ഡോ. ബിജു കൈപ്പാറേടൻ
വടക്കൻ കേരളത്തെയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വയനാടൻ ചുരം ഇന്നും നമുക്ക് ഒരത്ഭുതമാണ്. ഈ ചുരത്തിന്റെ നിര്‍മ്മാണത്തിനു പിറകിലെ ബുദ്ധി കേന്ദ്രമായ കരിന്തണ്ടനെന്ന ആദിവാസിയെ സൌകര്യ പൂർവ്വം കേരളീയർ മറക്കുകയാണെന്ന പരാതിയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.
പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വയനാടു ചുരത്തിന്‍റെ അടിവാരത്ത് താമസിച്ച ഒരു പണിയന്റെ മകനായിരുന്നു കരിന്തണ്ടൻ. താമരശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്‍റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്തായിരുന്നു കരിന്തണ്ടന്‍റെ ഊര്.
ഭാരതത്തെ കൊള്ളയടിച്ച ബ്രിട്ടീഷുകാർ കോഴിക്കോട് നിന്നും മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാൻ തീരുമാനിച്ചു. എന്നാൽ വയനാടാൻ കാടുകൾ ഇതിനു തടസ്സമായിരുന്നു. പ്രധാന പ്രതിബന്ധം കരിന്തണ്ടന്‍റെ വീടിരിക്കുന്ന ചിപ്പിലിത്തോടിനു മുകളിലുള്ള മൂന്ന് മലകളായിരുന്നു.
ഈ മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഘോര വനത്തിലൂടെ ഒരു പാത വെട്ടി കോഴിക്കോട് നിന്നും ബ്രിട്ടീഷ് സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും പയറ്റി നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്തി പ്ലാൻ ഉണ്ടാക്കാന്‍ അവരുടെ എഞ്ചിനിയര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഈ മലകൾ താണ്ടി വയനാട്ടിലെത്താനുള്ള വഴി വെട്ടുന്നതിന് ചുമതലപ്പെട്ട എൻജിനീയർമാർ പരാജയപ്പെട്ടത് അന്നത്തെ വൈസ്രോയിയെപ്പോലും അസ്വസ്ഥനാക്കി. എന്ത് വില കൊടുത്തും ടിപ്പുവിനെ വീഴിക്കാൻ വൈസ്രോയി പ്രതിജ്ഞയെടുത്തിരുന്നു . അതിനു വയനാടാൻ കാട് താണ്ടി മൈസൂരിലെത്തിയെ മതിയാവൂ. എന്നാൽ കുത്തനെയുള്ള മലകൾ അവർക്ക് ഒരു തരത്തിലും വഴങ്ങിക്കൊടുത്തില്ല.എൻജിനീയർമാർ പലരും പാമ്പ് കടിയേറ്റ് മരണപ്പെട്ടു. ചിലർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കടുവകളുടെയും കരടികളുടെയും കരിമ്പുലികളുടെയും സങ്കേതമായിരുന്നു അന്ന് വയനാടൻ വനം.
അങ്ങനെ ബ്രിട്ടീഷുകാര്‍ ഗതികെട്ട് നിൽക്കുമ്പോഴാണ് കരുത്തനായ ഒരു ആദിവാസി മൃഗങ്ങളെയും മേച്ചുകൊണ്ട് എന്നും മലമുകളിലേക്ക് അനായാസം പോവുകയും തിരിച്ചുവരുകയും ചെയ്യുന്നതായി ഒരു ദൂദൻ അവർക്ക് വിവരം നൽകിയത്. ഇതുകേട്ട ബ്രിഗേഡിയർ സായിപ്പ് ഇരുചെവിയറിയാതെ കരിന്തണ്ടന്‍റെ സഹായം തേടാൻ ഉത്തരവിട്ടു.
വളരെ വിചിത്രമായ ഒരു രീതിയിലാണ് കരിന്തണ്ടന്‍ വഴിവെട്ടാനുള്ള ഫോർമുല ഒരുക്കിക്കൊടുത്തത്. അയാള്‍ തന്റെ ആടുമാടുകളെ താഴ് വാരത്തു കൊണ്ടുവന്നു. അവയെ മലമുകളിലേക്ക് അഴിച്ചുവിട്ടു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും താരതമ്യേന കയറ്റം കുറഞ്ഞതുമായ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ആ വഴി പിന്തുടർന്ന കരിന്തണ്ടന്‍ പുതിയൊരു മലമ്പാത സായിപ്പിനു വി വരച്ചു നല്‍കി. വളരെ ലളിതമായിരുന്നു കരിന്തണ്ടന്റെ പ്ലാൻ. വിദ്യാസമ്പന്നരായ ബ്രിട്ടീഷ് എഞ്ചിനിയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് താമരശേരി മലമ്പാതയ്ക്കുള്ള മാര്‍ക്കിംഗ് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കിയതു വെറും രണ്ടു ദിവസങ്ങള്‍ കൊണ്ടായിരുന്നു.
