ഹൃദയം കൊണ്ട് ചെയ്ത ഒരു സിനിമ ( ശ്രീജ രാമൻ )

sponsored advertisements

sponsored advertisements

sponsored advertisements

26 January 2022

ഹൃദയം കൊണ്ട് ചെയ്ത ഒരു സിനിമ ( ശ്രീജ രാമൻ )

15 പാട്ടുകളും 11 കല്യാണരംഗങ്ങളും ഉണ്ടെന്നു കേട്ടിട്ടും വിനീത് ശ്രീനിവാസന്റെ സിനിമ ആയതു കൊണ്ടാണ് തിയറ്ററിൽ പോയി “ഹൃദയം” കണ്ടത്. വിനീതിന്റെ സിനിമകളിലെല്ലാം പ്രതീക്ഷയുടെ ഒരു വെളിച്ചമുണ്ടാവും. ചെറുപ്പത്തിന്റെ ചുറുചുറുക്കുകൾ ഉണ്ടാവും. ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുക്കുന്ന ചായം പൂശാത്ത ചില അതിമനോഹരമായ സന്ദർഭങ്ങളുണ്ടാവും. അതൊരു ഉറപ്പാണ്.. എന്നും.

ശ്രീനിവാസന്റെ ജീനിയസും മോഹൻലാലിൻറെ പ്രതിഭയും വേണുഗോപാലിന്റെ സംഗീതവും പ്രിയദർശന്റെ സൗന്ദര്യാത്മകതയും ആസ്വദിച്ചു വളർന്ന ഒരു തലമുറയ്ക്ക് ഇവരുടെ മക്കളൊക്കെ ചേർന്നൊരു സിനിമ എന്ന് കേൾക്കുമ്പോൾ വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലോ.

പ്രതീക്ഷകൾ അസ്ഥാനത്തായില്ല.

ഹൃദയം കൊണ്ട് ആവിഷ്കരിച്ച…ഹൃദയം കൊണ്ട് ആസ്വദിക്കേണ്ട ഒരു സിനിമ. മൂന്ന് മണിക്കൂർ എന്ന വലിയൊരു ടൈം സ്‌പേസ് മനോഹരമായ നിറങ്ങൾ കൊണ്ടും അതിമനോഹരമായ ഫ്രയിമുകൾ കൊണ്ടും നിറച്ച ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി. ഹൃദയത്തുടിപ്പുകളുടെ താളം ഉടനീളം.

“ഹൃദയം” , ചെന്നെയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്. കേരളത്തിലെ കാമ്പസുകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് കോസ്മോപോളിറ്റൻ സംസ്കാരം നിലനിൽക്കുന്ന അത്തരം കാമ്പസുകൾ.

(കശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന അത്തരം കാമ്പസുകൾ ഒരു ‘മിനി ഇന്ത്യ’ തന്നെയാണെന്ന് എന്റെ മകൾ അത്തരം ഒരു കോളേജിൽ ചേരുന്നത് വരെ എനിക്കും കൃത്യമായി അറിയില്ലായിരുന്നു.)

വിദേശ വിദ്യാർഥികൾ കൂടി ചേരുന്ന അത്തരം കാമ്പസുകൾ, ഭാഷ, സംസ്കാരം, ഭക്ഷണം ….തുടങ്ങി ഒരുപാട് വൈവിധ്യങ്ങൾ കൊണ്ട് സുന്ദരമാണ്. ഇത്തരം വൈവിധ്യങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാവുന്ന സൗഹൃദങ്ങളും പ്രണയങ്ങളും ഈ ലോകം എത്ര സുന്ദരമാണെന്ന് നമ്മളെ ഓർമ്മിപ്പിക്കും.

