കർഷക കുടുംബങ്ങളുടെ വിഷു ഒരുക്കങ്ങൾ( വിഷുക്കണി -മിനി വിശ്വനാഥൻ )

sponsored advertisements

sponsored advertisements

sponsored advertisements

13 April 2022

കർഷക കുടുംബങ്ങളുടെ വിഷു ഒരുക്കങ്ങൾ( വിഷുക്കണി -മിനി വിശ്വനാഥൻ )

വിഷുപ്പക്ഷികൾ മാർച്ച് മാസം മുതലേ പാട്ട് തുട
ങ്ങുന്നത് പോലെ ഗ്രാമത്തിലെ കർഷക കുടുംബങ്ങളുടെ വിഷു ഒരുക്കങ്ങൾ വെളളരി വിത്ത് നട്ടു തുടങ്ങുമ്പോഴേ തുടങ്ങും….
നെല്ല് കറ്റക്കെട്ടി ഒഴിയുന്ന ക്രമേണ തീയിട്ട് നെൽക്കറ്റകളുടെ അവശേഷങ്ങൾ കത്തിച്ച് പാടം കൊത്തിയൊരുക്കി വെള്ളരി നടാനുള്ള കൊച്ച് തടങ്ങൾ ഒരുക്കിത്തുടങ്ങും. പയറും, പടവലവും വെണ്ടയും ചീരയും മറ്റ് വയലുകളിലും സ്ഥലം പിടിക്കും. പാടത്തോട് ചേർന്നുള്ള പറമ്പുകളിൽ നേന്ത്രവാഴകളും, കുഞ്ഞൻ വാഴകളും, പടുവാഴകളും വേറെയും. ചേനയും, ചേമ്പും, മരക്കിഴങ്ങും ഒക്കെ മാർച്ച് മുതൽ വിളവ് തന്നു തുടങ്ങും. ചക്കയുടെയും മാങ്ങയുടെയും കാര്യം പറയാനുമില്ല. പഴുത്തതും പച്ചയുമായി അതും സുലഭം.
ഞങ്ങൾ കണ്ണൂർക്കാർ വിഷു അടുപ്പിച്ചാണ് മീന വെയിലിൽ പാകമായ കൊപ്പരയും കുരുമുളകും വടകര മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ് പൈസയാക്കുന്നത്. വീട്ടിലെ പെൺമണികൾക്ക് പൊട്ടു സ്വർണ്ണങ്ങൾ വാങ്ങുന്ന കാലവും ഇത് തന്നെ.
മറ്റ് കാർഷിക വിളവുകളുടെ വിൽപ്പനക്കാലവും ഇതു തന്നെ ….
കൈയില് പണവും , പത്തായത്തില് നെല്ലും നിറയുന്ന കാലം….
മൂത്ത നേന്ത്രക്കുലകൾ സ്വർണ്ണ നിറമുള്ള ഉപ്പേരികളും , ചുക്ക് പൊടിചേർന്ന ശർക്കരപ്പാവിൽ
കുളിച്ചൊരുങ്ങി ശർക്കരപുരട്ടികളുമായി മാറും.
ചെറുപഴക്കുലകൾ മച്ചിൽ പഴുക്കാനുള്ള പാകം കാത്ത് കിടക്കും….
ആഘോഷങ്ങൾ ആരംഭിക്കുന്നത് തന്നെ സ്വാദുള്ള ഭക്ഷണത്തോട് ചേർന്നാണ്.വയറ് നിറച്ച് തിന്നാനില്ലാത്ത ഒരു കാലത്തെ ഓർമ്മിപ്പിക്കാറുമുണ്ട് വെച്ച് വിളമ്പുന്നതിനിടെ കാരണവത്തികൾ . അതുകൊണ്ട് തന്നെ കായത്തോലു പോലും ഉപ്പേരിയുമാവും. വാഴക്കണ്ടയും കാമ്പും, പുഴുക്കും…

വിഷുവിന് മുന്നേ തൊണ്ടുപുളിങ്കറിയും പുഴുക്കും…
വിഷുക്കാലത്ത് സാമ്പാറും , പുളിശ്ശേരിയും ..
പഴപ്രഥമനും, ഉണ്ണിയപ്പവും വേറെയും…
അടുക്കള രുചിഗന്ധങ്ങൾ കൊണ്ട് നിറയും ….

എളുപ്പത്തിലുള്ള കണ്ണൂർ നാടൻ വിഭവങ്ങൾ നമുക്ക് പരിചപ്പെടാം ....
തൊണ്ടു പുളിങ്കറി എന്ന് പേര് മാത്രമെ ഉള്ളൂ …
സംഭവം തോല് കളയാത്ത വെള്ളരിക്കയാണ്.
തൊണ്ട് പുളിങ്കറി തന്നെ തറവാട്ടു പുളിങ്കറിയും.
നല്ല മൂത്ത വെള്ളരിക്ക തോലോട് കൂടി ചതുരക്കഷണങ്ങളാക്കിയത്
തേങ്ങ – ഒരു മുക്കാൽ മുറി (വെള്ളരിക്കയുടെ വലുപ്പം പോലെ )
മുളക് പൊടി-1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
പുളി – ആവശ്യത്തിന്
ജീരകം – 1 നുള്ള്
ഉപ്പ് ആവശ്യത്തിന്
താളിക്കാൻ ആവശ്യമുള്ള സാധനങ്ങൾ
വെളിച്ചെണ്ണ
കടുക്
ഉലുവ
കറിവേപ്പില
ഉണക്കമുളക്

ഉണ്ടാക്കുന്ന വിധം
വെള്ളരിക്ക മഞ്ഞളും, മുളകും ഉപ്പും ചേർത്ത് വേവിക്കണം. (കൽച്ചട്ടിയാണെങ്കിൽ രുചി കൂടും)
അത് വെന്ത് കഴിഞ്ഞാൽ പുളി ചേർത്ത് ഒന്നുകൂടെ തിളക്കുമ്പോൾ തേങ്ങ ഒരു പിഞ്ച് ജീരകവും മഞ്ഞളും ചേർത്ത് അരച്ചത് ഇതിലേക്ക് ചേർത്തിളക്കണം..
ഗ്രേവി ലൂസായിരിക്കണം.
തിളച്ച് ചേർന്ന് വരുമ്പോൾ തീ ഓഫ് ചെയ്യാം …

വാലുരുളിയിൽ എണ്ണ ചൂടാവുമ്പോൾ , കടുക് ,ഉലുവ, കറിവേപ്പില, മുളക് എന്നിവ ചേർത്ത് താളിക്കാം…
കണ്ണിമാങ്ങ അച്ചാറും , മോരും , പയർ മെഴുക്കുപുരട്ടിയും കൂടെയുണ്ടെങ്കിൽ സദ്യക്ക് തുല്യം ….