ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

18 March 2023

ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു

ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ(92) അന്തരിച്ചു. ശനിയാഴ്‌ച പകൽ ഒന്നേകാലോടെ ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സിബിസിഐ, കെസിബിസി എന്നിവയുടെ അധ്യക്ഷനായിരുന്ന മാർ പൗവത്തിൽ ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം പൗവത്തില്‍ കുടുംബാംഗമാണ്‌. 1930 ആഗസ്‌ത് 14ന് പൗവത്തില്‍ അപ്പച്ചന്‍ – മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു.

പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലായി പഠനം. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന പി കെ നാരായണപ്പണിക്കർ സഹപാഠിയായിരുന്നു 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.

1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ ബിഷപ്പായി. മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി. 1986 ജനുവരി 17ന് സ്ഥാനമേറ്റു. 22 വര്‍ഷം ഈ ചുമതല വഹിച്ചു. 1993 മുതല്‍ 1996വരെ കെസിബിസി പ്രസിഡന്റും 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19ന് വിരമിച്ചു.

മാര്‍ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തില്‍ നിയമസഭാ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്നേഹനിധിയായ ഒരു മനുഷ്യന്‍ എന്ന നിലയിലും ആത്മീയ നേതാവ് എന്നനിലയിലും അദ്ദേഹം ജനങ്ങളോട് അടുത്തുനിന്നിരുന്നു.