ഓരോരുത്തരുടെയും ജീവിതം നിരവധി കഥകൾക്കുറവിടമാണെന്ന് വിശ്വസിയ്ക്കുന്ന, ചെറുതും വലുതുമായ അനുഭവങ്ങളും, ചുറ്റുപാടുകളും വരികളിലേയ്ക്ക് പകർന്നെഴുതി മികവുറ്റ കഥക ൾക്കു ജന്മം നൽകാനാകുമെന്ന് തെളിയിച്ചു കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ് രാജീവ് പഴുവിൽ. ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും എങ്ങനെ എഴുതി വയ്ക്കാമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. വിവിധ മാദ്ധ്യമങ്ങളിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന രാജീവ് പഴുവിൽ തൃശ്ശൂർ ജില്ലയിലെ പഴുവിൽ എന്ന സ്ഥലത്താണ് ജനിച്ചത്. പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ, എസ് എൻ കോളേജ് നാട്ടിക എന്നിവയ്ക്ക് ശേഷം, തൃശ്ശൂർ എൻജിനീയറിങ് കോളേജിൽ നിന്ന് B.Tech കമ്പ്യൂട്ടർ സയൻസ് ആദ്യ ബാച്ചിൽ ബിരുദം നേടിയ ഇദ്ദേഹം, ജീവിതത്തിന്റെ സമസ്ത ഭാവങ്ങൾക്കും എഴുത്തിന്റെ ഭംഗി നൽകി.
പഠനത്തിനുശേഷം ഐ എസ് ആർ ഒ യിൽ
ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച രാജീവ് പഴുവിൽ, പിന്നീട് ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി നോക്കിയ ശേഷം അമേരിക്കയ്ക്ക് ചേക്കേറുകയായിരുന്നു. ജീവിതവും സാഹചര്യങ്ങളും മാറിയെങ്കിലും ചെറുപ്പം മുതലേ തന്റെ ഉള്ളിൽ എഴുത്തിനോടുള്ള താല്പര്യം കെടാതെ സൂക്ഷിച്ചിരുന്നു. ഹൈസ്കൂളിൽ സംസ്കൃത വിദ്യാർത്ഥിയായിരിക്കെ, മലയാള ലേഖനമത്സരത്തിൽ മലയാളം ക്ലാസ്സിലെ കുട്ടികളെ വരെ പിന്തള്ളി ഒന്നാം സമ്മാനം നേടിയ രാജീവ് ന്യൂജേഴ്സിയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസം ആകുമ്പോഴും എഴുത്തിന്റെ പുതിയ വഴികളിലേക്ക് നടന്ന് തുടങ്ങുകയാണ്.

തച്ചുശാസ്ത്രത്തിൽ വിദഗ്ധനായിരുന്ന അച്ഛൻ സാഹിത്യത്തെയും കലകളെയും ജീവിതത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നത് കണ്ടുകൊണ്ടാണ് രാജീവ് വളർന്നത്. എന്നാൽ അച്ഛന്റെ അകാലമരണം, കുടുംബത്തിന്റെ ബാദ്ധ്യതകൾ അദ്ദേഹത്തിന്റെയും മൂത്ത സഹോദരന്റെയും കൈകളിലേൽപ്പിയ്ക്കയായിരുന്നു. ജീവിതം അത്രമേൽ പൊള്ളി നിൽക്കുമ്പോൾ എങ്ങനെയാണ് മനുഷ്യർ പാരമ്പര്യമായി പകർന്നു കിട്ടിയ കഴിവുകളെ കുറിച്ച് ആലോചിക്കുന്നത്? എല്ലാം കഴിഞ്ഞ് ശാന്തമാകുമ്പോൾ അല്ലേ ഓർമ്മകൾ വള്ളിപ്പടർപ്പുകൾ പോലെ പൂത്തു നിൽക്കുക.
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ന്യൂജേഴ്സിയിലെ വീട്ടിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുന്നതിനിടയിലാണ് ചില ഓൺലൈൻ എഴുത്തുകൾ കുത്തിക്കുറിക്കാൻ രാജീവ് പഴുവിൽ ശ്രമം നടത്തുന്നത്. ഓഫീസിൽ നിന്നു വൈകീട്ട് വീട്ടിലേയ്ക്കുള്ള ബസ് യാത്രകളിൽ മുഖപുസ്തകത്തിൽ എഴുതിയ ചെറിയ കുറിപ്പുകൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഉണർത്തുകയായിരുന്നു. ‘രാജീവ് പഴുവിൽ’ എന്ന തൂലികാ നാമവും രൂപപ്പെടുന്നത് ആ ബസ് യാത്രയിൽ നിന്നാണ്. തുടർന്ന് ‘നല്ലെഴുത്ത്’ എന്ന ഗ്രൂപ്പ് തട്ടകമാക്കി. അവിടെ നിന്നു ലഭിച്ച പ്രോത്സാഹനങ്ങളും, നിർദേശങ്ങളും എഴുത്തി ലേക്കുള്ള പുതിയ വഴികൾ രാജീവ് പഴുവിലിന് സൃഷ്ടിച്ചു കൊടുത്തു. പിന്നീട് കാണുന്നതെല്ലാം അദ്ദേഹം കഥകളും കുറിപ്പുകളും ആക്കി മാറ്റി. ജീവിതത്തിൽ ഓരോ അനുഭവങ്ങളും ഇങ്ങനെ എഴുത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടണം എന്ന് അദ്ദേഹം മനസ്സിലാക്കി.
