അടുത്ത ഫോമാ പ്രസിഡന്റ് ആര്?; ഡോ. ജേക്കബ് തോമസോ ? ജെയിംസ് ഇല്ലിക്കലോ ?

sponsored advertisements

sponsored advertisements

sponsored advertisements


1 September 2022

അടുത്ത ഫോമാ പ്രസിഡന്റ് ആര്?; ഡോ. ജേക്കബ് തോമസോ ? ജെയിംസ് ഇല്ലിക്കലോ ?

സ്വന്തം ലേഖകൻ
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 – 2024 ലെ പ്രസിഡന്റ് ആരായിരിക്കും.
ഫ്ലോറിഡയിൽ നിന്നുള്ള ജെയിംസ് ഇല്ലിക്കലോ, ന്യൂയോർക്കിൽ നിന്നുള്ള ഡോ. ജേക്കബ് തോമസോ ?

സെപ്റ്റംബർ മൂന്നിന് കാൻ കൂണിലെ ഫോമാ ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികളെ പോലെ അമേരിക്കൻ മലയാളികളും , മാധ്യമ പ്രവർത്തകരും. കോവിഡ് മഹാമാരിക്ക് ശേഷം ഫോമാ പ്രവർത്തകർ അമേരിക്കയിൽ ഒത്തുചേരുന്ന മെഗാ കൺവെൻഷൻ കൂടിയാണ് ഫോമാ നാഷണൽ കൺവെൻഷൻ. അതുകൊണ്ടു തന്നെ ഈ ഫോമാ തെരഞ്ഞെടുപ്പും വളരെ വാശിയേറിയതും കൗതുക പൂർണ്ണവുമായിരിക്കും.
ന്യൂയോർക്കിൽ നിന്നുള്ള ഡോ. ജേക്കബ് തോമസും, ഫ്ലോറിഡയിൽ നിന്നുള്ള ജെയിംസ് ഇല്ലിക്കലും തമ്മിലാണ് ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ടു പേരും ഫോമയുടെ പ്രസ്റ്റീജ് താരങ്ങൾ തന്നെ. ഇരുവരുടെയും തെരഞ്ഞെടുപ്പ് തുറുപ്പുചീട്ട് പ്രവർത്തന രംഗത്തെ നേട്ടങ്ങൾ മാത്രമാണ്.
ജെയിംസ് ഇല്ലിക്കൽ നിരവധി സംഘടനാ പ്രവർത്തനങ്ങളിലൂടെ ഫോമയിലെത്തുകയും നിരവധി പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിച്ച സംഘാടകനുമാണ്. ഫോമാ യുവജനോത്സവം ഫ്ലോറിഡയിൽ കൃത്യമായ പ്ലാനിംഗോടെ നടപ്പിലാക്കി വിജയിപ്പിച്ച വ്യക്തിത്വം കൂടിയാണ് ജെയിംസ് ഇല്ലിക്കൽ. ഫോമ ഫാമിലി ടീം എന്ന പേരിൽ യുവജനങ്ങളുടെ ഒരു പുതിയ തലമുറയെയാണ് അദ്ദേഹം തെരത്തെടുപ്പ് രംഗത്തിറക്കിയിരിക്കുന്നത്. വിവിധ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിൽ കഴിവ് തെളിയിച്ച ചെറുപ്പക്കാരെ രംഗത്തിറക്കി പുതുതലമുറയുടെ വോട്ടുകൾ കൂടി ഉറപ്പാക്കുകയാണ് അദ്ദേഹം.
ജേക്കബ് തോമസ് ഫോമയിൽ നിരവധി പദവികൾ വഹിച്ചിട്ടുളളയാളാണ്. കഴിഞ്ഞ ഫോമാ കേരളാ കൺവൻഷൻ ചെയർമാനായിരുന്നു. ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക മേഖലയിൽ നിരവധി പ്രവർത്തനങ്ങളിലൂടെ സജീവമായ ജേക്കബ് തോമസ് ഫോമയ്ക്ക് ന്യൂയോർക്കിൽ ഒരു ആസ്ഥാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫ്രണ്ട്സ് ഓഫ് ഫോമ എന്ന പേരിൽ പഴയതും പുഴുതലമുറയിലേയും നേതാക്കളെ ഉൾപ്പെടുത്തിയ ഒരു പാനലാണ് അദ്ദേഹം അവതരിച്ചിരിക്കുന്നത്. സംഘടനാരംഗത്തും വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായ ഒരു ടീമിനെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഫോമയിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഊഷ്മളബന്ധങ്ങൾ തന്റെ യും ടീമിന്റെയും വിജയം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു.

ഇരുവരും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൃത്യമായ പ്ലാനിങ്ങോടെ യാണ് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചതും തെരഞ്ഞെടുപ്പിനെ നേരിട്ടതും. അതിന് ഫോമാ വേട്ടർമാർ അംഗീകാരം നൽകുമെന്നാണ് ഡോ. ജേക്കബ് തോമസും, ജെയിംസ് ഇല്ലിക്കലും അഭിപ്രായപ്പെടുന്നത് . എല്ലാ റീജിയണുകളും സമയ ബന്ധിതമായി സന്ദർശിച്ച് ഫോമാ വാട്ടർമാരെ നേരിട്ടു കണ്ട് ഇരുവരുടേയും ടീമുകൾ വോട്ടു ചോദിച്ചു. മുതിർന്ന എല്ലാ ഫോമാ നേതാക്കളും രണ്ടു പേർക്കും പിന്തുണ നൽകിയതും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാഴ്ച്ചകളുടെ പ്രത്യേകതയായിരുന്നു. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫോമയുടെ അമരത്തേക്ക് രണ്ട് പേർക്കും കടന്നുവരാൻ അർഹതയുണ്ട്. കാരണം
ഇരുവരുടേയും പ്രവർത്തന ശൈലിയും , ഫോമാ പ്രവർത്തകരിൽ ഇരുവരും ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസവുമാണ്. പക്ഷെ ഈ ആത്മവിശ്വാസം വോട്ടായി മാറുമോ എന്നാണ് ഇരുവരും നോക്കി കാണുന്നത്. മൂന്നാം തീയതി കാൻ കൂണിൽ മുൻ ഫോമ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മറ്റി പുതിയ ഫോമ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നാം ഓരോരുത്തരും.

ആകാംക്ഷയ്ക്ക് വിരാമമിടാൻ സെപ്റ്റംബർ മൂന്ന് വരെ കാത്തിരിക്കണമെന്ന് ചുരുക്കം.
ഇരുവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ .

ജെയിംസ് ഇല്ലിക്കൽ
ഡോ. ജേക്കബ് തോമസ്