നേതൃമികവിലെ പുതുസാന്നിദ്ധ്യം: ഡോ.ബ്രിജിറ്റ് ജോർജ് (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

18 February 2023

നേതൃമികവിലെ പുതുസാന്നിദ്ധ്യം: ഡോ.ബ്രിജിറ്റ് ജോർജ് (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

” നേതൃത്വം എന്നാൽ നിങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ഫലമായി മറ്റുള്ളവരെ നല്ലവരാക്കുകയും നിങ്ങളുടെ അഭാവത്തിൽ ആ സ്വാധീനം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു എന്നതാണ് “

ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണുവാനും കൂടുതൽ പഠിക്കുവാനും കൂടുതൽ പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്നുവെങ്കിൽ ആ വ്യക്തി ഒരു മികച്ച നേതാവ് ആണെന്ന് പറയാം. തന്റെ വ്യത്യസ്തമാർന്ന പ്രവർത്തനത്തിലൂടെ, നേതൃത്വത്തിലൂടെ വളർന്നു വരികയും വിവിധ സംഘടനകളുടെ അമരത്ത് ഇരിക്കുകയും ചെയ്തിട്ടുളള നിരവധി വനിതാരത്നങ്ങളുടെ നാടാണ് അമേരിക്ക. കേരളമെന്ന ചെറിയ ഭൂമികയിൽ നിന്ന് അമേരിക്കയെന്ന മഹാ സാമ്രാജ്യത്ത് കുടിയേറുകയും ഔദ്യോഗിക ജോലിത്തിരക്കിനിടയിലും സാമൂഹ്യപ്രവർത്തനങ്ങളിലൂടെ മാതൃകയായി തീർന്ന നിരവധി വ്യക്തികൾ അമേരിക്കയിലുണ്ട്. ലോകത്ത് ലിംഗ സമത്വം എന്നത് ഇനിയും പൂർത്തീകരിക്കാനാവാത്ത സ്വപ്നമായി തുടരുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയ നിരവധി സ്ത്രീ രത്നങ്ങളെ നാം കണ്ടിട്ടുണ്ട്. അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിൽ പ്രത്യേകിച്ചും .

അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃനിരയിൽ നിരവധി മലയാളി വനിതകൾ ഇതിനോടകം അവരുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് കടന്നു വന്ന ഒരു പ്രതിഭയെ ഈ വഴിത്താരയിൽ അടുത്തറിയാം.
ഫൊക്കാന വിമൻസ് ഫോറം ദേശീയ ചെയർപേഴ്സൺ
ഡോ. ബ്രിജിറ്റ് ജോർജ് .

കാർഷിക ഗ്രാമത്തിൽ നിന്നും
അമേരിക്കയിലേക്ക്
കാഞ്ഞിരപ്പള്ളി പൊടിമറ്റം പുരാതന കാർഷിക കുടുംബമായ കരിപ്പാപ്പറമ്പിൽ ബർക്ക് മാൻസ് ഈപ്പന്റേയും മേരിയമ്മയുടേയും മകളാണ് ഡോ. ബ്രിജിറ്റ് ജോർജ് . കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സെന്റ് ജോസഫ് സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം. മാന്നാനം കെ.ഇ. കോളേജിൽ പ്രീ ഡിഗ്രി സയൻസ് പഠനം. കോയമ്പത്തൂർ രാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ ഫിസിയോ തെറാപ്പിയിൽ ഡിഗ്രി. 1997 ൽ ഏറ്റുമാനൂർ സ്വദേശിയായ സെബാസ്റ്റ്യൻ ജോർജിനെ വിവാഹം കഴിച്ചു. 1998 ൽ അമേരിക്കയിലേക്ക്.

