BREAKING NEWS

Chicago
CHICAGO, US
4°C

ഡോ.ബീന വള്ളിക്കളം ; മാതൃകയാക്കാവുന്ന പെൺകരുത്ത് ( വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements

27 March 2022

ഡോ.ബീന വള്ളിക്കളം ; മാതൃകയാക്കാവുന്ന പെൺകരുത്ത് ( വഴിത്താരകൾ )

അനിൽ പെണ്ണുക്കര

“ആരോഗ്യ സംരക്ഷണത്തിന്റെ ഹൃദയമാണ് ഒരു നേഴ്സ്”

ഒരിക്കലും കഠിനമാകാത്ത ഹൃദയം, ഒരിക്കലും തളരാത്ത മനോവീര്യം, ഒരിക്കലും വേദനിപ്പിക്കാത്ത സ്പർശനം . ഒരു ആരോഗ്യ പ്രവർത്തകയെ ഈ മൂന്ന് വാക്കിൽ നിർവ്വചിക്കാം. എന്തെന്നാൽ ഒരു ലക്ഷ്യത്തിനായി മാത്രം പ്രവർത്തിക്കുകയും അവരുടെ സാന്നിദ്ധ്യം കൊണ്ട് ചില ജീവിതങ്ങൾക്ക് വെളിച്ചം നൽകാൻ നേഴ്‌സിംഗ് സമൂഹത്തിന് സാധിക്കും. ആ സമൂഹത്തിനുള്ളിൽ നിന്നു കൊണ്ട് അവരുടെ എല്ലാ പ്രശ്നങ്ങളിലേക്കും, വിഷമങ്ങളിലേക്കും , സന്തോഷങ്ങളിലേക്കും കടന്നു ചെന്ന് സ്വയം മാതൃകയായ ഒരു വ്യക്തിത്വമുണ്ട് ചിക്കാഗോയിൽ ….
ഡോ. ബീന വള്ളിക്കളം.

ദേവസ്യ, ബ്രിജിത്ത് അദ്ധ്യാപക ദമ്പതികളുടെ സമർപ്പിത ജീവിതം

ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ തുടക്കം മാതാപിതാക്കളിൽ നിന്ന് തുടങ്ങുന്നു എന്ന് കേൾക്കുമ്പോൾ നമുക്കൊരു സന്തോഷമുണ്ടാവില്ലേ ?. കോഴിക്കോട് ചെമ്പ്രയിൽ (കുളത്തുവയൽ) അദ്ധ്യാപക ദമ്പതികളായ സി.വി. ദേവസ്യ ചിറയാത്തിന്റെയും (റിട്ടയേർഡ് ഹെഡ്‌മാസ്റ്റർ) , കെ.വി. ബ്രിജിത്തിന്റേയും (റിട്ടയേർഡ് ഹെഡ് മിസ്ട്രസ് ) മകളായി ജനനം. നാട്ടുകാരുടെ സ്വന്തം മാസ്റ്ററായ ദേവസ്യ മാസ്റ്ററുടെ കൈയൊപ്പ് നാടിൻറെ വളർച്ചയിൽ എപ്പോഴും ഉണ്ടായിരുന്നു .നാട്ടുകാർക്ക് അപേക്ഷകൾ തയ്യാറാക്കി കൊടുക്കുവാനും , ഉപദേശങ്ങൾ തേടുവാനുമൊക്കെ നിരവധി ആളുകൾ വരുന്ന ഇടം കൂടിയായിരുന്നു വീട്. മികച്ച അദ്ധ്യാപകൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ ദേവസ്യ മാസ്റ്ററും, ബ്രിജിത്ത് ടീച്ചറും പകർന്നു നൽകിയ നന്മയുടെ പാഠങ്ങൾ തങ്ങളുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കിയതുപോലെ സ്വന്തം മക്കളും ഹൃദയത്തോട് ചേർത്തുപിടിച്ചു. നാല് പെൺമക്കളും ആ പാഠങ്ങളുടെ നിറവിലാണ് ജീവിതത്തിന്റെ അടിത്തറ പടുത്തുയർത്തിയത്.ജീവിതത്തിൽ അസുഖങ്ങളുടെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ അസാധാരണ ആത്മധൈര്യം കൈമുതലാക്കി അചഞ്ചല ദൈവ വിശ്വാസം പ്രകടിപ്പിച്ച ആ മാതാപിതാക്കൾ മക്കൾക്ക് ജീവിതത്തിൽ എന്തിനെയും നേരിടാനുള്ള കരുത്താണ് നൽകിയത് .

