മോഡേൺ മെഡിസിനെ വിമർശിച്ച ശ്രീനിവാസൻ ആശുപതി വിടുമ്പോൾ (ഡോ.മനോജ് വെള്ളനാട് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 April 2022

മോഡേൺ മെഡിസിനെ വിമർശിച്ച ശ്രീനിവാസൻ ആശുപതി വിടുമ്പോൾ (ഡോ.മനോജ് വെള്ളനാട് )

രിക്കൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് കുടലിൽ കാൻസറുണ്ടെന്ന് കണ്ടെത്തി. ആദ്യം കണ്ട ഡോക്ടർ അയാളെ വിദഗ്ദ ചികിത്സയ്ക്കായി റെഫർ ചെയ്തു. രോഗം കണ്ടെത്തിയതിന്റെ വിഷമത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് ടിവിയിൽ നടൻ ശ്രീനിവാസന്റെ പ്രസംഗം അയാൾ കേൾക്കുന്നത്. കാൻസറിന് ചികിത്സയേയില്ലാന്നും അതു വന്നാൽ പിന്നെ മരണം മാത്രമേയുള്ളു മുന്നിലുള്ള ഏക വഴിയെന്നും ഇത്രയും പ്രസിദ്ധനായ ഒരാൾ പറഞ്ഞാൽ സത്യമാവാതിരിക്കില്ലല്ലോ. രോഗി ചികിത്സ അവിടെ നിർത്തി. കുറച്ചു ആഴ്ചകൾക്കു ശേഷം കുടൽ സ്തംഭനം വന്ന് അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടു വരുമ്പോൾ stage 1 ആയിരുന്ന കാൻസർ stage 3 ആയി കഴിഞ്ഞിരുന്നു.
ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളിൽ കാൻസർ കണ്ടെത്തിയ മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയാളുടെ ഭാര്യ തക്ക സമയത്തിനത് കണ്ടതിനാൽ മാത്രം അയാൾ രക്ഷപെട്ടു. 5 വർഷങ്ങൾക്കിപ്പുറം ഇന്നുമയാൾ സന്തോഷത്തോടെ ജീവിക്കുന്നു, കാൻസറിന്റെ ചികിത്സ കൃത്യമായി ചെയ്തതുകൊണ്ടു മാത്രം.
കാൻസർ ചികിത്സയെ മാത്രമല്ല, മോഡേൺ മെഡിസിനിലെ സകല ചികിത്സയെയും എതിർത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസൻ. നല്ല സിനിമാക്കാരാനെന്ന ക്രെഡിബിലിറ്റിയുടെയും പ്രശസ്തിയുടെയും പുറത്ത് എന്തു വിടുവായത്തവും പറയാമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു അവ. പക്ഷെ ഇതൊക്കെ പറയുന്ന അദ്ദേഹം അസുഖം വരുമ്പോൾ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേൺ മെഡിസിൻ ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയും ചെയ്യും. ഞാനതിനെ ഇരട്ടത്താപ്പെന്നൊന്നും വിളിക്കില്ല. ജീവനിൽ കൊതിയുള്ള ഏതൊരാളും അതേ ചെയ്യു. അതേ ചെയ്യാവൂ. അതാണ് ശരിയും. പക്ഷെ, അയാളുടെ പ്രസംഗങ്ങൾ വിശ്വസിച്ച പാവങ്ങൾ ഇതൊന്നും അറിയുന്നില്ലാന്ന് മാത്രം.
മറ്റൊരിക്കൽ അവയവങ്ങൾ മാറ്റി വയ്ക്കുന്നത് കാശിനുവേണ്ടിയാണെന്നും, അങ്ങനെ മാറ്റി വച്ചവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പ്രസംഗിച്ചു. അതുകേട്ട് വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവയ്ക്കപ്പെട്ട ഒരു രോഗി തന്നെ അദ്ദേഹത്തിന് കത്തെഴുതി. തന്നെപ്പോലെയുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം അതിലെഴുതി.
മുകളിൽ ആദ്യം പറഞ്ഞ പോലെ നമ്മളറിയാത്ത, ആരാരും അറിയാത്ത എത്രയെത്ര പേർ ശ്രീനിവാസൻമാരുടെ വിടുവായത്തങ്ങളിൽ പെട്ടുപോയിട്ടുണ്ടാകും. ആർക്കറിയാം..!
മോഡേൺ മെഡിസിനെ ആർക്കും വിമർശിക്കാം. സിനിമാക്കാർക്കോ രാഷ്ട്രീയക്കാർക്കോ സാഹിത്യകാർക്കോ കർഷകർക്കോ ആർക്കു വേണേലും അതു ചെയ്യാം. പക്ഷെ, അത് വസ്തുതാപരമായിരിക്കണം, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം, അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാനോ പാനിക്കാക്കാനോ ചികിത്സ തേടാത്തവിധം നിസഹായരാക്കാൻ ഉദ്ദേശിച്ചും ആവരുത്. ചുരുക്കിപ്പറഞ്ഞാൽ ആ വിമർശനം ഭാവനാ സൃഷ്ടി ആവരുത്. അവിടെയാണ് ശ്രീനിവാസൻ വിമർശിക്കുന്നപ്പെടുന്നത്.
ഏതായാലും അദ്ദേഹത്തിന്റെ വാക്കുകേട്ട് മോഡേൺ മെഡിസിൻ മരുന്നുകൾ കടലിലെറിയാത്തതിനാൽ ഇപ്രാവശ്യവും രോഗം മൂർച്ഛിച്ചപ്പോൾ നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിച്ചു. സുഖം പ്രാപിച്ച അദ്ദേഹം ഇന്ന് ആശുപത്രിയും വിട്ടു. തീർച്ചയായും സന്തോഷകരമായ വാർത്ത.
അദ്ദേഹത്തിന് ദീർഘായുസുണ്ടാവട്ടെ. വേഗം സിനിമയിൽ സജീവമായി നമ്മളെയൊക്കെ രസിപ്പിക്കട്ടെ എന്നും ആശംസിക്കുന്നു.

ഡോ.മനോജ് വെള്ളനാട്