സംഗീതപ്രേമികളുടെ മനംകവര്‍ന്ന സുദീപ് കുമാര്‍ ഫൊക്കാന കൺവൻഷനിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 July 2022

സംഗീതപ്രേമികളുടെ മനംകവര്‍ന്ന സുദീപ് കുമാര്‍ ഫൊക്കാന കൺവൻഷനിൽ

ശ്രീകുമാർ ഉണ്ണിത്താൻ
മലയാളത്തിന്റെ അനുഗ്രഹീത യുവ ഗായകൻ ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ അതിഥിയായി എത്തുന്നു.ജൂലൈ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫൊക്കാന അന്തർ ദേശീയ കൺവൻഷന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും മലയാളികളുടെ പിയപ്പെട്ട ഗായകൻ സുദീപ് കുമാറെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു .
ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും മികച്ച ആലാപന മുദ്രകൊണ്ടും സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഗായകനാണ് സുദീപ് കുമാര്‍.അദ്ദേഹത്തിന്റെ സാന്നിധ്യം ഫൊക്കാന കൺവൻഷന്‌ മിഴിവേകും .തികഞ്ഞ അർപ്പണ മനോഭാവമാണ് സുദീപ് കുമാറിന്റെ പ്രത്യേകതയെന്നു സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു .

ആലപ്പുഴ പുന്നപ്രയിൽ 1975 മെയ് 25 ന് എഴുത്തുകാരനായ കൈനകരി സുരേന്ദ്രന്റെയും, കെ എം രാജമ്മയുടെയും മൂത്ത മകനായി സുദീപ് കുമാറിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം പുന്നപ്ര സെന്റ്‌ ജോസഫ് ഹൈ സ്കൂളിലായിരുന്നു. തുടർന്ന് എസ് ഡി കോളേജ് ആലപ്പുഴയിൽ നിന്നും മലയാളത്തിൽ ബിരുദവും, ഗവന്മെന്റ് ലോ കോളേജിൽ നിന്നും എൽ എൽ ബിയും നേടി. പതിനൊന്നാമത്തെ വയസിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ സുദീപിന്റെ ആദ്യ ഗുരു ശാന്തമ്മ രാജഗോപാലാണ്‌. തുടർന്ന് ആലപ്പുഴ ആർ വിധു, കലവൂർ ബാലൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, മാവേലിക്കര സുബ്രമണ്യൻ, ജി ദേവരാജൻ എന്നീ പ്രഗൽഭരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പുഴ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു.

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം ആണ് സുദീപ് കുമാറിന്‍റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത്. “പുതിയ നൂറ്റാണ്ടിലേക്ക് ” എന്ന സംഗീത പരിപാടിയിലൂടെ ദേവരാജന്‍ മാസ്റ്റര്‍ പുതിയ കാലത്തിന് പരിചയപെടുത്തിയ 5 ഗായകരില്‍ ഒരാള്‍ സുദീപ് കുമാര്‍ ആയിരുന്നു.

90കളുടെ ഒടുവിൽ ട്രാക്കുകൾ പാടിയാണ് സിനിമാ മേഖലയിൽ വരുന്നത്. അതിൽ ചിലത് ഫില്ലർ ഗാനങ്ങൾ ആയി ക്യാസറ്റുകളിൽ ഇടംപിടിച്ചു. ഒപ്പം ചില ആൽബങ്ങളിലും നാടകങ്ങൾക്ക് വേണ്ടിയും പാടി. 2003 മോഹൻ സിത്താരയുടെ സംഗീതത്തിൽ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ ആണ് പിന്നണി ഗായകൻ എന്ന നിലയിൽ സുദീപ് കുമാറിന്റെ അരങ്ങേറ്റ ചിത്രം. മികച്ച ഒരു ഹിറ്റ് ഗാനത്തിന് വേണ്ടി പിന്നെയും ഏതാനും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു സുദീപിന്. എം ജയചന്ദ്രൻ ആണ് അദ്ദേഹത്തിന് നിർണ്ണായക ബ്രേക്കും തുടർഹിറ്റുകളും നൽകിയ സംഗീത സംവിധായകൻ. മാടമ്പി എന്ന ചിത്രത്തിൽ മോഹൻലാലിന് വേണ്ടി ശബ്ദം പകർന്ന ‘ എന്റെ ശാരികേ.. ‘ ആണ് അദ്ദേഹത്തിന്റെ ആദ്യ സൂപ്പർ ഹിറ്റ്. പുറകെ ‘ മധുരം ഗായതി..’ (ബനാറസ്), എന്തെടി എന്തെടി പനംകിളിയെ..’ (ശിഖാർ), കായാമ്പൂവോ ശ്യാമമേഘമോ (നിവേദ്യം), ചെമ്പകപ്പൂം കാട്ടിലെ.. (രതിനിർവേദം 2), വെള്ളാരം കുന്നിലേറി.. (സ്വപ്നസഞ്ചാരി), നിലാവേ നിലാവേ.. (ചട്ടക്കാരി), ആർത്തുങ്കലെ പള്ളിയിൽ (റൊമാൻസ്), ലാലീ ലാലീലെ (കളിമണ്ണ്), കൊണ്ടൊരാം കൊണ്ടോരാം.. (ഒടിയൻ) എന്നിവയാണ് എം ജയചന്ദ്രന് വേണ്ടി സുദീപ് കുമാർ പാടിയ ശ്രദ്ധേയ ഗാനങ്ങൾ. ഇതിൽ തന്നെ ചെമ്പകപ്പൂം കാട്ടിലെ.. (രതിനിർവേദം 2) എന്ന ഗാനം 2011 ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു.

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്പുടത എന്നിവയൊക്ക ദേവരാജ കളരിയിൽ നിന്നും വന്ന അദ്ദേഹത്തിന്റെ മികവുകൾ ആയിരുന്നു. യേശുദാസിന് മാത്രം പാടാൻ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങൾ സ്റ്റേജുകളിൽ നീതിപൂർവമായി പാടാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതും അദ്ദേഹത്തിന്റെ ജനപ്രീതിയ്ക്ക് പ്രധാന കാരണമാണ്.

ബിജിബാൽ (ഒരുപോലെ ചിമ്മും.., തെളിവെയിലഴകും.., ആകാശം പന്തല് കെട്ടി.., കരിങ്കള്ളിക്കുയിലേ), ഔസേപ്പച്ചൻ (ആരാണ് ഞാൻ.., ഒരു കണ്ണീർക്കണം..), എംജി ശ്രീകുമാർ (മനസ്സ് മയക്കി ആളെ..), ബേണി-ഇഗ്നേഷ്യസ് (നാലമ്പലമണയാൻ..), ഗോപി സുന്ദർ (സദാ പാലയ..), ദീപാങ്കുരൻ (മംഗളകാരക..) എന്നീ പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ ഗാനങ്ങൾക്കുവേണ്ടി സുദീപ് കുമാറിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.

മലയാള പിന്നണി ഗായകരുടെ സംഘടന ആയ സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) പ്രസിഡന്റ് ആണ് സുദീപ് കുമാര്‍.വേദികളെ സമ്പുഷ്ടമാക്കുന്ന ഗാനാലാപന ശൈലിയുടെ ഉടമയായ സുദീപ്പ് കുമാറിന്റെ സാന്നിധ്യം ഫൊക്കാന കൺവൻഷൻ വേദിയെ ധന്യമാക്കും.