ഫൊക്കാനയുടെ ചാലക ശക്തിയായി ഡോ. മാമ്മൻ സി. ജേക്കബ്(ബോബി)(വഴിത്താരകൾ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


9 February 2023

ഫൊക്കാനയുടെ ചാലക ശക്തിയായി ഡോ. മാമ്മൻ സി. ജേക്കബ്(ബോബി)(വഴിത്താരകൾ)

അനിൽ പെണ്ണുക്കര
“നിങ്ങൾക്ക് പദവിയോ സ്ഥാനമോ ഇല്ലെങ്കിൽ പോലും സമൂഹം സ്വമേധയാ പിന്തുടരുന്ന നേതാവാകുക”

എക്കാലവും ഒരു സമൂഹം അംഗീകരിക്കുന്ന ഒരാളായി മാറുക എന്നത് എല്ലാ പൊതുപ്രവർത്തകർക്കും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് പ്രവാസ മേഖലയിൽ.അവിടെ നേതാക്കൾ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നാൽ കഴിഞ്ഞ അൻപത് വർഷമായി അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തന രംഗത്ത് പകരക്കാരില്ലാത്ത സവിശേഷ വ്യക്തിത്വത്തിനുടമയായ ഒരു മനുഷ്യനുണ്ട്.
ഡോ.മാമ്മൻ.സി.ജേക്കബ്.
മദ്ധ്യതിരുവിതാംകൂറിൽ നിന്നും അമേരിക്കൻ മണ്ണിലെത്തിയ നിമിഷം മുതൽ ഔദ്യോഗിക ജോലിക്കൊപ്പം സാമൂഹ്യ പ്രവർത്തനവും, സംഘടനാ പ്രവർത്തനങ്ങളും സജീവമാക്കുകയും അമേരിക്കൻ മലയാളികൾക്ക് ഏതു സമയവും എന്താവശ്യത്തിനും സമീപിക്കാവുന്ന, ഏവർക്കും മാതൃകയായ ഒരു പൊതുപ്രവർത്തകനായി മാറിയ മാമ്മൻ സി. ജേക്കബ് തന്റെ ജീവിതം പറയുന്നു
ഈ വഴിത്താരയിൽ.

പതിനേഴിലെ രാഷ്ട്രീയക്കാരൻ
പത്തനംതിട്ട ജില്ലയിൽ മേൽപ്പാടം ചക്കിട്ടയിൽ പി.ഡബ്ലു.ഡി കോൺട്രാക്ടർ മാമ്മൻ ചാക്കോയുടേയും സാറാമ്മ ചാക്കോയുടേയും നാല് മക്കളിൽ മൂത്തമകനാണ് മാമ്മൻ സി.ജേക്കബ്. മേൽപ്പാടം ഗവൺമെന്റ് എൽ പി , യുപി സ്കൂൾ , നിരണം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിന് ശേഷം പരുമല ദേവസ്വം ബോർഡ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ദേവസ്വം ബോർഡ് കോളേജ് ആരംഭിച്ച വർഷം (1969) തന്നെ കെ.എസ്.യുവിന്റെ പാനലിൽ സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ട് വർഷം കോളേജ് കാമ്പസിൽ നടത്തിയ പ്രവർത്തനങ്ങൾ ഒരു സാമൂഹ്യ പ്രവർത്തകനെ രൂപപ്പെടുത്തിയെടുക്കുവാനും, രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുവാനുള്ള തുടക്കവുമായി. പക്ഷെ വിധി മറ്റൊന്നായിരുന്നു തീരുമാനിച്ചുറച്ചത് എന്നത് സത്യം.

