അനിൽ പെണ്ണുക്കര
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പറയുന്ന മനുഷ്യരുണ്ട്.
അവരോടായി ഒരു പേര് പറയട്ടെ. ‘ഹെറാള്‍ഡ് ഫിഗ് രേദോ ‘
ഒരു പേരില്‍ ഒത്തിരി കാര്യങ്ങള്‍ അടങ്ങിയ ഒരു മനുഷ്യന്‍. പോര്‍ച്ചുഗലില്‍ നിന്ന് കേരളത്തിലേക്കും, കേരളത്തില്‍ നിന്ന് അമേരിക്കന്‍ മണ്ണിലേക്കും പറിച്ചു നടപ്പെട്ട ഒരാള്‍. ഈ വഴിത്താരയില്‍ വിശ്വാസവും പാരമ്പര്യവും തന്‍റെ ഓരോ അണുവിലും ഉള്‍ക്കരുത്താണെന്ന് വിശ്വസിക്കുന്ന ഒരു സാമൂഹ്യ സ്നേഹി.
പ്രവര്‍ത്തനത്തിലെ കൗതുകങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധിക്കുന്ന പേരുകാരന്‍…
ഹെറാള്‍ഡ് ഫിഗ് രേദോ.
അഞ്ഞൂറ് വര്‍ഷം മുന്‍പ് പോര്‍ട്ടുഗലില്‍ നിന്നും കേരളത്തിലേക്ക് കച്ചവടാര്‍ത്ഥം കുടിയേറിയ കുടുംബ ചരിത്രമാണ് ഹെറാള്‍ഡ് ഫിഗ് രേദോയുടേത്. കേരളത്തിന്‍റെ ആതിഥേയത്വം സ്വീകരിച്ച് ജീവിക്കുന്ന ഹെറാള്‍ഡും കുടുംബവും മലയാളിക്ക് മാതൃകയാണ്. കാരണം തന്‍റെ പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിക്കുവാന്‍, അതില്‍ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന സത്യസന്ധമായ ഒരു ജീവിതത്തെ ഈ വഴിത്താരയില്‍ നമുക്ക് കാണാം.
വാസ്കോഡഗാമയുടെ പിന്മുറക്കാരന്‍
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗലില്‍ നിന്ന് കോഴിക്കോട്ടേക്കും അവിടെ നിന്ന് മദ്ധ്യതിരുവിതാംകൂറിലേക്കും കുടിയേറിയ പോര്‍ച്ചുഗീസ് കുടുംബ വേരുകള്‍ ഉള്ള സില്‍വസ്റ്റര്‍ ഫിഗ്രേദോയുടേയും ആഗ്നസിന്‍റേയും മകനായി 1950 ഏപ്രില്‍ 6ന് കൊച്ചി തോപ്പുംപടിയിലാണ് ഹെറാള്‍ഡിന്‍റെ ജനനം. പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മൂന്ന് ലക്ഷത്തോളം വരുന്ന പോര്‍ച്ചുഗീസ് കുടുംബങ്ങളിലെ കണ്ണി. പിതാവ് സില്‍വസ്റ്റര്‍ ഫിഗ്രേദോയ്ക്ക് കൊച്ചിയില്‍ പോര്‍ട്ട് ട്രസ്റ്റില്‍ ആയിരുന്നു ജോലി.
ഹെറാള്‍ഡിന്‍റെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലും, കോളേജ് വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര (പ്രീഡിഗ്രി, ബി.കോം) യിലും ആയിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം സീഫുഡ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തു.
അമേരിക്കയിലേക്ക്
1978ല്‍ എറണാകുളം പച്ചാളം സ്വദേശി പോര്‍ച്ചുഗീസ് വേരുകള്‍ ഉള്ള ജേക്കബ് ഫെര്‍ണാണ്ടസിന്‍റേയും, ട്രീസ ഫെര്‍ണാണ്ടസിന്‍റേയും മകള്‍ അമേരിക്കയില്‍ നഴ്സ് ആയ മാര്‍ഗരറ്റിനെ (മെട്ടി) വിവാഹം കഴിക്കുന്നതോടെ ഹെറാള്‍ഡ് അമേരിക്കയിലെത്തി. ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലില്‍ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ 1976ല്‍ എത്തുകയായിരുന്നു മാര്‍ഗരറ്റ്.
