ആത്മസൗഖ്യം പ്രദാനം ചെയ്യുന്ന മീനഗീതങ്ങൾ (ഡോ. അജയ് നാരായണൻ )

sponsored advertisements

sponsored advertisements

sponsored advertisements

31 July 2022

ആത്മസൗഖ്യം പ്രദാനം ചെയ്യുന്ന മീനഗീതങ്ങൾ (ഡോ. അജയ് നാരായണൻ )

കാവ്യശിഖയിലെ സജീവ സാന്നിധ്യമായ ശ്രീമതി മീന അരവിന്ദിന്റെ കാവ്യസമാഹാരമാണ് “ആത്മസൗഖ്യം”.
നാൽപ്പത്തിയാറ് സത്ചിന്തകൾ പകരുന്ന കൊച്ചുകവിതകളാണ് ഈ സമാഹാരത്തിൽ ശ്രീമതി മീന കുറിച്ചിരിക്കുന്നത്. മഹാമാരിക്കാലം ഭാഷയ്ക്ക് സമ്മാനിച്ച ഈ കൊച്ചുസമാഹാരത്തിലൂടെ ഒരു ചെറിയ വായനാനുഭവം ഇവിടെ ഞാൻ പങ്കുവയ്ക്കുന്നു.

ലളിതമായ പദാവലികളാൽ ഓരോ ആശയത്തെയും സത്ചിന്തകളാക്കി അനുവാചകനുമുന്നിൽ നൈവേദ്യം പോലെ പകരുന്ന കവിതകളിൽ ഓർമ്മകളുണ്ട്. ഒപ്പം സ്നേഹം, കരുണ, വാത്സല്യം തുടങ്ങിയ നല്ല വികാരവിചാരങ്ങളും ഉണ്ട്. അയൽവക്കക്കൂട്ടത്തിൽ കാണാവുന്ന അനുഭവസമ്പന്നയായ ഒരു മുത്തശ്ശിയുടെ കീർത്തനങ്ങളാണ് “ആത്മസൗഖ്യം”.
സംതൃപ്തി നിറഞ്ഞ ജീവിതം ഓരോ കവിതയുടെയുടെയും അന്തർധാരയായി കാണാം.
“ദുർഘടം നിറഞ്ഞ ലോകത്തിൽ ദീർഘവീക്ഷണമാവശ്യം” എന്നു പറഞ്ഞു തുടങ്ങുന്ന കവിത ഒഴുക്കിനനുസരിച്ചു നീങ്ങുന്ന ജീവിതത്തിന്റെ ഒരു ഘട്ടത്തെയാണ് കാട്ടുന്നത്. ഒഴുക്കിനെതിരെ നീങ്ങാൻ എല്ലാവർക്കും സാധ്യമല്ല. ചിന്തിച്ചു മുന്നോട്ട് നീങ്ങുക എന്നത് സ്വതസിദ്ധമായ ചിന്തയും ഉപദേശവും ആണ്.
തുടർന്നുവരുന്ന കവിതകളിൽ ഒരു കൊച്ചുകാറ്റായി ബാല്യകാലസ്മരണകൾ ഉണ്ട്, കാൽപനാജാലമുണ്ട്, ഋതുക്കളുണ്ട്, ഋതുഭേദങ്ങളുമുണ്ട്.
വായനക്കാരനുമായി നേരേ സംവദിക്കുന്ന രചനാശൈലി ഒട്ടുമേ ഗഹനമല്ല. അതിലൂടെ ശാന്തസുന്ദരമായ ഒരു റിട്ടയേർഡ് ജീവിതം വരയ്ക്കുന്നുമുണ്ട്. എത്ര സംതൃപ്തമാണ് ഈ മനസ്സ് എന്നു വ്യക്തമാക്കുന്ന എഴുത്താണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര.
ചില വരികൾ നോക്കൂ,
പാൽപ്പുഞ്ചിരി തൂകി മാനവരെല്ലാം
തൂവാനത്തുമ്പികൾ വാനിൽ നിറഞ്ഞു (ഉഷസ്സ്),
ഉദ്യോഗജീവിതത്തോണി കരയ്ക്കണഞ്ഞു
ഉദ്യോഗജീവിതമാധുര്യത്തെ
