തയാറാക്കിയത് :അനിൽ പെണ്ണുക്കര
” വിജയിച്ച വ്യക്തിയും മറ്റുള്ളവരും തമ്മിലുളള വിത്യാസം ശക്തിയുടെ കുറവല്ല, അറിവിന്റെ അഭാവമല്ല , മറിച്ച് ഇച്ഛാശക്തിയുടെ അഭാവമാണ് “
ജീവിതത്തിന്റെ ഏതറ്റം വരെ നമുക്ക് സന്തോഷത്തോടെ യാത്ര ചെയ്യാൻ നമുക്ക് താങ്ങും തണലുമാക്കാൻ സ്വന്തം ഇച്ഛാശക്തി മാത്രം മതി. പക്ഷെ ആ ഇച്ഛാശക്തിക്കൊപ്പം ഈശ്വരന്റെ അനുഗ്രഹം കൂടി ഉണ്ടായാൽ പിന്നെ എല്ലാം വളരെ വേഗത്തിലായി…
തന്റെ ഇച്ഛാശക്തി കൊണ്ട് ജീവിതന്റെ ദുർഘട സമയങ്ങളെയെല്ലാം സന്തോഷത്തിന്റെ നിമിഷങ്ങളാക്കിയ , തന്റെ മേൽ ദൈവത്തിന്റെ കൈയ്യൊപ്പു കൂടി പതിഞ്ഞ ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയിൽ നമുക്ക് കണ്ടുമുട്ടാം.
ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ.
നമുക്ക് പ്രിയപ്പെട്ട ഈ അച്ചൻ അമേരിക്കൻ നയതന്ത്ര രംഗത്തെ നിറസാന്നിദ്ധ്യം എന്ന് പറഞ്ഞാൽ പോരാ.. ” മലയാളി സാന്നിദ്ധ്യം” എന്ന് നെഞ്ച് വിരിച്ച് പറയാം നമുക്ക് . അമേരിക്കൻ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും മലയാളി സാന്നിദ്ധ്യം നമുക്ക് സന്തോഷം നൽകുന്നുണ്ട്. എങ്കിലും ഫാ. അലക്സാണ്ടർ ജെയിംസ് കൃര്യന്റെ ജീവിത വഴികൾ നമ്മുടെ പുതുതലമുറ പഠിക്കേണ്ട പാഠ പുസ്തകമാകുന്നു. ദൈവത്തിന്റെ അക്ഷരങ്ങളുള്ള തുറന്ന പാഠപുസ്തകം.
പള്ളിപ്പാട് നിന്ന് അമേരിക്കയിലേക്ക് ,
ആത്മീയതയിലേക്ക്
ഹരിപ്പാട് പള്ളിപ്പാട് കടക്കൽ കോശി കുര്യന്റെയും , പെണ്ണമ്മ കുര്യന്റെയും ആറ് മക്കളിൽ ഇളയ മകനായി 1961 ൽ ജനനം. പള്ളിപ്പാട് നടുവട്ടം സ്കൂളിൽ മലയാളം മീഡിയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ നിന്ന് പ്രീഡിഗ്രിയും കഴിഞ്ഞ്
സ്വന്തം സഹോദരി ലില്ലി കുര്യന്റേയും കുടുംബത്തിന്റെയും സഹായത്തോടെയാണ് 1978 ൽ അദ്ദേഹം അമേരിക്കയിൽ എത്തുന്നത്.ജീവിതത്തിലെ വഴിത്തിരിവുകൾക്ക് തുടക്കമിട്ട നിമിഷമായിരുന്നു തന്റെ അമേരിക്കൻ യാത്രഎന്ന് അദ്ദേഹം പറയുന്നു .അതിനു കാരണക്കാരിയായ സഹോദരിയോടും കുടുംബത്തോടും വലിയ കടപ്പാടുണ്ട് .
