പ്രാർത്ഥന എന്നാൽ അവൻ വിശ്വസിക്കുന്ന ഒന്നിനോടുള്ള അവന്റെ സ്വകാര്യ വിനിമയങ്ങളാകുന്നു (ഡോ.സതീഷ് കുമാർ)

sponsored advertisements

sponsored advertisements

sponsored advertisements

12 March 2023

പ്രാർത്ഥന എന്നാൽ അവൻ വിശ്വസിക്കുന്ന ഒന്നിനോടുള്ള അവന്റെ സ്വകാര്യ വിനിമയങ്ങളാകുന്നു (ഡോ.സതീഷ് കുമാർ)

ഡോ.സതീഷ് കുമാർ

‘ഈശ്വരാ ഭഗവാനേ..
കല്ലട മുത്ത്യമ്മേ കാത്തു രക്ഷിക്കണേ ..’
ഇതായിരുന്നു കുട്ടിക്കാലത്ത്‌ അമ്മ ഞങ്ങൾക്ക്‌ പറഞ്ഞ്‌ തന്നിരുന്ന പ്രാർത്ഥന..
കിടക്കപ്പായയിൽ നിന്ന് ഉണർന്ന് വരുമ്പോൾ നിത്യവും നിശ്ചയമായും ഈ പ്രാർത്ഥന നിർബന്ധമായിരുന്നു..
എത്രയോ വർഷങ്ങൾ ആ പ്രാർത്ഥന ഒരു ശീലമായി നിലനിന്നു പോന്നു എന്നിൽ ..
അതിനപ്പുറം ഞാൻ അധികം പ്രാർത്ഥിച്ചതായി എനിക്ക്‌ ഓർമ്മയില്ല
നാം ആരാധിക്കുന്ന ഒന്നിനോടുള്ള അഭ്യർത്ഥനകൾ എന്ന അർത്ഥത്തിലാണ്‌ കേട്ടോ,
മനസിലുള്ള വിചാരങ്ങളേയും അവനവനോടുള്ള വർത്തമാനങ്ങളേയും പ്രാർത്ഥനയായി കാണാമെങ്കിൽ എന്നോളം പ്രാർത്ഥിച്ചവരുണ്ടാവുമോ എന്നതും സംശയമാണ്‌.
ധന സമ്പന്നമായ ആരാധനാലയങ്ങളുടെ ഹുണ്ടികകളിൽ ഇടുന്ന പണം
വിശക്കുന്ന മനുഷ്യരോടുള്ള അവഹേളനമാണ്‌ എന്ന മാനസിക ഭാവമുള്ള ഒരാളാണ്‌ ഞാൻ..
തീർത്തും ദരിദ്രമായ ചില ഗ്രാമീണക്ഷേത്രങ്ങളിലെ ദരിദ്രനായ ഒരു പൂജാരിയുടെ തട്ടിൽ നിങ്ങളിടുന്ന ചെറിയ ചില്ലറകൾക്ക്‌ ഗുരുവായൂരിലെ സ്വർണ്ണ തുലാഭാരത്തേക്കാൾ പുണ്യമുണ്ട്‌ എന്ന് കരുതുന്ന ഒരാൾ.
നമ്മൾ പറഞ്ഞു വന്നത്‌ പ്രർത്ഥനകളെക്കുറിച്ചാണ്‌
അവനവന്‌ നന്മവരണമേ എന്ന് അൽപം സ്വാർത്ഥം കലർന്നേക്കാമെങ്കിലും അപരന്‌ സർവ്വനാശം നൽകണേ എന്ന ഒരു ആറ്റ്യറ്റ്യൂഡ്‌ പൊതുവേ കുറവാണ്‌ ദൈവത്തോടുള്ള യഥാർത്ഥ പ്രാർത്ഥനകളിൽ .
എന്നെ അല്ലെങ്കിൽ എന്റെ പ്രിയപ്പെട്ട മനുഷ്യരെ വല്ലാതെ ദ്രോഹിച്ച അവനെ നീ ശിക്ഷിക്കാത്തത്‌ എന്ത്‌ എന്റെ ദൈവമേ ..
എന്ന ഒരു സങ്കടം പറച്ചിൽ വരെയാണ്‌ അതിന്റെ പരമാവധി പരിധി.
ശത്രു സംഹാരം എന്നത്‌ ആഭിചാര ക്രിയകളിലെ ഒരു അജണ്ടയാണ്‌
അതിൽ ആക്രമണവും പ്രതിരോധവുമുണ്ട്‌..
അസൂയയും അപരനോടുള്ള ഭയവും മനസിന്റെ അരക്ഷിതത്വവുമാണ്‌ അതിലെ ഇന്ധനം..
എന്റെ നാട്ടിലെ പ്രസിദ്ധമായ ചാത്തൻ സേവാ കേന്ദ്രങ്ങൾ അതിസമ്പന്നമാകുന്നത്‌ അത്തരം മനുഷ്യർ ഭൂമിയിൽ എണ്ണത്തിൽ കുറവില്ല എന്നതിനുള്ള സാക്ഷ്യവുമാണ്‌.
ഭൂമിയിൽ സർവ്വതിനും കാരണക്കരനായവൻ ദൈവമാണെങ്കിൽ അവനിൽ വിശ്വസിക്കാത്ത അവിശ്വാസികളും അവന്റെ സൃഷ്‌ടിയാണ്‌ അല്ലേ?