പഠനവഴികളിലെ തിളക്കങ്ങൾ

കുളത്തുവയൽ സെന്റ് ജോർജ് സ്കൂളിലായിരുന്നു ഡോ. ബീന വള്ളിക്കളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ഒരു വ്യക്തിയുടെ വളർച്ചയുടെ പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന പിന്തുണ പ്രധാനമായും യു.പി. ഹൈസ്കൂൾ പഠനകാലങ്ങളിലാണ്. ഇവിടെ അദ്ധ്യാപകരും വിദ്യാർത്ഥികളും, സ്കൂളും, സ്കൂൾ പരിസരവും ബീനയുടെ വളർച്ചയുടെ നാഴികക്കല്ലായി.സുഹൃത് ബന്ധങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ബീന ഇന്നും തന്റെ സ്‌കൂൾ തലം മുതലുള്ള സുഹൃത്തുക്കളും അദ്ധ്യാപകരുമായി വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നു .സഹപാഠിയും ആത്മ സുഹൃത്തുമായ ഈരൂരിക്കൽ ഗീതാ സണ്ണി ഷിക്കാഗോയിൽ ഉണ്ടെന്നുള്ളത് ഏറെ സന്തോഷം നൽകുന്നു . എല്ലായിടത്തും ഒന്നാമതെത്താൻ ബീനയ്ക്ക് കഴിഞ്ഞത് മാതാപിതാക്കൾ നൽകിയ ഒരു ഉപദേശം കൂടിയായിരുന്നു. ” ആരെയും തോല്പിക്കാനല്ല മറിച്ച് മറ്റുള്ളവർക്ക് മാതൃകയാവാനുള്ള അവസരങ്ങൾ വിനിയോഗിക്കുക ” എന്ന വലിയ പാഠം.


പ്രസംഗം, ഉപന്യാസരചന, കഥ, കവിതാ രചന, നൃത്തം, സംഗീതം തുടങ്ങി സ്കൂൾ യുവജനോത്സവങ്ങളിലെ സ്കൂൾ,സബ് ജില്ല , ജില്ലാ താരമായി വളർന്നപ്പോഴും പഠനത്തിലും ബീന ഒന്നാം സ്ഥാനത്ത് തന്നെ . എൽ.പി, യു .പി ക്ലാസുകളിൽ എൽ.എസ്. എസ്, യു.എസ്. എസ്. സ്കോളർഷിപ്പുകളിൽ തുടങ്ങുന്ന അക്കാദമിക്ക് വിജയം ,ജില്ലാതല പൊതുവിജ്ഞാന , ഗണിത ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ വിജയം, എട്ട്, പത്ത് ക്ലാസുകളിൽ രൂപതാതലത്തിൽ മതബോധനം ,സന്മാർഗ പാഠം വിഷയങ്ങളിൽ ഒന്നാം സ്ഥാനം ,സയൻസ് വിഷയങ്ങളിൽ ഒന്നാം സ്ഥാനം , ആകാശവാണി ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സര വിജയത്തിളക്കം ഇവയെല്ലാം പാഠ്യ പാഠ്യേതര വിഷയങ്ങളുടെ പൊൻതൂവൽ ആയി മാറി. എസ്. എസ്. എൽ.സിക്ക് ഉയർന്ന മാർക്ക് വാങ്ങി തൃശൂർ സെന്റ് മേരീസ് കോളജിൽ പ്രീഡിഗ്രി പഠനത്തിനായി ചേർന്നപ്പോൾ മനസ്സിൽ മാതാപിതാക്കളെ പോലെ അദ്ധ്യാപനരംഗത്തേക്ക് കടക്കണമെന്നായിരുന്നു മോഹം. വിദ്യാർത്ഥിയെ ബഹുമാനിക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം എന്ന് പഠിപ്പിച്ച മാതാപിതാക്കളുടെ വഴി സ്വന്തം ജീവിതത്തിലും കൂട്ടാൻ തീരുമാനിച്ചതിൽ അത്ഭുതമില്ല.

