നേർത്തു നേർത്താദ്യം
തിളച്ചതിന്റെ
മൊഴിമാറ്റം
ആറ്റിയൂതിപകരും
കടുപ്പത്തിന്റെ രുചികൾ
പകർത്തെഴുത്തിലെ
വ്യത്യസ്ഥതപോലെ
ഇപ്പോൾ
മസാലക്കൂട്ടുകളിൽ
തിളച്ചുമറിയുന്നു
സ്വാദിന്റെ വൈഭവങ്ങൾ
പച്ചവെള്ളത്തിന്
തെളിവാർന്ന
ബാല്യത്തിന്റെ സ്വാദ്
കാലങ്ങൾക്കപ്പുറമിപ്പുറം
തിരിച്ചുകിട്ടാത്തത്
വെട്ടിത്തിളയ്ക്കുമ്പോൾ
യൗവ്വനതീക്ഷ്ണതവേണ്ടുന്ന
രുചിഭേദങ്ങളെല്ലാം
തിരിച്ചറിയുന്നനേരം
ആദ്യം നുണയുന്ന
ഒരു കവിൾ
ഇഷ്ടം വെളിപ്പെടുത്തുന്നു
വിയർപ്പുതുള്ളിയെ
പ്രണയിക്കുന്ന
വേനൽക്കാറ്റുപോലെ
രുചിയിൽ
കേമത്തംതീരുന്ന
ഓരോ തുള്ളികളിലും
മടുപ്പിന്റെ വിളികളേറെ;
ഒഴിഞ്ഞപാത്രം
എഴുതിത്തീർന്ന കഥപോലെ
മിനുക്കുപണികളിൽ
ആറിത്തണുത്താൽ
വാർദ്ധക്യംപോലെപുച്ഛമാണ്;
തിരിഞ്ഞുനോക്കാതെ
ഒരിടം
തേടേണ്ടഗതികേട്
അവശേഷിക്കുന്നു
വസ്ത്രങ്ങളിൽ
അറിവില്ലാതെ
മറിഞ്ഞുവീണപാടുകൾ
ജരാനരകൾപോലെ
രുചിയുടെ കലവറക്കൂട്ടുകൾ വേണം
ചായയ്ക്കും കാപ്പിയ്ക്കും
മനുഷ്യനും
ഇതൊന്നുമില്ലാതെ പ്രയാണം പ്രയാസം
താണ്ടുന്നതേറെ ദൂരങ്ങൾ
മഴമേഘങ്ങളെപ്പോലെ
നുരയാർന്ന കപ്പുകളിലെ
ചൂടും തണുപ്പും രുചികളും
കാലത്തിന്റെ
കെട്ടുപാടുകൾമാത്രം