ആദ്യകാല അമേരിക്കൻ ജീവിതത്തിന്റെ ക്ലേശങ്ങൾക്കിടയിൽ ഈശ്വരനോടുള്ള ബന്ധം കൂടി. തന്റെ വഴി ആത്മീയതയുടെതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ബോസ്റ്റണിലെ ഹോളിക്രോസ് ഓർത്തഡോക്സ് സെമിനാരിയിൽ ആയിരുന്നു. പഠനത്തോടൊപ്പം ജെറിയാട്രി ഹോമുകളിൽ ജോലിയിലും പ്രവേശിച്ചു. അവിടെ തുടങ്ങിയ ജീവിതത്തിന് നിരവധി അമ്മമാരുടെയും, അപ്പൻമാരുടെയും അനുഗ്രഹം ഉണ്ടായിരുന്നു. അവരുടെ ഹൃദയങ്ങളുടെ പ്രാർത്ഥനയാണ് തന്നെ ഇപ്പോഴും വഴി നടത്തുന്ന ശക്തി എന്ന് അച്ചൻ പറയുന്നു.
തുടർന്നും പഠനം നിർത്തിയില്ല. മതത്തിലും ബിസിനസ്സിലും ബാച്ചിലർ ഓഫ് ആർട്സ് – ഹെല്ലനിക് കോളേജ് ആൻഡ് ഹോളി ക്രോസ് സെമിനാരി ബോസ്റ്റൺ ) മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ- താമ്പാ യൂണിവേഴ്സിറ്റി),യു എസ് ആർമി വാർ കോളേജിൽ നിന്ന് ടാക്ടിക്കൽ ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ്ങിൽ എം എസ് എടുത്തു .
തന്ത്രപരമായ ആസൂത്രണം, ചർച്ചകൾ, നേതൃത്വം, മാനേജ്മെന്റ്, സാമ്പത്തിക വിശകലനം എന്നിവയിൽ അൻപതിലധികം കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട് .ലണ്ടൻ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് സർവേയർമാരുടെ (FRICS) ഫെലോ, അപ്രൈസൽ ഇൻസ്റ്റിറ്റ്യൂട്ട് (MAI), ചിക്കാഗോയിലും അംഗമാണ് .
പൗരോഹിത്യത്തിലേക്ക്
മാസ്റ്റർ ഓഫ് ഫിലോസഫിയും ഡിവിനിറ്റിയും പൂർത്തിയാക്കിയ ശേഷം പൗരോഹിത്യത്തിലേക്ക്. 1986 ൽ അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനി ശെമ്മാശ പട്ടം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെയും ,അഭിവന്ദ്യ എപ്പിപ്പാനിയോസ് തിരുമേനിയുടെയും സാന്നിദ്ധ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവാ (കൊല്ലം കൂറിലോസ് തിരുമേനി )യുടെ കരങ്ങളാൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി കോട്ടയം ദേവലോകം അരമന ചാപ്പലിലേക്ക് 1987 ൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് രണ്ടുവർഷം അമേരിക്കയിലുടനീളം വിവിധ ഇടവകകളിൽ സേവനമനുഷ്ടിച്ചു. .ബാൾട്ടിമൂർ സെന്റ് തോമസ്ഓർത്തഡോക്സ് ചർച്ച്,ഗ്രേറ്റർ വാഷിംഗ്ടൺ ഡി സി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എന്നിവിടങ്ങളിൽ വികാരിയായി 18 വർഷം സേവനം അനുഷ്ഠിച്ചു.പ്രതിഫലം വാങ്ങാതെയാണ് ഈ ആത്മീയ സേവനം അദ്ദേഹം നടത്തിയത് .2000 ൽ അച്ചന്റെ നേതൃത്വത്തിൽ ഗ്രേറ്റർ വാഷിംഗ്ടൺ ഡി സി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന് വേണ്ടി സ്വന്തമായി നാലര ഏക്കർ ഉൾപ്പെട്ട പള്ളിയും വീടും വാങ്ങി എന്നത് തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ബാക്കിപത്രമായി അച്ചൻ കാണുന്നു . കഴിഞ്ഞ പതിനഞ്ച് വർഷമായി ലോകമെമ്പാടുമുള്ള പള്ളികളിൽ ക്ഷണിതാവായി സർവീസ് നടത്തുന്നു .ഇപ്പോൾ അറുപത്തിരണ്ട്‍ രാജ്യങ്ങളിലെ ഓർത്തഡോക്സ് പള്ളികളിൽ ആരാധന നടത്തിയിട്ടുണ്ട്.
യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലേക്ക്
പുതുചരിത്രത്തിലേക്ക്
ഒരു വ്യക്തിയുടെ ജീവിത വഴിത്തിരിവുകൾ വിജയമാകുന്നത് അയാളുടെ ആത്മവിശ്വാസത്തിനുമൊപ്പം ദൈവത്തിന്റെ അനുഗ്രഹം കൂടി ഒത്തുചേരുമ്പോഴാണ്. 1999 ൽ അദ്ദേഹം യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ സീനിയർ പോളിസി അഡ്വൈസർ ആയി ചേർന്നു . ജീവിതത്തിൽ ആത്മീയത പൊതുജന സമക്ഷത്തിൽ സേവനതല്പരമായി എങ്ങനെ പ്രയോഗിക്കണമെന്ന് ദൈവം കാണിച്ചു കൊടുത്ത അപൂർവ്വ നിമിഷം .പിന്നെ അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല. അമേരിക്കൻ ഗവൺമെന്റിന് വേണ്ട സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ കൂടിയായി മാറി അദ്ദേഹം. പ്രോഗ്രാം പ്രോജക്ട് മാനേജ്മെന്റ്, നയതന്ത്ര ആസൂത്രണം, പോളിസി ഡവലപ്പ്മെന്റ് & റഗുലേറ്ററി കംപ്ലയൻസ്, സ്ട്രാറ്റജിക് അസസ് മാനേജ്മെന്റ് & ക്യാപ്പിറ്റൽ പ്ലാനിംഗ് , റിയൽ എസ്റ്റേറ്റ് & ഫെസിലിറ്റീസ് മാനേജ്മെന്റ്, ഗ്ലോബൽ സ്ട്രാറ്റജിക് അലയൻസ്,& ബിസിനസ് ഡവലപ്മെന്റ്, ഓപ്പറേഷണൽ റിസ്ക് അസസ്മെന്റ് , ബജറ്റ് ഡവലപ്പ്മെന്റ് & മാനേജ്മെന്റ്, പ്രോസ്സസ് റീ കൺസ്ട്രക്ഷൻ, പവ്വർ മാനേജ്മെന്റ് , സുസ്ഥിരത, എച്ച്. ആർ പെർഫോമൻസ് മാനേജ്‌മെന്റ് , ഓർഗനൈസേഷണൽ റീസ്ട്രക്ടറിംഗ് , ഐ.ടി. സിസ്റ്റം ഇന്നോവേഷൻ & മോഡേണൈസേഷൻ എന്നിവയിലെല്ലാം അച്ചന്റെ കൈയ്യൊപ്പ് പതിഞ്ഞതോടെ അമേരിക്കൻ ഗവൺമെന്റിന്റെ നിർണ്ണായക ഘടകമായി അദ്ദേഹം മാറി. തുടർന്ന് 2004 ൽ ലോകമെമ്പാടുമുള്ള യു.എസ് എംബസികളുടേയും, കോൺസുലേറ്റുകളുടെയും തന്ത്രപരമായ ആസൂത്രണം ചെയ്യുന്ന ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ് മാനേജിംഗ് ഡയറക്ടറായി നിയമിതനായതോടെ അദ്ദേഹം അമേരിക്കൻ ഗവൺമെന്റിന്റെ വിശ്വസ്തനായ ജോലിക്കാരനായി മാറി.ഈ പദവിയിലേക്ക് ആദ്യമായി എത്തുന്ന ഇൻഡ്യാക്കാരനായിരുന്നു ഫാ.അലക്സാണ്ടർ ജെയിംസ് കുര്യൻ .അമേരിക്കയ്ക്ക് ലോകത്ത് എവിടെയും എംബസികളും, കോൺസുലേറ്റുകളും നിർമ്മിക്കണമെങ്കിൽ ഫാ. അലക്സാണ്ടർ ജയിംസ് കുര്യന്റെ നേതൃത്വത്തിലുള്ള സ്ട്രാറ്റജി പ്ലാനിംഗിന്റെ അംഗീകാരം വേണം. അച്ചന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമായി അമേരിക്കൻ ഗവണ്മെന്റിന്റെ 135 പുതിയ അമേരിക്കൻ എംബസികളും കോൺസലേറ്റുകളും നിർമ്മിച്ചിട്ടുണ്ട് . 147 രാജ്യങ്ങളിൽ അമേരിക്കൻ ഗവണ്മെന്റിനുവേണ്ടി യാത്ര ചെയ്തിട്ടുണ്ട് .പ്രസിഡന്റ് ക്ലിന്റന്റെ 2000 ലെ ചരിത്രപ്രധാനമായ ഇന്ത്യൻ യാത്രയിലെ സംഘത്തിലെ പ്രധാനിയായിരുന്നു അച്ചൻ .2006 ൽ പ്രസിഡന്റ് ബുഷിന്റെ ഹൈദ്രബാദ് സന്ദർശനത്തിലെ സംഘത്തിലും അച്ചൻ ഉണ്ടായിരുന്നു.ബോംബെ ബാന്ദ്ര കുർളയിലും ഹൈദ്രാബാദിലെയും പുതിയ കോൺസലേറ്റിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ഫാ.അലക്സാണ്ടർ ജെയിംസ് കുര്യൻ ആയിരുന്നു. ഇങ്ങനെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്വവും സാമ്പത്തിക ശേഷി വികസനത്തിനും ഇന്നു വരെ ഫാ അലക്സാണ്ടർ ജെയിംസ് കുര്യൻ നടത്തിയ സേവനങ്ങൾ വിലമതിക്കാനാവത്തതാണ് .
