അവസരങ്ങൾ നഷ്ടപ്പെടുത്താനുള്ളതല്ല, പിടിച്ചു കയറാനുള്ളതാണ്.

sponsored advertisements

sponsored advertisements

sponsored advertisements

9 July 2022

അവസരങ്ങൾ നഷ്ടപ്പെടുത്താനുള്ളതല്ല, പിടിച്ചു കയറാനുള്ളതാണ്.

അനിൽ പെണ്ണുക്കര

ജീവിതം പലപ്പോഴും മനോഹരമാകുന്നത് പ്രതീക്ഷിക്കാത്ത ചില നല്ല നിമിഷങ്ങൾ നമ്മളെ തേടിവരുമ്പോഴാണ്. പരിഗണനകളിൽ മനസ്സ് നിറയുമ്പോഴും അംഗീകാരങ്ങൾക്കു അർഹമാകുമ്പോഴും ജീവിതം കുറേകൂടി അർഥമുള്ളതാകുന്നു. യഥാർത്ഥത്തിൽ നമ്മളാരും നമ്മളുടെ യഥാർത്ഥ വിലയോ മൂല്യമോ പലപ്പോഴും തിരിച്ചറിയുകയോ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല. നാളത്തേക്ക് മാറ്റിവെക്കുന്നവരും അവസരങ്ങൾക്ക് നേരെ മുഖം തിരിക്കുന്നവരുമാണ് ഞാനുൾപ്പെടുന്ന ഭൂരിഭാഗവും. വ്യത്യസ്തതകളുള്ള തനിമകൾ ചേരുമ്പോഴാണ് ജീവിതചിത്രത്തിന് കൂടുതൽ മനോഹാരിത കൈവരുന്നത് . ചിലർ ചാക്കുനൂൽ തുന്നിപ്പിടിപ്പിക്കുമ്പോൾ മറ്റുചിലർ തങ്കനൂലുകൾ ഇഴചേർക്കും അത്തരം ചില നിമിഷങ്ങളും ചില മനുഷ്യരും ഒരേ സമയം ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ ജീവിതവും കൂടുതൽ പ്രകാശിച്ചുതുടങ്ങും. ഭൂമിയിൽ നമ്മൾ എന്ന മനുഷ്യജീവിയുടെ ജനനത്തിൽ സ്വയം അഭിമാനിക്കുന്നതും ഇത്തരം അമൂല്യനിമിഷങ്ങളിൽ സാക്ഷ്യം വഹിക്കുമ്പോഴാണ്.

” ഒരാൾ കസേരയിട്ട് വരു, ഇരിക്കൂ..എന്ന് പറഞ്ഞാൽ വളരെ സന്തോഷത്തോടെ ആ കസേരയിൽ കയറിയിരിക്കണം. ഓരോ ഇരിപ്പിടവും നമുക്ക് കിട്ടുന്ന അംഗീകാരങ്ങളാണ്. ജീവിതത്തിൽ വന്നുചേരുന്നതെല്ലാം നമ്മൾക്ക് അർഹതപ്പെട്ടതുമാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചാൽ തീർച്ചയായും വിജയിക്കാമെന്നാണ് എന്റെ അമ്മ പറഞ്ഞു തന്നിട്ടുള്ളതതും.

ആ കസേര നമുക്ക് അർഹതപ്പെട്ടതാണെന്ന് സ്വയം വിലയിരുത്തപ്പെടുന്ന നിമിഷങ്ങൾ, സ്നേഹമുള്ളവർ പങ്കുവയ്ക്കുന്ന നല്ല വാക്കുകൾ, അനുഭവങ്ങൾ എല്ലാം ആ നിമിഷത്തെ ധന്യമാക്കും

അപ്രതീക്ഷിതമായാണ് ആ ശബ്ദം എന്നെ തേടിവരുന്നത്. മറുഭാഗത്തു മല്ലിക ചേച്ചി..
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സുകുമാരന്റെ ഭാര്യ. മലയാളക്കരയുടെ പ്രിയതാരങ്ങളുടെ മാതാവ്. അഞ്ച് വർഷങ്ങളായി ഒരു സൗഹൃദ ഗ്രൂപ്പിലൂടെയുള്ള പരിചയവും ഒന്നോ രണ്ടോ തവണ ഫോൺ സംഭാഷണവും ഒരു തവണ നേരിലുമാണ് ഞങ്ങൾ പരസ്പരം അറിയുന്നത്. അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോ. എം.വി പിളള (മല്ലിക ചേച്ചിയുടെ സഹോദരൻ) സാറുമായുള്ള സ്നേഹ ബന്ധവും മല്ലികച്ചേച്ചിക്കു എന്നോടുള്ള സൗഹൃദത്തിന്റെ ആഴം വർധിപ്പിച്ചിട്ടുണ്ടായിരിക്കാം.