രാഷ്ട്രീയക്കാരനിൽ നിന്ന്
ആത്മീയതയിലേക്ക്
ചില കണക്കുകൂട്ടലുകൾ മനുഷ്യർക്ക് തീരുമാനിക്കുവാൻ സാധ്യമല്ല. എന്നാൽ ചില കണക്കുകൂട്ടലുകളിൽ മനുഷ്യർ അറിഞ്ഞോ അറിയാതെയോ വഴുതി വീഴും. കോളേജിൽ ചെറുപ്രായത്തിൽത്തന്നെ വിദ്യാർത്ഥി നേതാവായി പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേക്കും രണ്ട് വർഷം കഴിഞ്ഞു. പ്രീഡിഗ്രിക്ക് ഉന്നതവിജയം നേടി പുറത്തിറങ്ങുമ്പോൾ മദ്രാസ് ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽ തിയോളജിക്കൽ സ്‌റ്റഡിയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ചു. ഒരു മികച്ച സാമൂഹ്യ പ്രവർത്തകനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ആത്മീയത വലിയ പങ്കുവഹിക്കുന്നെണ്ടെന്നു അദ്ദേഹത്തിൻറെ വരെയുള്ള പൊതുജീവിതം തെളിയിക്കുന്നു എന്നതിന്റെ തുടക്കമായിരുന്നു മദ്രാസിലേക്കുള്ള തീവണ്ടിയാത്ര. ജീവിതം മാറ്റി മറിച്ച ഒരു യാത്ര കൂടിയായിരുന്നു അത്. കുട്ടനാടിന്റെ പച്ചപ്പിൽ നിന്ന് ഈശ്വരനെ അടുത്തറിയുവാനുള്ള ഒരു യാത്ര.

തിയോളജി വിദ്യാർത്ഥിയായി
അമേരിക്കയിലേക്ക് ;ഒപ്പം പബ്ലിക് അഡ്മിനിസ്ടേഷനും
നിയോഗങ്ങൾ കടന്നു വരുന്ന വഴി മനുഷ്യർക്ക് കണ്ടുപിടിക്കാൻ കഴിയില്ല. മദ്രാസിലെ വൈദിക പഠനത്തിൽ തുടരുമ്പോൾ തന്നെ 1972 ൽ അമേരിക്കയിൽ തിയോളജി പഠനത്തിന് നോർത്ത് ഈസ്റ്റ് ബൈബിൾ കോളജിൽ അഡ്മിഷൻ ലഭിച്ചു. തിയോളജി പഠനം മാമ്മൻ സി ജേക്കബ് എന്ന വ്യക്തിയെ ആത്മീയമായും, സാമൂഹ്യമായും രൂപപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ സമയത്ത് തന്നെ ഫ്ലോറിഡയിലെ നോവ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും നേടി.

മാംഗ്ളൂർ, മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക്
ആത്മീയതയുടെ ഏറ്റവും വലിയ പ്രത്യേകത മനസ്സിന്റെ പാകപ്പെടൽ കൂടിയാണ്. ഒരു പക്ഷെ രാഷ്ട്രീയക്കാരനോ, അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ആകേണ്ടിയിരുന്ന ഡോ.മാമ്മൻ സി.ജേക്കബ് തിയോളജിയുടെ വഴിയേ എത്തുമായിരുന്നില്ലല്ലോ. പാസ്റ്ററൽ കൗൺസിലിങ്ങിൽ കെറൂബിയൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് ഡോക്ടറേറ്റും കൂടി ലഭിച്ചതോടെ ഒരു പുതിയ ജീവിത വഴിയിലേക്കാണ് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. 1989 ൽ മാംഗ്ളൂർ,മണിപ്പാൽ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ കൗൺസിലറും, ചാപ്ലെയിനുമായി മാർത്തോമ സഭ നിയമിച്ചു. ഒന്നര വർഷം മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പമുള്ള ജീവിതം പുതിയ അനുഭവമാണ് സമ്മാനിച്ചത്.

ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിലേക്ക്
റിയൽ എസ്റ്റേറ്റിൽ ബിസിനസ്സ് വിജയം
അമേരിക്കയിൽ ആദ്യകാലങ്ങളിൽ എത്തുന്നവരെല്ലാം ഏതെങ്കിലുമൊരു സ്ഥലത്തു നിന്നു കൊണ്ട് ജീവിതത്തെ രൂപപ്പെടുത്തുന്നവരാണ്. മാമ്മൻ സി ജേക്കബിന്റെ ജീവിതവും മറിച്ചായിരുന്നില്ല. 1972 ൽ പെൻസൽവേനിയ, പിന്നീട് 1977 വരെ ന്യൂയോർക്ക്. ഇതിനിടയിൽ തിയോളജി പഠനവും . പക്ഷെ ആദ്യമായി ലഭിച്ച ജോലി ന്യൂയോർക്കിൽ ഇൻഷുറൻസ് കമ്പനിയിലും, പിന്നീട് കളക്ഷൻ ഏജൻസിയിലും ഒക്കെയായി മുന്നോട്ട് പോയെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ്സ് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം . 1977 ൽ ഫ്ലോറിഡയിലേക്ക് താമസ്സം മാറ്റുകയും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ദൈവശാസ്ത്രപഠനം കഴിഞ്ഞ് പരിപൂർണ്ണമായും ബിസിനസ്സിലേക്ക്‌ തിരിഞ്ഞതിൽ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ എന്ന് ചിന്തിച്ചാൽ മാമ്മൻ സി ജേക്കബ്ബ് പറയുന്ന ഒരു മറുപടിയുണ്ട്. “ജീവിതത്തിൽ സത്യസന്ധനായിരിക്കുവാൻ, എവിടെയായിരുന്നാലും നന്മയിൽ അധിഷ്ഠിതമായി ജീവിക്കാനാണ് ഈശ്വരൻ പഠിപ്പിക്കുന്നത് ” .ഇന്നു വരെ ചെയ്ത ജോലികളിലും, സേവന പ്രവർത്തനങ്ങളിലും സത്യസന്ധത പുലർത്തിയിട്ടുണ്ട്. അതാണ് തന്റെ വിജയമെന്ന് അദ്ദേഹം അടിവരയിടുന്നു.

