പുസ്തകങ്ങളെ സ്നേഹിക്കാൻപഠിക്കണം (ഡോ.എസ്.രമ)

sponsored advertisements

sponsored advertisements

sponsored advertisements

18 June 2022

പുസ്തകങ്ങളെ സ്നേഹിക്കാൻപഠിക്കണം (ഡോ.എസ്.രമ)

ഡോ.എസ്.രമ
എന്താണ് വായന? സമൂഹത്തിൽ വായനയുടെ പ്രസക്തി എന്താണ്? ചില അഭിപ്രായങ്ങളും ആശങ്കകളും ഇവിടെ പങ്കു വയ്ക്കുന്നു.
എഴുത്തും വായനയും സമൂഹത്തിന്റെ സംസ്കാരത്തിന്റെയും തിരിച്ചറിവിന്റെയും ഭാഗമാണ്. എഴുത്തിനെ ചിന്തയുടെയും അറിവിന്റെ യും സമ്മിശ്ര പ്രതിഫലനമെന്ന് പറയാം.ബുദ്ധിയും അനുഭവങ്ങളും അതിൽ ചേരുന്നുണ്ട്. രചനകൾ വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്തയിലും കാഴ്ചപ്പാടിലും ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴാണ് വായന പ്രസക്തമാകുന്നത്.ആയതിനാൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന മികച്ച രചനകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്.അറിവിന്‌ പുസ്തകങ്ങളെ മാത്രം ആശ്രയിച്ചിരുന്ന പഴയ കാലത്ത്, കൃത്യമായി പറഞ്ഞാൽ ഡിജിറ്റൽ സംസ്കാരം നിലവിൽ വരുന്നതിനു മുൻപ്, വായനശാലകളും സാംസ്കാരിക നിലയങ്ങളും ജന ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. വായനശാലകളിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കാത്ത ആരുംതന്നെ കഴിഞ്ഞ തലമുറയിൽ ഉണ്ടാകില്ല. എഴുത്തുകാരെയും പുസ്തകങ്ങളെയും കുറിച്ചുള്ള സജീവ ചർച്ചകളും അക്കാലത്തുണ്ടായിരുന്നു. അന്ന് ദിനപത്രങ്ങൾക്കും മാസികകൾക്കും വാരികകൾക്കും വേണ്ടി നമ്മൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്.

വിവരസാങ്കേതികരംഗത്ത് വന്ന കുതിച്ചുചാട്ടം മറ്റെല്ലാ മേഖലകളെയും പോലെ സാഹിത്യലോകത്തും മാറ്റങ്ങൾ വരുത്തി. ദൃശ്യമാധ്യമങ്ങളെ ഹൃദയത്തിലേറ്റിയ സമൂഹമിന്ന് വിരൽ തുമ്പത്തെത്തുന്ന അറിവും ഓൺലൈൻ വായനയും ഇഷ്ടപ്പെടുന്നു.അതിന്റെ ഫലമായി പഴയകാല പ്രസിദ്ധീകരണങ്ങളായ മംഗളം,മനോരാജ്യം, കുങ്കുമം എന്നിവയൊക്കെ വായന ലോകത്തുനിന്നും അപ്രത്യക്ഷമായിരിക്കുന്നു മൊബൈലിൽ ഗൂഗിളെന്ന സർവ്വവിജ്ഞാന കോശം ഉള്ളപ്പോൾ പുസ്തകം വായിക്കാനാരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നവമാധ്യമങ്ങളുടെ കടന്നു വരവും വായനാലോകത്ത് മാറ്റങ്ങൾ വരുത്തി.സമൂഹം നവമാധ്യമങ്ങളിൽ അഭിരമിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ എഴുത്തുകാരും ഗായകരും നവമാധ്യമങ്ങൾ വഴി കഴിവ് തെളിയിച്ചു രംഗത്തുവന്നിട്ടുണ്ട്.
പുസ്തകവായനയെക്കാൾ കൂടുതൽ ദൃശ്യമാധ്യമങ്ങളെ ഇഷ്ടപ്പെടുന്ന പുതിയ തലമുറ വളർന്നു വരുമ്പോൾ പുസ്തകങ്ങൾ വായിക്കപ്പെടാതെ പോകുമോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ആ മാറ്റങ്ങൾ മനസ്സിലാക്കാൻ റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും ഇന്നത്തെ കാഴ്ചകളെ കുറച്ചു കാലം മുൻപുള്ളതുമായി താരതമ്യംചെയ്തു നോക്കിയാൽ മതി .പുസ്തകങ്ങളും മാസികകളും വിൽക്കുന്ന കടകളും പുസ്തക കച്ചവടക്കാരും അന്ന് സജീവമായിരുന്നു. ട്രെയിൻ യാത്രയ്ക്കിടയിൽ മാസികകളും പേപ്പറുമായി എത്തുന്നവർ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിചയക്കാരെ പോലും തിരിച്ചറിയാതെ മുഖം കുനിച്ചു മൊബൈലിൽ പരതുന്നവരെ കാണാം.പണ്ടൊക്കെ മത്സരപരീക്ഷകൾക്കും കലോത്സവ വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഇന്ന് വിജയിയുടെ ചിത്രം ആലേഖനം ചെയ്ത പ്ലാസ്റ്റിക് ഫലകങ്ങൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. എന്ത് കൊണ്ട് പുസ്തകങ്ങൾ സമ്മാനം നൽകുന്നതിനെ പറ്റി ചിന്തിച്ചു കൂടാ? വായനയെ പ്രോത്സാഹിപ്പിക്കുമെന്നു മാത്രമല്ല, പരിസ്ഥിതി സൗഹാർദ്ദപരം കൂടിയാണത്.