തന്‍റെ ഇന്നു കാണുന്ന വിജയങ്ങള്‍ക്ക് പിന്നിലെ ഏക ചാലകശക്തി മാര്‍ഗരറ്റ് ആണെന്ന് തുറന്നു പറയുന്നതിന് ഹെറാള്‍ഡ് ഫിഗ്രേദോയ്ക്ക് അഭിമാനം മാത്രമേ ഉള്ളു. ഒരു പക്ഷെ മാര്‍ഗരറ്റ് അമേരിക്കയില്‍ വന്നില്ലായിരുന്നു എങ്കില്‍ തന്‍റെ ജീവിതം കൊച്ചിയില്‍ തന്നെ തളച്ചിടുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അമേരിക്കന്‍ മണ്ണിലെ പല കേരളീയ കുടുംബങ്ങളുടെയും വിജയത്തിനാധാരം നൈറ്റിംഗേല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മെഴുകുതിരി വെളിച്ചമാണല്ലോ. അതുകൊണ്ടുതന്നെ മാര്‍ഗരറ്റിനോട് വലിയ കടപ്പാടുണ്ട്.
ബാങ്കിംഗ് മേഖലയിലേക്ക്
അമേരിക്കയിലെത്തിയ ശേഷം ഒരു ജോലിക്കുള്ള ശ്രമമായിരുന്നു. പഠിച്ചത് ബി കോം ആയതിനാല്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ലഭിക്കുന്നതിന് ശ്രമം. അതിനായി യു.എസ്. എഡ്യൂക്കേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് ബാങ്കിംഗ് കോഴ്സിനു ചേര്‍ന്നു. തുടര്‍ന്ന് ബാങ്കില്‍ ജോലി ലഭിക്കുന്നു. വളരെ സന്തോഷത്തോടെയും ആസ്വദിച്ചും ചെയ്ത ജോലിയായിരുന്നു അത്.
അമ്മ പഠിപ്പിച്ച ആത്മീയ പാഠം
ജോലിയിലും ജീവിതത്തിലും ഹെറാള്‍ഡിന്‍റെ കൃത്യനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും പിന്നിലെ ചാലക ശക്തി അമ്മ ആഗ്നസ് ആണ്.
അമ്മയെക്കുറിച്ച് ഹെറാള്‍ഡ് ഇങ്ങനെ പറയും ‘കോണ്‍വെന്‍റ് വിദ്യാഭ്യാസം നേടിയ അമ്മ ഒരു നല്ല വീട്ടമ്മയായിരുന്നു. ഞങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായിരുന്നു അമ്മയ്ക്ക്. വൈകുന്നേരം വീടുകളില്‍ നടക്കുന്ന കുടുംബപ്രാര്‍ത്ഥനയ്ക്ക് അമ്മയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. അമ്മ ഞങ്ങള്‍ നാല് മക്കള്‍ക്കും പകര്‍ന്നു നല്‍കിയ ആത്മീയ പാഠത്തിന്‍റെ കരുത്ത് ചെറുതല്ല.’
സെന്‍റ് ജോസഫിന്‍റെ ദിനമായ മാര്‍ച്ച് 19ന് വീട്ടിലെ ധ്യാനമുറിയില്‍ യൗസേപ്പ് പിതാവിനോടുള്ള അപേക്ഷകള്‍ എഴുതിവയ്ക്കുന്ന ശീലം ഇപ്പോഴും ഹെറാള്‍ഡും കുടുംബവും തുടരുന്നു. അമ്മ പഠിപ്പിച്ച ഒരു ആധ്യാത്മിക സംസ്കാരം. അമ്മയോടൊപ്പമുള്ള ക്രിസ്മസ് ദിനങ്ങള്‍ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ഡിസംബര്‍ 24 ക്രിസ്മസ് തലേരാത്രി സമ്മാനങ്ങളുടേതായിരുന്നു. അമ്മയുടെ ദിവസം കൂടിയായിരുന്നു ക്രിസ്മസ്. ജൂലൈ അഞ്ചിന് അമ്മ ആഗ്നസിന്‍റെ നൂറ്റിപത്താം ജന്മദിനമായിരുന്നു. 41 വര്‍ഷം മുന്‍പ് 1981ലായിരുന്നു അമ്മയുടെ മരണം. അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഹെറാള്‍ഡ് എന്ന മകന്‍റെ കണ്ഠം ഇടറിയോ. അതാണ് അമ്മ….
