
ധന്യയുടെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി;മകളുടെ കല്യാണത്തിന് ഓർഡർ ചെയ്തത് മൊത്തം 300 മുഴം പൂക്കൾ
ഗുരുവായൂർ:കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്ര നടയിൽ കൈകുഞ്ഞുമായി മുല്ലപ്പൂ വിറ്റ ധന്യയെ കാണാൻ നടൻ സുരേഷ് ഗോപി എത്തിയത് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വലിയതോതിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ സുരേഷ് ഗോപിയെ കാണാൻ എത്തിയ ധന്യയും ഭർത്താവും കുഞ്ഞിനും ജീവിതത്തിലേക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്ത സുരേഷ് ഗോപി ധന്യയോട് പറഞ്ഞിരിക്കുന്നത്. മകളുടെ വിവാഹത്തിന് 200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചി പൂവും വാഴനാരിൽ കെട്ടിയത് പതിനാറാം തീയതി രാത്രി എത്തിച്ചു കൊടുക്കണമെന്നാണ് സുരേഷ് ഗോപി ധന്യയോട് പറഞ്ഞിരിക്കുന്നത്. ഇതിനാവശ്യമായ എന്ത് കാര്യവും തന്റെ ഭാഗത്തുനിന്ന് ചെയ്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാടക വീട്ടിൽ കഴിയുന്ന തങ്ങൾ ഏത് നിമിഷവും അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയാണെന്നും അത് പറയുവാനാണ് അദ്ദേഹത്തെ കാണാൻ എത്തിയതെങ്കിലും അദ്ദേഹം തങ്ങൾക്ക് നൽകിയത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാണെന്ന് ധന്യയും മാധ്യമങ്ങളോട് പറയുകയുണ്ടായി. ഹൃദ്രോഗിയായ ഭർത്താവിൻറെ ചികിത്സയ്ക്ക് പണം കണ്ടെത്താനും കുടുംബം മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടിയാണ് വഴിയോരത്ത് കുഞ്ഞുമായി നിന്ന് ധന്യ മുല്ലപ്പൂ കച്ചവടം നടത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും ചിലരുടെ സഹായത്തോടെയാണ് ഗുരുവായൂരപ്പന്റെ നടയിൽ പൂക്കച്ചവടത്തിന് എത്തിയത്.
മകനെ നോക്കാൻ ആരുമില്ലാത്ത സാഹചര്യമുള്ളതുകൊണ്ടാണ് കുഞ്ഞുമായി പൂ വിൽക്കാൻ എത്തുന്നത് എന്നും ധന്യ മുമ്പ് പറഞ്ഞിരുന്നു. വീട്ടുകാരെ എതിർത്ത് സനീഷുമായുള്ള വിവാഹം നടത്തിയതോടെ കുടുംബം കൈവിട്ടു. വിവാഹ ശേഷം സനീഷിന് ഹൃദ്രോഗം ഉണ്ടാവുകയും രണ്ട് ആൻജിയോപ്ലാസ്റ്റിക് കഴിയുകയും ചെയ്തു. നിലവിൽ ചികിത്സ തുടരുന്ന ഇദ്ദേഹത്തിന് ഒരു നേരത്തെ ആഹാരം നൽകാൻ പോലും പലപ്പോഴും പണം ഉണ്ടാകാറില്ല. നിത്യ ചെലവുകൾക്കും മരുന്നിനും പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പൂക്കച്ചവടം എന്ന മാർഗത്തിലേക്ക് ധന്യ ഇറങ്ങിയത്.