ജീവിതത്തിലെ വഴിത്തിരിവായി ആതുരസേവനം

ചില നിയോഗങ്ങൾ, ചില ഉൾവിളികൾ നമ്മെ കൊണ്ടെത്തിക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്ന ഇടത്തായിരിക്കില്ല. ഒരു പക്ഷെ അതിനേക്കാൾ വ്യത്യസ്തമായ ഒരിടത്തേക്ക് എന്ന് കാലം പറയും പോലെ ബീനയുടെ ജീവിതത്തിലും ഒരു പുതിയ ഇടം കാത്തിരിക്കുകയായിരുന്നു. സയൻസ് വിഷയങ്ങളിൽ എൺപത്തിയഞ്ച് ശതമാനം മാർക്ക് വാങ്ങി ഗണിത ശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്‌സും ഐച്ഛിക വിഷയമായി കോഴിക്കോട് പ്രോവിഡൻസ് കോളജിൽ ബി.എസ്‌. സിക്ക് ചേർന്നു. അപ്പോഴാണ് ബി.എസ് .സി. നഴ്സിംഗ് പഠിക്കുവാൻ മെഡിക്കൽ പ്രവേശന പരീക്ഷയിൽ സെലക്ഷൻ ലഭിച്ചത്. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി ആ സംഭവം. കാലിക്കറ്റ് സർവ്വകലാശാലയിൽ ബി.എസ്.സി നേഴ്സിംഗ് പ്രോഗ്രാമിൽ ഒന്നാം റാങ്കോടെ വിജയം. യാതൊരു ബോധ്യവുമില്ലാതെ, തയ്യാറെടുപ്പുമില്ലാതെ തുടങ്ങിയ പഠനം ഒരു ദൈവ നിയോഗം പോലെ ആതുര സേവനമെന്ന മഹത്തായ വീഥിയിലേക്ക് ബീനയെ ക്ഷണിക്കുകയായിരുന്നു. ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു ബീന തന്റെ പുതിയ ദൗത്യത്തെ.മംഗലാപുരം ഫാ. മുള്ളേഴ്സ് കോളജ്, കണ്ണൂർ കൊയിലി ഹോസ്പിറ്റൽ നഴ്സിംഗ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും നേടിയ പ്രവർത്തന പരിചയം വളരെ വലുതായിരുന്നു . ലക്ചറർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ഇടക്കാലത്ത് ആശുപത്രിയുടെ ചുമതലകൾ ഒക്കെ ഇരുത്തം വന്ന ഒരു ആരോഗ്യ പ്രവർത്തകയിലേക്ക് ബീനയെ മാറ്റി .
ഒരാൾ കൊടുങ്കാറ്റിലൂടെ കടന്നുപോകുമ്പോൾ ഒരു ആരോഗ്യ പ്രവർത്തകയുടെ സാന്നിദ്ധ്യം ഒരു ദശലക്ഷം ശൂന്യമായ വാക്കുകളെക്കാൾ ശക്തമാണെന്ന് തിരിച്ചറിയുകയായിരുന്നു അവർ.


ജീവിതത്തിന്റെ മറ്റൊരു ട്വിസ്റ്റ്; അമേരിക്കയിലേക്ക്

ചങ്ങനാശേരി സ്വദേശി ചിക്കാഗോയിലുള്ള അനിയൻ കുഞ്ഞ് വള്ളിക്കളവുമായുള്ള വിവാഹത്തോടെ അമേരിക്കൻ കുടിയേറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.സി.ജി. എഫ്. എൻ. എസ് പരീക്ഷാ വിജയവും അന്നത്തെ കുടിയേറ്റ കടമ്പകളും കടക്കാൻ ഫാ.മാത്യു കുന്നത്തിന്റെ സഹായവും തുണയായി. അമേരിക്കയിലെത്തിയപ്പോഴും ബീനയെ സഹായിക്കുവാൻ സാമൂഹ്യ പ്രവർത്തകയായ മറിയാമ്മ പിള്ളയെ പോലെ ഒരാൾ ഉണ്ടായത് ഏറെ ഗുണം ചെയ്തുവെന്നും ബീന പറയുന്നു. ചിക്കാഗോയിൽ ഒരു ജോലി ലഭിക്കുന്നതിനായുള്ള മറിയാമ്മ പിള്ളയുടെ സഹായം ഒരിക്കലും മറക്കുവാൻ സാധിക്കില്ല. ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ലഭിക്കുന്ന സഹായങ്ങൾ എപ്പോഴും ഓർമ്മിക്കണം എന്നാണ് ബീനയുടെ പക്ഷം.


ഗ്ലെൻ വ്യു ടെറസ് , സ്വീഡിഷ് കവനെന്റ്, റെസ്റക്ഷൻ മെഡിക്കൽ സെന്റെർ, ലൂഥറൻ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ജോലികൾ വൈവിദ്ധ്യങ്ങളുടെ ദിനങ്ങളാണ് സമ്മാനിച്ചത്. അദ്ധ്യാപികയാകാൻ ആഗ്രഹിച്ച് ആരോഗ്യ പ്രവർത്തകയും അദ്ധ്യാപികയും , കൺസൾട്ടന്റും, ട്രയിനറും ഒക്കെയായി മാറിയ ബീന വള്ളിക്കളം ഒരു കരിയറും അഭിനിവേശവും ഒരുമിച്ചാൽ ലഭിക്കുക ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആണെന്ന് നമുക്ക് കാട്ടിത്തരികയാണ്. കഴിഞ്ഞ 21 വർഷമായി കുക്ക് കൗണ്ടി ഹെൽത്തിൽ ജോലി ചെയ്യുമ്പോൾ നിരവധി തസ്തികകളാണ് ബീനയെ തേടിയെത്തിയത്. കേസ് മാനേജർ, ലൈഫ് സപ്പോർട്ട് ട്രയിനിംഗ് സെന്റെർ ഡയറക്ടർ ,H1B,J1 വിസ കൺസൾട്ടന്റ് ,എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ക്ലിനിക് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിലെ പ്രൊഫഷണൽ ഡവലപ്പ്മെന്റ് ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടറാണ്.

സീറോ മലബാർ കമ്മ്യൂണിറ്റിയും
കൾച്ചറൽ അക്കാദമിയും

മനുഷ്യന്റെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന ചില വസ്തുതകൾ ഉണ്ട്. അതിലൊന്നാണ് സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ . മാതാപിതാക്കളിൽ നിന്ന് പഠിച്ച ഈ പാഠങ്ങൾക്ക് ഊടും പാവും നൽകാൻ ഭർത്താവ് അനിയൻ കുഞ്ഞ് വള്ളിക്കളം ബീനയെ സഹായിച്ചു. സീറോ മലബാർ സഭാ വിശ്വാസികളായ ഇരുവരും കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ ചിക്കാഗോയിലെ സാംസ്കാരിക സാമൂഹ്യ നിറ സാന്നിദ്ധ്യങ്ങളാണ്.

ബീന വള്ളിക്കളം രൂപം നൽകിയ ശ്രദ്ധേയമായ പ്രസ്ഥാനമാണ് സീറോ മലബാർ കത്തീഡ്രലിന്റെ കീഴിലുള്ള കൾച്ചറൽ അക്കാദമി. രണ്ട് വ്യത്യസ്ത ടേമുകളിലായി ആറ് വർഷം അക്കാദമിയുടെ ഡയറക്ടറായി ബീന സേവനമനുഷ്ഠിച്ചു. എല്ലാ കലാ രൂപങ്ങളേയും ഒരു കുടക്കീഴിൽ അവതരിപ്പിക്കുക, പഠിപ്പിക്കുക എന്നതായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ജീവിതത്തിരക്കുകൾക്കിടയിൽ ഒരു സാംസ്കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തിൽ സ്ഥിരോത്സാഹമുള്ള ഒരു പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കുവാനും ബീന മറന്നില്ല . 2005 ൽ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് തന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് അക്കാദമിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. നിരവധി സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിക്കുകയും രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും അക്കാദമി ഒരു സാംസ്കാരിക മാതൃകയായി മാറുകയും ചെയ്തു. സീറോ മലബാർ കത്തീഡ്രൽ പബ്ലിക് റിലേഷൻ ഓഫീസർ, മതബോധന അദ്ധ്യാപിക, ചിക്കാഗോ സീറോ മലബാർ രൂപത മീഡിയ സെൽ സെക്രട്ടറി, വിമൻസ് ഫോറം അംഗം എന്നീ നിലകളിലെല്ലാം സജീവമായ പ്രവർത്തനം കാഴ്ചവച്ച ബീന സഭയിലെ വനിതകൾക്ക് ഒരു മാതൃക കൂടിയാവുന്നു.