അതുകൊണ്ടു തന്നെ ,“തട്ടത്തിൻ മറയത്ത്” എന്ന സിനിമയുടെ പശ്ചാത്തലമല്ല “ഹൃദയ”ത്തിൽ . പൊട്ടു കുത്തലിന്റെ പ്രത്യേകതയും ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യവും ഒക്കെ “ഹൃദയം” എന്ന സിനിമയിൽ അത്യാവശ്യം ഊന്നൽ കൊടുത്തുകൊണ്ട് തന്നെ വിനീത് പറഞ്ഞു വച്ചിരിക്കുന്നത് ഈ ഒരു വ്യത്യസ്തത കൊണ്ട് കൂടിയാവാം.

നായകനായ അരുൺ നീലകണ്ഠനൊപ്പം നമ്മളെ ഒരു യാത്ര കൊണ്ട് പോവുകയാണ് വിനീത്. അരുണിന്റെ കാമ്പസിലേക്ക്, അവന്റെ പ്രതിഭകളിലേക്ക്, പ്രണയങ്ങളിലേക്ക്, കലഹങ്ങളിലേക്ക്, സൗഹൃദങ്ങളിലേക്ക്, ജീവിതത്തിന്റെ അനിവാര്യമായ ചില ഇടവഴികളിലേക്ക്..

വിദ്യാർഥിയായും, കാമുകനായും, പ്രഫഷണലായും, ഭർത്താവായും, അച്ഛനായും സ്‌ക്രീൻ നിറഞ്ഞാടുന്ന അരുൺ എന്ന കഥാപാത്രത്തെ പ്രണവ് അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. ഹോഴ്സ് റൈഡിങ്, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബാൾ , ടേബിൾ ടെന്നീസ്, ഗിറ്റാർ, സ്‌കേറ്റിങ്, ഫൈറ്റ്… അവന്റെ കയ്യിൽ ഒതുങ്ങാത്ത ഒരു ഐറ്റവും ഇല്ലെന്നു തോന്നുംപോലെ സ്വാഭാവികമായി, ഫ്ലെക്സിബിൾ ആയി അവനത് കൈകാര്യം ചെയ്യുന്നു.

കണ്ണുകളുടെ ക്ളോസപ്പ് ഷോട്ടുകളിലും ഇമോഷണൽ രംഗങ്ങളിലും ആരെങ്കിലും മോഹൻ ലാലിനെ തിരഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല.അല്ലാത്ത സമയങ്ങളിലെല്ലാം അവൻ ഒരു director’s actor മാത്രമായിരുന്നു.

ഒരു ബാക് പായ്ക്കുമായി പ്രകൃതിയുടെ സ്പന്ദനങ്ങളറിഞ്ഞു അലഞ്ഞു തിരിയുന്ന , ലിറ്ററേച്ചർ ഫെസ്റ്റുകളിലെ തിരക്കൊഴിഞ്ഞ മൂലകളിൽ അക്ഷരങ്ങൾ മണക്കുന്ന അകങ്ങളുമായി നടക്കുന്ന, ഒരു സാത്വികനായ സഞ്ചാരിയെ, vibrant വ്യക്തിത്വമുള്ള അരുൺ നീലകണ്ഠനാക്കി മാറ്റിയത് വിനീതിന്റെ ബ്രില്യൻസ് തന്നെയെന്ന് നിസ്സംശയം പറയാം. (മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല എന്ന് ചിന്തിക്കുന്നവർക്കും ഒന്നൂടെ ചിന്തിച്ചാൽ ദൃഷ്ടാന്തങ്ങൾ കാണാം)

സിനിമ അരുണിലാണ് തുടങ്ങുന്നത്; അവസാനിക്കുന്നതും. എന്നാൽ കൃത്യമായ ഒരു തുടക്കമോ ഒടുക്കമോ സിനിമയ്ക്കില്ല. അതൊരു തുടർച്ചയായ കഥപറച്ചിലാണ്. വിശ്വജിത്തിന്റെ ക്യാമറയും ഹിഷാമിന്റെ സംഗീതവുമൊരുക്കുന്ന മനോഹരമായ വഴികളിലൂടെ നമ്മളെ കൂട്ടിക്കൊണ്ടുപോയി വിനീത് ഒരു കഥ പറയുകയാണ്.