അമേരിക്ക;
പ്രൊഫഷണൽ ഉയർച്ചയുടെ നാട്
ഏതൊരു വ്യക്തിയുടേയും ജീവിത വളർച്ചയ്ക്ക് സഹായിക്കുന്ന ചില മാറ്റങ്ങൾ ഉണ്ട്. ജീവിതത്തിന്റെ രണ്ടാംഘട്ടം എന്നൊക്കെ വിലയിരുത്താവുന്ന ഇടങ്ങൾ. അത്തരം ഒരു നാടായിരുന്നു ബ്രിജിറ്റ് ജോർജിന് അമേരിക്ക. ചിക്കാഗോയിൽ കമ്മ്യൂണിറ്റി ഫിസിക്കൽ തെറാപ്പി ഏജൻസിയിൽ ഫിസിയോ തെറാപ്പിസ്റ്റായി ആദ്യ ജോലി. തുടർന്ന് റീഹാബ് സെന്റുറുകളിലേക്ക് മാറ്റം. പിന്നീട് റീഹാബ് ഡയറക്ടർ പോസ്റ്റിലേക്ക് ബാരിംഗ് ടണിൽ തന്റെ സേവനം ഉയർത്തപ്പെട്ടു. 2015 ൽ യൂട്ടിക്ക യൂണിവേഴ്സ്റ്റിയിൽ നിന്ന് ഫിസിയോ തെറാപ്പിയിൽ ഡോക്ടറേറ്റ്. പ്രസ്ബിറ്റേറിയൻ ഹോംസിലും, അലക്സിയെൻ ബ്രേദേഴ്സിലും ജോലി. എവിടെയായിരുന്നാലും തന്റെ പ്രൊഫഷനിൽ ശ്രദ്ധിക്കുക, സമൂഹത്തിനും തന്റെ മുന്നിലെത്തുന്ന രോഗികളോടും സ്നേഹവും, ബഹുമാനവും ഉള്ള വ്യക്തിയായി വളരുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡോ. ബ്രിജിറ്റ് ജോർജ് പറയുന്നു. പ്രൊഫഷനിലെ സത്യസന്ധതയാണ് ഒരു വ്യക്തിയുടെ വളർച്ചയുടെ ചാലക ശക്തി എന്ന് അവർ വിശ്വസിക്കുന്നു.

സാമൂഹ്യ പ്രവർത്തന രംഗത്തേക്ക്;
ഫൊക്കാനയുടെ നേതൃനിരയിലേക്ക്.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിന്ന് ഒരു മാറ്റം എന്ന നിലയിൽ സാമൂഹ്യ പ്രവർത്തന രംഗത്തേക്ക് കടന്ന ഡോ. ബ്രിജിറ്റ് ജോർജ് കൈവെയ്ക്കാത്ത മേഖലകൾ വിരളം. പ്രാസംഗിക, സംഘടനാ പ്രവർത്തക, മത സാംസ്കാരിക പ്രവർത്തക, ഗായിക, അവതാരിക, ആതുര സേവന സംഘടനാ പ്രവർത്തക തുടങ്ങിയ മേഖലകളിൽ സജീവമായി നിൽക്കുമ്പോൾ ഫൊക്കാനയുടെ നേതൃത്വ രംഗത്തും പകരം വെയ്ക്കാനില്ലാത്ത സാന്നിദ്ധ്യമായി വളർന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡ് മെമ്പറായി പ്രവർത്തനം തുടങ്ങിയ ഡോ. ബ്രിജിറ്റ് സി.എം. എ യുടെ വിമൻസ് ഫോറം കോ – ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ൽ അസോസിയേഷന്റെ യൂത്ത് ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ ആയിരുന്നു. 2011 ൽ രൂപീകരിച്ച അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരള ഒറിജിൻ എന്ന സംഘടനയുടെ സ്ഥാപകയും, സെക്രട്ടറിയും , 2016 – 2018 ൽ സംഘടനയുടെ പ്രസിഡന്റും ആയിരുന്നു.

സി.എം.എ നൽകിയ പിന്തുണ ഒരു സംഘാടകയ്ക്ക് വളരാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു എന്ന് തുറന്നു പറയുന്ന ഡോ. ബ്രിജിറ്റ് ജോർജ് ഫൊക്കാനയിൽ സജീവമായപ്പോഴും സംഘാടക എന്ന നിലയിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2014 ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാനാ കൺവൻഷന്റെ കൾച്ചറൽ കോ – ഓർഡിനേറ്റർ,2010 – 2012 ൽ ഫൊക്കാനാ മിഡ് വെസ്റ്റ് റീജിയൺ ജോ.സെക്രട്ടറി യും ആയിരുന്നു. ഫൊക്കാന കൺവൻഷനുകളുടെ നിത്യ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ ഫൊക്കാന കൺവൻഷനിൽ മലയാളി മങ്ക പരിപാടിയുടെ മുഖ്യ സംഘാടകയും, എം സിയുമായി പ്രവർത്തിച്ചു. 2012 ലെ ഹൂസ്റ്റൺ ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ.ബ്രിജിറ്റ് ജോർജ് ആയിരുന്നു . 2016 – 2018 ൽ ചിക്കാഗോ സീറോ മലബാർ കത്തീഡ്രലിന്റെ പാരിഷ് കൗൺസിൽ മെമ്പറും, പബ്ലിക്ക് റിലേഷൻസ് ഓഫീസറും ആയിരുന്നു.

