ചിത്രപതംഗമായ് മന്മനോവീഥിയിൽ
തത്തിക്കളിച്ചോരു മായികസ്വപ്നമേ
നിശ്ചലം നീലിച്ച വിഭ്രമോന്മാദത്തിൽ
നിത്യവർണ്ണങ്ങളിൽ പൂത്തുവിടർന്നുനീ
അമ്മയില്ലാതെവളർന്നൊരെൻ പൈതലേ
ഇങ്കുചോദിച്ചു നീ കേഴുമ്പോഴൊക്കെയും
സങ്കടക്കാറുകൾ പെയ്യാൻ വിതുമ്പിയോ –
രെന്നിൽ നിശാപുഷ്പഗന്ധമായ്ത്തങ്ങി നീ
മുഗ്ദ്ധസങ്കല്പമായ പ്രിയതയും
മൃത്യുഗഹ്വരം പൂകിയവേളയിൽ
ആലംബമറ്റ കിനാവിന്നു കൂട്ടായി
മാറിയോരിളംമേനി തഴുകവേ
സാന്ദ്രമോമൽപ്രതീക്ഷകൾ ചാലിച്ചു
മയ്യെഴുതി കടക്കണ്ണിലാകവേ
പിഞ്ചിലകൾ വിടർത്തി സുഭഗയായ്
പൊൻകതിരിടും കാലം വരുന്നതും
കാത്തുനീക്കിയാ
നാളുകളൊക്കെയും
പേർത്ത തേങ്ങലായ് മാറിയതെന്തയ്യോ!
എന്തിനോമലേ എന്നെത്തനിച്ചാക്കി
എങ്ങുപോയിയൊളിച്ചു നിന്നീടുന്നു
അമ്മനെഞ്ചിന്റെ ചൂടുനുകർന്നു നീ
“അറ്റ”യെന്നുരയ്ക്കുന്നതു കേൾപ്പു ഞാൻ!
ചോരപ്പൂനിറപ്പാവാടത്തെല്ലിലെൻ
ചേതന വെന്തുനീറുന്നു ചാമ്പലായ്!
ഗിരിജാവാര്യർ,പാലക്കാട്