ഗംഗുഭായ് കതിയാ വാഡി (കവിത സുനിൽ)

sponsored advertisements

sponsored advertisements

sponsored advertisements

10 June 2022

ഗംഗുഭായ് കതിയാ വാഡി (കവിത സുനിൽ)

60-70 കളിലെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഹുസൈൻ സേഥിയുടെ “Mafiya Queens of Mumbai ” എന്ന പുസ്തകത്തെ അധികരിച്ച് പ്രമുഖ സംവിധായകൻ “സഞ്ജയ് ലീലാ ബൻസാലി “യുടെ ഒരു ഉജ്വല കലാസൃഷ്ടിയാണ് ഈ സിനിമ.

സിനിമാ മോഹവുമായി മുംബൈയിൽ എത്തി ചതിക്കപ്പെട്ട് കാമാഠിപുരം എന്ന വേശ്യാ തെരുവിലെത്തി, ഒടുവിൽ അവിടുത്തെ നേതാവും രക്ഷകയുമായി മാറുന്ന “ഗംഗ “എന്ന ഗംഗുഭായ് കാത്തിയവാഡി യുടെ കഥയാണിത്.

ആലിയ ഭട്ടാണ് ഗംഗു വായി തകർത്ത് അഭിനയിച്ചത്.ശാരീരികമായ ചേർച്ചയില്ലായ്മ ഒഴിവാക്കിയാൽ കഥാപാത്രത്തോട് 100 ശതമാനം നീതി പുലർത്തുന്ന അഭിനയം. അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള ഒരു പ്രതിഭയുടെ സംവിധാനത്തിലും മികച്ച തിരക്കഥയിലും ബോളിവുഡിൽ എക്കാലവും ഈ സിനിമ ഗംഗുഭായിയുടെ നെറ്റിയിലെ ചുവന്ന തിലകം പോലെ തിളങ്ങി നിൽക്കും ഒരു സംശയവുമില്ല.

Sex workers നോട് സമൂഹം കാട്ടുന്ന അനീതി ചോദ്യം ചെയ്യാൻ ചങ്കൂറ്റം കാണിച്ച ഗംഗുവിൻ്റെ പ്രതിമയും ചിത്രവും മറ്റും ഇന്നും കാമാഠിപുരത്ത് ആൾക്കാർ വച്ച് പൂജിക്കാറുണ്ടത്രേ.

ഉള്ളിൽ തറയ്ക്കുന്ന കുറേ ഡയലോഗുകളുണ്ടിതിൽ.പ്രത്യേകിച്ച് ആസാദ് മൈതാനിയിൽ ഗംഗുഭായ് ചെയ്ത പ്രസംഗം.തീ പോലുള്ള അനുഭവങ്ങളിൽ സ്ഫുടം ചെയ്ത വാക്കുകൾ തൻ്റെ മുന്നിൽ കൂടിയിരിക്കുന്ന ജനങ്ങൾക്കുനേരെ അവർ എറിയുമ്പോൾ കരഘോഷത്തോടെ അവർ സ്വീകരിക്കുക മാത്രമല്ല, ഒരു മാധ്യമ പ്രവർത്തകൻ വഴി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു പോലും അതു വഴിയൊരുക്കുന്നു.

നിർബന്ധിത Prostitution, അവിടെ ജനിച്ചുവളരുന്ന കുട്ടികളുടെ ഭാവി, അവരുടെ വിദ്യാഭ്യാസം തുടങ്ങി ഇന്നും Solution കിട്ടാത്ത കുറെ പ്രശ്നങ്ങൾക്ക് അന്നത്തെ കാലത്ത് അപാരമായ മനോധൈര്യത്തോടെ പരിഹാരം കാണാൻ ശ്രമിച്ചു ആ ധീരവനിത.

“കരീം ലാല” എന്ന, ഉള്ളിൽ നന്മയുള്ള അധോലോക നായകൻ്റെ സഹായത്തോടെ അവർക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

ഏതു നരകത്തിൽ പെട്ടാലും അതിൽ നിന്നും കരകയറാൻ പറ്റിയില്ലെങ്കിൽ തന്നെയും മനോധൈര്യമുണ്ടെങ്കിൽ ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കാനും അവിടെയും സന്തോഷം കണ്ടെത്താനും കഴിയും എന്ന് ഗംഗുവിൻ്റെ അനുഭവം തെളിയിക്കുന്നു.

തൻ്റെ കൂട്ടുകാരികളോടും ഒപ്പം സമൂഹത്തോടും അവർ പറയുന്നു .” അഭിമാനത്തോടെ തലയുയർത്തി തന്നെ ജീവിക്കുക, ആരും നമ്മെ ഭരിക്കാൻ അനുവദിക്കരുത് ” എന്ന്. ആഘോഷങ്ങളും വിനോദങ്ങളും തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് അവർ അവരെ ബോധ്യപ്പെടുത്തുന്നു.

കാമാത്തിപുരയിലെ ഗംഗുവിൻ്റെ ഉറ്റ സുഹൃത്തായി അഭിനയിക്കുന്ന “ഇന്ദിരാ തിവാരി”യും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കൂടാതെ ശന്തനു മഹേശ്വരി, അജയ് ദേവഗൺ ,വിജയ് റാസ് തുടങ്ങിയ മികച്ച നടന്മാരും മറ്റു നടികളും എല്ലാം എത്ര തന്മയത്വത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്.

മനോഹരങ്ങളായ ഗാനങ്ങളും അവയുടെ ചിത്രീകരണവും സിനിമയുടെ ഗരിമ വർദ്ധിപ്പിക്കുന്നു. വസ്ത്രാലങ്കാരവും മികച്ചത്.

ഉള്ളിൽ തട്ടുന്ന ഒരു പാടു രംഗങ്ങളും ഡയലോഗുകളും ഈ സിനിമയിലുണ്ട്.. സിനിമ അവസാനിച്ചാലും അവ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

കാലം ഏറെ മുന്നോട്ടു പോയിട്ടും, ചതിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിലും sex workers ൻ്റെ ജീവിതത്തിനും ഒരു മാറ്റവും വന്നിട്ടില്ല.

അമ്മമാരുടെ ശ്രദ്ധയ്ക്ക്.” പെൺകുട്ടികളേ നിങ്ങൾ അടങ്ങി ഒതുങ്ങി ജീവിക്കൂ” എന്നു പറയുന്നതിനേക്കാൾ ആൺകുട്ടികളോട് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത്? എന്നു ബോധ്യപ്പെടുത്തൂ. ഓരോ കുടുംബങ്ങളിൽ നിന്നും അത് തുടങ്ങണം. മനുഷ്യൻ്റെ ജൈവിക ചോദനകളിലൊന്നായ ലൈംഗികതയ്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് തിരിച്ചറിയുക. മൃഗങ്ങളുടെ ഇടയിലെ ലിംഗനീതി പോലും വിവേകികൾ എന്നഭിമാനിക്കുന്ന മനുഷ്യർക്കില്ല.

Sex workers ൻ്റെ കാര്യമെടുത്താൽ ബോധവൽക്കരണവും, അവരുടെ കുഞ്ഞുങ്ങളുടെ പുനരധിവാസവും മറ്റും വളരെയേറെ പ്രധാന്യമർഹിക്കുന്നു.

ഈ ചിത്രം ആ മേഖലയിൽ ഒരു വഴികാട്ടിയാകും ഉറപ്പ്.