ബറാക് ഒബാമ നൽകിയ നിയമനം
ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന്റെ ഔദ്യോഗികജീവിതം അമേരിക്കൻ ഗവൺമെന്റ് അംഗീകരിച്ചതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സീനിയർ ഫെഡറൽ എക്സിക്യുട്ടീവ് പദവി. 34 വർഷത്തെ ഭരണ പരിചയം ഒരു ഫെഡറൽ എക്സിക്യുട്ടീവിന് നൽകുന്ന അംഗീകാരങ്ങളെല്ലാം അച്ചനും ലഭിച്ചു.
സർക്കാർ തലങ്ങളിൽ നയങ്ങൾ വികസിപ്പിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക, സാമ്പത്തിക മാനേജ്മെന്റ് സിസ്റ്റം ഡവലപ്പ് ചെയ്യുക, മേൽനോട്ടങ്ങളിലെ മികവ്, സുതാര്യത, ഉത്തരവാദിത്വം, റെഗുലേറ്ററി പരിഷ്കരണം, ഐ.ടി ഗ്രൂപ്പുകളെ നയിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം ഗവൺമെന്റ് ഭരണതലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. 2014 സെപ്തംബറിൽ പ്രസിഡന്റ് ബരാക് ഒബാമ എക്സിക്യുട്ടീവ് ഓഫീസിന് കീഴിലുള്ള ഗവൺമെന്റ് വൈഡ് പോളിസി ഓഫീസിന്റെ ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയി അദ്ദേഹത്തെ .അഡ്മിനിസ്ടേറ്റർ കൂടിയായി അദ്ദേഹം. യു.എസ്. സിവിൽ സർവ്വീസിന്റെ (എസ്.ഇ.എസ്.1) ഏറ്റവും ഉയർന്ന റാങ്ക് കൂടിയാണ് ഇത്.സാമ്പത്തികവും ഫലപ്രദവുമായ മാനേജ്മെന്റ് സംവിധാനം ഉണ്ടാകുന്നതിന് വേണ്ടി യു.എസ്. ഗവൺമെന്റിന്റെ ഘടനാ പരമായ ചട്ടക്കൂട് ഒരുക്കുന്നതിലും ഫാ.അലക്സാണ്ടർ ജെയിംസ് കുര്യന്റെ കഴിവുകൾ ഗവൺമെന്റ് അംഗീകരിച്ചു. നാൾ ട്രില്യൺ ഡോളറിന്റെ മൂല്യമുള്ള ഒൻപതിലധികം പോളിസികളിൽ അദ്ദേഹത്തിന്റെ നയതന്ത്ര സാന്നിദ്ധ്യമുണ്ട്.ഈ പദവിയിലും എത്തുന്ന ആദ്യത്തെ ഇൻഡ്യാക്കാരനായി മാറി അദ്ദേഹം .
ട്രമ്പിനും,ബൈഡനും ഒപ്പം അഭിമാനത്തോടെ
ഇപ്പോൾ പ്രസിഡന്റ് ബൈഡന്റെയും, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റേയും കീഴിൽ ഒൻപത് പോളിസികളുടെ നിയന്ത്രണങ്ങളുടെ നേതൃത്വത്തിൽ തുടരുമ്പോൾ 2018 ൽ ട്രമ്പിനൊപ്പം ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ടേറ്ററായി ജോലി ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.2019 ൽ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തെ ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ് .
