ഇഫ്തിക്കർ അഹമ്മദ്.ബി
കന്യാകുമാരിയിൽ തുടങ്ങി, ഒരു രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൂടെ, 75 ജില്ലകളിലായി വിതാനിക്കപ്പെട്ട രാജവീഥികളിലൂടെ, 4080 കിലോമീറ്റർ നീളത്തിൽ, 135 ദിവസങ്ങൾ നീണ്ട നടത്തം പൂർത്തിയാക്കി കശ്മീർ ലാൽ ചൗക്കിലെ മഞ്ഞുവീഴ്ച പോലും വകവെക്കാതെ ഒരു മനുഷ്യൻ പ്രായത്തിന്റെ യൗവനത്തിൽ നിന്ന് പക്വതയുടെ താടിവളർന്ന രൂപത്തിലേക്കും ഭാവത്തിലേക്കും സ്ഫുടം ചെയ്തെടുക്കപ്പെട്ട്, പുഞ്ചിരി മായാത്ത മുഖത്ത് നിന്ന് പ്രസരിപ്പിക്കുന്ന സൗകുമാര്യതയുടെ അടയാളപ്പെടുത്തലുകളോ?
വഴിയിലുപേക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഊളിയിട്ടു പോകും എന്ന നിരന്തര പരിഹാസത്തിനെതിരെ നടത്താതെ പോയ പ്രതികരണ ശേഷി ഇല്ലായ്മയോ?
കണ്ടെയ്നറുകളിൽ അന്തിയുറങ്ങുന്നതൊക്കെ വെറും കെട്ടുകാഴ്ചകളുടെ കണ്ണഞ്ചിക്കുന്ന ആഘോഷ രാവുകൾക്കായുള്ള ഒരുക്കങ്ങളാണെന്ന് പറഞ്ഞ് നവമാധ്യമ സാധ്യതകളിലൂടെ അപമാനം ചൊരിഞ്ഞവരോട് അരുത് എന്ന് പറയാൻ അശക്തമായ നാവുകളോ? ചലനമറ്റ് പോയ കൈവിരലുകളോ?
തുളഞ്ഞു കയറുന്ന തണുപ്പിൽ ടീഷർട്ട് ധരിച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെന്ന് പറഞ്ഞ് ചിത്രസഹിതം അച്ചുനിരത്തിയപ്പോൾ സ്വദേശാഭിമാനി എന്ന ഉശിരൻ മാതൃകയെ അപമാനിച്ച മാധ്യമപ്പടയോട് മാനിഷാദ എന്ന് പറയാൻ കെൽപ്പില്ലാത്ത പോയ, ആത്മനിന്ദയ്ക്ക് പോലും അവകാശമില്ലാത്ത സ്വന്തം വ്യക്തിത്വത്തോടോ?
ഇതല്ല പ്രായോഗിക രാഷ്ട്രീയം, അത് കള്ളക്കളികളുടെയും കുതികാൽ വെട്ടലുകളുടെയും കുടിലതന്ത്രങ്ങളാണെന്ന് ആവർത്തിച്ച് കൊണ്ട്, ചേർത്ത് പിടിച്ച ആബാല വൃദ്ധം മനുഷ്യരെയും പുച്ഛത്തോടെ നോക്കിക്കണ്ടവരോട്, രാഷ്ട്രീയം സാധ്യതകളുടെ കല മാത്രമല്ല, അരികുവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളെ നിസ്വാർത്ഥമായി ചേർത്തുപിടിക്കൽ കൂടിയാണെന്ന് ഓർമ്മിപ്പിക്കാൻ പോലും ശക്തിയില്ലാതെ പോയ നപുംസകതയോ?
ഈ മനുഷ്യനെ നമ്മുടെ രാജ്യം അർഹിക്കുന്നില്ല.
എന്നാലും ഇയാൾ നമ്മുടെ ജീവിത വഴികളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കും. കാരണം ഇയാൾക്ക് അങ്ങിനെ മാത്രമേ ജീവിച്ചു തീർക്കാനാവൂ..
കേൾക്കാനും പറയാനും, അസഹനീയമാം വിധം വെറുപ്പും ദേഷ്യവും ഉണ്ടാക്കുന്ന പത്രലേഖകരുടെ ചോദ്യങ്ങളോട് എന്നും പുഞ്ചിരിയോടെ മറുപടി നൽകാനും മാത്രമേ ഇയാൾക്കറിയൂ. വാക്കുകൾ അടർത്തി വാർത്തയാക്കുമ്പോൾ അത് കണ്ടിട്ട് രോഷാകുലനാകാതെ ആവശ്യമായ തിരുത്തുകൾ പറയാൻ മടിയേതുമില്ലാതെ നടത്തം തുടരാൻ മാത്രമേ ഇയാൾക്കറിയൂ..
അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കായി പരസ്പരം കടികൂടുകയും, കൂടുവിട്ട് പുതിയ ലാവണങ്ങളിലേക്ക് കിതച്ചോടുകയും ചെയ്യുന്ന കൂട്ടത്തിൽപ്പെട്ട എച്ചിൽതീനികളെ നോക്കിയും ഇയാൾ പുഞ്ചിരിച്ചതേയുള്ളൂ..
ഇയാളുടെ ഉയിർത്തെഴുന്നേൽപ്പ് ഈ രാജ്യത്തിന് ആവശ്യമില്ല എന്ന് വിപ്ലവം മന്ത്രമാക്കി മാറ്റി എന്ന് മൊഴിയുന്നവർക്ക് പറഞ്ഞാശ്വസിക്കാം..
“പ്രിയ സുഹൃത്തെ” എന്ന്, ലോകം കണ്ട ഏറ്റവും ഭീകരനായ സ്വേച്ഛാധിപതിയായ ഹിറ്റ്ലറിനെ അഭിസംബോധന ചെയ്ത ഗാന്ധിജിയെന്ന വലിയ പ്രകാശം കെടുത്തപ്പെട്ട ഈ ഓർമദിനത്തിൽ തന്നെ, താഴ്വരയെ പൊതിഞ്ഞ് ജീവിതം ദുസ്സഹമാക്കുന്ന, നിര്ജീവമാക്കുന്ന മഞ്ഞുകണങ്ങൾക്ക്, പക്ഷെ അസംഭവ്യമെന്ന് പറഞ്ഞ് പരിഹസിച്ച, കല്ലെറിഞ്ഞ, ഈ മണ്ണിലെ ബഹുഭൂരിഭാഗം മനുഷ്യരെ പോലെ ഇയാളെ അവഗണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഇയാളെ നമുക്ക് കല്ലെറിഞ്ഞു കൊണ്ടിരിക്കാം. അതിനിടയിലും മതനിരപേക്ഷതയും ബഹുസ്വരതയും ഒക്കെ കാർക്കിച്ചു തുപ്പാം. നമ്മൾ മാത്രമാണ് ശരി എന്ന് ഉറക്കെ വിളിച്ചു പറയാം.
ഒടുവിൽ മഞ്ഞും മരവുമൊക്കെ ലാൽ ചൗക്കിൽ പെയ്തു കഴിഞ്ഞ്, വെയിലുദിക്കുന്ന ഒരു സുപ്രഭാതം എന്നെങ്കിലും പുലരുമ്പോൾ, ഈ മനുഷ്യൻ നടന്നുതീർത്ത വഴികളിൽ പ്രതീക്ഷകൾക്ക് വഴിയുള്ള വല്ലതും അവശേഷിക്കുന്നുണ്ടാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ചരിത്രം കാത്തിരിക്കുന്നത്.