പാരം നുകർന്നു ഞാൻ ധന്യയായി…(അശരീരി) തുടങ്ങിയ വരികളിൽ കാണുക. ഒരു പൂർണ്ണ തൃപ്തിയോടെ ഒഴുകുന്ന കൊച്ചു പുഴ തന്നെ.
ഇടയ്ക്ക് ചില വികാരങ്ങൾ കരകവിയുന്നുണ്ട്, നോവുകളുടെ നനവ് ഊറുന്നുമുണ്ട്.
“ഹൃദയവേദനയെ സഹിക്കാൻ കഴിയാതെ
എത്തുന്നു വൃദ്ധസദനങ്ങൾതൻ വാതിൽക്കലും… മക്കൾതൻ സ്മരണയിൽ മാതാപിതാക്കളില്ല (മാതൃസ്നേഹം),
കൈവിരൽതുമ്പിലായ് സ്നേഹം നിറച്ചു ഞാൻ
കൈനീട്ടമായത് നൽകാൻ കൊതിച്ചുപോയ്‌ (പിഴ),
അച്ഛനുറങ്ങിക്കിടക്കുന്ന നേരവും
സ്വച്ഛന്ദം അരികിലുറങ്ങാതിരിക്കുന്നു (എന്റെ അച്ഛൻ),
ജീവിതം മന്ത്രിക്കുന്നു
നിങ്ങളിൽ ചിലരെന്റെ
ആത്മാവിൻ ദുഃഖം മാത്രം (ജീവിതചിന്തകൾ) തുടങ്ങിയ വരികളിൽ ജീവിതത്തിലെ ചില നിരീക്ഷണങ്ങളെ, നോവുകളെ, വ്യഥകളെ അകന്നുനിന്നു നോക്കുന്ന ശൈലിയും കാണാം.
തീർന്നില്ല, ഇതിൽ പ്രണയം, കാത്തിരിപ്പ്, പ്രതീക്ഷ തുടങ്ങിയ കല്പനകളും കാണാം.
ഇതോടൊപ്പം നോക്കുകുത്തിയെപ്പോലെ ചില വേറിട്ട ദർശനങ്ങളും ഉണ്ട്.
“വാളെടുക്കുകില്ല കയ്യനക്കുകില്ല
പഴികളെത്രതന്നെ കേട്ടെന്നാലും.
ഇമ്മട്ടിലാണീ പ്രപഞ്ചത്തിൽ നമ്മളും…” (നോക്കുകുത്തി). എത്ര ശരിയായ വീക്ഷണം!
ഒട്ടുമേ അതിഭാവുകത്വമോ അതിനാടകീയതയോ ഇല്ലാതെ ഒഴുകുന്ന ഈ കാവ്യതരംഗിണി ഒഴുകുമ്പോൾ വായനക്കാരന് ഒരു നല്ല വായനാനുഭവം തീർച്ചയായും നൽകും.
ഈ കവിതകളിൽ ഗഹനതയോ ആഴത്തിലുള്ള ചിന്തയോ കഠിനമായ അർത്ഥങ്ങളോ ചികഞ്ഞു നമ്മൾ അലയേണ്ടതില്ല. തീർച്ചയായും, ആധുനിക കവിതകളുടെ ലഹരി തേടി, വിപ്ലവവീര്യം തേടി ഈ സമാഹാരം വായിക്കേണ്ടതുമില്ല.
ശ്രീമതി മീനയുടെ ആത്മസൗഖ്യം കവിക്കുമാത്രമല്ല വായനക്കാരനും ഒരു മനോസൗഖ്യം തീർച്ചയായും ലഭിക്കും. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന കൊച്ചു കവിതകളാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. വായനക്കാരനു ഒട്ടും മുഷിവ് തോന്നാത്തവിധം ഭംഗിയായി കവിതകൾ അവതരിപ്പിച്ച ശ്രീമതി മീന അരവിന്ദിനു എല്ലാവിധ ആശംസകളും നേരുന്നു.
ഇനിയും ഇത്തരം ലളിതമായ വരികൾ കുറിക്കുവാനുള്ള മനസ്സും ആരോഗ്യവും ഉണ്ടാകുവാൻ എന്റെയും പ്രാർത്ഥന.