
എനിക്ക് ഒരു വധുവിനെ തരുമോ? (കഥ -സൻഷ മിജു)
സൻഷ മിജു
ഒടുക്കം അയാൾ തന്റെ വധുവിനെ കണ്ടെത്തി. അവന്റെ ആണത്തത്തെ ചോദ്യം ചെയ്തിരുന്ന നാവുകൾ അതോടെ നിശ്ശബ്ദമായി. ആട്ടക്കാരന് എവിടെനിന്നാണ് വധുവിനെ കിട്ടിയത്?
അതൊരു കഥയാണ്.
കഥയുടെ കുറച്ചു ഭാഗം മാത്രമേ എനിക്കറിയൂ. കാരണം വധുവിനെ കിട്ടിയതോടെ അയാൾ എന്നിൽ നിന്നും അപ്രത്യക്ഷനായി.
ദൃശ്യൻ ഒരു നാടോടി നൃത്തക്കാരൻ ആയിരുന്നു. അവന്റെ കൂടെ പഠിച്ചിരുന്ന ചകോരിയിൽ നിന്നായിരുന്നു എല്ലാത്തിനും തുടക്കം. ഒരു പുരുഷൻ നൃത്തം അഭ്യസിച്ചാൽ പിന്നീട് സ്ത്രീയായി മാറുമെന്നുള്ള അവളുടെ വാദത്തെ തള്ളിക്കളയാൻ, തന്റെ ജീവിതം കൊണ്ട് അത് തിരുത്തി കാണിക്കാമെന്നുള്ള വെല്ലുവിളിയിൽ അയാൾ നൃത്തം അഭ്യസിച്ചു തുടങ്ങി. നിരവധി സ്റ്റേജുകളിൽ പല വേഷങ്ങളിലുള്ള നൃത്തം അരങ്ങേറി.
ഇപ്പോൾ എന്ത് തോന്നുന്നു എന്നുള്ള ആദ്യ ചോദ്യത്തിൽ തന്നെ അയാൾ നിലം പരിശാ യി.
ഇപ്പോൾ നീ പൂർണ്ണമായും സ്ത്രീയായി മാറിയിരിക്കുന്നു എന്നുള്ള ഉത്തരത്തിൽ അയാൾ നിരാശ്ശനായി.
ഉള്ളിലുള്ള സ്ത്രീ രൂപം മാറ്റി പൂർണമായും പുരുഷനായാൽ താൻ ദൃശ്ശ്യനെ അംഗീകരിക്കുമെന്നുള്ള അവളുടെ പ്രതിജ്ഞയിൽ അയാളുടെ ഉള്ളിലുള്ള പ്രണയ പുരുഷൻ ഉയിർത്തെഴുന്നേറ്റു.
ഞാൻ നിന്നെ പ്രണയിക്കുന്നു ചകോരി എന്നുള്ള അയാളുടെ മൊഴിയിലും, ആംഗ്യ ഭാഷയിലും സ്ത്രൈണതയേറിയത് സത്യത്തിൽ അവളെ സന്തോഷവതിയാക്കി.
ഒരു പെണ്ണിനോട് പ്രണയം തോന്നിയ നിമിഷം മുതൽ ദൃശ്യൻ ആണായിയെന്നു ഞാൻ വിശ്വസിക്കുന്നു. അയാൾക്ക് ചുറ്റുമുള്ള ആൺസമൂഹത്തിന് കളിയാക്കാൻ മാത്രമുള്ള വിരൂപത അവനിൽ ഉണ്ടായിരുന്നില്ല. സ്വന്തം ശരീരത്തിൽ തൃപ്തനായാൽ പിന്നെ എന്തിന് മറ്റുള്ളവരെ ഭയക്കണം?
