അനിൽ പെണ്ണുക്കര
“അർപ്പണബോധം, പരിശ്രമം, വിനയം ഇതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്”
ഉത്തരാധുനിക ലോകത്ത് എല്ലാം വാർത്തയാണ്. നമ്മൾ ഓരോരുത്തരും ,ഓരോ ജേർണലിസ്റ്റുകളും. മരണം മുതൽ സെലിബ്രിറ്റികളുടെ വിവാഹവും, എന്തിനേറെ പറയുന്നു അവരുടെ വിവാഹമോചനം വരെ നമുക്ക് ചുറ്റും വാർത്തകളായി നിറയുന്നുണ്ട്. ഇതിൽ എവിടെയാണ് യാഥാർഥ്യം , എവിടെയാണ് അയഥാർഥ്യം എന്ന് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. ആരാണ് സത്യം പറയുന്നത്? ആർക്കൊപ്പമാണ് നിൽക്കേണ്ടത്? എല്ലാം നമ്മളിൽ വെറും ചോദ്യം മാത്രമായി അവശേഷിക്കുന്നു.
എന്നാൽ വാർത്തയ്ക്ക് ഒരു നേരുണ്ട്, നെറിയുണ്ട്. അതൊരുമനുഷ്യനെയും പറ്റിയ്ക്കാനുള്ളതല്ല. അതൊരു മനുഷ്യന്റെയും വേദനകളെ, ദുരിതങ്ങളെ മൂടിവെക്കാനുള്ളതല്ല എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്ന ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെക്കുറിച്ചാണ് വഴിത്താര സംസാരിക്കുന്നത്. അതുകൊണ്ട് ഈ വഴികളിൽ മൂടിവെയ്ക്കപ്പെട്ട സത്യങ്ങൾ കാണാം, തിരുത്തിയെഴുതുന്ന നിർവചനങ്ങൾ കാണാം. ഇത് ഡോ. കൃഷ്ണകിഷോറിന്റെ വഴിയാണ്. നേരിന്റെ മാധ്യമ വഴി.റഷ്യ ,യുക്രയിൻ യുദ്ധ വാർത്തകൾ ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി റിപ്പോർട്ട് ചെയ്തത് കണ്ടാൽ തന്നെ ഈ നേരിന്റെ വഴി നമുക്ക് മനസിലാകും .ഒരേ സമയം തിരക്കേറിയ കോർപ്പറേറ്റ് ജോലിയും മാധ്യമ പ്രവർത്തനവും മികവോടെ ഒരുമിച്ചു കൊണ്ടുപോകുന്ന ഡോ. കൃഷ്ണ കിഷോറിനെ നമുക്ക് അടുത്തറിയാം .
കോഴിക്കോടിന്റെ സ്വന്തം ഡോ.കൃഷ്ണ കിഷോർ
എഴുത്തുകാരനും, കോഴിക്കോട്ട് വലിയ ശിഷ്യ സമ്പത്തുള്ള അധ്യാപകനുമായിരുന്ന പരേതനായ സി.പ്രഭാകരന്റെയും,കെ.സി ഭാരതിയുടെയും മകനായി ജനിച്ച കൃഷ്ണ കിഷോർ ആകാശവാണിയുടെ മടിത്തട്ടിൽ നിന്നാണ് തന്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത്. കുട്ടിക്കാലം മുതൽക്കേ വായനപ്രിയനായിരുന്ന കൃഷ്ണകിഷോർ വാർത്തകളെയും മാധ്യമപ്രവർത്തനങ്ങളെയും അങ്ങേയറ്റം തന്റെ ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ന്യൂസ് റീഡറായിട്ടായിരുന്നു കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. ശബ്ദങ്ങളിലൂടെ ലോകത്തെ അറിയുന്ന അന്നത്തെ മലയാളികൾക്ക് അദ്ദേഹത്തിൻറെ ശബ്ദം പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദങ്ങൾക്ക് വേണ്ടി മാത്രം മുടങ്ങാതെ കാത്തിരുന്നവർ കേരളത്തിലുണ്ടായിരുന്നു.
