എൻ്റെ അമ്മ (ഇന്ദു.പി.കെ)

sponsored advertisements

sponsored advertisements

sponsored advertisements

8 March 2023

എൻ്റെ അമ്മ (ഇന്ദു.പി.കെ)

വനിതാദിന രചനകൾ
ഇന്ദു.പി.കെ

“മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താൻ ശ്രമിക്കരുത്… മനുഷ്യരിലെ നന്മകൾ തിരിച്ചറിയണം…. ഈ ജീവിതത്തിൽ എല്ലാം തികഞ്ഞ വ്യക്തികളായി ആരും തന്നെ ഇല്ല… ആദ്യം സ്വയം വിലയിരുത്തുക…. എന്നിട്ട് മാത്രം മതി, വിമർശനങ്ങൾ…”

ഈ ഒരു ഉപദേശം മാത്രം ആണ് ഞങ്ങളുടെ അമ്മ, ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്…

ഒരു അദ്ധ്യാപികയായിരുന്ന അമ്മ, കുട്ടിക്കാലം മുതലേ, നല്ല ഒരു വായനക്കാരിയായിരുന്നു… വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന അമ്മയുടെ കൂട്ടുകാർ, പുസ്തകങ്ങൾ ആയിരുന്നു…. കോളേജിൽ പഠിച്ചിരുന്ന സമയത്ത് തന്നെ വിവേകാനന്ദ സാരസർവ്വസ്വം എട്ട് വാള്യങ്ങളും, അമ്മ വായിച്ചു കഴിഞ്ഞിരുന്നു…. വായനയിലൂടെ അമ്മ നേടിയ അറിവ്, ഞങ്ങൾക്ക് കഥയുടെ രൂപത്തിൽ പോലും ,അമ്മ പകർന്നു തന്നിരുന്നില്ല… പക്ഷേ, അമ്മയുടെ ഗർഭ പാത്രത്തിൽ ഞങ്ങൾ വളർന്നു വരുമ്പോൾ, എല്ലാ അറിവുകളും പറയാതെ തന്നെ, അമ്മ ഞങ്ങൾക്ക് പകർന്നു തന്നിരുന്നു…

അതാണ് ഞങ്ങളുടെ അമ്മ…

ചേച്ചിയുടെയും എൻ്റെയും വിദ്യാഭ്യാസം അമ്മ പഠിപ്പിച്ചു കൊണ്ടിരുന്ന പുത്തൂർ ഗവണ്മെൻ്റ് സ്കൂളിൽ ആയിരുന്നു… ഞങ്ങളുടെ അമ്മ ആ വിദ്യാലയത്തിലെ രസതന്ത്ര അദ്ധ്യാപിക ആയിരുന്നു…

വീട്ടിൽ നിന്ന് 45 മിനിറ്റ് നടന്ന് വേണം സ്കൂളിൽ എത്താൻ… അക്കാലത്ത് അത് ബസ്സ് റൂട്ട് ആയിരുന്നില്ല… ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്കുള്ള യാത്ര… ആദ്യത്തെ 20 മിനിറ്റ് ഉള്ള യാത്ര, വീടുകളുടെ മുൻപിലൂടെ ആയിരുന്നു… നാട്ടുകാരുടെ ചെറിയ സ്നേഹാന്വേഷണങ്ങൾക്കെല്ലാം അമ്മ മറുപടി, ഒരു പുഞ്ചിരിയിലോ, വാക്കിലോ മാത്രം ഒതുക്കും… അടുത്ത 10 മിനിറ്റ് യാത്രയാണ് ഞങ്ങൾ ഏറ്റവും ആസ്വദിച്ചിരുന്നത്…ആ വഴിക്ക് തെങ്ങിൻ വെട്ടോഴി എന്നാണ് പേര്… വഴിയരികിൽ തെങ്ങുകളും, തോടും, തൊട്ടപ്പുറത്ത് പാടവും…

അവിടെ പാടത്ത് പലപ്പോഴും താറാക്കൂട്ടങ്ങളെ കാണാം… ഞാനും ചേച്ചിയും ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാഴ്ച… ചെറിയ കളകളശബ്ദവും പുറപ്പെടുവിച്ച് താറാവുകൾ നീന്തുന്ന കാഴ്ച മനോഹരം തന്നെയാണ്… ഞങ്ങളുടെ യാത്രയിൽ സംസാരം കുറവായിരുന്നത് കാരണം, വഴിയോരക്കാഴ്ചകൾ അമ്മയും ഞങ്ങളോടൊത്ത് ആസ്വദിച്ചിരുന്നു…