ദൃശ്യൻ അവനിൽ തന്നെ വിശ്വസിച്ചു. എത്ര മനുഷ്യർ നിന്ന നിലനിൽപ്പിൽ വേഷം മാറി അഭിനയിക്കുന്നു. അവരെക്കാൾ എന്തുകൊണ്ടും യോഗ്യൻ ദൃശ്യൻ തന്നെയായിരുന്നു.
ഏതോ ഒരു നിമിഷത്തിൽ ചകോരിയെ അവൻ ആലിംഗനം ചെയ്തു. അവൾ ദേഷ്യപ്പെട്ടില്ല. മൂത്ത സഹോദരിയിൽ അഭയം പ്രാപിക്കുന്നതായിട്ടാണ് അവൾക്ക് തോന്നിയത്. അവളുടെത് തനിക്ക് അനുകൂല മനോഭാവമാണെന്ന് അവൻ വിചാരിച്ചു. അനാഥയായ ചകോരിക്ക് അവനിൽ വാത്സല്യം തോന്നി. ഒരു പെണ്ണിന്റെ വാത്സല്യവും, പ്രണയവും തിരിച്ചറിയാനാവാത്ത ദൃശ്യനെ എങ്ങനെ കുറ്റപ്പെടുത്തും?
പാതിവഴിയിൽ ഇല്ലാതായ അവളുടെ സഹോദരിയെ ദൃശ്യനിൽ കാണാൻ തുടങ്ങിയ ചകോരിയെ എങ്ങനെ കുറ്റപ്പെടുത്തും?
വിധിയുടെ അച്ചുതണ്ടിൽ പരസ്പരം മനസ്സിലാവാതെ അവർ ചുറ്റിക്കറങ്ങി. പൂർണ്ണമാകാത്ത സഹോദരി സ്നേഹത്തെ സ്വന്തമാക്കാൻ ചകോരി തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്. അവളുടെ വാത്സല്യത്തിന്റെ യഥാർത്ഥ വശം അറിഞ്ഞാൽ അവൻ അകന്നു പോകുമോയെന്നു അവൾ ഭയപ്പെട്ടു.
അവൾക്ക് ദൃശ്യനെ വേണമായിരുന്നു. വേദിയിൽ സ്ത്രീ വേഷം കെട്ടി ആടുന്ന ദൃശ്യനെയായിരുന്നു അവൾക്ക് ഏറെ ഇഷ്ടം.
അവളുടെ പ്രോത്സാഹനത്തിൽ അയാൾ ആടി തകർത്തതും സ്ത്രീ രൂപത്തിലായിരുന്നു. മറ്റുള്ളവർ ചകോരിയെ കുറ്റപ്പെടുത്തി. ഒരു മലവെള്ള പാച്ചിലിൽ ഒഴുകിപ്പോയ അവളുടെ കുടുംബത്തെ, അവളുടെ തീവ്ര ദുഃഖത്തെ
ഏതാനും ദിവസങ്ങൾ മാത്രമേ നമുക്കും പങ്കിടാൻ കഴിഞ്ഞുള്ളൂ. പിന്നീട് അവൾക്ക് തുണയായത് ദൃശ്ശ്യൻ മാത്രമായിരുന്നു.
വിവാഹത്തിലൂടെ ഒന്നാകണമെന്ന് ദൃശ്ശ്യൻ പറഞ്ഞപ്പോഴാണ് ചകോരി സ്വാർത്ഥയായത്.
അതെങ്ങനെ ശരിയാകും എന്നുള്ള അവളുടെ ചോദ്യത്തിൽ അയാൾ ആശയകുഴപ്പത്തിലായി. അവളുടെ അവഗണനയിൽ ദൃശ്ശ്യനെന്ന പുരുഷൻ പൂർണ്ണമായും ഉയിർത്തെഴുന്നേറ്റു. പിന്നീട് ഉണ്ടായത് വാത്സല്യത്തോടെയുള്ള ആലിംഗന മായിരുന്നില്ല. അവനിലുള്ളിലുള്ള പുരുഷത്വത്തെ അടിച്ചമർത്തേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. ഒരു പെണ്ണ് വിചാരിച്ചാൽ അതൊക്കെ നടക്കുമോയെന്ന സംശയം നിങ്ങൾക്കുണ്ടാകാം. ഇവിടെ അത് നടന്നു കഴിഞ്ഞു.