സതേൺ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ഡിഗ്രിയും പ്രശസ്‌തമായ പെൻസൽവാനിയ സ്റ്റേറ്റ് സർവകലാശാലയിൽ നിന്നും പി എച് ഡിയും നേടിയ ഡോ.കൃഷ്ണ കിഷോർ തന്റെ സ്വപ്നങ്ങൾക്കൊപ്പം തന്നെയാണ് വളർന്നതും പഠിച്ചതും ജീവിച്ചതും.അതുകൊണ്ട് തന്നെ വാർത്തകൾ നൽകിയ ധർമ്മം അദ്ദേഹം തന്റെ ജീവിതത്തിലുടനീളം കൊണ്ടു നടന്നു. എപ്പോഴും തന്റെ ശബ്ദത്തെ വിശ്വസിക്കുന്നവർ ഒരിക്കലും കള്ളങ്ങൾക്ക് അടിമപ്പെടരുതെന്നും,അവർ സത്യം മാത്രം കേൾക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. ആ നിർബന്ധം ഇന്നും അദ്ദേഹത്തിൽ നിരുപാധികമായി നിലനിൽക്കുന്നുണ്ട്.
സ്വാർത്ഥതക്ക് പിറകെയാണ് സമൂഹം ഓടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ എതിർദിശയിൽ ഓടാൻ ഡോ.കൃഷ്ണ കിഷോറിനെ പോലെയുള്ള മാധ്യമപ്രവർത്തകർ ഉണ്ടാവുന്നത് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ വ്യവസായവത്കരിക്കുന്ന കുത്തക മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും അദ്ദേഹത്തിൻറെ റിപ്പോർട്ടിങ്ങും സത്യം കൈവിടാത്ത സ്വഭാവ സവിശേഷതയും എന്നും വെല്ലുവിളി ഉയർത്തുന്നുണ്ട്.
അമേരിക്കൻ മണ്ണിലെ സത്യാന്വേഷണ പരീക്ഷണങ്ങൾ
പല മനുഷ്യരെയും ജീവിതം പഠിപ്പിക്കുന്നതിൽ ആകാശവാണി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അത്തരത്തിൽ ആകാശവാണിയുടെ ഒരു വലിയ സ്വാധീനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സത്യാന്വേഷിയായ മനുഷ്യനിലേക്ക് ഡോ.കൃഷ്ണ കിഷോറും നടന്നു തുടങ്ങിയിരുന്നു. കോഴിക്കോട് ആകാശവാണിയിൽ നൂറിൽ അധികം ബുള്ളറ്റിനുകൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വാർത്താ ഭാഷയുടെ പാഠങ്ങളും, അവതരണത്തിൽ പുലർത്തേണ്ട ശബ്ദ ക്രമീകരണങ്ങളും സ്വായത്തമാക്കിയത് അവിടെ നിന്നു തന്നെ. ഡോ.കൃഷ്ണ കിഷോറിനെ വേറിട്ട് നിർത്തുന്നത് ഗാംഭീര്യമുള്ള ശബ്ദവും, മലയാള ഭാഷയുടെ ക്ര്യത്യമായ ഉച്ചാരണവും, പ്രിയങ്കരമായ അവതരണ ശൈലിയും തന്നെയാണ്.മലയാളത്തിന്റെ പ്രിയ നടൻ പ്രേം നസീറിന്റെ മരണ വാർത്ത അന്ന് ആകാശവാണി സംപ്രേഷണം ചെയ്തത് ഡോ.കൃഷ്ണ കിഷോറിന്റെ ശബ്ദത്തിലൂടെയായിരുന്നു. ഒരു ലോകത്തെ മുഴുവൻ സങ്കടത്തിലാക്കാൻ പോന്നതായിരുന്നു അന്നത്തെ ഡോ.കൃഷ്ണ കിഷോറിന്റെ അവതരണം.
സത്യം എന്നും ഭൂമിയുടെ നിലനിൽപ്പിന്റെ തന്നെ ഒരു ഘടകമാണ്. അതില്ലാതെ മനുഷ്യനോ മൃഗങ്ങൾക്കോ ഇവിടെ ജീവിക്കുക സാധ്യമല്ല. അത് ലോകത്തോട് വിളിച്ചു പറയുകയാണ് ഡോ.കൃഷ്ണ കിഷോറിന്റെ വിദേശ ജീവിതം ചെയ്തത്. നാട് ഏതായാലും നടുക്കഷ്ണം തിന്നണം എന്നല്ല, നാട് ഏതായാലും നഗ്ന സത്യങ്ങൾ വിളിച്ചു പറയണം എന്നാണ് ഡോ.കൃഷ്ണ കിഷോർ പഠിച്ചതും പഠിപ്പിച്ചതും. അങ്ങനെ ആ ധാർമ്മികത അദ്ദേഹത്തെ ഏഷ്യാനെറ്റ് ആഴ്ചയിൽ സംപ്രേഷണം ചെയ്യുന്ന യു.എസ് വീക്കിലി റൗണ്ട് അപ്പിലേക്കും ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയിയിലേക്കും കൈപിടിച്ച് നടത്തി.
