കേന്ദ്രമന്ത്രി വി. മുരളീധരനുമായി ഫൊക്കാന നേതാക്കന്മാർ ഡൽഹിയിൽ ചർച്ച നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

28 August 2022

കേന്ദ്രമന്ത്രി വി. മുരളീധരനുമായി ഫൊക്കാന നേതാക്കന്മാർ ഡൽഹിയിൽ ചർച്ച നടത്തി

ഫ്രാൻസിസ് തടത്തിൽ

ഫൊക്കാനയുടെ പുതിയ ഭരണസമിതി (2022-2024) അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ പ്രവർത്തന കർമ്മ മണ്ഡലത്തിലേക്ക് സജീവമായി രംഗത്ത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഫൊക്കാന നേതാക്കന്മാർ കേന്ദ്ര വിദേശകാര്യ – പാർല്യമെന്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരനെ സന്ദർശിച്ച് അമേരിക്കൻ മലയാളികളുടേതുൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ, സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടരക്കര എന്നിവർ ഉൾപ്പെട്ട സംഘമാണ് കേന്ദ്ര മന്ത്രി വി. മുരളീധരനെ സന്ദർശിച്ച് ചർച്ച നടത്തിയത്.

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഒ.സി.ഐ കാർഡ് ഉടമകൾക്കായി പ്രത്യേക ഒ.സി.ഐ. കൗണ്ടർ ആരംഭിക്കണമെന്നും അമേരിക്കയിലെ വിവിധ നഗരങ്ങളിൽനിന്ന് കേരളത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സർവീസുകൾ ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ആരംഭിക്കണമെന്നും നേതാക്കന്മാർ മന്ത്രിയോട് അഭ്യർത്ഥിച്ചു. അമേരിക്കൻ മലയാളികളുടെ നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യന്നതിനുള്ള സംരക്ഷണത്തിനായി രൂപം നൽകിയ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ആക്ട് നിയമം പ്രാബല്യത്തിൽ വരുത്താനും അത് വഴി പ്രവാസികൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിപഹാരം കാണാനും മന്ത്രിയുടെ ഇടപെടൽ വേണമെന്നും അവർ അഭ്യർത്ഥിച്ചു.

മന്ത്രിയുമായി ഏതാണ്ട് അര മണിക്കൂറിലേറെ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയിൽ വച്ച് 2024 ൽ വാഷിംഗ്‌ടൺ ഡി.സി.യിൽ നടക്കുന്ന ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കാനുള്ള ക്ഷണവും നേതാക്കന്മാർ കേന്ദ്ര മന്ത്രിക്ക് മുൻകൂട്ടി നൽകി. രണ്ടു വർഷം കഴിഞ്ഞു നടക്കുന്ന കൺവെൻഷനിലെ ആദ്യത്തെ ക്ഷണിതാവാണ് അദ്ദേഹമെന്നും ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ മന്ത്രിയെ അറിയിച്ചു. സമയം ക്രമപ്പെടുത്തി കൺവെൻഷനിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി നേതാക്കളോട് പറഞ്ഞു. കേന്ദ്ര മന്ത്രിയുമായുളള കൂടിക്കാഴ്ച്ച വൻ വിജയകരമായിരുന്നുവെന്ന് ഫൊക്കാന നേതൃസംഘം കൂടിക്കാഴ്ചകൾക്ക് ശേഷം പറഞ്ഞു.
ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് നാട്ടിലേക്ക് തിരിച്ചു. പിന്നീട് തിരുവന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു വിവിധ വകുപ്പ് മന്ത്രിമാരുമായും സംഘം അമേരിക്കൻ പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷങ്ങളേക്കുറിച്ച് ചർച്ച ചെയ്യും. മന്ത്രിമാർ,ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവന്തപുരത്ത് ഫോക്കാന നേതാക്കന്മാർക്ക് സ്വീകരണവും നൽകുന്നുണ്ട്.