ജീവിതത്തിൽ വിനയം, ലാളിത്യം ഇവയെല്ലാം ഞങ്ങൾക്ക് പകർന്നു തന്നിരുന്ന അമ്മ, പകർന്നു തന്നിരുന്ന മറ്റൊരു കഴിവ് ധൈര്യമാണ്… ഏതു സാഹചര്യങ്ങളേയും സധൈര്യം നേരിടുക എന്നതാണ്…

അമ്മയുടെ റിട്ടയർമെൻ്റിനു ശേഷം, അച്ഛൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു… കേരളത്തിന് പുറത്ത് താമസിച്ചിരുന്ന എന്നേയും ചേച്ചിയേയും ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമാണ്, അമ്മ ഹോസ്പിറ്റലിൽ നിന്നും വിളിച്ചറിയിച്ചത്… ഞങ്ങളുടെ കുടുംബ ജീവിതത്തിന് ഒരു തടസ്സം ഉണ്ടാകാതിരിക്കാനായിരിക്കാം, മുൻപ് പറയാതിരുന്നത്…

വർഷങ്ങൾക്ക് ശേഷം, ഒരു സന്ധ്യയ്ക്ക് അച്ഛന് ഒരു അപകടം സംഭവിച്ച വിവരം, ആശുപത്രി അധികൃതർ വീട്ടിലേക്ക് വിളിച്ചറിയിച്ചു… ദൂരെയുള്ള ജോലി സ്ഥലത്തു നിന്നും ദിവസേന ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ, രാത്രി എട്ടുമണിയാകും… ആശുപത്രിയുടെ കാൾ അമ്മയാണ് അറ്റൻഡ് ചെയ്തത്… ഞാൻ എട്ട് മണി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും, ചെറിയ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന എൻ്റെ കുട്ടികൾക്ക് രാത്രിയിലെ ഭക്ഷണം കൊടുത്ത്, അമ്മ കാത്തിരുന്നു… ഞാൻ എത്തിയ അതേ ഓട്ടോയിൽ, അച്ഛനുള്ള ഭക്ഷണവും ഒരു ഹോസ്പിറ്റൽ അഡ്മിഷനുള്ള എല്ലാ ഒരുക്കങ്ങളുമായി അമ്മ തനിച്ച് ഹോസ്പിറ്റലിലേക്ക് പോയി… കൊച്ചു കുഞ്ഞുങ്ങളെ തനിച്ച് വീട്ടിൽ ആക്കി ഹോസ്പിറ്റലിൽ പോകാനുള്ള അവസ്ഥയിൽ ആയിരുന്നില്ല, ഞാൻ…

എല്ലാത്തിനും അമ്മയ്ക്ക് കരുത്തേകിയിരുന്നത്, അച്ഛൻ അമ്മയ്ക്ക് പകർന്നു നൽകിയ കരുതലും സ്നേഹവും തന്നെ ആയിരുന്നു….

ഇപ്പോൾ എൻ്റെ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയായിക്കൊണ്ടിരിക്കുന്നു… റിട്ടയർമെൻ്റ് ജീവിതത്തിനായി തയ്യാറെടുക്കുന്ന എനിക്കും എൻജിനീയറിംഗിന് പഠിച്ചു കൊണ്ടിരിക്കുന്ന എൻ്റെ മകൾക്കും ചോറ്റു പാത്രത്തിൽ ഭക്ഷണം തയ്യാറാക്കിത്തരുന്നത്, ഇപ്പോഴും എൻ്റെ അമ്മയും അച്ഛനും ചേർന്നാണ്…

ഈ അച്ഛനമ്മമാരുടെ മക്കളായി പിറന്നതിന് ഞാനും എൻ്റെ ചേച്ചിയും , ഈശ്വരനോട്, ഈ പ്രകൃതിയോട് കൃതാർത്ഥതയുള്ളവരാണ്…

അമ്മയെക്കുറിച്ചുള്ള കുറിപ്പ്, ഒരു നോവലെഴുതിയാൽപ്പോലും തീരുകയില്ല….

അമ്മമാർക്ക് തുല്യമായി, ഈ ലോകത്ത് ഒന്നും തന്നെയില്ല…

ഇന്ദു.പി.കെ