കുടുംബ സ്നേഹം എന്ന കരുത്ത്
കുടുംബം എക്കാലവും നമുക്ക് കരുത്താണ്. സ്നേഹത്തില്‍ ചാലിച്ച് ബലപ്പെടുത്തിയ ഒന്ന്. അന്നും ഇന്നും ഹെറാള്‍ഡിന് കുടുംബം തന്നെയാണ് ഒന്നാമത്. ഇപ്പോള്‍ കൊച്ചുമകന്‍ ജോണിനോടൊപ്പം ചിലവഴിക്കുമ്പോള്‍ താനും ഒരു കൊച്ചു കുട്ടിയാകുന്നു. സ്കൂള്‍ കഴിഞ്ഞ് അവനെ കൂട്ടി കൊണ്ട് വരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. എന്‍റെ കമ്യൂണിറ്റി, എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ അയല്‍പക്കങ്ങള്‍ എല്ലാവരോടും നിറഞ്ഞ ഇഷ്ടം. അതൊരു അനുഗ്രഹമാണ്. ഇതിനെല്ലാം ഒരു ഉറപ്പ് ലഭിക്കുന്നത് ‘ഭയപ്പെടേണ്ട. ദൈവം നമ്മോടൊപ്പം’ ഉള്ളതു കൊണ്ടാണ്.
കൊച്ചിയും അമേരിക്കയും വൈവിദ്ധ്യങ്ങളിലെ സാമ്യം
കൊച്ചിയില്‍ വളര്‍ന്ന നാളുകളിലേക്ക് നോക്കുമ്പോള്‍ കുടുംബവും സുഹൃത്തുക്കളും, വിവിധ സാംസ്കാരിക വൈവിദ്ധ്യങ്ങളും കൂടിച്ചേര്‍ന്ന കാലം ഓര്‍മ്മയില്‍ വരും. ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, മുസ്ലീംങ്ങള്‍, യഹൂദര്‍, ജൈനര്‍, സിഖുകാര്‍ തുടങ്ങി എല്ലാവരും ഒരേ മനസ്സോടെ താമസിക്കുന്ന കൊച്ചി. അമേരിക്കയിലും അങ്ങനെ തന്നെ. വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നു. വംശീയ പാരമ്പര്യം ദൈവത്തിന്‍റെ ദാനമാണെന്ന് ഹെറാള്‍ഡ് പറയുന്നു. ഒരു വംശം വലുതും മറ്റുള്ളത് ചെറുതുമല്ല. ഓരോ വംശത്തിനും അതിന്‍റേതായ മഹത്വമുണ്ട് എന്നതാണ് ഹെറാള്‍ഡിന്‍റെ പക്ഷം.
അമേരിക്കയില്‍ എത്രത്തോളം വ്യത്യസ്തതയുണ്ടെന്നു നോക്കു – കറുത്തവര്‍, വെളുത്തവര്‍, ബ്രൗണ്‍ നിറമുള്ളവര്‍, ലാറ്റിനോകള്‍, യൂറോപ്യന്‍ വംശജര്‍, ആഫ്രിക്കന്‍- ഏഷ്യന്‍ വംശജര്‍ എന്നിങ്ങനെ. എന്നിട്ടും നാം അമേരിക്കക്കാര്‍ എന്ന ആശയത്തില്‍ ഒന്നിച്ചു ചേരുന്നു.
അമേരിക്കയില്‍ എത്തിയ കാലത്ത് ഇന്ത്യാക്കാര്‍ വളരെ കുറവ്. എല്ലാവരും തുടക്കക്കാര്‍. താനുള്‍പ്പെടെ പലര്‍ക്കും വീട്ടുകാരെ സഹായിക്കണം. അങ്ങനെ നിരവധി ഉത്തരവാദിത്വങ്ങള്‍. പക്ഷെ ജാതി മത ഭിന്നതകള്‍ അന്നും ഇന്നും ഉണ്ടായിരുന്നില്ല. നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതി മാറി. എല്ലാവരും നല്ല സ്ഥിതിയിലായി. ഇതിന് പ്രധാനമായും നേഴ്സിംഗ് സമൂഹത്തോടാണ് നന്ദി പറയേണ്ടതെന്ന് ഹെറാള്‍ഡ് വീണ്ടും ആവര്‍ത്തിക്കുന്നു. കടന്നുവന്ന വഴികളുടെ ഓര്‍മ്മപ്പെടുത്തല്‍. ആ ഓര്‍മ്മയില്‍ വേണം എല്ലാവരും ജീവിതത്തെ ബലപ്പെടുത്താന്‍.