വിശ്വാസികളിലൊരുവൻ റെക്കമന്റ്‌ ചെയ്യുമ്പോൾ പിന്നീട്‌ സംഹരിക്കാൻ വേണ്ടി അവൻ സൃഷ്ടിക്കുന്നതാവും അവിശ്വാസിയെ എന്ന് കരുതണോ?
പിന്നെയും പിന്നെയും നിരന്തരം പീഡിപ്പിച്ചുകൊണ്ട്‌ വിശ്വാസിയെ ഭയപ്പെടുത്തി ഉറപ്പിച്ച്‌‌ നിർത്താൻ വേണ്ടിയാവുമോ അവൻ അവിശ്വാസികളെ സൃഷ്ടിച്ചു വിട്ടത്‌?
തനിക്ക്‌ ഇഷ്ടമില്ലാത്തവനെ സൃഷ്ടിക്കാനും സംഹരിക്കാനും ദൈവം ശക്തനാണ്‌ എന്നിരിക്കെ
മറ്റൊരുവന്റെ പ്രാർത്ഥനയെന്ന പാരിതോഷികം പറ്റി ഒരുവനെ ഇല്ലായ്മ ചെയ്യാൻ മാത്രം തരം താണുപോയിട്ടുണ്ട്‌ നിങ്ങളുടെ ദൈവം എന്ന് നിങൾ വിശ്വസിക്കുന്നു എന്നത്‌ ആ സങ്കൽപ്പത്തിന്‌ അപമാനകരമല്ലേ?
ഞാൻ അപേക്ഷിക്കാതെ അവന്‌ ചെയ്യാനറിയില്ല എന്ന് വിശ്വസിക്കുന്ന ഒരുവനോളം ദൈവത്തെ അവിശ്വസിക്കുന്ന മറ്റൊരാളുണ്ടാവുമോ?
പ്രാർത്ഥനകളിൽ നിന്നെങ്കിലും വിദ്വേഷങ്ങളെ മാറ്റിനിർത്താനുള്ള വിവേകം നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങൾക്ക്‌ നൽകട്ടെ എന്നതാണ്‌ എന്റെ പ്രാർത്ഥന.
പ്രാർത്ഥന എന്നാൽ നിങ്ങൾ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒന്നിനോടൊപ്പമുള്ള വിനീതമായ ഒരു ഒപ്പം നടക്കലാണ്‌
നിന്റെ എല്ലാ രഹസ്യങ്ങളും പോരായ്മകളുമറിയുന്ന നിന്റെ തന്നെ സങ്കൽപസൃഷ്ടിയായ ഒരുവനോടൊപ്പമുള്ള ഒരു യാത്ര.
നിന്നെ സംബന്ധിച്ചുള്ളതെല്ലാം അവന്റെ മുന്നിൽ തുറന്നു വെക്കുന്ന നിശബ്ദമോ ശബ്ദമുള്ളതോ ആയ ഒരു വർത്തമാനമാണ്‌ അത്‌
നിന്നെ മഥിക്കുന്ന എല്ലാ കാലുഷ്യങ്ങളുമൊഴിഞ്ഞ്‌
ശുദ്ധവും ശാന്തവുമാവുക എന്നതാണ്‌ അതിന്റെ ആത്യന്തിക ലക്ഷ്യം.
എന്റെ ഈ വിധമുള്ള ഇംഗിതങ്ങളെ നീ നടത്തിത്തരിക എന്ന നിർദ്ദേശമല്ല
മറിച്ച്‌
എല്ലാമറിയുന്ന നിന്റെ ഇംഗിതങ്ങളെ ഞാൻ സ്വീകരിക്കുന്നു എന്ന
വിനീതമായ ഒരു വിധേയപ്പെടലാണ്‌ വിശ്വാസം.
എഴുതാൻ കാരണമായത്‌ നിങ്ങൾ ഇതിനകം ഊഹിച്ചുകഴിഞ്ഞ ആ സംഭവമാണ്‌ എങ്കിലും എഴുതിയത്‌ എല്ലാവർക്കും വേണ്ടിയാണ്‌.
വിശ്വാസം എന്നത്‌ ഒരു പ്രഖ്യാപനമല്ല
അത്‌ ഒരു പ്രവർത്തിയോ അനുഭവമോ ആണ്‌,
മനുഷ്യനും മനുഷ്യനും തമ്മിലായാലും, മനുഷ്യനും ദൈവവും തമ്മിലായാലും അത്‌ അങ്ങനെ തന്നെയാണ്‌.
പ്രാർത്ഥന എന്നാൽ അവൻ വിശ്വസിക്കുന്ന ഒന്നിനോടുള്ള അവന്റെ സ്വകാര്യ വിനിമയങ്ങളാകുന്നു.
ഭൂമിയിലെ ഏറ്റവും പരിശുദ്ധവും ഏകാഗ്രവുമവേണ്ട സൗമ്യ വിനിമയങ്ങൾ..
വൈരാഗ്യങ്ങൾക്കും വിദ്വേഷങ്ങൾക്കും പ്രവേശനമില്ലാത്ത അതിവിശുദ്ധ നിമിഷങ്ങളാകുന്നു അവ.

ഡോ.സതീഷ് കുമാർ