കരിയർ അനുഭവം, നേട്ടങ്ങൾ
2014 മുതൽ ഈ നിമിഷം വരെ എക്സിക്യുട്ടീവ് ലീഡർഷിപ്പ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ അമേരിക്കൻ ഗവൺമെന്റിന് സാമ്പത്തികവും, കാര്യക്ഷമവും, ഫലപ്രദവുമായ ഒരു ഒരു മാനേജ്മെന്റ് സംവിധാനത്തിനായി അഹോരാത്രം കഷ്ടപ്പെടുന്നുണ്ട്. ഇതിന് ഗവൺമെന്റിന് ലഭിക്കുന്ന നേട്ടങ്ങൾക്ക് കണക്കുമുണ്ട്.
യു.എസ് ഗവൺമെന്റ് നയങ്ങൾ ഒരു അസറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് മാറ്റുകയും ഫെഡറൽ റിയൽ പ്രോപ്പർട്ടി ഡാറ്റാബേസിനെ അത്യാധുനിക അസസ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് മാറ്റിയതും അച്ചനായിരുന്നു. അമേരിക്കൻ ഗവൺമെന്റിന്റെ ലോകമെമ്പാടുമുള്ള കെട്ടിടങ്ങളുടേയും, ഭൂമിയുടെയും ഇൻവെന്ററി പരസ്യമായി പ്രസിദ്ധീകരിച്ചതിലൂടെ ഈ വിഷയത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. ബ്രോഡ് ബാൻഡ് കമ്യൂണിക്കേഷൻ പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലകളിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. യു.എസ് സുപ്രീം കോടതിയിലെ പ്രസിഡൻഷ്യൽ കമ്മീഷന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി സേവനമനുഷ്ടിച്ചു.പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസ് മാനേജ്മെന്റ്,പ്രസിഡൻഷ്യൽ മാനേജ്‌മെന്റ് അജണ്ട കൗൺസിൽ, 55 എക്സിക്യുട്ടീവ് ഏജൻസികൾ എന്നിവ വികസിപ്പിക്കുന്നതിലും, ആദ്യത്തെ ഫെഡറൽ റിയൽ പ്രോപ്പർട്ടി ഡാറ്റ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ നൽകി.
ഇറാക്കിലെ നിർണ്ണായക ദിനങ്ങൾ
ഇറാക്ക് യുദ്ധകാലം നമുക്ക് വേദനയുടെ കാലമായിരുന്നു എങ്കിൽ യുദ്ധമുഖത്ത് ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ പ്രവർത്തന നിരതനായിരുന്നു. യുദ്ധസമയത്ത് അവിടെ ജീവിച്ച 15 മാസങ്ങൾ തന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളെന്ന് പറയുന്നു. അമേരിക്കൻ സേന സദ്ദാം ഹുസൈന്റെ റിപ്പബ്ലിക്കൻ പാലസ് കീഴടക്കിയതിന് ശേഷം അവിടെയായിരുന്നു അച്ചന്റെയും സംഘത്തിന്റെയും ഓഫീസ് പ്രവർത്തിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യവെ ഉണ്ടായ വെടി വെയ്പ്പിൽ അദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന തന്റെ 13 അംഗരക്ഷകരുടെ മരണം ഇന്നും അദ്ദേഹത്തിന് വേദനയുടെ നെരിപ്പോടാണ്.യുദ്ധ സമയത്ത് 18 മാസം അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .
സഭയുടെ വരണാധികാരി
2021 ഒക്ടോബർ 14 ന് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ തെരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരിയായി പരിശുദ്ധ സുന്നഹദോസ് നിയമിച്ചത് ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ ആയിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളെ ബന്ധിപ്പിച്ച് 50 കേന്ദ്രങ്ങളിലൂടെ 4007 മലങ്കര അസ്റ്റോസിയേഷൻ അംഗങ്ങളെ ബന്ധിപ്പിച്ചാണ് ഈ യോഗം അദ്ദേഹം നിയന്ത്രിച്ചത്. ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് അദ്ദേഹം ഈ ദൗത്യം നിർവ്വഹിച്ചത്. അച്ചൻ നിർമ്മിച്ച വെർച്വൽ പ്ലാറ്റ്ഫോം വഴി ഒരു സഭയുടെ തലവന്റെ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കുകയും ഇ-വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുക വഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തന്നെ ഒരു പുതുമ കൈവന്നിരുന്നു.കോവിഡ് കാലത്ത് ലോകത്ത് ആദ്യമായാണ് ഒരു സഭയുടെയോ രാജ്യത്തിന്റെയോ ഭരണാധിപനെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തെരഞ്ഞെടുക്കുവാനുള്ള ഒരു സിസ്റ്റം ഉണ്ടാക്കിയത് എന്നത് അച്ചന്റെ ഓർത്തഡോകസ് സഭയോടുള്ള സ്നേഹവും വിശ്വസ്തതയും എടുത്തു കാണിക്കുന്നു.