അമേരിക്കൻ പഠനവും , നഴ്സിംഗ് അംഗീകാരങ്ങളും

അമേരിക്കയിൽ എത്തിയ ശേഷവും പഠനം തുടർന്ന ബീന നഴ്സിംഗ് ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്ട്രേഷൻ, അഡൽറ്റ് എഡ്യൂക്കേഷൻ എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദവും വിദ്യാഭ്യാസത്തിൽ ഡോക്‌ടറേറ്റും സ്വന്തമാക്കി.ഹെൽത്ത് കെയർ മാനേജ്മെന്റിൽ എം.ബി.എ പഠനം ഇപ്പോൾ തുടരുന്നു . ഡോക്ടറേറ്റ് നേടുക എന്ന തന്റെ ദീർഘകാല സ്വപ്നം പൂവണിഞ്ഞതിന്റെ നിറവിലാണിപ്പോൾ ഡോ. ബീന വള്ളിക്കളം.

ഔദ്യോഗിക ജീവിതത്തിനൊപ്പം നേഴ്സിംഗ് മേഖലയിലെ സംഘടനാ പ്രവർത്തനങ്ങളിലും ബീന സജീവമാണ്. ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസിന്റെ (INAI) പ്രസിഡന്റ്, നൈനയുടെ (നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഇൻ അമേരിക്ക ) വൈസ് പ്രസിഡന്റ്, പി.ആർ. ഒ, ന്യൂയോർക്ക്, ഡാളസ്, ഫ്ലോറിഡ, ചിക്കാഗോ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട നാഷണൽ എഡ്യൂക്കേഷൻ ആൻഡ് ലീഡർഷിപ്പ് കോൺഫ്രൻസിൽ പങ്കാളിത്തവും വിഷയാവതരണവും , INAI ൽ വിദ്യാഭ്യാസം, സേവനം, ചാരിറ്റി എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ , കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം സംഘാടനം, ആരോഗ്യ മേള സംഘടിപ്പിക്കൽ, APN ഫോറത്തിന് തുടക്കം , എഡ്യൂക്കേഷൻ ഫാർമക്കോളജി കോൺഫറൻസ് സംഘാടനം, ഹെൽത്ത് കെയർ മേഖലയിൽ അല്ലാത്തവർക്കായുള്ള CPR ട്രയിനിംഗ് പ്രോഗ്രാമുകൾ എന്നിവയുടെ സംഘാടനം,സൂവനീറുകളുടെ പ്രസിദ്ധീകരണം തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ബീന നേതൃത്വം കൊടുത്തു.കേരള ബി എസ്.സി നഴ്സിംഗ് സ്റ്റുഡൻറ്സ് അസോസിയേഷൻ , സ്റ്റുഡന്റ്സ് നേഴ്സിംഗ് അസോസിയേഷൻ എന്നിവയിലെ എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ പഠനകാലത്ത് തന്റെ പ്രവർത്തന മികവിന് തേടിയെത്തിയ അംഗീകാരങ്ങൾ ആണ്. അല്ലെങ്കിൽ തന്റെ സ്ഥിരോത്സാഹത്തിന് കാലം നീക്കി വച്ച പുരസ്കാരങ്ങൾ എന്നും വിശേഷിപ്പിക്കാം.

