ഡോ.ജേക്കബ് തോമസ് ഫോമ പ്രസിഡന്റ്

sponsored advertisements

sponsored advertisements

sponsored advertisements

3 September 2022

ഡോ.ജേക്കബ് തോമസ് ഫോമ പ്രസിഡന്റ്

സ്വന്തം ലേഖകൻ
കാൻ കൂൺ : ഫോമയുടെ 2022 -2024 ലെ പ്രസിഡന്റ് ആയി ഡോ.ജേക്കബ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു . ഡോ. ജേക്കബ് തോമസ് നേതൃത്വം നൽകിയ പാനൽ സമ്പൂർണ്ണ വിജയം നേടി .ഓജസ് ജോണാണ് ഫോമാ ജനറൽ സെക്രട്ടറി .ബിജു തോണിക്കടവിലാണ് ട്രഷറർ .സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ,ഡോ.ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി) ,ജെയിംസ് ജോർജ് (ജോയിന്റ് ട്രഷറർ ).
സംഘടന രംഗത്തെ അനുഭവ പരിചയവുമായാണ് ഡോ.ജേക്കബ് തോമസ് ഫോമയുടെ ചുക്കാൻ പിടിക്കുന്നത് .ഒപ്പം താന് അവതരിപ്പിച്ച പാനൽ മുഴുവനും വിജയിച്ചതും കൂടുതൽ ശക്തിയായി ഫോമയിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിക്കും .ഫോമയ്‌ക്ക് ഒരു ആസ്ഥാനമാണ് പ്രധാനമായും അദ്ദേഹത്തിന്റെ മനസിലുള്ളത് .ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഫോമാ പ്രവർത്തകർക്ക് ഒത്തുകൂടാനൊരു വേദിയായി ഫോമയുടെ ആസ്ഥാനത്തെ മാറ്റുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം .
അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് പുതു തലമുറയെ പ്രാപ്‌തരാക്കുക എന്നതാണ് മറ്റൊരു കാര്യം .ഫോമാ പൊളിറ്റിക്കൽ ഫോറം ശക്തമാക്കി പ്രവർത്തങ്ങൾ സുസജ്ജമാക്കും . സാമൂഹികമായി പ്രതിബദ്ധത ഉള്ള ഒരു പുതുതലമുറ അമേരിക്കൻ രാഷ്ട്രീയത്തിൽ ഉണ്ടാകണം .യുവാക്കളെ രംഗത്തേക്ക് കൊണ്ടുവരാൻ വേണ്ടി ഫോമയുടെ എല്ലാ റീജിയണുകളും ശക്തമാക്കുവാനും പദ്ധതിയുണ്ട് .നിലവിൽ ഫോമ നടത്തുന്ന എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും തുടരും . അവ പലതും തുടർ പ്രോജക്ടുകളാണ്. വില്ലേജ് പദ്ധതി കാലാകാലങ്ങളിൽ നടപ്പിൽ വരുത്തി തുടരേണ്ടതുണ്ട്.ഫോമാ സ്‌കോളർഷിപ്പ് പദ്ധതി കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും . ഫോമയുടെ കീഴിലുള്ള എല്ലാ അസോസിയേഷനുകളും സജീവമാക്കാൻ പദ്ധതികൾ ആവിഷ്ക്കരിക്കും. പുതിയ തലമുറയെ കലാ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമാക്കുകയും ചെയ്യും .ഒരു ഫോൺ കോളിനപ്പുറത്ത് ഏതാവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് അദ്ദേഹം നൽകുന്ന വാഗ്ദാനം .