ബഹുമതികൾ, പുരസ്കാരങ്ങൾ
അർഹതയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നത് സ്വാഭാവികമാണ്. ഫാ.അലക്സാണ്ടർ ജെയിംസ് കൃര്യന് തന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഗവൺമെന്റ് ട്രാൻസ്ഫോർമേഷൻ, ജനറൽ സർവ്വീസ് അഡ്മിനിസ്ട്രേഷൻ അവാർഡുകൾ,പ്രസിഡന്റ് ബറാക് ഒബാമയുടെ മികച്ച സിവിൽ സർവ്വീസ് പുരസ്കാരം, പ്രസിഡന്റ് ജോർജ്ജ് . ഡബ്ല്യു ബുഷിന്റെ ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിൽ പുരസ്കാരം, എക്സലൻസ് ഇൻ ഇന്നൊവേഷൻ, എക്സലൻസ് ഇൻ ഗവൺമെന്റ് ഇന്നവേഷൻ അവാർഡ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി നൽകിയ പ്രശംസാപത്രം (ഇറാക്കിൽ സേവനമനുഷ്ഠിച്ചതിന് ) , വിവിധ അംബാസിഡർമാർ നൽകിയ അവാർഡുകൾ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ തുടങ്ങി അൻപത്തിരണ്ടിലധികം പുരസ്‌കാരങ്ങളാണ് ഫാ . അലക്സാണ്ടർ ജെയിംസ് കുര്യനെ തേടി വന്നിട്ടുള്ളത്.
വിശ്വാസം നൽകുന്ന കരുത്ത്
ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് തുടങ്ങുന്ന അച്ചന്റെ ജീവിതം ഈശ്വരവിശ്വാസത്തിൽ പടുത്തുയർത്തിയതാണ്. ജീവിതത്തിന്റെ ദുർഘട സന്ധികൾ തരണം ചെയ്യാൻ തന്നെ പ്രാപ്തനാക്കിയത് വിശ്വാസം തന്നെയാണ്. മരണം പലയിടങ്ങളിലും മുന്നിൽ വന്ന് നിന്നപ്പോഴും അവിടെയെല്ലാം തുണയായത് പ്രാർത്ഥനയും ആത്മവിശ്വാസവും മാത്രമാണ്. ഇറാക്കിൽ യുദ്ധമുഖത്തു വെച്ച് ഉണ്ടായ അപകടവും, ഗ്രീസിൽ വച്ച് ഉണ്ടായ അപകടവും ജീവിതത്തിൽ ഈശ്വരനെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു എന്ന് അച്ചൻ പറയുന്നു.ഗ്രീസിലെ മൗണ്ട് ആതോസ് എന്ന പരിശുദ്ധ ദ്വീപിൽ താമസിച്ച അനുഗ്രഹിക്കപ്പെട്ട മൂന്നുവർഷത്തെ പഠനവും അനുഭവങ്ങളും അച്ചന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു .
ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ് ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ.