മനസ്സിലേക്കുന്ന ആഘാതമാണ് അവനവന്റെ കൊലയാളി. തന്റെ യഥാർത്ഥ രൂപം ഏതെന്നറിയാതെ അവൻ കോപാകുലനായി. പക്ഷേ ചകോരിയെ തള്ളിക്കളയാൻ അവന് ആകുമായിരുന്നില്ല.
രണ്ടുപേരുടെയും ആവശ്യം വ്യത്യസ്തമായി വന്നാൽ എങ്ങനെ കൂടി ചേരും?
പരിഭവങ്ങൾ ഏറിയപ്പോൾ ജീവിതം ചുരുങ്ങിപ്പോയോ?
അവളെ തൃപ്തിപ്പെടുത്താൻ അവൻ നന്നായി ശ്രമിക്കുന്നുണ്ട്. തൃപ്തി എന്നുള്ളത് ലോകത്തെ ഏതെങ്കിലും സ്ത്രീക്ക് ഉണ്ടോയെന്നത് സംശയമാണ്.
ഈ നാടകം അവസാനിപ്പിക്കേണ്ടത് ചകോരിയുടെ ഉത്തരവാദിത്തമാണ്. അവൾ ഇഷ്ടപ്പെടുന്നത് ദൃശ്യനിലെ സ്ത്രീത്വത്തെയാണ്. അങ്ങനെയൊരു പരിഗണന നിന്നിൽ നിന്നും ഉണ്ടാകുമോയെന്നു അവൾ തുറന്നു ചോദിച്ചു. അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ അങ്ങനെയൊരു വ്യക്തിത്വം ഒളിഞ്ഞിരി പ്പുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞത്. അയാൾ മാത്രമാണ് കെണിയിൽ ചാടിയത്.
ഇനി എന്തിന് ചകോരിയിൽ താൻ അഭയം പ്രാപിക്കണം?
മനസ്സുകൊണ്ട് പുരുഷനായ ദൃശ്യൻ അവന്റെ ഉള്ളിലെ സ്ത്രീത്വത്തെ ആരാധിക്കാൻ തുടങ്ങി. പ്രണയിക്കാൻ തുടങ്ങി. ഇതുവരെയില്ലാത്ത സംതൃപ്തിയാണ് അയാൾ ആസ്വദിച്ചത്.
അസ്തമിക്കാത്ത പ്രണയത്തെ എപ്പോഴെങ്കിലും നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ? എന്നെങ്കിലും അതില്ലാതാകുമോയെന്ന ഭയത്താൽ ഉരുകി ഒലിച്ചിട്ടുണ്ടോ?
വാസ്തവത്തിൽ നമ്മൾ നമ്മളെ തന്നെയല്ലേ കുരുതി കൊടുക്കുന്നത്!
നമുക്ക് നമ്മളിൽ തന്നെ ആകൃഷ്ടരാകാം. മറ്റുള്ളവയുടെ ഭംഗി ആസ്വദിക്കുന്നതിനേക്കാൾ നല്ലത് സ്വയം പ്രണയിക്കുന്നതല്ലേ?
ആദ്യമായിട്ടാണ് ദൃശ്യൻ പുരുഷവേഷം കെട്ടി വേദിയിൽ വന്നത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ ചകോരിയും ഉണ്ടായിരുന്നു.
"എനിക്കൊരു വധുവിനെ തരുമോ?"
