വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ

sponsored advertisements

sponsored advertisements

sponsored advertisements


4 August 2022

വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

ജൂലൈ 31 ന് നു ഞായറാഴ്ച വൈകുന്നേരം 2:30 ന് വിളക്കുകൊളുത്തി ആരംഭിച്ച്, 4 മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ഗണപതി സ്തുതിയോടുകൂടിയായിരുന്നു “അരങ്ങേറ്റം ” തുടക്കംകുറിച്ചത്. ‘വിജയവസന്തം ‘ രാഗത്തില്‍ ‘ആദി’ താളത്തില്‍ മായാ രാം മൂർത്തി ചിട്ടപെടുത്തിയ നൃത്തം നല്ല തുടക്കമായിരുന്നു.

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ‘ഭരതനാട്യത്തോടും’ ‘മോഹിനിയാട്ടത്തോടും
അടങ്ങാത്ത അഭിനിവേശം കുട്ടികാലത്തെ പ്രകടിപ്പിച്ചിരുന്ന ഗായത്രി നായർ ;7 – മത്തെ വയസ് മുതല്‍ ഭരതനാട്യ പഠനം പ്രശസ്തയായ ഗുരു ഡോ . നളിനി റാവുവിന്റെ ശിക്ഷണത്തിലും , 9 മത്തെ വയസ് മുതല്‍ മോഹിനിയാട്ടം ബിന്ദ്യ ശബരിനാഥിൻ്റെ ശിക്ഷണത്തിലും അഭ്യസിച്ചു. നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭയായി മാറിയ കാഴ്ചയാണ് അരങ്ങേറ്റത്തിൽ കണ്ടത്.

ഗായത്രി നായർ ബിങ്‌ഹാംപ്ടൺ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റീവ് ന്യൂറോസെൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. രഞ്ജിത അയ്യരുടെ ശിക്ഷണത്തിൽ കർണാടിക് മ്യൂസിക്കും അഭ്യസിക്കുന്നു. MTA ജീവനക്കാരനായ അജിത് നായർ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഷൈല നായർ ആണ് മാതാപിതാക്കൾ. ഏക സഹോദരൻ വിനയ് നായർ അതിഥികളെ സ്വാഗതം ചെയ്തു.

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിക്കുന്ന ഭരതനാട്യ രൂപത്തിനു് ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഗായത്രി ഓരോന്നായി അവതരിപ്പിച്ചത്. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ ഗായത്രിക്കു കഴിഞ്ഞു.

വിപുലമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നതാണ് നമ്മുടെ കലകൾ.
മാനസികവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും
അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച
ആദ്യത്തെ മാർഗമാണത്രേ നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി
പരിഗണിച്ചു വരുന്നതും.

വ്യത്യസ്തങ്ങളായ ഭാവങ്ങളാണ് ‘ഓരോ കഥയ്ക്കും ഉള്ളത്. ഓരോ നൃത്തങ്ങളിലും വ്യത്യസ്തങ്ങളായ ഭാവങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചപ്പോൾ, കാണികൾക്ക് മനസ്സിലാക്കി ആസ്വദിക്കാൻ എളുപ്പമായി. കുറേയേറെ ആശയങ്ങളുടെ ഏകോപനമാണ് ഓരോ കഥകളും. എല്ലാത്തരം കാണികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഓരോ കഥകളും അവതരിപ്പിക്കപ്പെട്ടത്.

ഏറ്റവും ഒടുവില്‍ ഈശ്വരനും ഗുരുവിനും, ഓർക്കസ്ട്ര അംഗങ്ങൾക്കും , സദസ്സിനും നമസ്‌കാരം അര്‍പ്പിച്ചുകൊണ്ട് നടത്തിയ ‘പരദേവതാ വന്ദനവും, മംഗളവും’ ചെയ്താണ് നൃത്തത്തിൻ്റെ അരങ്ങേറ്റം സമ്പൂർണ്ണമാക്കിയത്.. ആദിതാളത്തിൽ ‘രാഗമാലികയിൽ’ അജിത് നായർ എഴുതിയ വരികൾക്ക് ,രഞ്ജിത അയ്യർ സംഗീതം നല്കി ചിട്ടപെടുത്തിയ പരദേവതാ വന്ദനം ഏവരുടെയും പ്രശംസ നേടി.

പിന്നണിയിൽ പ്രവർത്തിച്ചവർ : ഓടകുഴൽ ; രവിചന്ദ്ര കുളുർ , വയലിൻ; ശ്രീ ആർ.ബാല സ്കന്ദൻ, ഗാനാലാപനം;ശ്രീമതി രഞ്ജിത അയ്യർ ,സംഭാഷണം; അജിത് എൻ നായർ , ഡോ . നളിനി റാവു , നട് വാംഗ് ചെയ്തത് ഗുരുക്കളായ ഡോ. നളിനി റാവുവും,മായാ രാമമൂർത്തിയും . സ്റ്റേജ് ഡെക്കറേഷൻ: സുധാകരൻ പിള്ള ആൻഡ് ടീം.

ന്യൂ യോർക്ക് സെന്റർമാരായ ഷെല്ലി മേയറും , ആൻഡ്രിയ സ്റ്റുവർട് കസിനും നേരിട്ട് എത്തി ന്യൂ യോർക്ക് സ്റ്റേറ്റിന്റെ അഗീകാരം പ്രൊക്ലമേഷൻ നൽകി ആദരിച്ചു. യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോയുടെ പ്രതിനിധി എത്തി യോങ്കേഴ്‌സ് സിറ്റിയുടെ അംഗീകാരവും കൈ മാറി.

കഥ ചൊല്ലി നൃത്തച്ചുവടുകളിൽ ഇളകിയാടി പ്രേക്ഷകഹൃദയം കീഴടക്കുവാന്‍ ഗായത്രിക്ക് കഴിഞ്ഞു. മനസ്സും ശരീരവും നൃത്തത്തിനായി സമർപ്പിച്ച് ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നു വന്ന മറ്റൊരു പൊൻതിളക്കം കൂടി ലോക നൃത്തത്തിനായി കാലം സമർപ്പിക്കുന്ന കാഴ്ച കൂടിയായിരുന്നു ഈ അരങ്ങേറ്റം. കാണികൾ ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു, നല്ല ഒരു കലാകാരിയെ നമ്മുടെ സമൂഹത്തിന് ലഭിച്ചിരിക്കുകയാണ്.