും കുറവാണ്. ചെറുപ്പത്തെ മുൻ നിർത്തി മണ്ഡലം പിടിക്കാനാണ് സി.പി.എം നീക്കം നടത്തുന്നതെങ്കിൽ ചിന്ത ജെറോമിനു തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ നിരീക്ഷകരും കൂടുതൽ സാധ്യത കാണുന്നത്.എറണാകുളം ജില്ലയിൽ നിന്ന് വനിതാ എം.എൽ.എമാരില്ലെന്ന കുറവും ചിന്ത സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിനു പരിഹരിക്കാൻ കഴിയും.
ഇടതു മുന്നണിയിൽ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രൻ ഡോ.ജെ. ജേക്കബാണ് മത്സരിച്ചിരുന്നത്. ഇത്തവണ വിജയം ഉറപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന കാര്യത്തിൽ ഇടതു ഘടകകക്ഷികൾക്കും മറിച്ചൊരു അഭിപ്രായമില്ല. മണ്ഡലം പിടിച്ചെടുക്കാൻ കഴിഞ്ഞാൽ അത് ഇടതുപക്ഷത്തിന് മാത്രമല്ല, കെ.റെയിലിൽ വിമർശനം നേരിടുന്ന സർക്കാറിനും വലിയ ആശ്വാസമാകും.
അതേസമയം, തൃക്കാക്കര നിലനിർത്തേണ്ടത് പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് യു.ഡി.എഫിന്റെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. ആ ഉറച്ച കോട്ട ഇടതുപക്ഷം തകർത്താൽ, പിന്നെ യു.ഡി.എഫ് എന്ന രൂപത്തിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുക. അത്തരമൊരു അവസ്ഥയിൽ ലോകസഭ തിരഞ്ഞെടുപ്പിനു മുൻപു തന്നെ മുന്നണി പിളരാനും സാധ്യത കൂടുതലാണ്. ഈ റിസ്ക്ക് ഒഴിവാക്കാനാണ് ഉമ തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്. സ്വന്തം കസേര തെറിക്കുന്നത് ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പൂർണ്ണമായും തൃക്കാക്കരയിൽ കേന്ദ്രീകരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തൃക്കാക്കര കൈവിട്ടാൽ പാർട്ടിയിലെ എതിരാളികൾ കസേര തെറിപ്പിക്കുമെന്ന കാര്യത്തിൽ രണ്ടു നേതാക്കളും തികഞ്ഞ ജാഗ്രതയിലാണ്.