ഡോ.വീനസ്
അച്ഛനാം വൻ സത്യത്തിൻ കയ്യും പിടിച്ചു ഞാനീ
ജീവിതപ്പാലത്തിലൂടക്കരെ കടക്കട്ടെ,
ഇടയ്ക്കു മുറുക്കിയും, പിടിയയച്ചുമെന്നെ
വീഴാതെ കാത്തീടുന്ന മനസ്സിൻസുരക്ഷയിൽ.
എന്നിളം വിരലുകൾ കൈവിരലിൽ കൊരുത്തു
നടന്ന പ്രായം തൊട്ടു ,ഇന്നീ നാൾവരേയ്ക്കുമായ്
നിഴലുപോലെയെന്നും, അദൃശ്യ ശക്തിയായി
പകലിരവുകളിൽ എന്നുമെൻ കൂടെയുണ്ട്.
തളരാതിരിക്കുവാൻ ഊർജ്ജത്തിൻ സ്റോതസ്സുപോൽ
മുഴങ്ങുന്നുണ്ടെൻ കർണ്ണത്തിൽ ഗാംഭീര്യമാർന്ന സ്വരം,
‘ചാഞ്ഞിരുന്നോളു ,എൻ്റെ ചുമലിൽ ക്ഷീണം മാറും
വരേയ്ക്കെ”ന്നലിവോടെ ചൊല്ലിടും വാത്സല്യവും.
അക്ഷരസാഗരത്തിൻ തീരത്തു കൊണ്ടുനിർത്തി
മുത്തും ചിപ്പിയുമെൻ്റെ കൺകളിൽ കാണിച്ചതും,
സ്നേഹത്തിൻ നിധികുംഭം നെഞ്ചിന്നകത്തു വച്ചി-
ട്ടെല്ലാർക്കും പകർന്നിടാം എന്നതിൻ ദൃഷ്ടാന്തമായ്
അനുഭവത്തിൻ ചില്ലുജാലകം തുറന്നിട്ടു
പറയാമൊഴികളാൽ എന്നെയുണർത്തിയതും,
അച്ഛനാം പദത്തിൻ്റെ വിപുലമാമർത്ഥങ്ങൾ
സ്വന്തം ചെയ്തികളാൽ
രേഖപ്പെടുത്തിയതും
തെളിയുന്നെന്നോർമ്മയിൽ,
കണ്ണുകളീറനാക്കി,
നമിച്ചിടട്ടെ ഞാനാ പാദാരവിന്ദങ്ങളിൽ .
