പെണ്ണേ നീ എവിടെയാണ് ( കവിത -ഡാലിയ ഉദയൻ )

sponsored advertisements

sponsored advertisements

sponsored advertisements

20 February 2022

പെണ്ണേ നീ എവിടെയാണ് ( കവിത -ഡാലിയ ഉദയൻ )


ന്റെ ജനലിലെ വെളുത്ത കണ്ണാടിയിലൂടെ
ഞാൻ നിന്നെ തിരയുകയാണ്
ഇളംപച്ച ദാവണിയിൽ നീ ഓടിനടന്ന
ഗോതമ്പു വരമ്പുകൾ
കാറ്റിനൊത്ത് നീ ചലിപ്പിക്കുന്ന നിന്റെ
സഖിയാം തുണിസഞ്ചി
ഒട്ടിയ വയറിൽ പറ്റിച്ചേർന്ന ഞൊറികളില്ലാ പാവാട
ചേറു പറ്റിയ കുഞ്ഞുമുഖത്ത് പാറിവീഴും
എണ്ണ പറ്റാത്ത ചെമ്പൻ മുടി

വയലിലെ ചെളിയാൽ പാദം മൂടുന്നവൾ
വിശപ്പിനെ ചേറ്റുപാട്ടാൽ തണുപ്പിക്കുന്നവൾ
കാറ്റിൽ നിശ്വാസങ്ങൾ ഒളിപ്പിക്കുന്നവൾ
ഒറ്റവിളക്കിന്റെ കുഞ്ഞു വെളിച്ചത്തിൽ
നെടുവീർപ്പുകൾ തിരുകുന്നവൾ
ദുഖം മറക്കാൻ മഴയിൽ നനയുന്നവൾ
മണ്ണിന്റെ മണത്തിനായ് പുലരിയെ തള്ളിനീക്കുന്നവൾ
കുപ്പിവളയൊന്നിനെ മാത്രം പ്രണയിച്ചു
പരിണയിക്കുന്നവൾ
കാറ്റിൽ ഇഷ്ടഗന്ധം തിരയുന്നവൾ

ചെറ്റപ്പുരയുടെ വേരുകളെ യന്ത്രക്കൈ പരതുമ്പോൾ..
ആകുലതയാൽ നിന്റെ നിശ്വാസങ്ങളെ ഞാൻ തിരയുന്നു
നിന്റെ ചെറുത്തുനിൽപ്പിനായ് കൊതിക്കുന്നു..
നിന്റ കൊയ്ത്തുപാട്ടിനായ് കാതോർക്കുന്നു

കാലം ഒന്നിൽനിന്നും മറ്റൊന്നിലേക്ക്
പടർന്നു കയറുമ്പോൾ നിന്റെ ലോകവും
ഒഴുതു മറിക്കപ്പെടുന്നു
അഥവാ സ്വകാര്യവൽക്കരിക്കപ്പെടുന്നു
ഗ്രാമചാരുതയെ മറ്റൊന്നായ് ഉടച്ചു വാർക്കുന്നു
കനൽത്തുട്ടുകൾ വിയർപ്പിനെ ബാഷ്പമാക്കുന്നു
ഹൃദയം വെന്തു ചാവുന്നു
ഒറ്റവിളക്കുകൾ യന്ത്രഗർജ്ജനങ്ങളിൽ ആടിയുലയുന്നു
നിലം പൊത്തുന്നു.
കാറ്റും നിന്നെ മറക്കുന്നു
നഗരത്തിൽ നീയൊരു കഥയാവുന്നു

തിരക്കാർന്ന നഗരവീഥികൾക്കുമപ്പുറം
ഞാനൊരു കതിരാർന്ന വയലിനെ എത്തിനോക്കുന്നു
അതിൽ മണ്ണിനെ മണക്കുന്ന പെണ്ണിനെ
തിരയുന്നു
ഇന്നലെ മരിച്ച ഹൃദയത്തെ തപ്പുന്നു
ഒറ്റവെളിച്ചത്തിനായ് കാത്തിരിക്കുന്നു
പെണ്ണേ നീ എവിടെയാണ്.