ഡോ. ഗോപിനാഥ് മുതുകാട് കേരളാ എക്സ്പ്രസ്സില്‍ (ജോസ് കണിയാലി)

sponsored advertisements

sponsored advertisements

sponsored advertisements

20 August 2022

ഡോ. ഗോപിനാഥ് മുതുകാട് കേരളാ എക്സ്പ്രസ്സില്‍ (ജോസ് കണിയാലി)

ജോസ് കണിയാലി
ചിക്കാഗോ: ജീവകാരുണ്യരംഗത്ത് അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഡോ. ഗോപിനാഥ് മുതുകാട് തിരക്കേറിയ അമേരിക്കന്‍ പര്യടനത്തിനിടയില്‍ ചിക്കാഗോയിലെ കേരളാ എക്സ്പ്രസ് ഓഫീസ് സന്ദര്‍ശിച്ചു. ഫൊക്കാനാ മുന്‍ പ്രസിഡണ്ടും മനുഷ്യസ്നേഹിയുമായ പോള്‍ കറുകപ്പള്ളില്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര, ന്യൂയോര്‍ക്കിലെ വ്യവസായ പ്രമുഖനായ ജോര്‍ജ് ജോണ്‍ കല്ലൂര്‍ (ബെന്നി) എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കേരളാ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്‍ ബൊക്കെ നല്കി ഡോ. മുതുകാടിനെ സ്വീകരിച്ചു. എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, മാനേജിംഗ് എഡിറ്റര്‍മാരായ ഡോ. ടൈറ്റസ് ഈപ്പന്‍, അനീഷ് ഈപ്പന്‍ എന്നിവരും സന്നിഹിതരായിരുന്നു. കേരളാ എക്സ്പ്രസ് പത്രാധിപ സമിതി അംഗങ്ങളുമായി ഡോ. ഗോപിനാഥ് മുതുകാട് തന്‍റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പങ്കുവെച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റ് എന്നും ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍ എന്നും അറിയപ്പെടുന്ന സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരായ 200 ല്‍ അധികം കുട്ടികളുടെ ദൈനംദിന സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ദൗത്യമാണ് ഡോ. ഗോപിനാഥ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 2700-ലധികം അപേക്ഷകള്‍ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഭിന്നശേഷിക്കാരായ 14 മുതല്‍ 24 വയസുവരെയുള്ള 200-ലധികം കുട്ടികളുടെ വിവിധ കഴിവുകള്‍ കഠിനമായ പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം. ഈ കുട്ടികളുടെ ദൈനംദിന ചെലവുകള്‍ക്ക് നല്ലൊരു തുക ആവശ്യമുണ്ട്. നല്ലവരായ അമേരിക്കന്‍ മലയാളികളുടെ സാമ്പത്തിക സഹായഹസ്തങ്ങള്‍ തേടിയാണ് ഡോ. മുതുകാട് അമേരിക്കയിലെത്തിയത്. ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സുപരിചിതനായ പോള്‍ കറുകപ്പള്ളി ഈ യാത്ര ക്രമീകരിച്ചു.100 കുട്ടികള്‍ക്കുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തുകയെന്നതായിരുന്നു പ്രഥമ ലക്ഷ്യമെന്ന് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് ഒരു കുട്ടിക്ക് 2000 ഡോളറാണ് ചെലവുകള്‍ക്കായി നല്കേണ്ടത്. ആ ലക്ഷ്യം സാധിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമെന്ന നിലയില്‍ അടുത്ത 100 കുട്ടികള്‍ക്കുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഒരു സംഘടനയുടെയും ബാനറിലല്ല ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പോള്‍ കറുകപ്പള്ളില്‍ ചൂണ്ടിക്കാട്ടി. ജാതിമത സംഘടനകള്‍ക്കതീതമായി മനുഷ്യസ്നേഹികള്‍ ഈ സംരംഭവുമായി നന്നായി സഹകരിക്കുന്നുണ്ട്.
ഡോ. ഗോപിനാഥ് മുതുകാടിന്‍റെ സംരക്ഷണയിലുള്ള മജീഷ്യന്‍ കുട്ടികളുടെയും മറ്റു കലാപ്രകടനം നടത്തുന്ന കുട്ടികളുടെയും സ്റ്റേജ്പ്രോഗ്രാം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടത്തുവാനുള്ള പദ്ധതിക്ക് രൂപം നല്കിവരികയാണെന്ന് പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു.
നാട്ടില്‍ വരുന്ന അമേരിക്കന്‍ മലയാളികള്‍ മാജിക് പ്ലാനറ്റില്‍ വന്ന് ഈ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുവാന്‍ സമയം കണ്ടെത്തണമെന്ന് ഡോ. ഗോപിനാഥ് മുതുകാട് അഭ്യര്‍ത്ഥിച്ചു. ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.