മലയാളം വായനയിൽ തനിക്കുള്ള പരിമിതികൾ മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അനുഭവങ്ങളെ എഴുത്തുകൾ ആക്കി മാറ്റാനും അദ്ദേഹം പഠിച്ചു. പരിമിതികളിൽ നിന്ന് എങ്ങനെ ഒരു നല്ല കൃതി രചിക്കണം എന്ന് രാജീവ് പഴുവിലിന്റെ കൃതികൾ നോക്കിയാൽ മനസ്സിലാകും. അദ്ദേഹത്തിന് അറിയുന്ന ഭാഷ കൊണ്ട്, അദ്ദേഹത്തിന് അറിയുന്ന വാക്കുകൾ കൊണ്ട്, ഒരു വലിയ ലോകം സൃഷ്ടിക്കാനുള്ള ശ്രമം ആയി നമുക്ക് അതിനെ കാണാം. ഇത് പുതിയ ഭാഷാ ശൈലിയിലേക്ക് രാജീവ് പഴുവിൽ എഴുത്തുകളെ നയിച്ചു, അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ എഴുത്തുകളെ വായിച്ചുതുടങ്ങി.
ബഷീർ, എം.ടി, ടി.പത്മനാഭൻ, എം.മുകുന്ദൻ, ഒ.വി.വിജയൻ തുടങ്ങിയവരുടെ കൃതികൾ ഇഷ്ടമാണെങ്കിലും ഏറ്റവും ഭ്രാന്തമായ ആവേശത്തോടെ എന്നും വായിച്ചതും, ആരാധിയ്ക്കുന്നതും സർ. ആർതർ കോനൻ ഡോയലിനെയാണെന്ന് പലപ്പോഴും രാജീവ് തന്നെ അദ്ദേഹത്തിന്റെ കുറിപ്പുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
അതിനെപ്പറ്റി
രാജീവ് പഴുവിൽ പറയുന്നത് ഇങ്ങനെയാണ്.
‘അസംഭവ്യമെന്നും, ഒരിയ്ക്കലും തെളിയിക്കാൻ സാധിയ്ക്കാത്തതുമെന്നു തോന്നിപ്പിയ്ക്കുന്ന കുറ്റകൃത്യങ്ങൾ, അവയുടെ രഹസ്യങ്ങൾ കുറ്റാന്വേഷകൻ ഹോംസിന്റെ അതിസൂക്ഷ്മമായ വിശകലനത്തിലൂടെ, ചെറിയ ചെറിയ സംഭവങ്ങളുടെ ക്രമമായ അനാവരണത്തിലൂടെ, ഒന്നൊന്നായി പ്രതിഭാധനനായ ആ എഴുത്തുകാരൻ ചുരുളഴിയ്ക്കുമ്പോൾ,ഒരു മജിഷ്യന്റെ മായാജാലങ്ങൾ കാണുന്ന കുട്ടിയുടെ അതിശയത്തോടെ മിഴിച്ചിരിയ്ക്കാറുണ്ട്. ജോലിസംബന്ധമായി ലണ്ടൻ സന്ദർശിച്ചപ്പോൾ, ഏറ്റവും സന്തോഷിച്ചത്, ഷെർലോക്ക് ഹോംസിന്റെ വസതിയായ 221B Baker street നേരിട്ട് സന്ദർശിക്കാമല്ലോ എന്നതായിരുന്നു.ഒരു മ്യൂസിയമാക്കി നിലനിർത്തിയിട്ടുള്ള ആ കെട്ടിടത്തിൽ പ്രവേശിച്ച് രജിസ്റ്ററിൽ പേരെഴുതി ചേർത്ത ശേഷം, സ്വയം നുള്ളി നോക്കി സ്വപ്നമല്ല എന്നുറപ്പു വരുത്തിയത് ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു’.
രാജീവ് പഴുവിലിന്റെ എഴുത്തുകൾക്ക് സർവ്വഥാ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് പത്നി അജിതയും മക്കളായ ധീരജ് , തുഷാർ എന്നിവരും കൂടെ തന്നെയുണ്ട്.
മുഖം ബുക്സിന്റെ പുതിയ സംരംഭമായ ലോകമലയാള കഥകളിൽ അമേരിക്കൻ പശ്ചാത്തലത്തിലുള്ള രണ്ട് കഥകളുടെ പണിപ്പുരയിലാണിപ്പോൾ അദ്ദേഹം.അതിലൊന്ന് ജീവിതാനുഭവത്തിൽ നിന്നാവുന്നത് സ്വാഭാവികം.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യത്യസ്തമായ പരിസ്ഥിതികളെക്കുറിച്ച്, ഭാഷയെക്കുറിച്ച് സംസ്കാരത്തെ കുറിച്ച് അടയാളപ്പെടുത്തുന്ന കഥകളുടെ സമാഹാരമാണ് ലോക മലയാള കഥകൾ .അതുകൊണ്ടു തന്നെ ഈ പുസ്തകത്തിലെ ഓരോ എഴുത്തുകാരും അത്രമേൽ പ്രധാനികളാണ്.
ലോക മലയാള കഥകളിൽ രാജീവിന്റെ കഥകൾ മനുഷ്യരിലേക്ക് പടരട്ടെ, കൂടുതൽ എഴുതുവാനും, കൂടുതൽ വായനകളിലേക്ക് വികസിക്കാനും അദ്ദേഹത്തിന് കഴിയട്ടെ.
അനിൽ പെണ്ണുക്കര