മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; 59 ന്റെ നിറവിൽ ഗന്ധര്‍വ ഗായിക

sponsored advertisements

sponsored advertisements

sponsored advertisements

27 July 2022

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; 59 ന്റെ നിറവിൽ ഗന്ധര്‍വ ഗായിക

മലയാളത്തിന്റെ അഭിമാനമായ കെ എസ് ചിത്രയ്ക്ക് ഇന്ന് 59-ാം പിറന്നാള്‍. പകരംവെക്കാനാവാത്ത ആ സ്വരമാധുര്യത്തിന് പ്രായമേറിയിട്ടില്ല. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലധികം ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം.

പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛന്‍ കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തില്‍ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു.

1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. 1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തിത്തുടങ്ങി.

തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. തെന്നിന്ത്യന്‍ വാനമ്പാടി എന്നതു കൂടാതെ ‘ഫീമൈല്‍ യേശുദാസ് ‘ എന്നും ‘ഗന്ധര്‍വ ഗായിക’ എന്നും ‘സംഗീത സരസ്വതി’, ‘ ചിന്നക്കുയില്‍’ , ‘കന്നഡ കോകില’,’പിയ ബസന്തി ‘, ‘ ഇന്ത്യയുടെ കൊച്ചു വാനമ്പാടി’, ‘കേരളത്തിന്റെ വാനമ്പാടി’ എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു. ആറ് തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ നേടിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര എസ്.

പി ബാലസുബ്രഹ്‌മണ്യവും കെ എസ് ചിത്രയുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ളത്. 16 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.