ദിവ്യ,ഡാളസ്
പതിവ് തെറ്റിക്കാതെ തലയ്ക്കരികിലിരുന്ന ഫോൺ
അഞ്ചരയ്ക്ക് തന്നെ നിരങ്ങി നിലവിളിച്ചെങ്കിലും
അയാളെ ഉണർത്താനാവാതെ
പുലരിയല്പം നീക്കി വെച്ച്,
പിന്നേയുമിരുട്ട് പുതച്ച് കിടന്നു.
മണി ആറായിട്ടും ഇനിയുമയയ്ക്കാത്ത
സുപ്രഭാതസന്ദേശങ്ങൾ അരച്ചാൺ
തികച്ചില്ലാത്ത കുടുസ്സുമുറിയിൽ
ഞെരുങ്ങി അമർന്നിരുന്നു.
പറന്നുവന്ന് വീണ പത്രത്തിന് മുകളില്
അനക്കാതെ വെച്ച പാക്കറ്റ് പാൽ പൊട്ടിച്ച്
നക്കി കുടിച്ച അയൽവീട്ടിലെ പൂച്ച,
പതിയെ പോയി നാലയൽപക്കത്തും
മരണമറിയിച്ചു, ഏഴരയ്ക്കടുപ്പിച്ച്.
കൈപ്പറ്റാൻ ആളില്ലാതെ
ശുഭദിന ആശംസകളുമായെത്തിയ
ദേവീദേവന്മാരും പൂക്കളും പൂമ്പാറ്റകളും
കാടും മഴയുമെല്ലാം എട്ടേ കാലോടെ
മൂക്ക് ചീറ്റിയെത്തിയ
ആദരാഞ്ജലികൾക്കടിയിൽ
പെട്ട് ചതഞ്ഞരഞ്ഞു.
പൂട്ടിടാതെ വെച്ച ഗ്യാലറിയിലെ,
തലേന്ന് കൊന്ന് ചവറുകുട്ടയിലിടണോയെന്ന്
സംശയിച്ച് അയാൾ മാറ്റിവെച്ച ഒരു സെൽഫിയ്ക്ക്,
പതിനൊന്നോടെ ചില്ലുഫ്രെയിമിട്ടു, പൂക്കളുമൊട്ടിച്ചു.
ശോകമലിയിക്കാൻ മോന്തിയിറക്കുന്ന
പ്ലാസ്റ്റിക് ചായകൾക്കൊപ്പമുള്ള ഫോൺ
വിരലോട്ടങ്ങളിൽ ആ സെൽഫി സ്റ്റാറ്റസുകൾ താണ്ടി.
പ്രണാമം അർപ്പിച്ച വിരൽപ്പാടുകളിൽ
വീർപ്പുമുട്ടി അവസാന സെൽഫി
മങ്ങി തെളിയാതെയായി.
ഒന്നേ ഇരുപത്തഞ്ചോടെ അസ്വാഭാവികമില്ലാതെ കഴിഞ്ഞ പോസ്റ്റ്മോർട്ടത്തിൽ, അയാൾ കുറെ കണക്കുക്കൂട്ടലുകൾ കുറിച്ചിട്ടിരുന്നൊരു ആപ്പ്, ചിറി കോട്ടി,
സ്വമേധയാ അൺഇൻസ്റ്റാൾ ചെയ്തിറങ്ങിപ്പോയി.
സന്ധ്യ വരേയും ആ ഫോൺ കൈകൾ മാറി അലഞ്ഞലഞ്ഞ്, രാത്രിയിലെപ്പോഴോ മേശപ്പുറത്തെ സ്ഥിരം ഇരുട്ടിലെത്തി.
ചിലരിൽ ആ പകലും അയാളും ആയുസ്സറ്റ് മറഞ്ഞു.
ചിലരിൽ അയാൾ ചൂടാറും മുന്നേ ഡിലീറ്റായി.
ചിലരിൽ തിരസ്കാരങ്ങൾ എരിഞ്ഞ്
തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പിറ്റേന്നും അഞ്ചരയ്ക്ക്
ആരും ഉണരാനില്ലെങ്കിലും,
ഫോൺ ഉണർത്തുപാട്ട് പാടി തീർത്തു.
മുറി പതിച്ച് കിട്ടിയ പുതിയ അവകാശി,
പറ്റി നിൽക്കുന്ന മരണത്തിന്റെ
മണം വെയിലൊഴിച്ച് കഴുകാൻ ഒറ്റയൊരു
ജനാല മലർക്കെ തുറന്നിട്ടു.
നൂറിലൊന്ന് ശക്തിയെങ്കിലും കുത്തിക്കിട്ടാനായി,
ഒന്ന് മുരടനക്കി ഫോൺ
ആ കാറ്റത്ത് കെട്ടുപോയി.
ജനാലയ്ക്കപ്പുറത്ത് നിന്നും നീണ്ടെത്തിയ
രണ്ട് വിരലുകൾ ഫോൺ ചെരിച്ചും വളച്ചും
അഴികൾക്കിടയിലൂടെ പുറത്തെടുത്തു.
വൃത്തിയുള്ള ഷർട്ടിന്റെ പോക്കറ്റിൽ
ഗമയോടിരുന്ന് മാത്രം പുറംലോകം കണ്ടിരുന്ന ആ ഫോൺ
നാറിയഴുക്കായൊരു പാന്റ് പോക്കറ്റിൽ
ആക്രിക്കാരനൊപ്പം ഒളിച്ചോടി.
അന്ന് രാത്രി നരച്ച് വെളുത്ത ടാർപ്പായയ്ക്കുള്ളിൽ
ഒരച്ഛനുമമ്മയും ഒരു മൂന്ന് വയസ്സുകാരിയും
ആദ്യമായൊരു ഫോണിന്റെ വെളിച്ചം
കണ്ട് കൗതുകത്തോടെ ചിരിച്ചു.
പുതിയ ഉടമകളുടെ സെൽഫി ചന്തം,
ഫോൺ അപ്പോൾ തന്നെ
നെഞ്ചത്ത് പച്ചകുത്തി.