ടി.വി. അവതാരക
വിവിധ സംഘടനകളിലും, പള്ളിയിലെ പി.ആർ. ഒ പ്രവർത്തനങ്ങളും ഡോ. ബ്രിജിറ്റ് ജോർജ്ജിൽ ഒരു മാദ്ധ്യമ പ്രവർത്തകയെ കൂടി രൂപപ്പെടുത്തി. ഏഷ്യാനെറ്റ് യു.എസ്.എ, യു .എസ് റൗണ്ട് അപ് പരിപാടിയിൽ ഔവർ ഗസ്റ്റ് എന്ന സെഗ്മെന്റിൽ (അമേരിക്കയിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി ) അവതാരകയായി തുടങ്ങിയ മീഡിയ പ്രവർത്തനം ഇപ്പോൾ കൈരളി ടി വി യു എസ്.എ യുടെ ഭാഗമായി പ്രവർത്തനം തുടരുന്നു. മാദ്ധ്യമ പ്രവർത്തനം ഒരു സാമൂഹ്യ പ്രവർത്തനം മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള ഇടങ്ങളെ അറിയുവാനും മനസ്സിലാക്കുവാനും അതിനനുസരിച്ച് സ്വയം രൂപപ്പെടുവാനും അവസരം നൽകിയെന്ന് ഡോ. ബ്രിജിറ്റ് ജോർജ് പറയുന്നു.

ഫൊക്കാന വിമൻസ് ഫോറം ദേശീയ
ചെയർപേഴ്സൺ : പ്രവർത്തനങ്ങൾ
2020-2022 ഫൊക്കാനയിൽ വിമൻസ് ഫോറം ചെയർ പേഴ്സൺ ആയിരുന്ന ഡോ. കല ഷഹി തുടങ്ങിവച്ച വിവിധ പ്രവർത്തങ്ങളുടെ തുടർച്ചയായി നിരവധി പദ്ധതികളാണ് ഡോ. ബ്രിജിറ്റ് ജോർജ് നേതൃത്വം നൽകുന്ന 2022-2024 ഫൊക്കാന നേതൃത്വത്തിന് വേണ്ടി വിഭാവനം ചെയ്യുന്നത്. വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം 2022 നവംബർ അഞ്ചിന് ചിക്കാഗോയിൽ വെച്ച് അതിവിപുലമായി നടത്തപ്പെട്ടു . പ്രൗഢഗംഭീരമായി ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കുവാൻ സാധിക്കുക മാത്രമല്ല, വളരെ വേഗത്തിൽ നിരവധി പദ്ധതികളിലേക്ക് കടക്കുവാനും സാധിച്ചു. അമേരിക്ക മുഴുവൻ ഉള്ള ഫൊക്കാന റീജിയണുകളിൽ നിന്നും പ്രഗത്ഭമായ ഒരു വനിതാ നേതൃനിരയെ സജ്ജമാക്കുവാൻ സാധിച്ചത് ഒരു നേട്ടമായി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ ശക്തമായ കൂട്ടായ്മയായി ഫൊക്കാന വിമൻസ് ഫോറം മാറിക്കഴിഞ്ഞു എന്നത് പകൽ പോലെ സത്യം.

ഫൊക്കാന നേഴ്സിംഗ്
സ്കോളർഷിപ്പിന് തുടക്കം
മലയാളത്തിലെ ഏറ്റവും വലിയ സ്കോളർഷിപ്പായ ഫൊക്കാന ഭാഷയ്ക്കൊരു ഡോളറിനൊപ്പം പുതിയ ഒരു വിദ്യാഭ്യാസ സഹായ പദ്ധതിക്ക് ഫൊക്കാന വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ തുടക്കമാവുകയാണ്. കേരളത്തിൽ .നേഴ്സിംഗ് മേഖലയിൽ പഠിക്കുന്ന ( BSc and GNM ) നിർദ്ധനരും പഠിക്കുവാൻ മിടുക്കരുമായ വിദ്യാർത്ഥികൾക്ക് ആയിരം ഡോളർ വീതം നൽകുന്ന സമഗ്ര സ്കോളർഷിപ്പ് പദ്ധതിക്ക് ഫൊക്കാനാ കേരളാ കൺവൻഷനിൽ തുടക്കമാകും. അതിനുള്ള ഫണ്ട് സമാഹരണത്തിലുള്ള പ്രവർത്തനത്തിലാണ് ഡോ. ബ്രിജിറ്റ് ജോർജും ഒപ്പമുള്ള പ്രവർത്തകരും.

സ്ത്രീകളുടെ സംഘടിത മുന്നേറ്റം
തൊഴിൽ തേടിയും, വിവാഹിതരായും അമേരിക്കയിൽ എത്തുന്ന വനിതകൾക്ക് ജോലിത്തിരക്കിനിടയിൽ ഒരു മാറ്റം ഉണ്ടാവണം എന്ന നിലയിൽ കൂടിയാണ് അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മകൾ രൂപപ്പെട്ടതിന്റെ ഒരു കാരണം. സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം എന്നോണം എല്ലാ രംഗത്തും വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടാണ് ഫൊക്കാന വിമൻസ് ഫോറം പ്രവർത്തിക്കുന്നതെന്ന് ഡോ. ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെടുന്നു. കേരളത്തിലേയും അമേരിക്കയിലേയും വനിതാ സമൂഹത്തിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയാണ് ലക്ഷ്യം.