ദരിദ്രർ, വിശക്കുന്നവർക്ക് ഭക്ഷണം, ഭവനരഹിതർക്ക് വീട് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വിവിധ അന്താരാഷ്‌ട്ര ചാരിറ്റബിളുകൾ വഴി സഹായങ്ങൾ എത്തിക്കുന്നു .100% സൗജന്യ ചാരിറ്റി സേവനം.ഇന്ത്യയിലെ 2004 സുനാമി, 2015 ചെന്നൈ വെള്ളപ്പൊക്കം, 2015 നേപ്പാൾ ഭൂകമ്പം, 2018 കേരളത്തിലെ വെള്ളപ്പൊക്കം,കത്രീന & സാൻഡി ചുഴലിക്കാറ്റ്, മെക്സിക്കോ ഭൂകമ്പം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി പതിനെട്ടോളം ശുദ്ധജല പദ്ധതി തുടങ്ങി. ഇറാഖിൽ നിന്ന് തടവിലാക്കിയ ഇന്ത്യൻ, ബംഗ്ലാദേശ് വംശജരായ 65 ജീവനക്കാരെ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു .ഇറാഖിൽ നിന്ന് 110 തെരുവ് നായ്ക്കളെ ദെത്തെടുത്ത് സംരക്ഷിച്ചു . ജീവകാരുണ്യ പ്രവർത്തനങ്ങൾ വൈദികൻ എന്ന നിലയിലും അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും ജനങ്ങളുമായി കൂടുതൽ സംവദിക്കുവാൻ ഇടം നൽകി . തന്റെ പ്രവർത്തനങ്ങളിലൂടെ വൈദികരിലെ വ്യത്യസ്തനായ വൈദികനാവുകയാണ് ഫാ .അലക്സാണ്ടർ ജെയിംസ് കുര്യൻ
കുടുംബം
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കുടുംബത്തിന്റെ പങ്ക് ഹൃദയത്തോളം പവിത്രമാണ്.ഇവിടെ അച്ചൻ തന്റെ മാതാപിതാക്കളുടെ കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയാണ് തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും പ്രധാന കണ്ണി എന്ന് അദ്ദേഹം മറക്കുന്നില്ല .പരിശുദ്ധ കന്യാമറിയത്തിന്റെ അത്ഭുതകരമായ സ്നേഹവും കരുതലും മദ്ധ്യസ്തതയും ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നു എന്ന് അച്ചൻ എപ്പൊഴും വിശ്വസിക്കുന്നു .
കാർത്തികപ്പള്ളി കല്ലേലിൽ വീട്ടിൽ പരേതനായ വർഗീസ് മാത്യു സാറിന്റെയും പൊന്നമ്മ വർഗ്ഗീസിന്റെയും മകളായ അജിതയാണ് ഫാ.അലക്സാണ്ടർ ജെയിംസ് കുര്യന്റെ ഭാര്യ. തന്റെ ഭർത്താവിന്റെ ജീവിതത്തിന്റെ ഓരോ ഉയർച്ചയിലും താങ്ങായും തണലായും ബലമായും ഭാര്യ അജിത ഒപ്പമുണ്ട് .അമേരിക്കൻ ഭരണസംവിധാനത്തിലെ ഉത്തരവാദിത്വപ്പെട്ട പദവികൾ ഓരോന്നായി അദ്ദേഹത്തെ തേടി വരുമ്പോഴും ആ പദവികൾ ഈശ്വരന്റെ അംഗീകാരമാണെന്ന് വിശ്വസിക്കാനാണ് അജിതയ്ക്കിഷ്ടം. മക്കളായ അലിസ , നറ്റാഷ , ഏലിയാ എന്നിവരും പിതാവിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
ഇരുട്ടുള്ളപ്പോൾ ആദ്യം വെളിച്ചം വീശാൻ ധൈര്യപ്പെടുക, അനീതി ഉണ്ടാകുമ്പോൾ അപലപിക്കാൻ ധൈര്യപ്പെടുക, പ്രതീക്ഷയില്ലെന്ന് തോന്നുമ്പോൾ ചിലത് കണ്ടെത്താൻ ധൈര്യപ്പെടുക, വേദനിക്കുന്നവരെ സുഖപ്പെടുത്താൻ സഹായിക്കുക. ഇവയെല്ലാം ഒരു വൈദികന്റെ കർത്തവ്യമാണ്. ഈ കർത്തവ്യങ്ങൾ രാജ്യസേവനത്തിനും കൂടി മാറ്റി വച്ച വൈദികനായ നയതന്ത്രജ്ഞനാണ് ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ. അദ്ദേഹത്തിന്റെ വഴിത്താരകൾ അവസാനിക്കുന്നില്ല .അത് തുടരട്ടെ.. ഏത് പദവിയിലും, പ്രവർത്തനങ്ങളിലും വ്യക്തിപരമായ സമർപ്പണത്തിന്റെ നറുമണമായി അവ സഞ്ചരിക്കട്ടെ. പ്രാർത്ഥനകൾ.

