സംഘടനാ പ്രവർത്തനങ്ങൾ
ഫൊക്കാനയിലേക്ക്
പദവിയുടെ അലങ്കാരങ്ങൾ പലരേയും കീഴ്പ്പെടുത്തുമെങ്കിലും മാമ്മൻ സി ജേക്കബ്ബ് എല്ലാവരുടേയും പ്രിയപ്പെട്ട ബോബിച്ചായനാകുന്നത് ഒരു വിശേഷണങ്ങളും ഇല്ലാതെയാണ്.ന്യൂയോർക്ക് മലയാളി സമാജത്തിൽ തുടങ്ങിയ സംഘടനാ സാമൂഹ്യ പ്രവർത്തനം ഫ്ലോറിഡയിലെ കേരള സമാജത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും ഒപ്പമുള്ളവരെ കരുതിയും കൈപിടിച്ച് ഉയർത്തേണ്ടവരെ പരിഗണിച്ചുമാണ് അദ്ദേഹം ജനകീയനായത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവമായപ്പോഴും അദ്ദേഹത്തിന്റെ സംഘടനാവളർച്ച വളരെ വേഗത്തിലായിരുന്നു.

റോച്ചസ്റ്റർ കൺവൻഷന്റെ
അമരക്കാരൻ
1996-1998 കാലയളവിൽ ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലം ഫൊക്കാനയുടെ സുവർണ്ണ കാലം കൂടിയായിരുന്നു. ജെ.മാത്യു സാർ ആയിരുന്നു ഫൊക്കാനാ പ്രസിഡന്റ് .ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള റോച്ചസ്റ്റർ കൺവൻഷനിൽ എണ്ണായിരത്തോളം മലയാളികളാണ് പങ്കെടുത്തത്. അന്നത്തെ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി, സുപ്രീം കോടതി ജഡ്ജി കെ.ടി തോമസ്, സുരേഷ് ഗോപി, യേശുദാസ് , ചിത്ര അയ്യർ തുടങ്ങി സാമൂഹിക , രാഷ്ട്രീയ, സാംസ്കാരിക മേഖലയുടെ ഒരു പരിഛേദം തന്നെ റോച്ചസ്റ്റർ കൺവൻഷന്റെ ഭാഗമായി. ഒരു കൺവൻഷൻ എങ്ങനെ കൃത്യമായി നടത്താം എന്നതിന്റെ തെളിവ് കൂടിയായിരുന്നു റോച്ചസ്റ്റർ കൺവൻഷൻ.

