സ്നേഹത്തിന്റെ മേമ്പൊടികളിൽ
പകർന്നതൊക്കെയും
പിറ്റേന്നത്തെയാലസ്യത്തിൽ
എഴുതിയൊഴുക്കി
ഒരു രതിപുഴ തീർത്തേക്കാം…
കർക്കശബുദ്ധിയോടെ നിങ്ങൾ
നിശബ്ദമാക്കിയ നാക്ക്
മൂർച്ചയുള്ളൊരായുധത്തെ
മനസ്സിൽ രാകിയെടുത്തു
വരികളാലൊരു വിപ്ലവക്കൊടി
നാട്ടിയേക്കാം..
അസ്വാതന്ത്ര്യത്തിന്റെ ചിറക്
പൂട്ടലുകളിൽ മനംനൊന്ത്
ഒറ്റയ്ക്കുള്ള
യാത്രയുടെ കള്ളസ്വപ്നത്തെ
എഴുതിയലക്കി
പറത്തിവിടുന്നുണ്ടാകാം….
ഒളിച്ചുവച്ചൊരു പ്രണയത്തിന്റെ
ഞരമ്പൊച്ചകളിലൂടെ
പകൽ മുഴുവൻ കുറുകി
രാത്രികളിൽ അവരെ
നിനക്കൊപ്പം ചേർത്ത്
നെഞ്ചിൽ പായവിരിച്ചു-
റക്കുന്നുണ്ടാകാം…
ജനിക്കാതെപോയ
കണ്മണികളുടെ
ചിണുങ്ങൽ നോവുകളെ
അടിവയറ്റിലാരും കാണാതെ
കീറിയൊളിപ്പിക്കുന്നുണ്ടാകാം…
പങ്കാളികളേ…
നിങ്ങൾക്ക് ഉടലേയറിയൂ..
ഉൾവേഴ്ചകളുടെ
കിതപ്പേ ഗ്രഹിക്കൂ..
ഉൾനോവുകളുടെ
ഉത്തുംഗ ശൃംഗത്തിൽ
ഉയിരു പൊടിക്കുന്നോരുടെ
ഉൾകാമ്പെങ്ങനെയറിയാൻ?