വിവാഹ വേഷത്തിൽ വന്ന ദൃശ്യനെ കണ്ട് എല്ലാവരും ഞെട്ടി. അവന്റെ സൗന്ദര്യത്തിൽ വേദി നിശബ്ദമായി. അവന്റെ വധുവിനെ കാണാൻ എല്ലാവർക്കും ആകാംക്ഷയായി.
എനിക്കൊരു വധുവിനെ തരുമോയെന്ന അയാളുടെ ഭാഷയിൽ എല്ലാവരും ഉത്തരം മുട്ടി നിന്നു.
"എനിക്കൊരു വധുവിനെ കിട്ടി "
മെല്ലെ അയാൾ ചുവടുകൾ വച്ചു. ഓരോ ചുവടുകളും അയാളുടെ കദനകഥയിൽ അലിഞ്ഞു പോയി. സങ്കടത്താൽ മുങ്ങിയ വേദിയിലേക്ക് പെട്ടെന്നാണ് ദൃശ്യൻ ഉണർന്നെഴുന്നേറ്റത്.
ഇപ്പോൾ അയാൾ ആരും കൊതിക്കുന്ന വധുവാണ്. എന്റെ കൂടെ വരുന്നുണ്ടോയെന്ന ചോദ്യത്തിൽ വധു നാണിച്ചുപോയി.
"അല്ലയോ സുന്ദരിയെ, ഇത്രയും വശ്യമായ രൂപം നാളിന്ന് വരെ ഞാൻ കണ്ടിട്ടേയില്ല. എന്നിൽ നീ പൂർണ്ണമായും അലിഞ്ഞിരുന്നല്ലേ?"
അല്ലയോ സുന്ദരിയെ, നമ്മൾ ഈ ജന്മത്തിൽ അർദ്ധ നാരീശ്വര രൂപത്തിൽ ജനിച്ചു. ഇതിലും നല്ലൊരു സൃഷ്ടി ഇനി ഉണ്ടാവുമോ?
പുരുഷവേഷം പതിയെ സ്ത്രീയായി മാറി അയാളിലെ സ്ത്രീയുണർന്നു.
" ഞാൻ ജനിച്ചത് തന്നെ നിനക്ക് വേണ്ടിമാത്രം!
നമുക്കിടയിൽ ഇനിയും ചോദ്യങ്ങൾ വേണമോ? "
വധുവായി എത്രനാൾ ചമഞ്ഞിരുന്നു. സൂര്യൻ സാഗരകന്യയിൽ ആഴ്ന്നിറങ്ങും പോലെ നീയും എന്നിലേക്ക് മടങ്ങി വരിക. ഇനിയുള്ള ഉദയാസ്തമയങ്ങൾ നമുക്ക് വേണ്ടി മാത്രമാകട്ടെ!"
വേദിനിറഞയാൾ ആടി. അവൾക്ക് വേണ്ടി മാത്രം! അവനുവേണ്ടി മാത്രം!
ഒന്നുമറിയാത്ത കാണികളെ നമുക്കിനി ഇവിടെ എന്ത് കാര്യം? ഇനിയുള്ള ആട്ടം ആസ്വദിക്കാനോ, ഉൾക്കൊള്ളാനോ നമുക്കാവില്ല. അയാളുടെ അവസാനത്തെ അലർച്ച് കേട്ട് നിൽക്കാൻ നമുക്കാവില്ല. പ്രണയത്തിനായി സ്വയം സമർപ്പിച്ചവൻ. ഇനി അയാൾക്ക് വേദിയോ, കാഴ്ചക്കാരെയോ ആവശ്യമില്ല. വധുവിനെ കിട്ടിയ നിമിഷത്തിൽ അയാളുടെ ആട്ടത്തിന് തിരശ്ശീല വീണു. കുഴഞ്ഞുവീണ ശരീരത്തിന് താങ്ങായി ഒടുക്കം അയാളുടെ വധു മാത്രമേ ഉണ്ടായിരുന്നുള്ളൂ!
സൻഷ മിജു