വിവിധ പദവികൾ
കേരളാ കൺവൻഷൻ ചെയർമാൻ വരെ
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, അംഗം, ഫൗണ്ടേഷൻ ചെയർമാൻ, ഇലക്ഷൻ കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാമ്മൻ സി ജേക്കബ് ഇരുപത് വർഷത്തോളം ഒരു പദവികളും സ്വീകരിക്കാതെ സംഘടനാ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധിച്ച് പ്രവർത്തിച്ച കാലവും ഉണ്ടായിരുന്നു. ഒരിക്കലും ഒരു പദവിയും ആഗ്രഹിച്ച് ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല. കേരളം വിട്ട് ഒരു സ്ഥലത്ത് ചേക്കേറുമ്പോൾ ഉണ്ടാകുന്ന മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തുക,പുതിയ തലമുറയ്ക്ക് മാതൃകയാവുക, സംഘടനയെ ശക്തിപ്പെടുത്തുക എന്നിവയാണ് ഇന്നു വരെ ചെയ്തിട്ടുള്ളത്. ഫൊക്കാനയുടെ പിളർപ്പ് തന്റെ മനസ്സിലെ വലിയ മുറിവുകളിൽ ഒന്നാണ്. ഒരുമിച്ച് വേദികൾ പങ്കിട്ടവരുടെ ഇറങ്ങിപ്പോക്ക് അധികാരത്തിന് വേണ്ടിയായിരുന്നു എന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നില്ല. വള്ളത്തോൾ പറഞ്ഞതു പോലെ സൗഹൃദത്തിന്റെ കലങ്ങി മറിയലാണിതെല്ലാം. ഫൊക്കാനയുടെ പിളർപ്പും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലും പ്രതിസന്ധികളിലും മുതിർന്ന നേതാവ് എന്ന നിലയിൽ നിരവധി ഉപദേശങ്ങൾ സംഘടനയ്ക്ക് നൽകിയതും ഡോ. മാമ്മൻ സി ജേക്കബ് ആയിരുന്നു. ഫൊക്കാനയിലേക്ക് 2018 ൽ തിരികെ സജീവമാകുമ്പോൾ ട്രസ്റ്റി ബോർഡ് ചെയർമാനായി വലിയ ഭൂരിപക്ഷത്തിലാണ് കടന്നു വന്നത്. അദ്ദേഹത്തിന്റെ ജനകീയതയുടെ വിജയം കൂടിയായിരുന്നു ഈ തിരിച്ചു വരവ്. 2022 ൽ ഇലക്ഷൻ കമ്മീഷൻ ചെയർമാനായിരുന്നു. കോവിഡ് സാഹചര്യം നിലനിന്നിരുന്ന സമയത്ത് ഇലക്ഷൻ ഭംഗിയായും, ചിട്ടയോടെയും നടപ്പിലാക്കുവാൻ സാധിച്ചിരുന്നു.

ഫൊക്കാന കേരളാ കൺവൻഷൻ ചെയർമാൻ
2022 – 2024 ഫൊക്കാന നാഷണൽ കൺവൻഷൻ വാഷിംഗ്ടണിൽ നടക്കുമ്പോൾ അമേരിക്കൻ മലയാളികൾ വലിയ പ്രതീക്ഷയോടെയാണ് ഫൊക്കാനയെ കാണുന്നത്. ഡോ. ബാബു സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. കേരളാ കൺവൻഷൻ മാർച്ച് അവസാനം ഏപ്രിൽ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമ്പോൾ കേരളാ കൺവൻഷൻ ചെയർമാനായി പ്രവർത്തിക്കുകയാണ് ഡോ. മാമ്മൻ സി ജേക്കബ് . അദ്ദേഹത്തിന്റെ അൻപത് വർഷത്തെ സംഘടനാ പ്രവർത്തന പാരമ്പര്യത്തിന്റെ വിലയിരുത്തൽ കൂടിയാവും ഫൊക്കാന കേരളാ കൺവൻഷൻ. സുവർണ്ണ ലിപികളിൽ എഴുതി ചേർത്ത റോച്ചസ്റ്റർ കൺവൻഷന്റെ അമരക്കാരന് സംഘാടനമെന്നത് ഈശ്വര നിയോഗവും, പ്രവർത്തനത്തിലെ നന്മയും കൂടിയാണ്. ഏത് വിമർശനങ്ങൾക്ക് മുമ്പിലും പതറാതെ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവും ഉത്തരവാദിത്വവും പ്രത്യേകം എടുത്തു പറയേണ്ടതാണ്, അതുകൊണ്ട് അദ്ദേഹത്തെ ഫൊക്കാനയുടെ ജനകീയ നേതാവായി പരിഗണിക്കാം.