സമ്പൂർണ്ണ കലാകാരി – ഗായിക
ഏത് രോഗത്തേയും ശമിപ്പിക്കാൻ കഴിവുള്ള മരുന്നാണ് സംഗീതം. ചെറുപ്പകാലം മുതൽ പാട്ടിന്റെ വഴിയെ സഞ്ചരിച്ച ബ്രിജിറ്റ് ജോർജ് വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകിയിരുന്നതിനാൽ പാട്ടുവഴികൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ഓട്ടത്തിനിടയിൽ മാറ്റിവച്ച സംഗീതത്തെ അമേരിക്കയിലെത്തിയപ്പോൾ പുറത്തെടുത്തു. അതിന് നിമിത്തമായത് കോവിഡ് കാലവും.2018 – 2019 കാലയളവിൽ സംഗീതാദ്ധ്യാപിക ജെസി തരിയത്തിന്റെ കീഴിൽ രണ്ട് വർഷമായി സംഗീത പഠനം തുടരുന്ന ഡോ. ബ്രിജിറ്റ് ജോർജ് കലയുടെ വഴിയിലൂടെയും സഞ്ചരിക്കുന്നു. ജീവിതത്തിന്റെ എല്ലാ നിമിഷവും ആഘോഷമാക്കാൻ സംഗീതത്തിനു കഴിയും എന്ന വിശ്വാസത്തോടെ മുൻപ് മാറ്റി വച്ച പാട്ടിനെ തിരികെ കൂട്ടുകയാണിപ്പോൾ,

കുടുംബം
ഏതൊരു സ്ത്രീയുടേയും ജീവിത വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരു. ജനിച്ചു വളർന്ന വീട്ടിൽ നിന്നും വിവാഹിതയായി പോകുന്ന വീട്ടിൽ നിന്നും സ്ത്രീയ്ക്ക് പിന്തുണ ലഭിക്കണം. എങ്കിൽ മാത്രമേ അവരുടെ ജീവിതവിജയം സാധ്യമാകു എന്ന് ഡോ. ബ്രിജിറ്റ് ജോർജ് പറയുന്നു.
തന്റെ വളർച്ചയ്ക്ക് പിന്നിൽ മാതാപിതാക്കൾ പങ്കുവഹിച്ചതു പോലെ തന്നെ ഭർത്താവ് സെബാസ്റ്റ്യൻ ജോർജ് (സി.പി. എ), മക്കളായ ജോഷ്വ ജോർജ് ( യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് – ചിക്കാഗോ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ), ജെസീക്ക ജോർജ് (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് അർബാന ഷാംപെയിൻ ഒന്നാം വർഷ ബയോളജി വിദ്യാർത്ഥിനി) എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ട്.
കടന്നുവന്ന വഴികളിൽ എല്ലാം വിജയം മാത്രം കൈമുതലാക്കി ഫൊക്കാനയുടെ വിമൻസ്ഫോം ദേശീയ ചെയർ പേഴ്സണായി നിലകൊള്ളുമ്പോഴും ഡോ. ബ്രിജിറ്റ് ജോർജ്ജിനെ മുന്നോട്ട് നയിക്കുന്നത് തന്റെ ആത്മവിശ്വാസവും, ദൈവ ഭക്തിയും, ആത്മാർത്ഥമായി ജീവിതത്തെ സമീപിക്കാനുള്ള കഴിവുമാണ് . ഏതു വിഷയത്തേയും പുഞ്ചിരിയോട നേരിടുകയും, താൻ സമൂഹത്തിന് ഒരു ചെറുമാതൃകയായെങ്കിലും മാറണമെന്ന് സ്വയം തീരുമാനിക്കുകയും അതിനനുസരിച്ച് തന്റെ ജീവിതത്തേയും, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളേയും മാറ്റുവാൻ കഴിവുള്ള അപൂർവ്വം ചില അമേരിക്കൻ മലയാളി വനിതകളിൽ ഒന്നാം സ്ഥാനമാണ് ഡോ. ബ്രിജിറ്റ് ജോർജിനുള്ളത്. ഈ നേതൃപാടവം ലഭിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല..അത് ഒരു അംഗീകാരമായി സമൂഹം അവർക്ക് അനുഗ്രഹിച്ച് നൽകിയതാണ്.
ഈ പ്രവർത്തനങ്ങൾ അനസ്യൂതം തുടരട്ടെ..ഇനിയും വരാനിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും ആശംസകൾ..