ഓ ഗുജറാത്ത് 1 :ഒരുനിശ്ചയമില്ലയൊന്നിനും (സുരേഷ് നടുവത്ത്)

sponsored advertisements

sponsored advertisements

sponsored advertisements

30 July 2022

ഓ ഗുജറാത്ത് 1 :ഒരുനിശ്ചയമില്ലയൊന്നിനും (സുരേഷ് നടുവത്ത്)


കോവിഡ് തടയിട്ട യാത്രകൾ വീണ്ടും തളിർത്തു തുടങ്ങുകയാണെന്ന് തോന്നുന്നു … ഐആർ സി ടി സിയുടെ ഭാരതദർശൻ യാത്രയിൽ ഒരിക്കൽ പത്ത് ദിവസം നോർത്ത് ഈസ്റ്റിൽ പോയ അനുഭവമാണ് വീണ്ടും അവരൊടൊപ്പം ഗുജറാത്ത് യാത്രക്ക് ഒരുങ്ങാൻ കാരണം .. നെടുമ്പാശേരിയിൽ നിന്ന് ബാംഗ്ലൂർ അവിടെ നിന്ന് അഹമ്മദാബാദ് അങ്ങനെയാണ് യാത്ര … ഇതെഴുതുമ്പോൾ സമയം 7.27 വെള്ളി രാത്രി …. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്ക് 6 മണിക്കൂറിലധികം ബസ് യാത്ര … അതിനിടയിലാണീ എഴുത്ത് ….

മരുമകന്റെ അഛൻ വാസുദേവൻ ഉണ്ണി യാത്രക്കായി സഹയാത്രികനായ തോമസ് പിറവം എന്നിവരടക്കം നാൽപതോളം മലയാളികൾ … എല്ലാവരും ജീവിതത്തിന്റെ മധ്യകാലം പിന്നിട്ടവർ റെയിൽവേ ബാങ്ക് അധ്യാപക വൃത്തിയിൽ നിന്നെല്ലാം റിട്ടയർ ചെയ്തവർ …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 67 ൽ എം ബി ബി എസ് പാസായ ജീവിത സായാഹ്നത്തിലെത്തിയെങ്കിലും യാത്രാ യൗവ്വനത്തിലുളള മൂന്നുപേർ… ആയുർവേദത്തിന്റെ എറണാകുളം ഡി എം ഓ ആയി റിട്ടയർ ചെയ്ത സുബ്രഹ്മണ്യൻ നമ്പൂതിരി … അദ്ദേഹത്തിന്റെ പത്നി വൈദ്യമഠത്തിന്റെ മകൾ … എഴുപത്തിയഞ്ചിനു മുകളിൽ പ്രായമായ ഈ കൂട്ടത്തിലെ കാരണവർ മാത്യു സർ … പരിചയപ്പെട്ടു വരുന്നേയുള്ളു എല്ലാവരേയും ….

ജീവിതം ഉദ്യോഗ കാലത്ത് തിരക്കിന്റെ ദിവസക്കൊഴിച്ചിൽ .. പിന്നെ മക്കളുടെ പ്രാരബ്ധത്തിരകൾ തുഴഞ്ഞ് മുന്നേറൽ …ഈ യാത്ര അതെല്ലാം കഴിഞ്ഞ ഒരു കൂട്ടത്തിന്റെ കൂടെ കൂടാൻ കഴിഞ്ഞ സന്തോഷം മറച്ചുവെക്കുന്നില്ല …

രാവിലെ 4.30 ന് ബോഡിംഗ് പാസു വാങ്ങി കസ്റ്റംസുകാരന്റെ ദേഹം മുഴുവൻ പരിശോധന രണ്ടു വട്ടം [ബാംഗ്ലൂരിൽ ഇടക്കിറക്കമുള്ളതിനാൽ അതും നിർബ്ബന്ധം ] … ഒരു സാൻഡ്വിച്ചും ജ്യൂസും ഇൻഡിഗോ പാഥേയം … എയർ പോർട്ടിൽ നിന്ന് രാവിലെഒരു ചായ മാത്രം കുടിച്ചു … 180 രൂപ … !..

വിമാനത്തിൽ പിന്നെയും പലതും വിൽപനയുണ്ട് … സിനിമാ ഹാളിലെ കടലവിൽപനക്കാരന്റെ പരിപാടി തന്നെ … ആ കാശ സുന്ദരിമാർ വണ്ടിയുന്തി വരും …ഡോളറിലാണ് ഇന്ത്യൻ പണ നിരക്ക് … 200 രൂപയില്ലാതെ യാതൊന്നും തരമാവില്ല …

വിമാനത്താവളവും വിമാനവും കണ്ടാൽ ഇന്ത്യയെ കണ്ടെത്താനാവില്ല എന്നതാണ് സത്യം … അതിന് രണ്ടാം ക്ലാസ് തീവണ്ടി മുറി തന്നെ വേണം ….

