എന്റെ ലക്‌ഷ്യം (മാത്യു ചെറുശ്ശേരി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2022

എന്റെ ലക്‌ഷ്യം (മാത്യു ചെറുശ്ശേരി)

മാത്യു ചെറുശ്ശേരി

ജീവിച്ച കാലം കണ്ടതിൽ വച്ചേറ്റവും വലിയ കാര്യങ്ങൾ എല്ലാം ഇപ്പോൾ ചെറുതായി തോന്നുകയാണ്. കാലം മുന്നോട്ടു പോകുമ്പോൾ വലുതിനു വേണ്ടി ഓടിയ ഓട്ടങ്ങൾ എല്ലാം വ്യർഥമായിരുന്നു എന്നിപ്പോൾ തോന്നുന്നു. വാർദ്ധക്യം ഇത്ര പെട്ടെന്നാകുമെന്ന് ഒരിക്കലും ഓർത്തില്ല , പലരും പലപ്പോഴും പറഞ്ഞു തന്നിരുന്നു . അന്നത് കൂട്ടാക്കിയില്ല . എല്ലാം വെട്ടിപിടിക്കുന്ന വ്യഗ്രതയായിരുന്നു . പല വലിയ നേട്ടങ്ങളും ആസ്വദിച്ചു .എന്നാൽ അതൊന്നും നില നിന്നില്ല .പലരെയും പിന്നിലാക്കാൻ പണിപെട്ടോടി , ഞാൻ പിന്നിലാക്കിയവർ ഒക്കെ എന്റെ തന്നെ സ്വന്തക്കാർ ആയിരുന്നെന്നും. പക്ഷെ അവരിലൂടെ സ്വയം പിന്നിലാക്കപ്പെടുകയായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്. കാരണം..കൂടെ ഓടാൻ ഇപ്പോൾ ആരുമില്ല. ഒറ്റക്കുള്ള ഈ ഓട്ടം എത്രനാൾ . എവിടെ ചെന്ന് നിൽക്കും ഈ ഓട്ടം . കാലത്തിന്റെ തികവിൽ കിളിർത്ത പൊന്തൂവലുകൾ ഒന്നൊന്നായി പൊഴിഞ്ഞു പോയി . കൊഴിഞ്ഞ തൂവലുകൾ പെറുക്കി എടുക്കാൻ ഞാൻ തിരിഞ്ഞു നോക്കി എന്നാൽ ഞാൻ അടുത്തെത്തും മുന്നേ അവ പറന്നു പോയി. തൂവലുകളില്ലാത്തചിറകുകൾ വീശി ഞാൻ പറക്കാൻ നോക്കി. അത് വെറും ദുർമോഹം മാത്രമായിരുന്നു. എന്നാൽ തൂവൽ പൊഴിയാത്തചിറകുകളുള്ളൊരു ഹൃദയം എന്റെ ഉള്ളിൽ ഉണ്ടെന്നു ഞാൻ വൈകിയാണ് അറിഞ്ഞത് . ആ തൂവലുകൾ എൻ്റെ സൽപ്രവർത്തികൾ ആണെന്നും വൈകിയാണ് ഞാനറിഞ്ഞത് . അവ എത്ര ശുഷ്ക്കിച്ചതും ചെറുതും. ഭാരിച്ച എൻ ദുർമേദസ് വഹിച്ചുകൊണ്ട് പറക്കുവാൻ ആ തൂവലുകളുടെ എണ്ണം ഇപ്പോൾ മതിയാകുന്നുമില്ല
അവയുടെ എണ്ണം കൂട്ടാൻ എന്ത് ഞാൻ ചെയ്യണം . തൂവൽ കൊഴിഞ്ഞതാം വ്യർഥ സമ്പത്തുകൾ എന്തിനിനി ഏറെ വേണം. ഇനിയുള്ള കാലം ഒരു തൂവലെങ്കിലും ഞാൻ നേടിയാൽ ഒരു ഘാതം എങ്കിലും കൂടുതൽ എന്നാത്മാവിന്നുയരാം .
പക്ഷെ സമയം ഇല്ല ഒട്ടും എനിക്കിനി, ഞാൻ സഞ്ചരിക്കുന്ന വഴി ആണെങ്കിൽ മുന്നിൽ രണ്ടായി പിരിയാൻ പോകുന്നു ഒന്ന് താഴ്ചയിൽ കൊടിയ അന്ധകാരത്തിലേക്കും മറ്റൊന്ന് ഉയരത്തിൽ വലിയ പ്രകാശത്തിലേക്കും. അന്ധകാരം അത് എനിക്ക് ഓർക്കാൻ പോലും വയ്യ . അവിടെ വിലാപവും പല്ലുകടിയുമാണ് ഉള്ളത് എന്നെനിക്കു നന്നായറിയാം. എന്റെ കയ്യിൽ ഞാൻ മുറുക്കി പിടിച്ചിരിക്കുന്ന വ്യർത്ഥമായ എന്റെ ചുമടുകൾ, അവയുടെ ഭാരം എന്നെ താഴേക്ക് വലിക്കുന്നു. ആ ഭാരവുമായി ഉയരാൻ എനിക്ക് സാധിക്കുന്നില്ല . എന്തേ ആ ഭാരങ്ങൾ കൈവിടാൻ എനിക്ക് ഇന്നും മനസ്സ് വരാത്തത് . എന്റെ വിരലുകൾ ഒന്ന് അകന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു . ദിക്കുമാറും മുഴങ്ങുന്ന തരത്തിൽ ഞാൻ അലറി ” ദൈവമേ …” ആ ശബ്ദം കേട്ടതും ശക്തനായ ഒരു യോദ്ധാവ് എന്റെ വിരലുകളിൽ അതി ശക്തമായി പ്രഹരിച്ചതും ഒന്നിച്ചായിരുന്നു. ഇപ്പോൾ എനിക്ക് ഉയർന്ന പാതയിലേക്ക് നീങ്ങാൻ കഴിയുന്നുണ്ട്. എങ്കിലും എന്റെ ആശകളും അഭിലാഷങ്ങളും വ്യർഥ അഭിമാനങ്ങളും ദൂരെ പുറകിൽ എന്റെ ഭാണ്ഡക്കെട്ടുകളുമായി എന്റെ തിരിച്ചു വരവിനായി അലറിവിളിക്കുന്നുണ്ട് . ഇല്ല ഞാൻ ഇനി തിരിഞ്ഞു നോക്കില്ല , ഉയരത്തിൽ ആ പ്രകാശത്തിൽ എത്തുവോളം. അതാണ് ഇനി എന്റെ ലക്‌ഷ്യം .