ഇവിടെയെല്ലാം ഓരോ സമയത്തും ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങളാണ് നാം നടപ്പിലാക്കുന്നു. എന്തെല്ലാം ചെയ്യണം എന്ന് ദൈവം നമുക്കായി കുറിച്ചിടുന്നു. അത് നമ്മള്‍ തുടരുന്നു. അത്ര തന്നെ.
സമുദായ സംഘടന, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍
അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ഹെറാള്‍ഡ് ഫിഗ്രേദോ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്ക് 1984ല്‍ തുടക്കം കുറിച്ചു. ഫൗണ്ടിംഗ് മെമ്പര്‍, ഇപ്പോള്‍ പ്രസിഡന്‍റ്, അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് പ്രസിഡന്‍റ്, അലുമിനി അസോസിയേഷന്‍ ഓഫ് സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര, കൊച്ചി ചിക്കാഗോ ചിപ്റ്റര്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ യു. എസ്. എ, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ, കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ,. ഇന്ത്യന്‍ കാത്തലിക്ക് ഓഫ് ചിക്കാഗോയുടെ പ്രവര്‍ത്തകന്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും സജീവമാണ് ഹെറാള്‍ഡ്. ആദ്യകാലത്ത് കണ്ടുമുട്ടിയ എല്ലാവരുമായും ഇപ്പോഴും നിറഞ്ഞ ബന്ധം തുടരുന്നു. പണ്ട് കണ്ടുമുട്ടിയ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വലിയ സന്തോഷമാണ്. സ്ത്രീകള്‍ നേഴ്സായി വന്നത് അമേരിക്കന്‍ മലയാളി സമൂഹത്തിന്‍റെ ഭാഗ്യമാണ് എന്ന് ഹെറാള്‍ഡ് വീണ്ടും പറയുന്നു. മലയാളി കുടുംബങ്ങളുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ അവരുടെ കൈത്താങ്ങ് വിസ്മരിക്കാവുന്നതല്ല. കുടുംബത്തിന്‍റെ പിന്തുണ കൂടി ഉണ്ടെങ്കില്‍ മാത്രമെ സാമുദായിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാകുവാന്‍ സാധിക്കു.
വേരുകള്‍ തേടി യാത്ര
റിട്ടയര്‍മെന്‍റ് ജീവിതം യാത്രകള്‍ക്കായി മാറ്റിവയ്ക്കുകയാണ് ഹെറാള്‍ഡും, ആര്‍. എന്‍. ആയി റിട്ടയര്‍ ചെയ്ത ഭാര്യ മാര്‍ഗരറ്റും. അമേരിക്ക മുഴുവനും കാണാനുള്ള ശ്രമമാണിപ്പോള്‍. ഇരുപത്തിയൊന്ന് രാജ്യങ്ങള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. എന്നാല്‍ യാത്രകളില്‍ ഏറ്റവും സന്തോഷം നല്‍കിയത് വിവാഹത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം 2003 ല്‍ പോര്‍ച്ചുഗലിലേക്ക് കുടുംബ വേരുകള്‍ അന്വേഷിച്ച് പോയ യാത്രയാണ്. പോര്‍ച്ചുഗലിലെ ഫിഗ് രേദോ സ്ട്രീറ്റ്, ഫെര്‍ണാണ്ടസ് സ്ട്രീറ്റ് ഒക്കെ പോയി കണ്ടു. തങ്ങളുടെ പൂര്‍വ്വികരുടെ പാദസ്പര്‍ശമേറ്റ വഴികളിലൂടെ നടന്നു. ഇപ്പോഴുള്ള കുടുംബങ്ങളെ കണ്ടു. ലിസ്ബണ്‍ ലൈബ്രറിയില്‍ പോയി പഴയ റിക്കാര്‍ഡുകള്‍ ഒക്കെ തപ്പിയെടുത്തു. ആദ്യകാലത്ത് തങ്ങളുടെ പൂര്‍വ്വികര്‍ക്ക് കൊച്ചിയില്‍ ബേക്കറി കച്ചവടമായിരുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞു. നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും പോര്‍ച്ചുഗലിലേക്ക് നടത്തിയ യാത്രയാണ് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. നമ്മുടെ വേരുകള്‍ ആണ് എന്നും നമ്മെ ബലപ്പെടുത്തുന്നതെന്ന് ഹെറാള്‍ഡ് പറയുന്നു.
