വ്യത്യസ്ത ഭാവങ്ങളിൽ പൃഥ്വിരാജ്; ​’ഗോൾഡ്’ ഉടൻ തിയറ്ററുകളിലേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

27 August 2022

വ്യത്യസ്ത ഭാവങ്ങളിൽ പൃഥ്വിരാജ്; ​’ഗോൾഡ്’ ഉടൻ തിയറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ​​’ഗോൾഡ്’. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ഓണം റിലീസ് ആയി ചിത്രം റിലീസ് ചെയ്യുമെന്ന് മുൻപ് അൽഫോൺസ് പുത്രൻ‌ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. വ്യത്യസ്ത ഭാവത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. എന്നാൽ റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. കമിം​ഗ് സൂൺ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ലൗ ആക്ഷൻ ​ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.