ആ ഫോൺ സന്ദേശം ഇങ്ങനെയായിരുന്നു.
“ഫ്ലവേഴ്സ് ചാനലിൽ ഒരു കോടി പ്രോഗ്രാമിലേക്ക് ക്ഷണം വന്നിട്ടുണ്ട് കമ്പാനിയനായി അനിലും കൂടി വരണം ”

മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ പ്രോഗ്രാമിലേക്ക് അതിഥിയായി എത്തുന്ന മല്ലിക ചേച്ചിയുടെ കമ്പാനിയനായി(പിന്തുണക്കാരൻ)പോവുക യെന്നത് ഭാഗ്യമായാണ് ഞാൻ കരുതിയത്. ഒട്ടും ആലോചിക്കാതെ വരാമെന്നു സമ്മതിച്ചു.
തൊട്ടടുത്ത ദിവസമാണ് ഷൂട്ട്. സ്കൂൾ പഠനകാലത്ത് ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വമ്പൻ പരാജയങ്ങൾ നേടിയ ചരിത്രമാണുള്ളത്, പിന്നെ കൈമുതലെന്ന് പറയാവുന്നത് ഇപ്പോഴത്തെ അദ്ധ്യാപക ജോലിയും കുറച്ചു പൊതുവിജ്ഞാനവും മാത്രം എന്ന്പറഞ്ഞപ്പോൾ ” അതൊന്നും കുഴപ്പമില്ല. അനിൽ വരു” എന്ന് പറഞ്ഞ് ചേച്ചി ധൈര്യം തന്നു.

പിറ്റേ ദിവസം ചേച്ചിയുടെ തേവരയിലെ ഫ്ലാറ്റിലെത്തി. ഭക്ഷണ ശേഷം ഫ്ലവേഴ്സ് സ്‌റ്റുഡിയോയിലേക്ക് യാത്രതിരിച്ചു. ഫ്ലവേഴ്സ് ഒരു കോടി കോർഡിനേറ്റർ അഖിലിന്റെ നേതൃത്വത്തിൽ ചെറുപ്പക്കാരായ ഒരു ടീം മല്ലികചേച്ചിക്കും കമ്പാനിയരായി പങ്കെടുക്കുന്ന പൃഥ്വിരാജിന്റെ സുഹൃത്ത് വിപിനും എനിക്കും ചില നിർദ്ദേശങ്ങൾ നൽകി ഞങ്ങൾക്കൊപ്പംതന്നെ ഉണ്ടായിരുന്നു. അതിനിടയിൽ ചേച്ചിയോടൊപ്പം നടക്കുന്നതും, വർത്തമാനം പറയുന്നതുമായ ദൃശ്യങ്ങൾ ക്യാമെറയിൽപകർത്തിയെടുക്കുകയും ചെയ്തു .

വൈകിട്ട് കൃത്യം 4:30 ന് ശ്രീകണ്ഠൻ നായർ സാറെത്തിയതും ഷൂട്ട് ആരംഭിച്ചു. വിശാലമായ ഫ്ലോറിൽ ചെറിയ ഇടവേളകൾ നൽകി പരിപാടി പുരോഗമിച്ചു. മുൻപ് ശ്രീകണ്ഠൻ നായർ സാറിനെ അഭിമുഖം നടത്തിയ മാദ്ധ്യമ പ്രവർത്തകനാണ് അനിൽ എന്ന്പറഞ്ഞാണ് മല്ലിക ചേച്ചി അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തത്. അശ്വമേധം പത്രത്തിനു വേണ്ടി ശ്രീകണ്ഠൻ സാറിനെ അഭിമുഖം നടത്തിയ കഥയും, ഇപ്പോൾ ജോലി ചെയ്യുന്ന കേരളാ എക്സ്പ്രസിനെക്കുറിച്ചും , എഡിറ്റർ ജോസ് കണിയാലി സാറിനെക്കുറിച്ചുമൊക്കെ ഞാൻ സംസാരിച്ചു. എല്ലാവരേയും പരിചയമുണ്ടെന്നും , ധൈര്യമായി മല്ലിക ചേച്ചിക്ക് പിന്തുണ നൽകുക എന്നും സന്തോഷത്തോടെ പറഞ്ഞ ശ്രീകണ്ഠൻ നായർ സാറും മറ്റൊരു വിസ്മയമായി മനസ്സിൽ തങ്ങിനിൽക്കുന്നു. വളരെ കൗതുകകരമായ ചിത്രീകരണവും ‘കുട്ടേട്ടൻ’ എന്ന റോബോട്ടിന്റെ ചോദ്യങ്ങളും ഇപ്പോഴും മനസ്സിൽ കുളിരുള്ള അനുഭവമായി നിലകൊള്ളുന്നു.

ഞാനിവിടെ കുറിച്ചുവെച്ചത്‌ വെറുമൊരു അനുഭവക്കുറിപ്പല്ല. രണ്ട് പ്രതിഭകൾ, മഹാ വ്യക്തിത്വങ്ങൾ സാധാരണക്കാരിൽ സാധാരണക്കാരായ എന്നെപ്പോലുള്ള ഒരാളെ സ്വീകരിച്ചതും അംഗീകരിച്ചതും അവരുടെ മഹത്തായ സവിശേഷതയാണ്.