സ്നേഹം, കരുതൽ
ജീവകാരുണ്യ പ്രവർത്തനങ്ങൾ
രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് വളരെ ചെറുപ്പകാലം തന്നെ കടന്നുവന്നപ്പോൾ മനസ്സിൽ ഒന്നുറച്ചിരുന്നു ” നന്മയോടെ പ്രവർത്തിക്കുക, സഹജീവികളെ കരുതുക, ആരോടും പിണങ്ങാതിരിക്കുക, പുഞ്ചിരിക്കുന്ന മുഖത്തോടെ ഏത് പ്രശ്നങ്ങളേയും നേരിടുക ” . ഈ ചിന്തയാണ് എപ്പോഴും മനസ്സിൽ . തന്റെ മുൻപിൽ സഹായാഭ്യർത്ഥനയുമായി വരുന്ന ഏതൊരു മനുഷ്യരേയും അദ്ദേഹം നിറഞ്ഞ മനസ്സുമായിട്ടാണ് യാത്രയാക്കുന്നത്. ഇപ്പോഴും അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ മദ്രാസിലും , അമേരിക്കയിലുമായി നടത്തിയ ദൈവ ശാസ്ത്ര പഠനത്തിന്റെ പൊരുൾ യഥാർത്ഥത്തിൽ ഇതൊക്കെത്തന്നെയായിരുന്നു എന്ന് ഡോ. മാമ്മൻ സി. ജേക്കബ് തിരിച്ചറിയുന്നു.

കുടുംബം ;
വിജയത്തിന്റെ ഊടും പാവും
ഏതൊരു വ്യക്തിയുടേയും വിജയത്തിനു പിന്നിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരുടെ കരുതലുണ്ടാകും. ഡോ.മാമ്മൻ സി ജേക്കബിന്റെ കാര്യത്തിലും മറിച്ചല്ല. മാതാപിതാക്കളുടെയും , സഹോദരങ്ങളുടേയും ചേർത്തു നിർത്തലിനൊപ്പം ജീവിതത്തെ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഭാര്യ മേരിക്കുട്ടി ജേക്കബ് (റിട്ടയേർഡ് നേഴ്സ്), മകൾ ബീന ജേക്കബ് ( ഫിസിഷ്യൻ അസിസ്റ്റന്റ് ) ഭർത്താവ് ബ്രട്ട് ഗ്രേഡി ,കൊച്ചു മകൻ നിക്കോളാസ് (വിദ്യാർത്ഥി), മകൻ മാത്യു ജേക്കബ് (ഫിലിപ്പ്സ് കമ്പനി ഉദ്യോഗസ്ഥൻ), ഭാര്യ ജോസ് ലിൻ ജേക്കബ് (ഫാർമസിസ്റ്റ് ) കൊച്ചു മകൾ ഇസബെല്ല , മകൻ ബ്ലസി ജേക്കബ് (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ),കൊച്ചു മകൾ സായ ജേക്കബ് എന്നിവരുടെ പിന്തുണ ഈ വിജയങ്ങൾക്ക് പിന്നിലുണ്ട്. ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും നാം തിരികെയെത്തേണ്ടത് വീട്ടിലേക്കാണ്. കാരണം കുടുംബം എന്ന വാക്കിന് പവിത്രത എന്നും കൂടി അർത്ഥമുണ്ടെന്ന് ഡോ. മാമ്മൻ സി ജേക്കബ് വിശ്വസിക്കുന്നു.

അതെ, ഡോ.മാമ്മൻ സി ജേക്കബ് പിന്നിട്ട കാലങ്ങൾ പുതുതലമുറയ്ക്ക് വഴിത്താരകളാണ്. നേരിന്റെയും, നന്മയുടേയും, വിട്ടുവീഴ്ച്ചയുടെയും കാലങ്ങളെ കൃത്യമായി അടുക്കിപ്പെറുക്കി നമുക്ക് മുൻപിൽ അദ്ദേഹം വെച്ചു നീട്ടുമ്പോൾ ഒട്ടും സങ്കോചമില്ലാതെ ആ കൈകളിൽ പുതുതലുറയ്ക്ക് അഭിമാനത്തോടെ കൈ കോർക്കാം. കാരണം ഈ മനുഷ്യൻ കാലത്തിന്റെ മുഖം കൂടിയാണ്. വളരാൻ , ചിന്തിക്കാൻ, പ്രവർത്തിക്കാൻ ഈ പ്രായത്തിലും ഒപ്പം കൂടാൻ സദാ സന്നദ്ധനായ ഹൃദയ ശുദ്ധിയുള്ള ഒരാൾ …
അദ്ദേഹം ഹൃദയശുദ്ധിയോടെ മുന്നേറട്ടെ..
നമുക്ക് അദ്ദേഹത്തിനൊപ്പം നടക്കാം..