സർപ്പദംശമേറ്റ് പോയവളേ, നിന്റെ നെറുകയിൽ ഞാനൊന്നുമ്മവെക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

15 June 2022

സർപ്പദംശമേറ്റ് പോയവളേ, നിന്റെ നെറുകയിൽ ഞാനൊന്നുമ്മവെക്കുന്നു

ധർമ്മരാജ് മടപ്പള്ളി
ദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട്
പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോളാണ് മരിച്ചത്. സുഷ്വിക മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനുപുറത്ത് തോട്ടത്തിൽ ഒളിക്കുകയായിരുന്നു.’
വായിച്ചുകഴിഞ്ഞിട്ടും ആ ദാരുണ വാർത്തയിലെ പെൺചിമിഴ് മനസിനെ കൊത്തിവലിച്ചുകൊണ്ടേയിരിക്കുന്നു. നേരംപുലർന്നാൽ അതിവിചിത്രമരണ വാർത്തകളുടെ പ്രാതൽ ഓൺലൈൻമേശമേൽ വന്നുകിടപ്പുണ്ടാവും.
വ്യത്യസ്തമരണങ്ങളാൽ അടയാളപ്പെടുകയും മായുകയുംചെയ്യുന്ന മനുഷ്യർ! അതിൽ ഒരു നാലുവയസുകാരി ഇവ്വിധം എന്നെ മരണത്താൽ പിന്തുടരുന്നതെന്തിനെന്ന് അറിയില്ല.
മദ്യപിച്ച് മറ്റൊരാളായി മാറുന്ന അച്ഛനിൽനിന്ന് മറപറ്റി പിൻതൊടിയിലെ മരമറവുകളിൽ രാത്രിചെലവഴിക്കുന്ന അവളുടെ ദൃശ്യങ്ങൾ പലമട്ടിൽ മനസിനെ കൊത്തിവലിക്കുന്നുണ്ട്. ഒരു നാലുവയസുകാരിക്ക് രാത്രിയോട് അനുഭവപ്പെട്ടേക്കാവുന്ന സ്വാഭാവിക ഭയത്തിലും എത്രയോ ഏറെയായിരിക്കണം അവൾക്ക് അച്ഛനോട് അനുഭവപ്പെട്ടിട്ടുണ്ടാവുക. അല്ലെങ്കിൽ അവളുടെ ഒമ്പതുവയസുകാരി ചേച്ചിക്കും പന്ത്രണ്ടുവയസുകാരൻ ചേട്ടനുമൊപ്പം തൊടിയിലെ ഇരുളിലേക്കിറങ്ങിയുള്ള ആ ഒളിച്ചുകളി ഒരുപാടുകാലമായി തുടരുകയാൽ രാത്രിയും അതിന്റെ ഇരുളും അത്രക്ക് ഭയക്കേണ്ടതല്ലെന്ന് അവർ കണ്ടെത്തിയിട്ടുണ്ടാവണം.
അപ്പന്റെ അനക്കം ആടിയാടി രാത്രിയുടെ മുറ്റത്ത് തെളിയുമ്പോളേക്കും ഇരുളിലേക്ക് ഓടിപ്പോകുന്ന മക്കൾ. വീട്ടിൽ അവശേഷിക്കുന്ന അമ്മക്കുനേരെ അയാളുതിർക്കുന്ന ശകാരങ്ങളും മർദ്ദനഞരക്കങ്ങളും ആ ഇരുളിലിരുന്ന് ചെവിപറ്റുന്ന കുരുന്നുകൾ. അമ്മയുടെ ഓരോരോ ഞരക്കവുമുണരുമ്പോളും ഒന്നൊച്ചവെച്ച് സങ്കടമിറക്കാനാവാത്ത വരണ്ട തൊണ്ടയുമായി പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്നവർ. അതിലേറ്റം ഇളയതിനെ വന്നുകൊത്തുന്നൊരു കരിനാഗം. ആ ദംശമറിഞ്ഞ മാത്രയിൽ കുരുന്നുമനസുകളിലൂടെ കടന്നുപോയത് എന്തൊക്കെയായിരിക്കാം.
ഭയം മനുഷ്യനെ വിട്ടുപിരിയുന്ന ഒരു ഘട്ടമുണ്ട്. അതിൽ ചവിട്ടിനിന്ന്, വാവിട്ടുനിലവിളിച്ച് സ്വന്തം വീട്ടിലേക്ക്, അച്ഛനും അമ്മക്കും ഇടയിലേക്ക് തിരികേ ഓടിവന്ന മൂന്നുമക്കളുടെ ദൃശ്യം എന്തുകൊണ്ടോ എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. ഇനിവരും ദിവസങ്ങൾ തങ്ങൾക്കിടയിൽ ഇല്ലാതായിപ്പോയ ആ നാലുവയസുകാരിയെ ഏത് ഓർമ്മകൊണ്ടാവും ആ കുടുംബം ചേർത്തുപിടിക്കുക.
നോക്കൂ… ആ ഇരുളിൽ കുഞ്ഞുങ്ങൾക്കൊപ്പം ഞാനുമുണ്ടായിരുന്നു എന്നതുപോലെ ആ രാത്രിയുടെ മണം എന്തുകൊണ്ടാണിപ്പോളും എനിക്കനുഭവപ്പെടുന്നത്. എങ്ങോ പെയ്തൊഴിഞ്ഞ ആ മഴയുടെ തുള്ളിക്കുതിപ്പുകൾ ഇങ്ങീമരുഭൂമിയിലെ ഒരുകോണിലെങ്ങോ വേച്ചുകോടി ജീവിക്കുമെന്റെ നെറുകയിലും വീണുടയാൻ എന്താവും കാരണം!
സർപ്പദംശമേറ്റ് പോയവളേ,
നിന്റെ നെറുകയിൽ ഞാനൊന്നുമ്മവെക്കുന്നു.

ധർമ്മരാജ് മടപ്പള്ളി