ദില്ലി: ദ്രൗപതി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി.സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഈ വേളയിൽ രാജ്യത്തിന്റെ പരമോന്നത പദത്തിലേക്ക് അരിക് വത്ക്കരിക്കപ്പെട്ടവരിൽ നിന്ന് ഒരു വനിത എത്തുന്നു എന്ന ചരിത്രം. രാജ്യത്തെ ആദ്യ ഗോത്രവർഗ വനിത രാഷ്ട്രതി എന്ന ചരിത്രനിയോഗം.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴില്‍ ഗ്രാമത്തലവന്മാരായിരുന്നു.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്കൂള്‍ അധ്യാപകനായാണ് മുര്‍മു തുടങ്ങിയത്. റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.
ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രൗപതി മുർമുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി ദ്രൗപതി മുർമുവിന്റെ ദില്ലിയിലെ വീട്ടില്‍ നേരിട്ടെത്തി അവരെ അഭിനന്ദിച്ചു. ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും എംഎൽഎമാർക്കും കക്ഷി രാഷ്ട്രീയത്തിനപ്പുറം നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അര്‍പ്പിച്ചു.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു.