കോതറാണി എന്ന പുലയ രാജ്ഞിയും പുലയനാർ കോട്ടയും (ഡോ. ബിജു കൈപ്പാറേടൻ)

sponsored advertisements

sponsored advertisements

sponsored advertisements

17 February 2023

കോതറാണി എന്ന പുലയ രാജ്ഞിയും പുലയനാർ കോട്ടയും (ഡോ. ബിജു കൈപ്പാറേടൻ)

ഡോ. ബിജു കൈപ്പാറേടൻ

പുലയരാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി. ഏകദേശം നാല്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ കൊക്കോതമംഗലം അടക്കിവാണിരുന്ന കോതറാണിക്ക്‌ റോമാസാമ്രാജ്യവുമായിപോലും പായ്ക്കപ്പലുവഴി വാണിജ്യബന്ധം ഉണ്ടായിരുന്നുവത്രെ.
പുലയ പ്രതാപത്തിന്റെ പ്രതീകമായ കൊക്കോതമംഗലം കോട്ടയുടെ ചരിത്രാവശിഷ്ടങ്ങൾ നെടുമങ്ങാട്ടുനിന്നും മൂന്ന്‌ കിലോമീറ്റർ അകലെ ഉഴമലയ്ക്കൽ വില്ലേജിലാണുളളത്‌. കൊറ്റമലക്കുന്നിന്റെ നെറുകയിലുളള കൊക്കോതമംഗലം കോട്ടയുടെ മതിൽ കാലപ്പഴക്കംകൊണ്ട്‌ അങ്ങിങ്ങായി ഇടിഞ്ഞുപോയിട്ടുണ്ടെങ്കിലും നാല്‌ നൂറ്റാണ്ടുകളെ അതിജീവിച്ച കോട്ട ഇന്നും തലയുയർത്തി നിൽക്കുന്നു.

കോതറാണി താമസിച്ചിരുന്ന കൊട്ടാരക്കെട്ടുകളും കോട്ടമതിലും നശിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത വീരസ്മരണകൾ ഉണർത്തുന്ന കൊക്കോതമംഗലം കോട്ടയും കൊട്ടാരാവശിഷ്ടങ്ങളും ഇന്നും ചരിത്ര വിദ്യാർഥികൾക്ക്‌ ഇഷ്ടവിഷയമാണ്‌.

കോതറാണിയുടെ ഭരണത്തോടുകൂടിയാണ്‌ ഇളവളളുവനാടിന്‌ കോക്കോതമംഗലം എന്ന്‌ പേരുണ്ടായത്‌. കൊക്കോതമംഗലം റോഡിലൂടെ യാത്രചെയ്താൽ കൊറ്റമലയിലെത്താം.

കോതറാണിയുടെ സഹോദരനായിരുന്ന പുലയനാർകോട്ട രാജാവിന്റേതായിരുന്നു പുലയനാർ കോട്ട. അതിന്റെ അവശിഷ്ടങ്ങളും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്നവിടെ ദക്ഷിണ മേഖലാ എയർ കമാന്റുമാരും കടകംപളളി ഹൗസിങ്‌ കോളനിക്കാരും ഹെൽത്ത്‌ സർവീസുകാരും ചേർന്ന്‌ കയ്യേറ്റം നടത്തിയിരിക്കുകയാണ്‌. 336 ഏക്കർ വരുന്ന പുലയനാർ കോട്ട പുലയരുടെ ആസ്ഥാനമായിരുന്നു.

കൊക്കോതമംഗലം കൊട്ടാരത്തിൽ ശത്രുനാശത്തിനുതകുന്ന കിടങ്ങുകളും മുതലക്കുളങ്ങളും ഏർപ്പെടുത്തിയിരുന്നു. വലിയ കളരിയാകട്ടെ യോദ്ധാക്കളും കാട്ടാനകൾ കാക്കുന്ന കോട്ട വാതിലുകളുംകൊണ്ട്‌ സംരക്ഷിക്കപ്പെട്ടിരുന്നു. ഇവിടത്തെ കിണറ്റിൽനിന്നും പുലയനാർ കോട്ടയിലേയ്ക്കുളള ഒരു ഗുഹാ മാർഗമുണ്ട്‌. കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്ന കോതറാണി സവർണരുടെ പേടിസ്വപ്നമായിരുന്നു.

അതിനാൽ അക്കാലത്ത്‌ സവർണപ്രമാണിമാർ കോതറാണിയോട്‌ കടുത്ത അസൂയയിലും സ്പർധയിലുമാണ്‌ കഴിഞ്ഞിരുന്നത്‌. ചേരരാജവംശത്തിലെ അവസാന കണ്ണിയായ ആറ്റിങ്ങൽ രാജാവ്‌ കോക്കോതമംഗലത്തെ ചില കരപ്രമാണിമാരായ നായൻമാരുമായി ചേർന്ന്‌ കൊക്കോതമംഗലത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു.