അത് അയാളുടെ മാത്രം കഥയല്ലെന്ന് നമ്മളെല്ലാവരും സമ്മതിക്കും .ആദ്യ പകുതിയിൽ കാണിക്കുന്ന രംഗങ്ങളിലെല്ലാം ഏത് പ്രായക്കാരും ഒരു നൊസ്റ്റാൾജിയ നുണയും.

അവസാന രംഗത്ത് അരുണിന്റെ കയ്യിൽ കൊടുക്കുന്ന താക്കോൽ, വാസ്തവത്തിൽ വിനീത് തരുന്നത് എല്ലാ പ്രേക്ഷകർക്കുമാണ്. എല്ലാവർക്കും തുറക്കാം ..എല്ലാവർക്കും തിരിച്ചു പോകാം.. അവരവരുടെ ഓർമ്മകൾ പൂട്ടിവച്ചിരിക്കുന്ന ആ അദ്‌ഭുതമുറിയിലേക്ക്.

രണ്ടാം പകുതിയിൽ പ്ലോട്ട് കുറച്ച് ഇടറുന്ന പോലെ തോന്നുന്നുണ്ട്. എങ്കിലും, നിറങ്ങൾ കൊണ്ടും സംഗീതം കൊണ്ടും അത്രമേൽ മനോഹരമാണ് ഒരോ ഫ്രയിമുകളും.

പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ആയി . എ ആർ റഹ്‌മാൻ ടച്ചുള്ള ആ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യൻ തന്നെയായ ഹിഷാമിന്റേതാണ് എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് നൽകുന്നതിൽ യാതൊരു മടിയുമില്ലാത്ത വിനീത് ഈ സിനിമയിലൂടെയും പ്രതീക്ഷ നൽകുന്ന ഒരുപാട് ചെറുപ്പക്കാരെ കൊണ്ട് വന്നിട്ടുണ്ട്.

നായികമാരായ ദര്ശനയും കല്യാണിയും നായകനുമായുള്ള അവരുടെ കെമിസ്ട്രിയും ഗംഭീരമാണ്. കല്യാണിയുടെ കുറുമ്പുകൾക്ക് വല്ലാത്ത ഒരു നാച്ചുറാലിറ്റിയുണ്ട്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലും ആ ‘ഉർവശിത്തരം’ ഉണ്ടായിരുന്നു.

“തട്ടത്തിൻ മറയത്ത്” എന്ന സിനിമയ്ക്ക് ശേഷം തട്ടം ഒരു ട്രെൻഡ് ആയി മാറി.അതനുസരിച്ച്, മുടി അഴിച്ചിടൽ ഇനിയൊരു ട്രെൻഡ് ആയി മാറാനുള്ള സാധ്യതയും ഈ സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഹിഷാമിന് പുറമെ, അരവിന്ദ് വേണുഗോപാൽ, പൃഥ്വിരാജ്, ദർശന, ദിവ്യാ വിനീത്…തുടങ്ങി ഒരുപാട് ഗായകർ പാടിയ 15 പാട്ടുകളും ആസ്വദിച്ചു..

പതിനൊന്ന് കല്യാണങ്ങൾ കണ്ടതിന്റെ അസ്കിത ബാക്കി നിൽക്കുന്നില്ല.

ഹൃദയം കൊണ്ട് കണ്ടു; ഹൃദയം കൊണ്ട് കേട്ടു. കാരണം ഇത് ഹൃദയം കൊണ്ട് ചെയ്ത ഒരു സിനിമയാണ്.

വിനീതിന്റെ സിനിമ..പ്രണവിന്റെ സിനിമ ..ഹിഷാമിന്റെ സിനിമ..വിശ്വജിത്തിന്റെ സിനിമ.

വാര്യര് പറയുംപോലെ …”ഇനി അയ്യാളുടെ കാലമല്ലേ ..നീലാണ്ടാ”

ശ്രീജ രാമൻ