യാതൊരുവിധ വെട്ടിമാറ്റലുകളുമില്ലാതെ പ്രോഗ്രാം സംപ്രേഷണം ചെയ്തു കണ്ടപ്പോൾ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.
നാം ഓരോരുത്തരിലും നന്മകളുണ്ടാകും. തിരിച്ചറിയുന്ന നിമിഷങ്ങൾ ജീവിതത്തിൽ കടന്നു വരുന്നതും അപ്രതീക്ഷിതമായിട്ടായിരിക്കും. അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ സാധിച്ചാൽ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സുദിനം നമ്മൾക്കും സ്വന്തമാക്കാം.

രണ്ട് വാക്ക് സംസാരിക്കു എന്ന് പറഞ്ഞ് ഒരാൾ മൈക്ക് നീട്ടിയാലോ , ഒരു പാട്ട് പാടാനോ , ചി ത്രം വരയ്ക്കാനോ, , നൃത്തം ചെയ്യാനോ എഴുതാനോ ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ അതിന് തയ്യാറാവണം. എനിക്കറിയില്ല, എന്നെ കൊണ്ട് ഇതിന് കൊള്ളില്ല എന്ന് വിചാരിച്ച് മാറിനിന്നാൽ പിന്നീടൊരിക്കലും അത്തരമൊരു അവസരം ലഭിച്ചു എന്ന് വരില്ല.

വലിയ ജീവിത പ്രയാസങ്ങളിലൂടെ കടന്നു പോയ ഒരു സ്ത്രീയാണ് മല്ലിക ചേച്ചി. മഹാ വിജയങ്ങൾക്കു പിന്നിലെല്ലാം കഠിന പ്രയത്നമുണ്ട്.അനുഭവങ്ങൾ പാഠങ്ങളാക്കി മുന്നേറിയ മല്ലികചേച്ചിയുടെ ജീവിതവിജയത്തിന്റെ ബാക്കിപത്രമാണ് തങ്ങളുടെ പ്രൊഫഷനിൽ വിജയക്കൊടി പറത്തിയ ഇന്ദ്രജിത്തും പൃഥ്വിരാജും.

സ്വകാര്യ കോളേജ് അദ്ധ്യാപനത്തിൽ നിന്ന് റേഡിയോയിലേക്കും അവിടെ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്കും പടവുകൾ താണ്ടിയ ആർ . ശ്രീകണ്ഠൻ നായർ സാറും കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്ന് വലിയ ലക്‌ഷ്യം മുന്നിൽകണ്ട് ജീവിതവിജയം വരിച്ചതാണ്. ഫ്ലവേഴ്സ് എന്ന മാധ്യമസ്ഥാപനത്തെ ഒന്നാം നിരയിലെത്തിച്ചതും കഠിനപ്രയത്നവും വെല്ലുവിളികൾ നേരിടാനുള്ള അദ്ദേഹത്തിന്റെ മനോധൈര്യവുമാണ്.

ലക്‌ഷ്യം നേടാനുള്ള പരിശ്രമം ആഹ്ളാദകരമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന രണ്ട് പ്രതിഭകൾക്കൊപ്പം, സിനിമ പ്രചാരണത്തിന്റെ പുതിയ ചുവടുകൾ താണ്ടുന്ന വിപിനൊപ്പം ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ സാധിച്ചത് എന്റെ അർഹതയ്ക്കു കിട്ടിയ അംഗീകാരം തന്നെയാണ്.

അതെ. നമ്മുടെ അർഹതകൾ തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്.
“കയറി വരൂ.. ഇരിക്കു “എന്ന് പറയുമ്പോൾ കയറിച്ചെല്ലുക. കസേരയിൽ ഉറച്ച് അങ്ങനെ ഇരിക്കുക…

നമ്മൾ എപ്പോഴും നമ്മളുടെ സിംഹാസനങ്ങളെ ഊട്ടിയൂറപ്പിക്കണം. കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കൾക്കിടയിലും ജോലി സംബന്ധമായും കലാപരമായും സ്വന്തം മൂല്യം എപ്പോഴും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതൊരു മരുന്നാണ്, എനിക്ക് ഒന്നുമില്ലെന്നും, ഞാൻ ആരുമല്ലെന്നും തോന്നുന്ന മനുഷ്യർക്കുള്ള മരുന്ന്.

ആർജ്ജവത്തോടൊപ്പം വിവേകപൂർവ്വമായ അറിവും ജീവിത വിജയം നേടാൻ ഓരോരുത്തരിലും ഉണ്ടായിരിക്കണമെന്ന തിരിച്ചറിവും ഉണ്ടാകുന്നിടത്തു വിജയങ്ങൾ സ്ഥിരവാസമുറപ്പിക്കും എന്ന് വിശ്വസിക്കാം.