ജസ്റ്റിസ്‌ പി രാമൻ തമ്പി തയാറാക്കി 1916ൽ സമർപ്പിച്ച കുടിയാൻ റിപ്പോർട്ടിൽ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടു കല്യാണത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കരപ്രമാണിക്കാർക്ക്‌ നൽകിയ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാപിക്കുന്നു. ‘രാജകുമാരിയുടെ തെരണ്ടു കല്യാണത്തിൽ സഹകരിക്കുകയും വേണ്ട ഒത്താശകൾ നൽകുകയും ചെയ്യണം, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്‌!’ രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാർ ശിരസാ അനുസരിച്ചുവെങ്കിലും അവരിലെ പ്രതികാരാഗ്നി ആളിക്കത്തി ക്കൊണ്ടിരുന്നു.

ഒരിക്കൽ ആറ്റിങ്ങൽ നിന്നുളള കുറെ കൊശവൻമാർ കൊക്കോതമംഗലം കൊട്ടാരത്തിലെത്തി മൺപാത്ര വിൽപ്പന നടത്തി. കൊശവരിൽനിന്നം പാത്രങ്ങൾ വാങ്ങിയത്‌ കോതറാണിയുടെ സുന്ദരിയായ മകൾ ആതിരകുമാരിയായിരുന്നു. പാത്രങ്ങൾക്ക്‌ പകരം നെല്ലായിരുന്നു അളന്നുകൊടുത്തത്‌. കൊശവൻമാർ വീട്ടിൽ ചെന്ന്‌ നെല്ലളക്കുമ്പോൾ അതിൽ ആറടി നീളമുളള ഒരു തലമുടി കണ്ടു.

നീളംകൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങൽ കൊട്ടാരത്തിലുമെത്തി.രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാൻ തലമുടി സ്വർണച്ചെപ്പിൽ സൂക്ഷിച്ചു. ഒടുവിൽ ആറ്റിങ്ങൽ രാജാവ്‌ കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട്‌ നീട്ടുകൊടുത്തുവിട്ടു. നീട്ട്‌ സ്വീകരിച്ച റാണി ആതിരയുമായുളള വിവാഹത്തിന്‌ സാധ്യമല്ലെന്ന്‌ അറിയിച്ചു.

വിവരം ഗ്രഹിച്ച തമ്പുരാന്‌ കലികയറി. ആറ്റിങ്ങർ രാജാവ്‌ കൊക്കോതമംഗലത്തെ ആക്രമിച്ചു. കോതറാണിയും രാജ്യത്തുടനീളം സൈന്യശേഖരം നടത്തി. കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു. കോട്ടക്കുളളിലും പുറത്തും മദയാനകളെ നിർത്തി. വേട്ടനായ്ക്കളെ തുറന്നുവിട്ടു. മല്ലയുദ്ധ വീരൻമാർ കോട്ടയ്ക്ക്‌ കാവൽനിന്നു.

കോതറാണിയും മകൾ ആതിരറാണിയും സൈന്യത്തിന്‌ നേതൃത്വം കൊടുത്തു. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു. ഇരുപക്ഷത്തും ആൾനാശമുണ്ടായി. ഒടുവിൽ കരപ്രമാണിമാർ ചതിച്ചു. റാണി ഒറ്റപ്പെട്ടു.

വിവരം ഗ്രഹിച്ച റാണിയുടെ സഹോദരൻ പുലയനാർ കോട്ട രാജാവ്‌ തന്റെ സൈന്യങ്ങളെ അയച്ചു ആറ്റിങ്ങൽ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങൽ കൊട്ടാരം തീവയ്ക്കുകയും ചെയ്തു.
ഇതിനിടെ കോതറാണിയെ മറവപ്പടകൾ നെടുമങ്ങാടിന്‌ സമീപംവച്ച്‌ ഒരു വൻമരം മുറിച്ചുവീഴ്ത്തി കൊലപ്പെടുത്തി. മകൾ ആതിരറാണി രക്ഷയില്ലെന്ന്‌ കണ്ട്‌ കുതിരപ്പുറത്ത്‌ അമ്മാവന്റെ പുലയനാർ കോട്ടയിൽ എത്തി.

ആറ്റിങ്ങൽ സൈന്യം പുലയനാർ കോട്ട വളഞ്ഞു. രാജകുമാരിയെ ജീവനോടെ പിടിച്ചുകൊണ്ട്‌ ചെല്ലണമെന്നായിരുന്നു കൽപ്പന. പിടിക്കപ്പെട്ടാൽ ജീവിതകാലം മുഴുവൻ ആറ്റിങ്ങൽ രാജാവിന്റെ വെപ്പാട്ടിയായി കഴിയേണ്ടിവരുമെന്ന്‌ ഉറപ്പായിരുന്നു.

ഒടുവിൽ മാനം രക്ഷിക്കാൻ ആ പുലയ രാജകുമാരി കുതിരയോടൊപ്പം മുതലകൾ നിറഞ്ഞ കിടങ്ങിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്‌ ചരിത്രം.

ഡോ. ബിജു കൈപ്പാറേടൻ