കാലം മാറ്റങ്ങൾക്ക് വിധേയമാണ്. കോവിഡെന്ന മഹാമാരിയെ ചെറുത്ത്തോൽപ്പിക്കാൻ ഡിജിറ്റൽ സംസ്കാരത്തിന്റെ സാധ്യതകളാണ് നമ്മെ സഹായിച്ചതെന്നുള്ളത് വിസ്മരിക്കാനാവില്ല.കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടിയുള്ള ത്വര മനുഷ്യനെന്നുമുണ്ട്.ആ മാറ്റങ്ങളെ ഉൾക്കൊണ്ടു തന്നെ മാനവികതയിൽ അത് വരുത്തുന്ന മാറ്റങ്ങളെ പറ്റിയും ചിന്തിക്കേണ്ടതുണ്ട്. അണു കുടുംബ വ്യവസ്ഥിതി നിലനിൽക്കുന്ന ഇക്കാലത്ത് വളർന്നു വരുന്ന തലമുറയെ ഓർക്കേണ്ടതുണ്ട്. കീ ബോർഡുകളിൽ പരതി യാന്ത്രികതയിൽ അഭിരമിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം എന്നവർ പറയാതെ പറയുന്നുണ്ട്.സാഹിത്യകൃതികളെയും പുരാണേതിഹാസങ്ങളെയും കുറിച്ച് അവർക്ക് എത്രമാത്രം അവബോധം ഉണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. വായനശാലകൾ പോലുള്ള പ്രസ്ഥാനങ്ങൾ വഴി പുതിയ തലമുറയെ പുസ്തക വായനയിലേക്ക് കൊണ്ടുവരാൻ കഴിയണം.ബാലവേദിയിൽ അംഗങ്ങളായവർ തിരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കണം. മാസത്തിലൊരിക്കൽ ഒത്തുകൂടി പുസ്തക ചർച്ചകൾ സജീവമാക്കി വായിച്ച പുസ്തകങ്ങളെ പറ്റി അഭിപ്രായക്കുറിപ്പുകൾ എഴുതണം.മുതിർന്നവർ അതിന് പ്രോത്സാഹനം നൽകുകയും വേണം. ബാല്യത്തിൽ മനസ്സിൽ കടന്നു കൂടുന്ന കാര്യങ്ങൾ അത്രപെട്ടെന്നൊന്നും മനസ്സിൽ നിന്നും മാഞ്ഞു പോവില്ലെന്ന് നമുക്ക് അറിയാം.നല്ല പുസ്തകങ്ങൾ വായിച്ച് അറിവിലൂടവർ വളരണം പ്രബുദ്ധരാകണം. ഇന്റർനെറ്റ് യാന്ത്രികതയിലും പുസ്തകങ്ങളെ സ്നേഹിക്കാനവർ പഠിക്കണം.നല്ല ചിന്തകളും കാഴ്ചപ്പാടുകളുമുള്ള ജനതയെ സൃഷ്ടിക്കാൻ വായന കൊണ്ട് കഴിയട്ടെ.. വായനാദിനാശംസകൾ