ഡോ.കൃഷ്ണ കിഷോറിന്റെ അക്കാദമിക് മാധ്യമശൈലി
മാധ്യമപ്രവർത്തനം ഒരു കെട്ടുകഥയല്ലെന്നുള്ള ചരിത്ര ബോധമാണ് മറ്റുള്ളവരിൽ നിന്ന് ഡോ.കൃഷ്ണ കിഷോറിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വാർത്തകളിൽ ഒരിക്കൽപോലും ഊഹാപോഹങ്ങളോ, ഇമാജിനേഷനുകളോ കടന്നു വന്നിട്ടില്ല. ഒരു അദ്ധ്യാപകൻ എങ്ങനെയാണോ അതുപോലെയായിരുന്നു അദ്ദേഹം ഓരോ വാർത്തയും നോക്കി കണ്ടതും അവതരിപ്പിച്ചതും. ഡോ.കൃഷ്ണ കിഷോറിന്റെ റിപ്പോർട്ടിനപ്പുറം ഒരു വാർത്തയ്ക്ക് മറ്റൊന്നും പറയാൻ ഉണ്ടാകുമായിരുന്നില്ല. അത്രത്തോളം കൃത്യമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണവും പഠനവും.
ഓരോ വസ്തുതകളെയും അക്കാദമിക്കലായി പഠിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെയാണ് മറ്റുള്ള മാധ്യമപ്രവർത്തകരിൽ നിന്നും ഡോ.കൃഷ്ണ കിഷോറിനെ വ്യത്യസ്തനാക്കി നിർത്തുന്നത്. ഒരു മനുഷ്യനെ ഒരു കാര്യം എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എങ്ങനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണമെന്നും, അതിന്റെ ധാർമികത എന്താണെന്നും അദ്ദേഹത്തിനു നന്നായി അറിയാം .
നേരോടെ, നിർഭയം, നിരന്തരം ഏഷ്യാനെറ്റ് ന്യൂസിനോടൊപ്പം
ഏഷ്യാനെറ്റ് ന്യൂസ് ആണ് ഡോ.കൃഷ്ണ കിഷോറിന്റെ മാധ്യമ ജീവിതത്തിൽ ഇത്രയേറെ സാധ്യതകൾ തുറന്നു കൊടുത്തത്. അമേരിക്കയിലെ വിശേഷങ്ങൾ പങ്കുവെക്കാനും, മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനും തനിക്ക് ലഭിച്ച ഈ അവസരം ഡോ.കൃഷ്ണ കിഷോർ കൃത്യമായിത്തന്നെ ഉപയോഗിച്ചു.ഏഷ്യനെറ്റ് ന്യൂസ് വാർത്തകൾ അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിന് പുറമെ , ജനപ്രിയമായ അമേരിക്ക ഈ ആഴ്ച എന്നപരിപാടിയുടെ രചനയും നിർമ്മാണവും അവതരണവും എല്ലാം അദ്ദേഹം തന്നെയാണ്.
യു.എസ് വീക്കിലി റൗണ്ട് അപ് എന്ന ഏഷ്യാനെറ്റിലെ പരിപാടിക്ക് ഒരു മേൽവിലാസം ഉണ്ടായതും ഡോ.കൃഷ്ണ കിഷോറിന്റെ അവതരണത്തിലൂടെ തന്നെ. പതിനഞ്ചു വർഷം എഴുനൂറിലധികം എപ്പിസോഡുകൾ അദ്ദേഹം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. തികഞ്ഞ അർപ്പണബോധത്തോടെ അമേരിക്കയിലെ ഏഷ്യാനെറ്റിന്റെ തുടക്കത്തിലേ നെടുംതൂണായി.
അമേരിക്ക കാണാത്ത മനുഷ്യർക്ക് അമേരിക്കയെ കുറിച്ച് വിവരിച്ചു കൊടുക്കുകയും, അവിടുത്തെ സാമൂഹിക ,രാഷ്ട്രീയ ,സാമ്പത്തിക മേഖലകളെക്കുറിച്ച് കൃത്യമായി അറിവ് നൽകുകയും ചെയ്തിരുന്നു അദ്ദേഹത്തിൻറെ ഈ മാധ്യമ ജീവിതം.
അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാർത്തകൾ ,ടെക്‌നോളജി,ലൈഫ് സ്റ്റൈൽ ,കലാസാംസ്കാരിക രംഗത്തെ വാർത്തകൾ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്മെന്റും അവതരിപ്പിക്കുന്ന അമേരിക്ക ഈ ആഴ്ച എന്ന പ്രോഗ്രാമും ലോകം മുഴുവൻ ഏറെ ശ്രദ്ധിക്കപ്പെടുന്നു .അമേരിക്കൻ മലയാളികൾക്കിടയിൽ തന്നെ ഏറ്റവും ശ്രദ്ധേയനാണ് ഡോ.കൃഷ്ണ കിഷോർ. അതിനു കാരണം അവർക്ക് പറയാനുള്ളത് തന്നെയാണ് അദ്ദേഹം തന്റെ ശബ്ദത്തിലൂടെ ലോകത്തെ അറിയിക്കുന്നത് .
ഇത്തരത്തിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ച ഡോ.കൃഷ്ണ കിഷോർ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പത്രപ്രവർത്തനം അദ്ദേഹത്തിന്റെ ധർമ്മത്തിൽ വരുന്ന ഒന്ന് മാത്രമാണ്. ന്യൂയോർക്കിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ സീനിയർ ഡയറക്ടറായി ജോലി ചെയ്യുകയാണിപ്പോൾ . 15 വർഷം ഡിലോയിറ്റിൽ ജോലി ചെയ്തു. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി. മാസ്റ്റർ ഓഫ് സയൻസ് – സതേൺ ഇല്ലിനോയിയൂണിവേഴ്സിറ്റി. കേരളത്തിൽ – സെന്റ് ജോസഫ്സ് ദേവഗിരി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയിലും സേവനമനുഷ്ഠിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനവും അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
വാർത്തകൾ നൽകിയ വിജ്ഞാനവും,
പ്രശംസകളും, ജീവിതത്തിന്റെ നടവഴികളും
ഡോ. കൃഷ്ണ കിഷോർ ഇപ്പോൾ അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കറസ്‌പോണ്ടന്റാണ്.ആയിരത്തിലധികം ടിവി എപ്പിസോഡുകൾ അവതാരകനായി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം .പതിനഞ്ചു വർഷമായി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ മുതൽ ആയിരക്കണക്കിന് റിപ്പോർട്ടുകളടക്കം ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച ഡോ.കൃഷ്ണ കിഷോറിനു മാധ്യമ രംഗത്തെ മികവിന് ഇരുപതിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . യു.എൻ അക്രഡിറ്റേഷൻ ,അമേരിക്കൻ ഗവണ്മെന്റ് അക്രഡിറ്റേഷൻ കൈവശമുള്ള മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. 2003 ൽ തുടങ്ങിയ യു.എസ്.വീക്കിലി റൗണ്ടപ്പിലെ പ്രകടനത്തിലൂടെ മികച്ച വാർത്താവതാരകനുള്ള പുരസ്‌കാരവും അദ്ദേഹം ഏറ്റു വാങ്ങിയിട്ടുണ്ട്. ലളിതമായ ഭാഷയിലുള്ള അദ്ദേഹത്തിൻറെ അവതരണം മലയാളത്തിന്റെ ഏറ്റവും വലിയ വിമർശകനും നിരൂപകനുമായ സുകുമാർ അഴീക്കോടിന്റെ പ്രശംസക്ക് അർഹനാക്കി. ലോകത്തിലെ തന്നെ മാധ്യമപ്രവർത്തകർക്ക് ഡോ.കൃഷ്ണ കിഷോർ ഒരു വലിയ മാതൃകയാണെന്നാണ് അഴീക്കോട് മാഷ് അന്ന് പറഞ്ഞത്.അത് അക്ഷരം പ്രതി സത്യമെന്നു അദ്ദേഹത്തിൻറെ ഓരോ റിപ്പോർട്ടിങ്ങും നമുക്ക് കാട്ടിത്തരുന്നു .
