വൈദ്യുതക്കമ്പിയിൽ ഉടൽ മുട്ടിച്ചൊരു
പക്ഷി ജീവനൊടുക്കി.
ആത്മഹത്യയെന്നോ
അസ്വഭാവിക മരണമെന്നോ
അതിനെ വ്യാഖ്യാനിക്കാം.
പക്ഷേ മുറിച്ചു മാറ്റപ്പെട്ട
മരച്ചില്ലകൾക്കിടയിൽ ആരാലും
ശ്രദ്ധിക്കപ്പെടാതൊരു കൂടുണ്ടായിരുന്നു.
വിരിയാൻ തുടങ്ങുന്ന
മുട്ടകളതിനുള്ളിൽ പൊട്ടിപ്പോയിരുന്നു.
കൂട്ടം കൂടി ചിലച്ച കുറെ പക്ഷികൾ
അനുശോചനപ്രമേയം
അവതരിപ്പിച്ചു..
അവയ്ക്ക് വ്യവസ്ഥാപിത
ഭരണകൂടങ്ങളില്ലായിരുന്നു
നിയമസംഹിതകളില്ലാ യിരുന്നു..
അവർക്കാരും നഷ്ടപരിഹാരം വിധിച്ചില്ല..
ചില്ലകൾ നഷ്ടമായ മരങ്ങൾ
മൂകസാക്ഷികളായി.
പഴുത്തിലകളായി പൊഴിയാൻ
ഇനിയൊരിക്കലുമതിൽ
പച്ചിലകൾ ജനിക്കില്ല..
പൂക്കളുടെ കടുംനിറങ്ങളിൽ
ഇനിയൊരിക്കലുമവ വർണ്ണക്കുടകളാവില്ല..
അവസാനത്തെ പൂവും
വാഹനവ്യൂഹത്തിനടിയിൽ
ചതഞ്ഞരഞ്ഞു പോയിരിക്കുന്നു…
എത്രയോ സംവത്സരങ്ങളിൽ
ഞാനറിയാതവയെനിക്കു കുട ചൂടിയിരുന്നു…
പാതിജീവനിലവയുടെ
കബന്ധങ്ങൾ
കാത്തിരിക്കുന്നത്
അവസാനശ്വാസത്തിന്റെ
നിമിഷങ്ങളാണ്.
വെട്ടിനുറുക്കിയ
മൃതദേഹങ്ങളായവ
യാത്രയാകുമ്പോൾ
ഉച്ചസൂര്യനെന്നെ ചുട്ടുപൊള്ളിക്കുന്നുണ്ട്..
കവിളിലെ സ്വേദകണങ്ങൾക്കിടയിൽ
കണ്ണീർകണങ്ങൾ സമ്മതം ചോദിക്കാതെ
ചിത്രം രചിക്കുന്നുണ്ട്…
അപ്പോഴും വികസനപാതകൾ
ഓടിത്തീർക്കാനെത്തുന്ന ശീതീകരിച്ച
ശകടങ്ങളെ ഞാൻ സ്വപ്നം കാണും.
തിരക്കിന്റെ വിമ്മിഷ്ടത്തിൽ നിന്ന്
വിശാലതയുടെ ആശ്വാസത്തെ
പ്രതീക്ഷിക്കുന്ന ഒരു സാധാരണ
മനുഷ്യൻ ഇതിനുമപ്പുറം എന്താഗ്രഹിക്കാനാണ്?