സാമൂഹ്യ പ്രവർത്തനത്തിലെ പങ്കാളിത്തം
ഒരു വ്യക്തിയിലെ സാമൂഹ്യ സേവനത്തിനുള്ള അഭിനിവേശത്തെ അവഗണിക്കുന്നത് സ്വയം ഇല്ലായ്മപ്പെടുത്തലാണെന്ന മാതാപിതാക്കൾ നൽകിയ പാഠം സാമൂഹ്യ സേവന രംഗത്തും ഡോ. ബീന വള്ളിക്കളത്തെ ഒരു പ്രതിരൂപമാക്കി മാറ്റി. ഫോമയുടെ തുടക്കം മുതൽ സജീവ സാന്നിദ്ധ്യം, റീജിയണൽ വിമൻസ് ഫോറം ചെയർപേഴ്സൺ, ദേശീയ വനിതാ ഫോറം അംഗം, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു . ഡോ.സാറാ ഈശോയോടൊപ്പം കേരളത്തിലെ നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഒരു സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിക്കുവാൻ കഴിഞ്ഞത് കേരളത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഒരു ആവേശമായി മാറ്റുവാൻ സാധിച്ചു.

ചിക്കാഗോയിൽ നടന്ന ഫോമാ നേഴ്സസ് കോൺഫറൻസിൽ നിരവധി വ്യക്തികളുടെ അഭിനന്ദനങ്ങൾക്ക് പാത്രമാകുവാനും ഈ പ്രവർത്തനങ്ങളിലൂടെ ബീനയ്ക്ക് സാധിച്ചു.നമുക്ക് ലഭിക്കുന്ന നന്മകളെ സേവനത്തിന്റെ രൂപത്തിൽ സമൂഹത്തിന് തിരികെ നൽകുക എന്ന ലക്ഷ്യം ഡോ. ബീന വള്ളിക്കളം തുടരുമ്പോൾ സാമൂഹ്യ പ്രവർത്തനരംഗത്ത് തന്റെ പിന്മുറക്കാരായി നിരവധി വനിതകൾ കടന്നു വരുന്നതിന്റെ സന്തോഷവും അവർക്കുണ്ട്. ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് അസോസിയേഷന്റെ വാർഷിക സമ്മേളനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവും നിരവധി പരിപാടികളിലും പങ്കെടുക്കുന്ന ബീന വിവിധ പരിപാടികളുടെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിലും സിനിമ, യാത്ര, കുടുംബത്തോടൊപ്പം വിവിധ രാജ്യങ്ങൾ സന്ദർശിക്കുക, ഓരോ നാടിന്റേയും സാംസ്കാരിക പാരമ്പര്യങ്ങൾ മനസിലാക്കുക, അവ പങ്കു വയ്ക്കുക എന്നിവയെല്ലാം ഹോബികളാണ്. ഇന്ത്യൻ സമൂഹത്തിന്റെ നന്മ മറ്റു സംസ്കാരങ്ങളെ ഉൾക്കൊള്ളലാണ്. അതു കൊണ്ടാണ് ഇന്ത്യൻ ജനതയ്ക്ക് ലോകത്തിന്റെ ഏത് ഭാഗങ്ങളിൽ നിന്നും അംഗീകാരങ്ങൾ തേടിയെത്തുന്നതെന്നും ബീന വള്ളിക്കളം പറയുന്നു.

താങ്ങും തണലുമായി കുടുംബം
പൈതൃകവഴിയുടെ നന്മകൾ ഒരു വ്യക്തിയുടെ വിവിധ തലമുറകൾക്ക് തണലാകും എന്നതിന്റെ ഉദാഹരണമാണ് ബീനയുടെ കുടുംബം.
ഭർത്താവ് അനിയൻ കുഞ്ഞ് വള്ളിക്കളം ഷിക്കാഗോ സിറ്റിയിൽ വ്യോമയാന വകുപ്പിൽ ഓപ്പറേറ്റിംഗ് എഞ്ചിനീയറാണ്.മകൻ ജോ വള്ളിക്കളം ഫിനാൻസ് , എം. ഐ. എസ് (മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് ) എന്നിവയിൽ ഇരട്ട ബിരുദം പൂർത്തിയാക്കിയ ശേഷം സീനിയർ അനലിസ്റ്റായി ജോലി ചെയ്യുന്നു. നഴ്സിംഗിൽ ബിരുദാനന്തരബിരുദവും ഹെൽത്ത് കെയർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം മകൾ ട്രേസി മെന്റൽ ഹെൽത്ത് നഴ്സ് ആയി ജോലിചെയ്യുന്നു. ഭർത്താവ് പബ്ലിക്ക് അക്കൗണ്ടന്റായ സാൻഡി ചാവടിയിൽ CPA.