അടിവാരത്തു നിന്നും ലക്കിടിയിലെക്ക് റോഡ് വെട്ടാനുള്ള പ്ലാൻ ഒരു കറുകറുത്ത ആദിവാസി നിസ്സാരസമയം കൊണ്ട് വിവരിച്ചു കൊടുത്തത് ബ്രിട്ടീഷ് എഞ്ചിനിയര്‍മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് വസ്രോയിയുടെ മുന്നിൽ തങ്ങളെ നാണം കെടുത്തുമെന്ന് ദുരഭിമാനികളായ അവർ ഭയന്നു. കരിന്തണ്ടന്റെ കഥ വസ്രോയിയെ അറിയിക്കേണ്ടന്ന് ബ്രിഗേഡിയർ സായിപ്പ് തീരുമാനിച്ചു.
പക്ഷെ കരിന്തണ്ടനെ ജീവനോടെ വിട്ടാൽ അയാളാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് ഒരിക്കൽ പുറംലോകം അറിയുമെന്നു സായിപ്പ് ഭയപ്പെട്ടു. ഇത് ഒഴിവാക്കാന്‍ കരിന്തണ്ടനെ വകവരുത്തുന്നതാണ് നല്ലതെന്ന് അയാൾ തീരുമാനിച്ചു. എന്നാല്‍ പകല വെട്ടത്തിൽ നേര്‍ക്കു നേരെ കരിന്തണ്ടനോട് ഏറ്റുമുട്ടാന്‍ ധൈര്യമുള്ളവരാരും സായിപ്പിന്റെ കൂട്ടത്തില്‍ ഇല്ലാതിരുന്നു. അത്ര കരുത്തനായിരുന്നു കരിന്തണ്ടൻ.
അങ്ങനെ കരിന്തണ്ടനെ ചതിയില്‍ വക വരുത്താനുള്ള ഒരു പദ്ധതി തയാറാക്കപ്പെട്ടു. പണിയരുടെ എറ്റവും വലിയ ആഭരണമാണ് അവരുടെ ആചാരവള. ആചാരവള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിൽ ഒരു പണിയാണ് പ്രത്യക്ഷപ്പെടാൻ അനുവാദമില്ല. ഒരു ദിവസം പതിവുപോലെ ആടുമാടുകളെയുമായി കരിന്തണ്ടൻ മലമുകളിലെത്തി. ഉച്ചച്ചൂടു മൂത്തപ്പോൾ കരിന്തണ്ടന്‍ കാട്ടുചോലയില്‍ കുളിക്കാന്‍ ഇറങ്ങി. ഈ സമയത്തു കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്‍റെ നിര്ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാനായിരുന്നു ഇത്. സായിപ്പു കണക്ക് കൂട്ടിയത് പോലെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്തതിനാൽ കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട് കാട്ടില്‍ തന്നെ രാത്രി കഴിച്ചുകൂട്ടി .
രാത്രിയിൽ സായിപ്പിന്റെ തോക്ക് കരിന്തണ്ടന്റെ മറുപിളര്‍ത്തി. ബ്രിട്ടീഷുകാരുടെ കൂടെ നാട്ടുകാരായ ധാരാളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഈ തൊഴിലാളികളില്‍ നിന്നും പതുക്കെപതുക്കെ നാട്ടുകാർ സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു ബ്രിട്ടീഷ്കാക്കെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല …? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് ആരും കരിന്തണ്ടനെന്ന പണിയച്ചെക്കനുവേണ്ടി വേണ്ടി സംസാരിച്ചില്ല. അങ്ങനെ കരിന്തണ്ടൻ മെല്ലെ വിസ്മൃതിയിലാണ്ടു.