അൻപത് രാജ്യങ്ങളിൽ ഡോ.കൃഷ്ണ കിഷോർ യാത്ര ചെയ്തിട്ടുണ്ട്. അത് തന്നെയാണ് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതിഭയെ വാർത്തെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്. 2023 ലോ 2024 ലോ ഇനി സഞ്ചരിക്കാൻ ബാക്കിയുള്ള അന്റാർട്ടിക്കയിൽക്കൂടി എത്തിപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കായിക വിനോദങ്ങളോട് അങ്ങേയറ്റം സ്നേഹം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിൻറെ പ്രിയപ്പെട്ട വിനോദം ക്രിക്കറ്റ് തന്നെയാണ്. അതിനെ അടുത്തറിയാൻ അദ്ദേഹം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ വരുമ്പോൾ അതിന്റെ ആവേശത്തിൽ അവരെ കാണാൻ അദ്ദേഹം പല തവണ പോയിരുന്നു. ഇഷ്ട വിനോദം ക്രിക്കറ്റ് ആണെങ്കിലും ടെന്നിസ് കളിക്കാനാണ് അദ്ദേഹത്തിനിഷ്ടം. നാട് വിട്ടെങ്കിലും ഇപ്പോഴും പഴയ മലയാളം പാട്ടുകളുടെ വലിയ ഇഷ്ടക്കാരനാകുന്നത് അദ്ദേഹത്തിന്റെ ഓർമ്മകളെ കുറേക്കൂടി വിപുലമാക്കുന്നു.
ജോൺസൺ ആൻഡ് ജോൺസന്റെ ഗ്ലോബൽ ഹെഡ് ഓഫ് എച്ച് ആർ ആയ വിദ്യ കിഷോറാണ് ഡോ.കൃഷ്ണ കിഷോറിന്റെ ജീവിതത്തിലെ സഹയാത്രിക. നേരിനൊപ്പമുള്ള യാത്രയിൽ അവർ ഡോ.കൃഷ്ണ കിഷോറിനൊപ്പമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ വിദ്യാർത്ഥിനിയായ മകൾ സംഗീതയും അച്ഛന്റെ മാധ്യമ ജീവിതത്തിൽ അങ്ങേയറ്റം അഭിമാനിക്കുകയും ആ സത്യസന്ധതയ്ക്ക് കൂട്ടു നിൽക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയിൽ പ്രധാന വാർത്താ സംഭവങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനായി ആയിരത്തിലധികം റിപ്പോർട്ടുകൾ അദ്ദേഹം നൽകിയിട്ടുണ്ട് ധാരാളം പ്രമുഖരെ അഭിമുഖം നടത്തിയ ഡോ.കൃഷ്ണ കിഷോറിന്റെ ലിസ്റ്റിൽ സീനിയർ അമേരിക്കൻ രാഷ്ട്രീയ നേതാക്കളും , സ്പോർട്സ് ലെജൻഡ്സ് ആയ ബ്രയാൻ ലാറ , റിക്കി പോണ്ടിങ് എന്നിവരെല്ലാമുണ്ട്. യുഎസ് ഇലക്ഷനുകളും ഒബാമ, ട്രമ്പ്, ബൈഡൻ , എന്നിവരുടെ സ്ഥാനാരോഹണവും,ഏറ്റവും പ്രധാനപ്പെട്ട അമേരിക്കയിലെ പരിപാടികളും റിപ്പോർട്ട് ചെയ്യാൻ ഡോ.കൃഷ്ണ കിഷോറിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തനം തന്നെയാണ് ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും. അത് ജീവിതകാലം മുഴുവൻ തുടർന്നു പോകണം എന്നാണ് ഡോ.കൃഷ്ണ കിഷോറിന്റെ ആഗ്രഹവും പ്രാർത്ഥനയും .
15 വർഷത്തോളമായി ഏഷ്യാനെറ്റ്ന്യൂസ് നൽകിവരുന്ന പിന്തുണയ്ക്കും, സഹകരണത്തിനും അധികൃതരോട് അങ്ങേയറ്റം സ്നേഹമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇതൊരു വലിയ ബന്ധമായി, ഭംഗിയുള്ള സൗഹൃദമായി അദ്ദേഹം കരുതുന്നു. കഠിനാധ്വാനവും, സമയനിഷ്ഠതയുമാണ് തന്റെ ജീവിതത്തിൽ നിന്ന് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട പാഠമെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
വാർത്തകൾ സത്യമാവട്ടെ, അതിൽ വിനയമുണ്ടാകട്ടെ, സ്നേഹവും കരുതലും ഉണ്ടാവട്ടെ, ഡോ.കൃഷ്ണകിഷോറിന്റെ ജീവിതവും അനുഭവങ്ങളും നിങ്ങളിൽ പലരെയും സത്യത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തട്ടെ.