മുലമുറിച്ച രാത്രിയിലാണ്
ആദ്യമായി “ഇല്ലായ്മ”ക്ക്
നീറ്റൽ ഉണ്ടെന്നറിഞ്ഞത്..
ഒന്ന് മറ്റൊന്നിനോട്
ഒപ്പംനിൽക്കുന്നില്ലെന്ന്
കാമുകന്റെ മാംസരാഗമാണ്
ആദ്യം അളന്നെടുത്ത്
അടിവരയിട്ടത്..
കെട്ടിയോന്റെ ബീഡിക്കറയുടെ
ദന്തക്ഷതത്താൽ
അവിടം നീലിച്ചുപോയെന്ന്
പേറെടുത്ത നാണിമുത്തശ്ശി
വേത്കുളിക്കിടയിൽ
ചുണ്ട്കോട്ടി പറഞ്ഞതിൽ
പിന്നെയാണ്
മുലകൾ അവളെ
വിഴുങ്ങാൻ തുടങ്ങിയത്..
നീക്കം ചെയ്യപ്പെടുമ്പോൾ
ഒഴുക്കിയ പാൽനിലാവുകൾ
കണ്ണിൽ തെറിച്ചു
വീണൊരു ചെങ്കണ്ണ്
സൃഷ്ടിച്ചു.
ചേർന്നുമയങ്ങിയ കുഞ്ഞി-
ക്കവിളുകളുടെ ചൂടേറ്റ്
അകത്തൊരു പൊള്ളൽ
അമ്മയെന്നെഴുതി
കമിഴ്ന്ന് കിടന്നു..
പ്രണയയുമ്മകളേറ്റ്
വിജൃംഭിച്ച മാറിടം
ഏതോ കണ്ണാടിക്കൂട്ടിൽ
അവന്റെ പേരെഴുതി
മയങ്ങാൻ ഒരുങ്ങി…
അളവാൽ തുന്നിച്ച
കുപ്പായം ഇടതുനെഞ്ചിൻ
ചിത്രത്തെ
മായ്പ്പ്കട്ടയാൽ
തുടച്ചെടുത്തു
വലതിനോട് കരയരുതെന്ന്
ആംഗ്യം കാട്ടി…
മുലയില്ലാതാകുമ്പോൾ
എത്ര ഓർമ്മകളാണ്
പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നത്??
എത്ര പെൺനനവുകളെയാണ്
ഒറ്റവരൾച്ചയിൽ
കുടിച്ചുവറ്റിക്കുന്നത്??
മുലമുറിച്ചതിൽ പിന്നെയാണ്
ശരീരം ഒരില്ലായ്മയെ
മടുപ്പില്ലാതെ
ചുമക്കുമെന്നറിഞ്ഞത്..