പുരസ്കാരങ്ങള്‍
ദൈവം നല്‍കുന്നതിനെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നയാളാണ് ഹെറാള്‍ഡ്. ജീവിതത്തില്‍ ലഭിക്കുന്നതെല്ലാം ഈശ്വരന്‍റെ സമ്മാനങ്ങളാണെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേര്‍ക്കാഴ്ച്ച പത്രത്തിന്‍റെ പുരസ്കാരം, ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്, കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ, കേരള കള്‍ച്ചറല്‍ സെന്‍റര്‍ ഓഫ് ചിക്കാഗോയുടെ പുരസ്കാരം എന്നിവയെ തനിക്ക് സമൂഹത്തില്‍ നിന്നും ലഭിച്ച ആദരവായി അദ്ദേഹം കാണുന്നു.
കുടുംബം എന്ന സമ്പത്ത്
പോര്‍ച്ചുഗലില്‍ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്‍റെ അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ കഥയില്‍ സ്ഥിരോത്സാഹത്തിന്‍റേയും, കുടുംബത്തിന്‍റെ കെട്ടുറപ്പിന്‍റേയും കഥ പറയുമ്പോള്‍ പിതാവ്, മാതാവ്, ഭാര്യ, മകള്‍, മരുമകന്‍, കൊച്ചുമകന്‍ ഒക്കെ കടന്നുവരുന്ന നിമിഷങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാവുന്ന ഘടകം ഹെറാള്‍ഡ് ഫിഗ്രേദോ എന്ന മനുഷ്യന്‍റെ കുടുംബ സ്നേഹം ഒന്ന് മാത്രമാണ്. അച്ഛന്‍: സില്‍വസ്റ്റര്‍, അമ്മ: ആഗ്നസ്, ഭാര്യ: മാര്‍ഗരറ്റ്, മകള്‍: മെല്‍ഫ, മരുമകന്‍: ബിക്കി, കൊച്ചുമകന്‍: ജോണ്‍. എല്ലാവരും ഹെറാള്‍ഡിന്‍റെ ജീവിത വഴിയിലെ വഴികാട്ടികളാണ്. പോര്‍ച്ചുഗലിലെ ‘ഫിഗ്രേദോ’ എന്ന കുടുംബപ്പേരിനൊപ്പം ലോകം മുഴുവന്‍ യാത്ര ചെയ്യുമ്പോഴും കുടുംബം എന്ന തായ് വേരിന്‍റെ പ്രസക്തി ഈ വഴിത്താരയില്‍ അദ്ദേഹം നമ്മെയെല്ലാം ഓര്‍മ്മപ്പെടുത്തുന്നു. അതിലുപരി നാം കടന്നു വന്ന വഴികളെക്കുറിച്ചും അതിന് കാരണക്കാരായവരെക്കുറിച്ചും തികഞ്ഞ ബഹുമാനത്തോടെ സ്മരിക്കുകയാണ് അദ്ദേഹം തന്‍റെ ഓരോ വാക്കിലും…
ഹെറാള്‍ഡ് ഫിഗ്രേദോ ഈ വഴിത്താരയില്‍ കണ്ടുമുട്ടിയ വ്യത്യസ്തനായ മനുഷ്യനാണ്.
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് ‘ഈ പേരില്‍ ഒരു നല്ല ഹൃദയം ഒളിഞ്ഞിരിപ്പുണ്ട്’ എന്ന് നമുക്ക് ധൈര്യമായി പറയാം.
ഹെറാള്‍ഡ് ഫിഗ് രേദോ യാത്ര തുടരുക. ഈ വഴിത്താരയില്‍ ഇനിയും നിങ്ങള്‍ക്കായി അനേകം യാത്രകളും നന്മകളും കാത്തിരിക്കുന്നു.