മനുഷ്യന് ജീവിതം പറഞ്ഞേൽപ്പിക്കുന്ന ചില ദൗത്യങ്ങളുണ്ട് ഭൂമിയിൽ. ആ ദൗത്യങ്ങളെ തിരിച്ചറിഞ്ഞു ജീവിക്കാൻ നമ്മളിൽ പലർക്കും കഴിയാറില്ല. നമ്മളെക്കൊണ്ട് നമുക്കല്ല മറ്റുള്ളവർക്കാണ് ഏറ്റവുമധികം നേട്ടമെന്ന തിരിച്ചറിവാണ് നമ്മളിൽ പലരെയും മഹാൻമാരാക്കുന്നത്.  ഡോ.ജേക്കബ് തോമസും അത്തരത്തിൽ നമ്മൾ വായിക്കപ്പെടേണ്ട ഒരു തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്.
ഇന്ത്യൻ എയർഫോഴ്സിൽ രാജ്യസേവനം ,പിന്നീട ഗൾഫിലേക്ക് ,പിന്നീട് അമേരിക്കൻ മണ്ണിലേക്ക് കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹം .യു എസ് നേവിയിൽ നാലുവർഷം ജോലി ചെയ്തു .അമേരിക്കയിൽ പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തി .ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സും എൻവറോൺമെന്റൽ സയൻസിൽ ഡോക്റ്ററേറ്റും നേടി

കേരളസമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി . അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ രൂപീകരണ കാലം മുതൽ പ്രവർത്തനങ്ങളിൽ സജീവം . ഫോമയുടെ വിവിധ ചുമതലകൾ ഏറ്റെടുത്തു വിജയിപ്പിച്ച് ഇന്ന് കാണുന്ന നിലയിലേക്ക് ഫോമയെ വളർത്തിയെടുത്തതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഫോമയുടെ പ്രഥമ ഹൂസ്റ്റൻ കൺവൻഷനിലെ റജിസ്‌ട്രേഷൻ വൈസ് ചെയർമാനായിരുന്നു ഡോ.ജേക്കബ് തോമസ്. 2014ലെ ഫിലഡൽഫിയയിലെ ഫോമ കൺവൻഷന്റെ സ്‌പോർട്‌സ് ആൻഡ് ഗെയിംസിന്റെ ജനറൽ കൺവീനറായും,മെട്രോ റീജിയന്റെ ആർവിപി ആയും പ്രവർത്തിച്ചിട്ടുണ്ട്.കേരളസമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ജേക്കബ് തോമസ് മലയാളി സമാജം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ എന്നിവയുടെയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഏതു പദവികൾ ഏറ്റെടുത്താലും ഒരു പരാതികൾക്കും ഇടനൽകാതെയുള്ള അദ്ദേഹത്തിന്റെ സംഘടനാ പാടവം ശ്രദ്ധിക്കപ്പടുന്നതുതന്നെയാണ് .
2015 ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഫോമയുടെ കേരളാ കൺവൻഷന്റെ ചെയർമാനായും 2017 ലെ കേരളാ കൺവൻഷന്റെ ജനറൽ കൺവീനറായും അദ്ദേഹത്തിന് ചുമതലകൾ നൽകുകയും, അതെല്ലാം ഭംഗിയായി തന്നെ പര്യവസാനിക്കുകയും ചെയ്തിരുന്നു.2022 ൽ ഫോമയുടെ കേരളാ കൺവൻഷൻ ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും തിരുവനന്തപുരത്തും കൊല്ലത്തുമായി വ്യത്യസ്തമായ രീതിയിൽ മികച്ച കേരളാ കൺവൻഷൻ സംഘടിപ്പിക്കുകയും ചെയ്തു .
ഡോ.ജേക്കബ് തോമസിനെ പോലൊരു വ്യക്തി ഫോമയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അതൊരു ചരിത്ര നിമിഷം തന്നെയാകും. അത്രത്തോളം മാനുഷിക നന്മയും, നീതിയും സമൂഹത്തിൽ നടപ്പിലാക്കണം എന്ന് ആഗ്രഹമുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ലളിതമായ ആശയങ്ങൾ മാതൃകയാക്കേണ്ടതാണ്. കാരണം ജേക്കബ് തോമസിനോളം ജനകീയമായ ഒരു നേതാവിന്റെ പ്രവർത്തനശൈലി കൂടി ഇനിയെങ്കിലും അമേരിക്കൻ മലയാളി സമൂഹം തിരിച്ചറിയേണ്ടതുണ്ട് .അതിനൊരു ഉദാഹരണമാണ് അദ്ദേഹം മുൻകൈ എടുത്ത് മയ്യനാട് സ്ഥാപിച്ച മൈത്രി വായനശാല .ആയിരക്കണക്കിന് വായനക്കാർക്കും കുഞ്ഞുങ്ങൾക്കും അറിവിന്റെ വെളിച്ചമാകാൻ ഈ അക്ഷരഖനിക്ക് കഴിയുന്നു .നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ മനസിലുള്ളത് .’ഒരു സെക്കുലർ സിസ്റ്റം ഇപ്പോൾ അമേരിക്കൻ മലയാളികൾക്കിടയിൽ ഇല്ലെന്നാണ് ഡോ.ജേക്കബ് തോമസിന്റെ അഭിപ്രായം . നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ എല്ലാം പലപ്പോഴും മതങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് . മലയാളിയുടെ ഉത്സവമായ ഓണം പോലും പൊതുവായി അമേരിക്കൻ മലയാളി സമൂഹങ്ങൾക്കിടയിൽ ഇപ്പോൾ ആഘോഷിക്കുന്നില്ല.ഓരോ മതങ്ങളും അവരുടേതായ ഇടങ്ങളിലേക്ക് നമ്മുടെ പൈതൃകങ്ങളെ കൊണ്ടുപോയി . ഹിന്ദുവും, ക്രിസ്ത്യനും , മുസൽമാനും ഒന്നിച്ച് ആലോഷിക്കുന്ന ഒരു സിസ്റ്റം വരണമെങ്കിൽ ഒരു സംഘടനാ സംവിധാനത്തിനുമാത്രമേ കഴിയു എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.അതിന് എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണം .
ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച തന്റെ വല്യമ്മയായ ഗ്ലോറി ഫ്രാൻക്ലിന്റെ മയ്യനാട്ടെ കുടുംബ വസ്തുവിലും തന്റെ വീടിനോട് ചേർന്ന വസ്തുവിലും രണ്ടു വൃദ്ധസദനങ്ങൾ രൂപീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് . ഒന്ന് സ്ത്രീകൾക്കും മറ്റൊന്ന് പുരുഷന്മാർക്കും .ഡോക്‌ടർ പരിചരണം ഉൾപ്പെടെ അന്തേവാസികൾക്ക് നൽകിക്കൊണ്ടുള്ള ആരോഗ്യകരമായ ഒരു സംവിധാനമാണ് ഇവിടെ അദ്ദേഹം ഒരുക്കുന്നത് .
സമൂഹം തിരസ്ക്കരിക്കുന്ന ഒരു അച്ഛനും അമ്മയും ഇനി അനാഥമാവില്ല .കാരണം ഡോ. ജേക്കബ് തോമസ് അവർക്ക് കാവലാളാകും .കൈത്താങ്ങാകും .അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കൃത്യമായ നിലപാടുകളും വീക്ഷണവുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് .ഇങ്ങനെ ഒരാൾ ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വന്നാൽ അതൊരു വലിയ മാറ്റം തന്നെയാകും.കാരണം കൂടുതൽ അശരണരായ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഫോമയുടെ കരുതലെത്തും .അത് കാലത്തിനു മുതൽക്കൂട്ടാകും .

സമൂഹത്തിന്റെയും, സംഘടനകളുടെയും ഭാവി കാര്യങ്ങളിലേക്ക് കൂടുതൽ കരുതലുകൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ ജേക്കബ് തോമസിൽ നിന്ന് രൂപപ്പെടും. അദ്ദേഹത്തിന്റെ ചിന്തകൾ കൊണ്ടും സ്വപ്‌നങ്ങൾ കൊണ്ടും ഫോമ ഇനിയും ഉയരങ്ങളിലേക്കെത്തും.

ഡോ.ജേക്കബ് തോമസ്
OJUS JOHN
BIJU THONIKADAVIL
SUNNY VALLIKALAM
DR JAIMOL SREEDHAR
JAMES GEORGE