
മിഡ്‌ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് 2024 ആലോചനാ യോഗം
ഉമ്മൻ കാപ്പിൽ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് 2024 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗം ന്യൂജേഴ്‌സിയിലെ മിഡ്‌ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ 2023 സെപ്റ്റംബർ 24 ഞായറാഴ്ച 3 മണിക്ക് നടത്തുമെന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് അറിയിച്ചു. ഭദ്രാസനത്തിലെ വൈദികർ, വികാരിമാർ, അസിസ്റ്റന്റ് വികാരിമാർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി താല്പര്യമുള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് മാർ നിക്കളാവോസ് അറിയിച്ചു.
2023-ൽ ഫാമിലി / യൂത്ത് കോൺഫറൻസ് മിനിസ്ട്രി പുനരാരംഭിച്ചതിനും വിജയകരമായി കോൺഫറൻസ് നടത്തുന്നതിനും കോൺഫറൻസ് കോർഡിനേറ്റർ ആയി സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ഫാ. സണ്ണി ജോസഫിന് ഇടവക മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. പുതിയ കോർഡിനേറ്റർ ആയി ഫെയർലെസ്സ് ഹിൽസ് സെന്റ് ജോർജ് ഇടവക വികാരി ഫാ. അബു പീറ്ററിനെ മെത്രാപ്പോലീത്ത നിയമിച്ചു. ചെറിയാൻ പെരുമാൾ (സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ) എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരും.
ഭദ്രാസനത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും അല്മായരുടെയും പിന്തുണയും സഹകരണവും മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ (ഫോൺ: 914.806.4595) അല്ലെങ്കിൽ ചെറിയാൻ പെരുമാൾ (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
HG Mar Nicholovos
Fr Abu Peter
Cheriyan Perumal
Mathew Joshua