പിന്നീട് സായിപ്പന്മാർ മറ്റൊരു നെറികേട് കൂടി ആ പുണ്യാത്മാവിനോട് ചെയ്തു. അന്നൊക്കെ താമരശ്ശേരി ചുരത്തില്‍ ഇടയ്ക്കിടെ കുന്നിടിഞ്ഞു വീഴുക പതിവായിരുന്നു. പരുക്കൻ മലമ്പാത ആയിരുന്നതിനാൽ വാഹനാപകടങ്ങളുംവർദ്ധിച്ചുവന്നു. കരിന്തണ്ടനെ ചതിച്ചു കൊന്നതാണെന്ന വാർത്ത അപ്പോഴേക്കും ആദിവാസി ഊരുകളിൽ പടർന്നിരുന്നു. അവർക്കിടയിൽ രോഷം അണപൊട്ടി. പക്ഷെ നിസഹായരായ അവർക്കു നിശബ്ദരാകാനേ കഴിഞ്ഞുള്ളൂ. എങ്കിലും കരിന്തണ്ടന്റെ ഓര്മ്മ ഒരു കനലായി അവരുടെ മനസ്സിൽ നീറിപ്പുകഞ്ഞു.
അക്കാലത്താണ് ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിയുടെ ഒളിയുദ്ധം നടക്കുന്നത് . പ്രധാനമായും ആദിവാസി ഊരുകളെ കേന്ത്രീകരിച്ചായിരുന്നു പഴശ്ശിയുടെ പടയൊരുക്കം. ആദിവാസികൾ കൂട്ടത്തോടെ ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ കരിന്തണ്ടന്‍റെ കൊലപാതകം പഴശ്ശി ആയുധമാക്കി. അതോടെ ജീവിച്ചിരിക്കുന്ന കരിന്തണ്ടാനെക്കാൾ വലിയ ഭീഷണിയായി മരിച്ച കരിന്തണ്ടൻ
സംഗതി വഷളാവുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കരിന്തണ്ടനെ ഒരു ദുഷ്ടനായി ചിത്രീകരിക്കാൻ ചാരന്മാരെ അവർ ചട്ടം കെട്ടി. ക്രൂരനായ കരിന്തണ്ടന്റെ ആത്മാവ് കോപിച്ചതാണ് ച്ചുരങ്ങളിലുണ്ടാകുന്ന അപകടങ്ങളെന്നു ഈ നാട്ടുചാരന്മാർ നാടുനീളെ പറഞ്ഞു നടന്നു. ഇത് കരിന്തണ്ടനെക്കുറിച്ചുള്ള ഓർമ്മ ജനങ്ങളിൽ ഭീതി വളർത്തി. ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചതുപോലെ ജനങ്ങൾ വലിയ ചിന്താക്കുഴപ്പത്തിലായി.
കരിന്തണ്ടൻ ദുഷ്ടനും നീചനുമായിരുന്നു എന്ന് വ്യാഖ്യാനിച്ച് കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിപ്പിക്കണമെന്നും ഇല്ലങ്കിൽ നാടിനു ആപത്താണെന്നും സായിപ്പിന്റെ ചാരന്മാർ പ്രചരിപ്പിച്ചു. അങ്ങനെ ഒടുവിൽ ഒരു മന്ത്രവാദിയെ ലക്കിടിയില്‍ കൊണ്ടുവന്നു കരിന്തണ്ടന്‍റെ ആത്മാവിനെ ബന്ധിക്കുവാനെന്ന പേരിൽ പൂജ നടത്തിച്ചു . വഴിയോരത്തെ ഒരു മരത്തില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ചങ്ങലയിട്ടു ബന്ധിച്ചതായി മന്ത്രവാദി പ്രഖ്യാപിച്ചു. ഒരു വലിയ ചങ്ങലയും മരത്തിൽ കെട്ടിത്തൂക്കി. ഇന്നും ലക്കിടിയിലെ മലയോര പാതയുടെ ഓരം ചേർന്ന് ആ ചങ്ങലമരം കൂറ്റൻ ചങ്ങലയും പേറി നില്ക്കുന്നുണ്ട്. ( ആദ്യത്തെ ചങ്ങല മരം വളർന്നപ്പോൾ പഴയ ചങ്ങല മാറ്റി പുതിയതു കെട്ടിയെന്നും കഥയുണ്ട്.)
വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോല്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം. മഹാന്മാരെ വിസ്മൃതിയില്‍ ആഴ്ത്തി മോഷ്ടാക്കളെയും അഴിമതിക്കാരെയും ദേശ ദ്രോഹികളെയും മഹാന്മാരാക്കി വാഴ്ത്തുന്ന നമ്മുടെ തലമുറ കരിന്തണ്ടനെ ആദരിക്കും എന്ന് കരു തേണ്ടതില്ലല്ലോ.