ഭർത്താവ് അനിയൻകുഞ്ഞിന്റെ മാതാപിതാക്കൾ പരേതനായ വള്ളിക്കളം വർഗീസ് ജോസഫ് ,ത്രേസ്യ വള്ളിക്കളം എന്നിവരാണ് .സഹോദരങ്ങൾ പരേതനായ സാബു & ജൈനമ്മ വള്ളിക്കളം ,രാജൻ & സൂസൻ വള്ളിക്കളം ,സണ്ണി & ടെസി വള്ളിക്കളം ജോഷി & ജൂബി വള്ളിക്കളം,സൂസൻ & ജോസ് ചാമക്കാല CPA
എന്നിവരാണ് .ഈ വലിയ കുടുംബത്തെ അമേരിക്കയിലെത്തിച്ച മരുവത്തറ അലക്സ് അങ്കിൾ ,അച്ചാമ്മ ആന്റി എന്നിവരെ ബീനയും കുടുംബവും നന്ദിയോടെ അനുസ്മരിക്കുന്നു .

ബീനയുടെ മൂത്ത സഹോദരി ഡോ.ലത ബാസ്റ്റിൻ (റിട്ട. പ്രൊഫസർ കാർഷിക കോളജ് ) ഭർത്താവ് ലൂക്കോസ് ജോസ് (റിട്ട. പ്രൊഫസർ കാഞ്ഞങ്ങാട് നെഹൃ കോളജ് ), രണ്ടാമത്തെ സഹോദരി സുമ , ഭർത്താവ് അഗസ്റ്റിൻ (ബേബി )ചെമ്പു കെട്ടിക്കൽ (ഇരുവരും റിട്ട. അദ്ധ്യാപകർ ), ഇളയ അനുജത്തി ബിന്ദു, ഭർത്താവ് ബിജു കീമറ്റത്തിൽ (ഇരുവരും അദ്ധ്യാപകർ ) . സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് & കസ്റ്റംസ് റിട്ട. ചെയർമാൻ ഡോ. ജോൺ ജോസഫ്, ചൈത്ര തെരേസ ജോൺ IPS, അലൻ ജോൺ IPS, ജോസി ചെറിയാൻ DYSP, ജോർജ് ആഞ്ചലോ CEO ബിസ് ലേരി ഇന്റെർ നാഷണൽ എന്നിവർ അടുത്ത ബന്ധുക്കളാണ്. പുതുതലമുറയ്ക്ക് പാഠമായി ബന്ധുബലം ആത്മബലം ആണെന്ന പഴമക്കാരുടെ ചിന്താധാരകളെ നെഞ്ചേറ്റുകയും അതിൽ അഭിമാനിക്കുകയുമാണ് ഡോ. ബീന വള്ളിക്കളം .

ഈ വലിയ കുടുംബത്തിന്റെ പിന്തുണയാണ് ബീന വള്ളിക്കളം എന്ന വ്യക്തിയുടെ വളർച്ചയുടെ കാതൽ. അമേരിക്ക പോലെ ഒരു മഹാ സാമ്രാജ്യത്തിൽ കോഴിക്കോട് ചെമ്പ്ര എന്ന ഗ്രാമത്തിൽ നിന്നും കടന്നു വന്ന ഒരു പെൺകുട്ടിക്ക് തന്റേതായ ഒരു അടയാളപ്പെടുത്തൽ തന്റെ പ്രൊഫഷനിലും, സാമൂഹിക സാംസ്കാരിക ജീവിതത്തിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചതിന് പിന്നിൽ സ്ഥിരോത്സാഹവും മാതാപിതാക്കളുടെ ഹൃദയത്തിൽ തൊട്ട അനുഗ്രഹവുമാണെന്ന്‌ പറയുമ്പോൾ അഭിമാനം.
ഡോ. ബീന വള്ളിക്കളം ഇനിയും അമേരിക്കൻ സമൂഹത്തിൽ അടയാളപ്പെടുത്തലുകൾ നടത്തട്ടെ. അവയെല്ലാം നന്മയുടെ വഴിത്താരകളായി മാറട്ടെ.