എന്നാലും വിമാനം ഉയർന്നു പൊന്തുമ്പോൾ തീപ്പെട്ടിക്കൂടു പോലെ ചെറുതാവുന്ന നഗരക്കാഴ്ച്ച … പിന്നെ മേഘമേലാപ്പിന് മുകളിലൂടെയുള്ള ആകാശ യന്ത്രപ്പക്ഷിയുടെ കുതിപ്പ് … ഏതോ മരുഭൂമിയിലെ ഇടയൻ തെളിക്കുന്ന വെള്ള ച്ചെമ്മരിയാട്ടിൻ കൂട്ടത്തെ ഓർമ്മിപ്പിക്കും ഈ മേഘക്കൂട്ടം …

കാളിദാസന്റെ മേഘമൊക്കെ എങ്ങനെയാണാവോ ഈ മേഘ ട്രാഫിക് കുരുക്ക് കടന്നത് ….

അത് കഴിഞ്ഞ് വിമാനം താഴേക്കിറങ്ങുമ്പോൾ അടുത്തടുത്തെത്തുന്ന ദൃശ്യ വൈവിധ്യത്തിന്റെ വർണക്കുടമാറ്റം … ലാന്റ് ചെയ്യുന്ന ഘർഷണക്കുലുക്കം കഴിഞ്ഞാൽ മനസ്സിൽ ആശ്വാസത്തിന്റെ ഹർഷക്കുലുക്കം …

ഐ ആർ സി ടി സി കോ ഓഡിനേറ്റർ ക്ലിപ്സൺ കൂടെയുണ്ട് …

ബസ്സിൽ കയറിയപ്പോഴേ ഗുജറാത്തിന്റെ സ്വഭാവം കണ്ടു … അനക്കാനാവാത്ത ഗ്ളാസ് മൂടിയ ബസ്സിൽ എസിയില്ല …നല്ല വെയിലും ചൂടും … 2 മണിക്ക് അഹമ്മദാബാദിൽ നിന്ന് ബസ് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ വാഗൺ ട്രാജഡിയുടെ പ്രതീതി…

പ്രതികരണമാണല്ലോ മലയാളി സ്വഭാവം … ഏതായാലും മൂന്ന് മണിക്ക് ഉച്ച ഭക്ഷണം കഴിഞ്ഞ് ബസിൽ കേറിയപ്പോൾ സീറ്റുകൾ വെള്ളക്കുപ്പായക്കാരായിട്ടുണ്ട് … കൃത്രിമ ശീതള വായു വീശാനും തുടങ്ങിയിട്ടുണ്ട് … ആനന്ദ ലബ്ധിക്കിനിയെന്തു വേണം ….!

ഈ ആളുകളെല്ലാം ഇങ്ങനെ കണ്ടുമുട്ടേണ്ടവരാണെന്ന് ഏതോ പൂർവ്വകാല നിയോഗമുണ്ടാവാം … യാത്ര തുടങ്ങിയിട്ടേ ഉള്ളൂ …കൂടുതൽ നാളെയാകട്ടെ …

ചരിത്രത്തിന്റെ എത്രയെത്ര തേരുരുണ്ട താണീ നാട് … ഹർഷന്റെ , ബുദ്ധന്റെ , ഗുപ്തന്റെ അതിനു മെത്രയോ മുമ്പ് സിന്ധു ഹാരപ്പാ സംസ്കാരത്തിന്റെ …

എവിടെയൊക്കെ പോവും എന്തൊക്കെ കാണും എന്ന് ഒരു നിശ്ചയവുമില്ല …അല്ലെങ്കിലും ഈ യാത്രയും സമാനഹൃദയരുടെ ജീവിതപ്പാതയുടെ മധ്യ വഴിയിലുള്ള കൂടിച്ചേരൽ ആണല്ലോ … ഒരു നിശ്‌ചയമില്ലയൊന്നിനും എന്ന ആശാന്റെ വരി തന്നെ വീണ്ടും പറയാം …

ഇന്ന് രാത്രി ഭുജിലാണ് താവളം… പതിനൊന്ന് മണി കഴിയുമായിരിക്കും … റോഡ് വളരേ മോശം … ടോളിന് ഒട്ടു പഞ്ഞവുമില്ല …അങ്ങിനെയാവണമല്ലോ മാതൃകാ നാടുകൾ …

ഒരു പൈതൃക സംസ്കാര ഭൂമിയിലൂടെ ഞാനും എന്റെ ഇത്തിരി കാലങ്ങളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു … ഓ…. ഗുജറാത്ത് …നന്ദി …
നന്ദി
(തുടരും )

സുരേഷ് നടുവത്ത്