ഏട്ടത്തി (കവിത-ഡോ. അജയ് നാരായണൻ )

sponsored advertisements

sponsored advertisements

sponsored advertisements

6 March 2022

ഏട്ടത്തി (കവിത-ഡോ. അജയ് നാരായണൻ )

നെൽവയൽ തുമ്പികളേ,
പാടവരമ്പിലൂടെ
തെന്നിയൊഴുകും നേർമണികാറ്റേ,
പണ്ടെന്നോ നഷ്ടമായ
കാതരനിമിഷങ്ങളേ,
ഈവഴി വരുമ്പോളെങ്ങാനും
കണ്ടുവോ നിങ്ങളെന്റെ
ഏട്ടത്തിയെ?

എന്തിനു പിന്നാലെ പോരുന്നു
ഗതകാലമർമ്മരങ്ങളേ…
വിതുമ്പും ചുണ്ടിലുറയുന്ന
പ്രാർത്ഥനാഗീതങ്ങളും
കൈകുമ്പിളിലിത്തിരി തെച്ചിപ്പൂക്കളും
ഒരുപിടിയെള്ളുമല്പം നെയ്യുമായ്
ഓർമ്മകളിലെന്നോ മരിച്ച
ബാല്യത്തിനായി
തർപ്പണമർപ്പിക്കവേ
പെരിയാറേ നീയെന്റെ
പ്രാർത്ഥനയുമായൊഴുകുമോ
തണുക്കട്ടെയേട്ടത്തിതന്നാത്മാവു-
മെന്റെ പിന്നാലെയൊഴുകുമവളുടെ
സ്‌മൃതികളും.

അലയുകയാവാം
മോക്ഷമില്ലാതെയവൾ
മേഘവർഷമായ്
പെയ്തൊഴിയുവാനാകാതെ
കേഴുകയാവാം
ആകാശവീഥിയിലേകമുഖിയായ്
വിങ്ങുകയാവാം…

സൂര്യന്റെ കാലൊച്ച
കേൾക്കുന്നതിൻമുൻപുണർന്നു
മുറ്റം തൂക്കുമവളുടെ
പദനിസ്വനം,
കാരുണ്യം വഴിയുമാ പൂച്ചിരി,
വാത്സല്യം ചാലിച്ചവളുടെ
തൂവൽസ്പർശത്താൽ
തുടങ്ങും സുദിനങ്ങൾ…

വിദ്യാലയത്തിലേക്കൊരുമിച്ചിടവഴി താണ്ടവേ
കാണുന്ന വർണ്ണങ്ങൾ,
വേലിയിൽ പൂത്ത പൂമ്പാറ്റകൾ,
നിർമ്മലരാഗം പൊഴിക്കും കുയിലുകൾ,
കാത്തുമുഷിഞ്ഞ ചങ്ങാതികൾ…

എല്ലാം നോക്കിച്ചിരിക്കുമേട്ടത്തി,
കിഞ്ചനവാർത്തകൾതൻ കെട്ടഴിക്കും,
നിറമോലും ചില്ലക്ഷരങ്ങളായ്
ചിരി വിതറും,
വഴിയരികിൽ കാണും വളപ്പൊട്ടുകൾ
പെറുക്കി മനസ്സിൽ സ്വരുകൂട്ടിവയ്ക്കും,
മയിൽപ്പീലിത്തുണ്ടൊന്നു നീട്ടും
മഷിപ്പച്ച തണ്ടൊടിച്ചു
പുസ്തകസ്സഞ്ചിയിൽ കരുതിവയ്ക്കും…

അങ്ങനെയെത്രയോ
ചൊല്ലുവാനേറെയെങ്കിലും
ബാല്യമേ നീയൊഴുകുക പെരിയാറിനൊപ്പം
വ്യഥതൻ ജഠരാഗ്നിയിൽ
വെന്തെരിഞ്ഞയവളുടെ
അസ്ഥികൾ തഴുകുക
അവളെത്തിരയുക…
കണ്ടെങ്കിലൊരു
വാക്കുണർത്തുക,
എനിക്കായ് കാത്തിരിക്കുവാൻ.

നിർത്തുക നിന്റെയലച്ചിലും
വേപഥുപൂണ്ടമനസ്സിന്റെ തേങ്ങലും…
പണ്ടുനടന്ന വഴികളെ വരച്ചും
കവിതയായ്
മാറ്റിയുമൊരിക്കൽകൂടി
നമുക്കീയിടവഴികളിൽ
പുനർജനിക്കാമൊരിക്കൽ കൂടി
പോയകാലങ്ങളെച്ചേർത്തുപിടിക്കാം.

അന്നു ഞാൻ നിന്റെ
ഭാണ്ഡങ്ങൾ തോളിലേറ്റാം
നീയൊരു ശലഭമായ്
പാറുന്നതും നോക്കി
മമ കണ്ണീർപാടയാലെ
കാലത്തിൻ മറ മാറ്റാം
മോക്ഷമണയാം.
പെരിയാറേ നീ പോകുംവഴി
അവളെക്കാണുകിൽ ചൊല്ലണേ,
കാത്തിരിക്കുന്നു ഞാനിപ്പൊഴും
വൈകിയുണർന്ന പ്രഭാതകിരണം പോലെ
തേങ്ങിവിരിഞ്ഞ വിഷാദപുഷ്പം പോലെ.